വെള്ളിമൂങ്ങയുടെ സീക്വലിന് വേണ്ടി അഞ്ച് വർഷത്തോളം പ്രയത്നിച്ചു, മാമച്ചനെയും ഓഡിനറിയിലെ സുകുവിനെയും വീണ്ടും ചെയ്യാൻ കൊതിയെന്ന് ബിജു മേനോൻ

വെള്ളിമൂങ്ങയുടെ സീക്വലിന് വേണ്ടി അഞ്ച് വർഷത്തോളം പ്രയത്നിച്ചു, മാമച്ചനെയും ഓഡിനറിയിലെ സുകുവിനെയും വീണ്ടും ചെയ്യാൻ കൊതിയെന്ന് ബിജു മേനോൻ

വെള്ളിമൂങ്ങ എന്ന സിനിമയ്ക്ക് വേണ്ടി സീക്വൽ ആലോചിച്ചിരുന്നുവെന്ന് നടൻ ബിജു മേനോൻ. ഒരുപാട് പേർ വെള്ളിമൂങ്ങയുടെ സീക്വലിനെക്കുറിച്ച് ചോ​ദിച്ചിരുന്നുവെന്നും ആഞ്ച് വർഷത്തോളം അതിന് വേണ്ടി കഠിന പ്രയത്നം നടത്തിയിരുന്നുവെന്നും ബിജു മേനോൻ പറയുന്നു. വെള്ളിമൂങ്ങ റിലീസ് ചെയ്യുന്ന സമയത്ത് ആ സിനിമയെക്കുറിച്ച് എക്സ്പക്ടേഷൻ ഒന്നുമുണ്ടായിരുന്നില്ല, പക്ഷേ സീക്വലിലേക്ക് വരുമ്പോൾ ‍ഞങ്ങൾക്ക് അതുണ്ട് ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഒരു സബ്ജക്ട് ഇതുവരെ കിട്ടാത്തതുകൊണ്ടാണ് അത് ചെയ്യാത്തത് എന്ന് ബിജു മേനോൻ ക്യൂസ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിജു മേനോൻ പറഞ്ഞത്:

ഞാൻ ഒരുപാട് സ്ഥലങ്ങളിൽ പോകുമ്പോൾ ആളുകൾ ഒരുപാട് സംസാരിക്കുന്ന സിനിമയാണ് വെള്ളിമൂങ്ങ. ആൾക്കാർ എന്നോട് പറയുന്നത് അവർ എപ്പോഴും കാണുന്ന സിനിമയാണ് വെള്ളിമൂങ്ങ എന്നാണ്. അവർ അതിന്റെ സീക്വൽ ചോദിക്കാറുണ്ട്. വെള്ളിമൂങ്ങയുടെ സീക്വലിന് വേണ്ടി കഴി‍ഞ്ഞ അഞ്ച് ആറ് വർഷമായിട്ട് ‍ഞങ്ങൾ കഠിനമായിട്ട് പ്രയത്നം ചെയ്തു. അന്ന് ആ സിനിമ ഇറങ്ങുമ്പോൾ ആർക്കും ഒരു എക്സ്പെക്ടേഷൻ ഉണ്ടായിരുന്നില്ല. ഇപ്പോൾ അതിന്റെ സീക്വൽ ഇറങ്ങുമ്പോൾ ഒരു എക്സ്പെക്ടേഷൻ ഉണ്ടായിരിക്കും. അതിനെ സാറ്റിസ്ഫെെ ചെയ്യാൻ പറ്റുന്ന ഒരു സബ്ജക്ട് നമുക്ക് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ടാണ് അത് മാറ്റി വച്ചത്. എനിക്ക് മാമച്ചനെയും ഓഡിനറിയിലെ സുകു എന്ന കഥപാത്രത്തെയും ഒന്നുകൂടി ചെയ്യാൻ കൊതിയുണ്ട്. ഈ സീക്വലുകൾ വരുമ്പോൾ അതിന്റെ കുഴപ്പം എന്താണെന്ന് വച്ചാൽ കമ്പാരിസൺ വന്ന് ഇത് താഴേക്ക് പോകും എന്നുള്ളതാണ്. സീക്വൽ ഉണ്ടാക്കുകയാണെങ്കിൽ ഒരുപടി മുകളിൽ നിൽക്കണം.

മൂണ്ടൂർ മാടന്റെ സ്പിൻ ഓഫിനെപറ്റി ഞാനും സച്ചിയും സംസാരിച്ചിരുന്നു. സിനിമ കഴി‍‍ഞ്ഞതിന് ശേഷം ഞാനും സച്ചിയും ചേർന്ന് പ്രൊഡക്ഷനെക്കുറിച്ച് ഒക്കെ ആലോചിച്ചിരുന്നു. അന്ന് സച്ചി കുറേ എലമെന്റ്സ് പറഞ്ഞിരുന്നു. അതിൽ ഒന്നിൽ മൂണ്ടൂർ മാടന്റെ കഥയുണ്ടായിരുന്നു. സച്ചിയുടെ ചിന്തകളൊന്നും നമുക്ക് മറ്റൊരാളോട് പറഞ്ഞ് എഴുതിക്കാൻ പറ്റുന്ന ചിന്തകളായിരുന്നില്ല. സച്ചിക്ക് മാത്രം പറ്റുന്ന കാര്യമായിരുന്നു അത്. എല്ലാത്തിലും എന്തെങ്കിലും കുരുക്കോ കെട്ടോ ലീ​ഗൽ കോംപ്ലീക്കേഷനോ ഉണ്ടായിരിക്കും. അയ്യപ്പനും കോശിയും ഡ്രെെവിം​ഗ് ലെെസൻസും ഏകദേശം ഒരു മാസത്തെ ​​ഗ്യാപ്പിൽ ഇറങ്ങിയ ചിത്രങ്ങളാണ്. രണ്ടിന്റെയും ബേസിക്ക് കോണ്ടെന്റ് ഇ​ഗോ ആണ്. രണ്ടും ഇ​ഗോയാണെന്നുള്ളത് ആൾക്കാർക്ക് മനസ്സിലാവുമായിരുന്നെങ്കിലും രണ്ടും ​ഗ്രിപ്പിം​ഗ് ആയിരുന്നു. ആ ഒരു ബ്രില്യൻസ് അവനുണ്ടായിരുന്നു. സിനിമയിൽ എന്ത് കാര്യവും തുറന്ന പറയാൻ സച്ചിയെ പോലെ മറ്റൊരു വ്യക്തി എനിക്ക് ഇപ്പോൾ ഇല്ല. ബിജു മേനോൻ പറഞ്ഞു.

ബിജു മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു വെള്ളിമൂങ്ങ. ക്യാമറാമാനായിരുന്ന ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം. ചിത്രത്തിൽ മാമച്ചൻ എന്ന രാഷ്ട്രീയക്കാരനായാണ് ബിജു മേനോൻ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നു എന്ന് മുമ്പ് വാർത്തകൾ വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in