'ആ എഴുത്തുകാരൻ ലോക സിനിമയിലെ അത്ഭുതമാണ്, വേറൊരു എഴുത്തുകാരെക്കൊണ്ടും നടക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിന് കഴിയും': ജഗദീഷ്

'ആ എഴുത്തുകാരൻ ലോക സിനിമയിലെ അത്ഭുതമാണ്, വേറൊരു എഴുത്തുകാരെക്കൊണ്ടും
നടക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിന് കഴിയും': ജഗദീഷ്
Published on

ലോകസിനിമയിലെ തന്നെ അത്ഭുതമാണ് എഴുത്തുകാരനും നടനുമായ ശ്രീനിവാസൻ എന്ന് ജഗദീഷ്. ഷൂട്ടിങ്ങിനിടയിലായിരിക്കും സിനിമയുടെ തിരക്കഥ എഴുതുക. 98 സീനുകളുള്ള ഒരു സിനിമയിൽ ആദ്യം ഷൂട്ട് ചെയ്യുക ചിലപ്പോൾ 97-ാമത്തെ സീനായിരിക്കും. അത് എഴുതിക്കൊടുക്കാൻ പറഞ്ഞാലും ശ്രീനിവാസനെക്കൊണ്ട് കഴിയും. വേറൊരു എഴുത്തുകാരെക്കൊണ്ടും കഴിയാത്ത കാര്യമാണ് അത്. എന്നാൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോൾ സംവിധായകനായ സിബി മലയിലിന് ചിത്രത്തിന്റെ ക്ലൈമാക്സ് അറിയില്ലായിരുന്നു. സിനിമയുടെ രചയിതാവായ ലോഹിതദാസിനോട് ചോദിക്കുമ്പോൾ തനിക്ക് പോലും അറിയില്ലെന്ന് പറഞ്ഞു എന്ന് രേഖാചിത്രം സിനിമയുടെ ഇവന്റിൽ ജഗദീഷ് പറഞ്ഞു.

ജഗദീഷ് പറഞ്ഞത്:

ശ്രീനിവാസൻ ലോക സിനിമയിലെ തന്നെ ഒരത്ഭുതമാണ്. അതിനു കാരണമുണ്ട്. വിശദമായ ഒരു തിരക്കഥ എഴുതുമ്പോൾ ഓരോ ദിവസം ചർച്ച ചെയ്യുന്ന പ്രധാന പോയിന്റുകൾ മാർജിനിൽ കുറിച്ച് വയ്ക്കും. അത്ഭുതം എന്ന് പറയുന്നത് 98 സീനുകൾ ഉള്ള ഒരു സിനിമയുടെ ആദ്യ ദിവസം ഷൂട്ട് ചെയ്യുന്നത് ചിലപ്പോൾ 97-ാമത്തെ സീൻ ആയിരിക്കും. അത് എഴുതിക്കൊടുക്കാൻ പറഞ്ഞാലും ശ്രീനിവാസന് കഴിയും. ഇത് വേറെ ഒരു എഴുത്തുകാരനെക്കൊണ്ടും നടക്കില്ല. കഥ പുരോഗമിക്കുന്ന രീതിയിൽ ഒരു കഥാപാത്രം എങ്ങനെയൊക്കെയാണ് സംസാരിക്കുക, എങ്ങനെയാണ് പെരുമാറുക, എന്നുള്ളത് 5 സീൻ എഴുതിക്കഴിഞ്ഞാൽ പിടി കിട്ടും. ആദ്യ ദിവസം 97-ാമത്തെ സീൻ എഴുതിക്കൊടുക്കാൻ ശ്രീനിവാസന് കഴിയും.

അതെ അവസരത്തിൽ അത്ഭുതത്തോടെ സിബി മലയിൽ ഓർക്കുന്ന ഒരു കാര്യമുണ്ടാകും, ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ ക്ലൈമാക്സ് എന്താണെന്ന് ഷൂട്ട് ചെയ്യുമ്പോൾ സിബി മലയിലിന് അറിയില്ല. ലോഹിയുടെ മനസ്സിൽ മാത്രമേ അതുള്ളൂ. ക്ലൈമാക്സ് എന്താണെന്ന് ചോയ്ക്കുമ്പോൾ എന്താണെന്ന് തനിക്ക് പോലും അറിയില്ല എന്നാണ് ലോഹി തന്നെ പറയുക.

സമീപകാല സിനിമകളിലെ പ്രകടനങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ നടനാണ് ജഗദീഷ്. കഴിഞ്ഞ വർഷം റിലീസ്സായ ഹിറ്റ് സിനിമകളിൽ നടനും ഭാഗമായിരുന്നു. എബ്രഹാം ഓസ്ലർ, ഗുരുവായൂരമ്പരനടയിൽ, വാഴ, അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം, ഹലോ മമ്മി, മാർക്കോ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമായിരുന്നു നടന്റെത്. വില്ലനായി എത്തിയ മാർക്കോ ഇപ്പോഴും തിയറ്ററുളികളിൽ നിറഞ്ഞോടുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in