'ഗോഡ് ഫാദര്‍ ഇല്ലെങ്കില്‍ മലയാള സിനിമയില്‍ വളരാനാകില്ല'; നീരജിന് പിന്നാലെ അക്ഷയ് രാധാകൃഷ്ണന്‍

'ഗോഡ് ഫാദര്‍ ഇല്ലെങ്കില്‍ മലയാള സിനിമയില്‍ വളരാനാകില്ല'; 
നീരജിന് പിന്നാലെ അക്ഷയ് രാധാകൃഷ്ണന്‍

ഒരു കാരണവും ഇല്ലെങ്കിലും ഫീല്‍ഡ് ഔട്ട് ആക്കാന്‍ പലരും നോക്കുമെന്നും സിനിമയ്ക്കുളളില്‍ ഗൂഡസംഘമുണ്ടെന്നുമുള്ള നീരജ് മാധവിന്റെ ആരോപണത്തെ ശരിവെച്ച് നടന്‍ അക്ഷയ് രാധാകൃഷ്ണനും. സിനിമയ്ക്കുള്ളില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ സ്വന്തമായി ഒരു സര്‍ക്കിള്‍ വേണം അല്ലെങ്കില്‍ ഗോഡ് ഫാദര്‍ വേണമെന്ന് അക്ഷയ് രാധാകൃഷ്ണന്‍. താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശത്തെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ വന്നിട്ടുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത 'പതിനെട്ടാം പടി' എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് അഭിനയം തുടങ്ങുന്നത്. മമ്മൂട്ടിയെ അതിഥിതാരമായ ചിത്രത്തില്‍ അക്ഷയ്‌ക്കൊപ്പം ഒട്ടേറെ പുതുമുഖ താരങ്ങളും ഒന്നിച്ചിരുന്നു.

സിനിമയ്ക്കുള്ളില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ സ്വന്തമായി ഒരു സര്‍ക്കിള്‍ വേണം അല്ലെങ്കില്‍ ഗോഡ് ഫാദര്‍ വേണം. ഇതു രണ്ടും ഇല്ലാത്ത പക്ഷം മലയാള സിനിമയില്‍ വളരാല്‍ ബുദ്ധിമുട്ടാണെന്ന് അക്ഷയ് പറയുന്നു. വളര്‍ന്നു വരുന്ന നടന്മാരെ തളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ബോളിവുഡിലെന്നപോലെ മലയാളത്തിലുമുണ്ടെന്ന വാദത്തെ പിന്തുണക്കുന്നതാണ് അക്ഷയുടെ വെളിപ്പെടുത്തല്‍. പലരും ഫില്‍ഡ് ഔട്ട് ആക്കാന്‍ നോക്കുമെന്നും നിലനില്‍പ്പിനായി താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്നുമാണ് അക്ഷയ് രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വളര്‍ന്നുവരുന്ന അഭിനേതാക്കളെ മുളയിലേ നുള്ളുന്ന ഗൂഡസംഘം മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന നീരജിന്റെ ആരോപണത്തെ പിന്തുണച്ച് നടന്‍ വിഷ്ണുപ്രസാദും രംഗത്ത് വന്നിരുന്നു. നീരജിന്റെ പരാമര്‍ശത്തില്‍ താരസംഘടന അമ്മയും ഫെഫ്കയും ഇടപെട്ടിരുന്നു. താരസംഘടന നീരജിനോട് വിശദീകരണം തേടി. ഫെഫ്ക അംഗസംഘടനകള്‍ക്ക് നീരജിന്റെ ആരോപണം ഗൗരവത്തോടെ പരിഗണിക്കണമെന്നും അനഭിലഷണീയ പ്രവണതകള്‍ പാടില്ലെന്നും നിര്‍ദേശവും നല്‍കി. സിനിമയ്ക്കുള്ളിലെ നെപ്പോട്ടിസവും സ്വജനപക്ഷപാതവും പിന്നീട് സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയായി. മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെയുളള നീരജിന്റെ വാക്കുകള്‍ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്നായിരുന്നു വിഷ്ണുപ്രസാദ് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in