മലയാള സിനിമയിൽ ഒരു നടന് മുഖ്യധാരയിലേക്ക് എത്തണമെങ്കിൽ അയാൾക്കൊരു സപ്പോർട്ട് സിസ്റ്റം ഉണ്ടാവണം: നീരജ് മാധവ്

മലയാള സിനിമയിൽ ഒരു നടന് മുഖ്യധാരയിലേക്ക് എത്തണമെങ്കിൽ അയാൾക്കൊരു സപ്പോർട്ട് സിസ്റ്റം ഉണ്ടാവണം: നീരജ് മാധവ്
Published on

ഒരു നടന് സിനിമയിൽ മുഖ്യധാരയിലേക്ക് കടന്നു വരണമെങ്കിൽ അയാൾക്ക് ആരുടെയെങ്കിലും പിന്തുണയുണ്ടായിരിക്കണെമെന്ന് നടൻ നീരജ് മാധവ്. ഒരു ​ഗ്രൂപ്പിനൊപ്പം ചേർന്നാണ് പലപ്പോഴും സിനിമയിൽ പലരും പ്രവർത്തിക്കുന്നതെന്നും നമ്മുടെ സിനിമയിലെ എല്ലാ താരങ്ങളുടെയും കരിയറിൽ ഇത്തരത്തിൽ അവരെ പിന്തുണച്ചിട്ടുള്ള ആരെങ്കിലും ഉറപ്പായും ഉണ്ടായിരിക്കുമെന്നും നീരജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരിന്നു നീരജ് മാധവ്.

നീരജ് മാധവ് പറഞ്ഞത്:

സിനിമ ഇൻഡസ്ട്രിയിൽ ഒരു നടന് മുഖ്യധാരയിലേക്കോ ഒരു സ്റ്റാർഡത്തിലേക്കോ എത്തണമെങ്കിൽ അയാൾക്ക് ഒരു സപ്പോർട്ട് സിസ്റ്റം വേണം. അത് ചിലപ്പോൾ സിനിമകൾ ഒരുമിച്ചുണ്ടാക്കുന്ന ഒരുകൂട്ടം ആളുകൾ ആവാം. അവരുടെ ​ഗ്രൂപ്പിൽ തന്നെയുള്ള ആളുകളെ പ്രമോട്ട് ചെയ്യുന്ന ഒരു ​ഗ്രൂപ്പിലേക്ക് എത്തിപ്പെടാൻ പറ്റിയാൽ നമുക്ക് നല്ലതാണ്. ഇങ്ങനത്തെ ​ഗ്രൂപ്പുകൾ ഉണ്ടാകുന്നത് പലപ്പോഴും ജോ​ഗ്രഫി അടിസ്ഥാനമാക്കിയാണ്. കൊച്ചിയിൽ കൊച്ചിക്കാര്, തിരുവനന്തപുരത്ത് തിരുവനന്തപുരംകാര്, അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തുള്ള ആൾക്കാർ ചേർന്നാണ് അത് ഉണ്ടായി വരുന്നത്. അവിടേക്ക് നമുക്ക് നുഴഞ്ഞു കയറാൻ പറ്റില്ലല്ലോ? മാത്രമല്ല ഇവരുടെ പ്രോസസ്സ് മനസ്സിലാക്കാൻ സാധിക്കാത്തവർ ഇവരുടെ സിനിമകളിലേക്ക് വന്നു കഴിഞ്ഞാൽ എന്തിനാണ് ഇത് ചെയ്യുന്നത്? അല്ലെങ്കിൽ എന്തിനാണ് റീ ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും, അതാണ് അവർ അവരുടെ ​ഗ്രൂപ്പിനുള്ളിൽ മാത്രം വർക്ക് ചെയ്യുന്നതിന്റെ കാരണമായി എനിക്ക് മനസ്സിലായത്.

നടന്മാരും സംവിധായകരും പ്രൊഡ്യൂസേഴ്സ് ആവുന്നത് എന്താണെന്നാൽ ഈ പറയുന്ന ആളുകളെ ബോധിപ്പിക്കാതെ അവരുടെ ക്രിയേറ്റിവിറ്റിക്ക് അനുസരിച്ച് സിനിമ ചെയ്യാൻ വേണ്ടിയിട്ടാണ്. എന്റെ മ്യൂസിക് വീഡിയോ ഞാൻ ചെയ്യുന്നത് പോലെ. സ്വാഭാവികമായി അങ്ങനെയുള്ള ​ഗ്രൂപ്പുകളുടെ ഭാ​​ഗമാകാൻ നമുക്ക് കഴിഞ്ഞാൽ അത് നല്ലതാണ്. പക്ഷേ അതിലേക്ക് പോയി ചേരാൻ എനിക്ക് സാധിക്കില്ല. അവരുടെ ​ഗ്രൂപ്പിലുള്ള ഒരാളെപ്പോലെ നടിക്കാനോ അനുകരിക്കാനോ എനിക്ക് സാധിക്കില്ല. അതുകൊണ്ട് ഞാൻ അത് വേണ്ടെന്ന് വച്ചു. പിന്നെയുള്ളൊരു സപ്പോർട്ട് സിസ്റ്റം എന്ന് പറയാവുന്നത് വളരെ ശക്തനായ, അല്ലെങ്കിൽ നിങ്ങളെ വിശ്വസിച്ച് കാശ് മുടക്കാൻ പറ്റിയ ഒരാൾ ആണ്. അത് ഒരാൾ ആണെങ്കിലും മതി. അല്ലെങ്കിൽ നിങ്ങളെ വച്ച് സിനിമ ചെയ്യണം എന്ന് ആ​ഗ്രഹിക്കുന്ന ഒരു ഹിറ്റ് സംവിധായകൻ ആണെങ്കിലും മതി. നമ്മുടെ എല്ലാ താരങ്ങളുടെയും കരിയറിൽ ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു സപ്പോർട്ട് സിസ്റ്റം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in