നന്‍പകല്‍ നേരത്ത് മയക്കം : ജീവിതനാടകത്തിന് ഒരു ചലച്ചിത്രസ്വപ്‌നം

നന്‍പകല്‍ നേരത്ത് മയക്കം : ജീവിതനാടകത്തിന് ഒരു ചലച്ചിത്രസ്വപ്‌നം
Summary

പുതുതലമുറയിലെ ശ്രദ്ധേയ കഥാകൃത്ത് ടി.അരുണ്‍കുമാര്‍ എഴുതുന്നു

കലയുടെ സാര്‍ത്ഥക പരിശ്രമങ്ങളിലൊന്ന് ജീവിതനിര്‍ദ്ധാരണമെന്ന് പറയാറുണ്ട്. നല്ല കലയിലേക്ക് ചോദിക്കാതെ തന്നെ കയറിവരുന്നത് ജീവിതമാണ് എന്ന് പറയുന്ന പോലെ. കലകൾ പലതെങ്കിലും ഏതെങ്കിലും ഒരു കലയോട് മനുഷ്യന്‍ ജീവിതവുമായി ഭേദം കൽപ്പിക്കുന്നില്ലെങ്കില്‍ അത് നാടകമാണ്.

ജീവിതത്തെ ഒരു മഹാനാടകമായി വീക്ഷിക്കുന്നത് കഥയിലും കവിതയിലും തത്വചിന്തയിലുമെല്ലാം സര്‍വസാധാരണമാണ്. ആ ആശയത്തിന് കിഴക്ക്-പടിഞ്ഞാറ് ഭേദമില്ല. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്നൊരാള്‍ എഴുതണമെങ്കില്‍ രംഗത്തുള്ളത് ജീവിതം തന്നെ ആയിരിക്കണമല്ലോ. ഇങ്ങനെ സംസ്‌ക്കാരമുണ്ടായ നാള്‍ മുതല്‍ ജീവിതത്തിന് നേരവകാശി ആയിരിക്കുന്ന ഒരു കലയുണ്ടെങ്കില്‍ അത് നാടകം മാത്രമായിരിക്കുന്നു. സത്യത്തില്‍ ജീവിത-നാടകങ്ങള്‍ ഒരു പിരിയൻ ഗോവണിയുടെ രണ്ട് തൂണുകള്‍ പോലെയാണ്. കാലമാവുന്ന വേദിയിലെ അഭിനേതാക്കള്‍ മാത്രമാണ് മനുഷ്യര്‍ എന്ന് വിഭാവനം ചെയ്യുന്ന മനുഷ്യഭാവന ആ വേദിയിലരങ്ങേറുന്ന നാടകത്തിന് ജീവിതം എന്ന പേര് മാത്രമേ വിളിക്കാന്‍ സാധ്യതയുള്ളൂ. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ' നന്‍പകല്‍ നേരത്ത് മയക്കം ' എന്ന ചിത്രത്തിന്റെ കാഴ്ച അനായാസം നമ്മളെ ഇത്തരം ചിന്തകളിലേക്ക് എത്തിക്കുന്നു. ആ ചിന്തകള്‍ പോകെപ്പോകെ ഒരു 'രഹസ്യത്താക്കോല്‍' ആയി മാറുകയും ചെയ്യുന്നു.

തത്വചിന്താപരമായി ജീവിതം നാടകമാവുമ്പോഴും ഭാവനയുടെ മറ്റൊരുതലത്തില്‍ അത് സ്വപ്‌നത്തോടും ചേര്‍ത്ത് വയ്ക്കപ്പെടുന്നുണ്ട്.'

സ്വപ്‌നതുല്യമായ ജീവിതം ' എന്ന പ്രയോഗം ഓര്‍ക്കുക. ഓരോ മനുഷ്യനും ഒരു ജീവിതസ്വപ്‌നമുണ്ട്. അല്ലെങ്കില്‍ ഒരാളുടെ നിലവിലെ ജീവിതമല്ല, മറിച്ച് അയാള്‍ സ്വപ്‌നം കാണുന്ന ജീവിതമാണ് അയാളുടെ യഥാര്‍ത്ഥജീവിതമായി പരിഗണിക്കപ്പെടുന്നത്. ' ജീവിതസ്വപ്‌നങ്ങള്‍ ' എന്ന പ്രയോഗം കാലാതിവര്‍ത്തിയായിരിക്കുന്നത് ഇക്കാരണങ്ങളെല്ലാം കൊണ്ടാണ്. ഇത്തരത്തില്‍ എല്ലിനോട് മജ്ജയും മാംസവുമെന്നത് പോലെ, ജീവിതമെന്നത് നാടകവും സ്വപ്‌നവുമെല്ലാം ചേര്‍ന്നിരിക്കുന്ന ഒന്നാണെന്ന് പറയുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.

ഒരര്‍ത്ഥത്തില്‍ ജീവിതമെന്നത് പലപ്പോഴും ഒരുറക്കമാണ്. അതിലെ ഒരു വിരസസ്വപ്‌നമാണ്. ഒരു ഘട്ടത്തില്‍ ആ സ്വപ്നത്തെ മുറിച്ച് നാം മറ്റൊരു /പുതിയൊരു ജീവിതത്തിലേക്ക് ഉണരുന്നു. കാലാകാലങ്ങളായി ചരിത്രം അതിന്റെ സന്ദിഗ്ദ്ധഘട്ടങ്ങളില്‍ മനുഷ്യരോട് നടത്തിയ ഒരേയൊരു വിലാപം ' ഉണരൂ ' എന്നത് മാത്രമായിരുന്നു. ഒരു ജീവിതത്തില്‍ നാം ഉറങ്ങുന്നു. അതില്‍ നിന്ന് ഉണരാനായാല്‍ മറ്റൊരു ജീവിതം നമുക്ക് ലഭിക്കുന്നു. ഉറക്കവും ഉണരലും ജീവിതം തന്നെ ആയി മാറുന്നു.

ഈ അര്‍ത്ഥത്തില്‍ ജെയിംസിന്റെയും സുന്ദരത്തിന്റെയും ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ ജീവിതസംബന്ധിയായ ഒരുപാട് ആലോചനകള്‍ സംഭവിക്കുന്നുണ്ട്. അതൊരു ചുഴിവട്ടമാവുന്നു. ആ ചുഴിവട്ടം പക്ഷെ 'ചുരുളി ' പോലെ ഭയാനകവും അപരിചിതവുമായ ഒരു ചലച്ചിത്രാനുഭവമായല്ല പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നത്. സങ്കീര്‍ണമായതെന്തും സത്യത്താല്‍ക്കൂടി ലളിതമാവുമെന്ന പോലെ ' നന്‍പകല്‍ നേരത്ത് മയക്കം ' ഒരു തൂവല്‍ക്കെട്ട് പോലെ നമ്മുടെ ഏതൊക്കെയോ ബോധരാശികളെ അതിമനോഹരമായും പ്രശാന്തമായും തൊട്ടുപോകുന്നു.

ഈ ചിത്രം കാണുമ്പോള്‍ ജീവിതത്തിനും നാടകത്തിനും സ്വപ്‌നത്തിനുമിടയില്‍ നാം സ്വയം കാണുന്നു. ഇത്തരത്തില്‍ ' നന്‍പകല്‍ നേരത്ത് മയക്കം ' ജീവിതം / നാടകം / സ്വപ്‌നം എന്നീ ത്രിത്വങ്ങളില്‍ സ്വയം രൂപപ്പെടുകയും നിര്‍വചിക്കുകയും ചെയ്യുന്നതായി കാണാം. ഇതില്‍ നാടകത്തോട് രൂപപരമായിക്കൂടി അടുത്ത് നില്‍ക്കുന്നുണ്ട് ഈ ചിത്രം.

' നന്‍പകല്‍ നേരത്ത് മയക്കം ' അതിന്റെ ആകെത്തുകയില്‍ ജെയിംസ് എന്ന കഥാപാത്രം നടത്തുന്ന അപകടകരമായ ഒരു നാടകപരീക്ഷണമാണ്. കേവലമൊരു നാടകസംഘത്തിന്റെ ഉടമസ്ഥന്‍ മാത്രമല്ല ജെയിംസ്. അയാള്‍ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ഒരു നാടകക്കാരനാണ്. ആ കലയെ വിശകലനം ചെയ്യാനും വിമോചിപ്പിക്കാനും പുതുക്കിപ്പണിയാനുമൊക്കെ ഒക്കെ ആഗ്രഹിച്ചേക്കാവുന്ന ഒരാള്‍. സംവിധായകന്‍ എന്ന നിലയില്‍ ലിജോ സ്വന്തം മാധ്യമമായ ചലച്ചിത്രത്തില്‍ എത്രമാത്രം അപകടകരമായി ഈ പുതുക്കിപ്പണിയല്‍ നടത്തുന്നുവോ അത് തന്നെയാണ് സ്വന്തം തട്ടകമായ നാടകത്തില്‍ ജെയിംസും ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ ഇവിടെ സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും കലാപരമായ അസ്തിത്വങ്ങള്‍ ഒന്നായി മാറുന്നുണ്ട്. നാടകത്തിന് ഏതറ്റം വരെ പോകാനാവുമെന്നും അതിന് എങ്ങനെ ജീവിതം തന്നെ ആയി മാറാനാവുമെന്നും ജെയിംസിന് കുറഞ്ഞപക്ഷം തന്റെ സംഘാംഗങ്ങളെയും കുടുംബത്തെയുമെങ്കിലും ബോധ്യപ്പെടുത്തേണ്ടിയിരുന്നു. അതിനായി അയാള്‍ രണ്ട് പ്രധാന കഥാപാത്രങ്ങള്‍ ഉള്ളൊരു നാടകം സൃഷ്ടിച്ചെടുക്കുന്നു. അതിലെ രണ്ടാമത്തെ കഥാപാത്രത്തിന് പേര് സുന്ദരം എന്നാണ്. ഈ കഥാപാത്രത്തിന് ഒരു സവിശേഷതയുണ്ട്. അയാള്‍ അരങ്ങിന് പുറത്താണ്. രംഗത്തൊരിക്കലും വരാതെ തന്നെ ജെയിംസിന്റെ നാടകത്തിലെ തന്റെ ഭാഗം അയാള്‍ ഭംഗിയായി പൂര്‍ത്തിയാക്കുന്നു.

പലരും പറയുന്ന പോലെ ജെയിംസ് ഒരു നിമിഷാര്‍ദ്ധത്തില്‍ സുന്ദരമായി മാറുന്നതല്ല. അതൊരു പരിശീലിക്കപ്പെട്ട /പൂര്‍വകല്‍പന (A well choreographed/directed moment) ചെയ്യപ്പെട്ട നിമിഷമാണ്. നാടകബസ്സിലുള്ളവര്‍ ഒരു ഉച്ചമയക്കത്തിലേക്ക് വഴുതി വീഴവേ, ജെയിംസ് തന്റെ നാടകത്തിന്റെ യവനിക ഉയരുന്നൊരാ നിമിഷം കാത്ത് പുറത്തേക്ക് ഉറ്റുനോക്കിയിരിക്കുന്നു. ആ നിമിഷം സമാഗതമാവുമ്പോള്‍ അയാള്‍ ബസില്‍ നിന്ന് പുറത്തിറങ്ങി സുന്ദരത്തിന്റെ വീട്ടിലേക്ക് നടക്കുന്നു. അയാള്‍ക്ക് വഴി തെറ്റാത്തത് വഴി അറിയാമായിരുന്നത് കൊണ്ടാണ്. സുന്ദരത്തിന്റെ വീട്ടിലെത്തുന്ന അയാള്‍ തന്റെ കഥാപാത്രത്തെ ഭംഗിയായി നടിച്ചു തുടങ്ങുന്നു. കുറച്ച് കൂടി കാല്‍പ്പനികമായ അര്‍ത്ഥത്തില്‍ സുന്ദരമായി ' ജീവിച്ചു ' തുടങ്ങുന്നു. കഥാപാത്രമായി ജീവിക്കുക എന്ന അഭിനയകലയുമായി ബന്ധപ്പെട്ട് ആവര്‍ത്തിക്കുന്നൊരു സംജ്ഞയാണ്. ഇത് സ്വപ്‌നത്തിനും ബാധകമാണ്. അവിടെയും മനുഷ്യര്‍ മറ്റൊരു ജീവിതം ജീവിക്കുകയാണല്ലോ.

ജീവിതത്തെ നാടകമായും നാടകത്തെ ജീവിതമായും ജെയിംസ് പരിവര്‍ത്തിപ്പിച്ചു കഴിയുമ്പോള്‍ ഒരു തമിഴ് ഗ്രാമമൊന്നാകെ അതിന്റെ അരങ്ങായി മാറുന്നു. ജെയിംസ്, സുന്ദരം എന്നിവരുടെ പ്രിയപ്പെട്ടവരും ഗ്രാമീണരുമൊന്നാകെ ഒരേസമയം ഈ നാടകത്തിന്റെ കാണികളും കഥാപാത്രങ്ങളുമായി മാറുന്നു. നല്ല കല കാണികള്‍ക്ക് കേവലം രസമോ, ആസ്വാദനമോ നല്‍കി അവസാനിക്കുന്നില്ല. അതവരില്‍ ഒരനുഭവം അവശേഷിപ്പിക്കുന്നു. ഇവിടെ ആ അര്‍ത്ഥത്തില്‍ ഇവര്‍ ജെയിംസിന്റെ നാടകത്തിന്റെ ' ഇരകള്‍ ' കൂടിയായി മാറുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ജെയിംസിന്റെ നാടകം അതിന്റെ ആവിഷ്‌ക്കാരത്തില്‍ വയലന്‍സിനെ കൂടി പേറുന്നുണ്ട്.

ജെയിംസിന്റെ നാടകം പല ഭാവങ്ങള്‍ കാണികളിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട്. ഇവിടെ കാണിയും കഥാപാത്രവും ഒന്നായത് കൊണ്ട് രണ്ട് കൂട്ടരുടേയും ഭാവങ്ങളും ഒന്നായിരിക്കുന്നു. അരങ്ങില്‍ ചിരിച്ചു കൊണ്ട് ഒരു നടന് വേണമെങ്കില്‍ കാണിയെ കരയിപ്പിക്കാം. ഇവിടെയത് തുലോം വിരളമാണ്. അത്ഭുതം/അമ്പരപ്പ് ആണ് ജെയിംസിന്റെ നാടകം പ്രസരിപ്പിക്കുന്ന അടിസ്ഥാനഭാവം. അതില്‍ പിന്നീട് ഹാസ്യം, ഭയാനകം, കരുണം എന്നിവയൊക്കെ വന്നുചേരുന്നു. അത്ഭുതഭാവം പുറത്തണിയുന്ന നാടകത്തിന്റെ ആത്മാവ് ശാന്തഭാവത്തില്‍ മുറുകെപ്പിടിച്ചിരിക്കുന്നു.

ഭാവവൈവിധ്യങ്ങളാല്‍ പൂര്‍ണമാവുന്ന ജെയിംസിന്റെ നാടകം ജീവിതത്തെ പ്രശ്‌നവത്ക്കരിക്കുന്നു.

ജീവിതത്തിന്റെ അവ്യക്തമായ 'ചിലതിന്റെ ' അരിക് പറ്റി അയാള്‍ ഒരു സ്വപ്‌നത്തിലെന്ന വണ്ണം ലൂണ ഓടിച്ചു പോവുന്നു. ഒരുപാട് പേരുടെ ബസ്സും ഒരാളുടെ മാത്രം മോപ്പഡും ; അയാളുടെ രണ്ട് വാഹനങ്ങള്‍. ഇതുപോലെ ആള്‍ക്കൂട്ടത്തിലും തനിയെയുമായി മനുഷ്യര്‍ അവരുടെ ജീവിതസഞ്ചാരം പൂര്‍ത്തിയാക്കുന്നു. സത്യത്തില്‍ ആ യാത്രയുടെ പാഥേയമെന്നത് ഇത്തിരി ശാന്തത മാത്രമാണ്. അതുകൊണ്ട് സിനിമയുടെ ഭാവവും ആകെത്തുകയില്‍ ശാന്തമായിരിക്കുന്നു. ജെയിംസ് ആകട്ടെ, പര്യവസാനത്തില്‍, ഒരു സുഖ 'സുന്ദരസ്വപ്‌ന'ത്തിലെന്ന പോലെ നാടകത്തില്‍ നിന്ന് പുറത്ത് കടക്കുകയും വിജയിയായ , എന്നാൽ അത് ഘോഷിക്കാനാകാത്ത ഒരു കലാകാരനായി ജീവിതത്തിലേക്ക് ഉണരുകയും ചെയ്യുന്നു.ഭൂതക്കണ്ണാടി പോലെ, ഉദ്യാനപാലകന്‍ പോലെ കാലത്തില്‍ പിന്നീട് പാഠപുസ്തകമാവുന്ന ഒരു പ്രകടനത്താല്‍ മമ്മൂട്ടി ഈ ചിത്രത്തില്‍ അങ്ങനെ നിറയുന്നു.

ഇതുപോലൊക്കെ സൂക്ഷ്മസങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു പ്രമേയത്തെ ആവിഷ്‌ക്കരിക്കാനായി ലിജോ ജോസ് പെല്ലിശേരി രൂപപരമായി നന്‍പകലിനെ സജ്ജമാക്കുന്നുണ്ട്.

neeraj

അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട് നന്‍പകല്‍ അതിന്റെ ആഖ്യാനത്തില്‍ സ്വാഭാവികമായൊരു ശാന്തഗതി നിലനിര്‍ത്തുന്നതായി ഇതിനോടകം തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രമേയമാണ് ( subject ) സിനിമയുടെ പരിചരണം (Treatment ) നിര്‍ണയിക്കുന്നതെന്നതിനാല്‍ ഇതില്‍ വലിയ അത്ഭുതമുണ്ടാകേണ്ടതില്ല. നാടകത്തിന്റെ കാഴ്ചാനുഭവത്തിലേക്ക് കാണിയെ പരുവപ്പെടുത്തിയെടുക്കുന്ന തരം സാങ്കേതികപരിചരണത്തിലൂടെ നിങ്ങള്‍ കാണുന്നത് സത്യത്തിലൊരു നാടകമാണ് എന്ന് സംവിധായകന്‍ തന്നെ പറയാന്‍ ശ്രമിക്കുന്നുണ്ട്. സുസ്ഥിര ദൃശ്യങ്ങൾ ( static shots ) , അരങ്ങിനെ ഓർമിപ്പിക്കുന്ന തരം വിഷ്വൽ കോംപോസിഷൻ, രംഗപടം പോലുള്ള ദൃശ്യപശ്ചാത്തലങ്ങൾ ( visual backdrops) അതിനോട് പൂരകമായ പ്രകാശവിന്യാസം (Lighting ), ശബ്ദ പ്രധാനമായ അഭിനയശൈലി എന്നിവയൊക്കെ അതിന്റെ ഭാഗമാണ്. ഇത് കൂടാതെ ചിത്രത്തിലെ കഥാപാത്രങ്ങളില്‍ ചിലരും ഈ ശ്രമത്തിനൊപ്പം ചേരുന്നുണ്ട്. സുന്ദരത്തിന്റെ അന്ധയായ അമ്മ ജെയിംസിനെ കാണാതെ തന്നെ അയാളെ സുന്ദരമായി അംഗീകരിക്കുന്നത് നോക്കുക. നാടകത്തിന്റെ പ്രത്യേകിച്ച് പ്രൊഫഷണല്‍ നാടകത്തിന്റെ സാധ്യതകള്‍ ശബ്ദത്തിലും സംഭാഷണത്തിലുമായാണ് രൂപപ്പെടുന്നത് എന്നതുമായി ഇതിനെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്തിന് , ചിത്രത്തിലെ ബസ് ഡ്രെെവർ ' നാടകമേ ഉലകം ' എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്.

ഇനിയും നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലേക്ക് വന്നാല്‍ ' ഖസാക്കിലെ ' മുങ്ങാങ്കോഴിയെപ്പോലെ അത് ഭാഷാതീതമായ ചില അനുഭവപ്പൊരുളുകളുടെ നേർക്ക് സഞ്ചരിക്കുന്നു. അടിസ്ഥാനപരമായി ഈ ചിത്രം ജനനത്തിനും മരണത്തിനും (ഉണര്‍വ്വിനും ഉറക്കത്തിനും) ഇടയ്ക്കുള്ള ജീവിതനാടകത്തിന്റെ ചില അസംബന്ധങ്ങളെ (Absurdities ) തൊട്ടുനോക്കാന്‍ മുതിരുന്നു. അര്‍ത്ഥത്തിലും നിരര്‍ത്ഥത്തിലും ആഹ്‌ളാത്തിലും വിഷാദത്തിലുമായി ജീവിതത്തിന്റെ ഈ അസംബന്ധരൂപങ്ങള്‍ നിരന്നിരിക്കുന്നു. അതിനെ കാട്ടിത്തരാനുള്ള പരിശ്രമം എന്ന നിലയില്‍ ഈ ചിത്രം അതിന്റെ രൂപഭാവങ്ങളില്‍ ലളിതസുന്ദരമായിത്തീരുന്നു.

ഒരര്‍ത്ഥത്തില്‍ തന്റെ തന്നെ മനുഷ്യാവസ്ഥകളെ, ബോധത്തിലെയും പ്രജ്ഞയിലെയും സൂക്ഷ്മപരിണാമങ്ങളെ, അമൂര്‍ത്തമായ മറ്റേതൊക്കെയോ ജീവിതമുഹൂര്‍ത്തങ്ങളെ ധ്യാനാത്മകമായൊരു ചലച്ചിത്രപരീക്ഷണത്തിന് അസംസ്‌കൃത വസ്തുക്കളാക്കുകയാണ് ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍. ഈ ചിത്രത്തിന്റെ ഉറവിടങ്ങള്‍ തന്റെ വ്യക്തിജീവിതവുമായി പ്രകടബന്ധം പുലര്‍ത്തുന്നവയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ പുതിയൊരു ഉള്‍ക്കാഴ്ചയിലേക്കുള്ള സംവിധായകന്റെ തന്റെ ഉണര്‍വ്വാണ് സിനിമയില്‍ കാണുന്നതെന്നും പറയാം. അതുകൊണ്ട് കൂടിയാവാം മുമ്പില്ലാത്ത വിധം ശാന്തമായി അയാള്‍ നന്‍പകലിനെ ഒരുക്കിയെടുത്തിരിക്കുന്നു. ആമേനില്‍ കസ്തൂറിക്കയെയും സിറ്റി ഓഫ് ഗോഡില്‍ ഇനരിറ്റുവിനെയും ഡബിള്‍ബാരലില്‍ ഗയ് റിച്ചിയെയുമൊക്കെ ആഖ്യാനത്തില്‍ ഓര്‍മിപ്പിച്ച ലിജോ നന്‍പകലില്‍ എത്തുമ്പോള്‍ സിനിമയെ കലാപരമോ സൗന്ദര്യപരമോ മാത്രമായ ഒരനുഭവത്തില്‍ നിന്ന് വിമോചിപ്പിക്കാന്‍ ശ്രമിക്കുന്നു. ആതിനെ ഒരാത്മീയാനുഭവത്തിലേക്ക് കൂടി അടുപ്പിക്കാന്‍ അയാള്‍ പരിശ്രമിക്കുന്നു. 'തിരശ്ശീലയിലെ ആത്മീയാനുഭവങ്ങള്‍ ' എന്ന പ്രയോഗം നമ്മളെ അനായാസം തര്‍ക്കോവ്‌സ്‌ക്കിയെ ഓര്‍മ്മിപ്പിക്കുന്നു. ഫിലിമോഗ്രഫി അടിസ്ഥാനമാക്കിയാൽ നൻപകൽ ലിജോയുടെ ഏറ്റവും പുതിയ ചിത്രമാണ്. അത് അതിമനോഹരമാണ് ; സൂക്ഷ്മമാണ്. എന്നാലത് ഏറ്റവും മികച്ചതല്ല. അതിനി വരാനിരിക്കുന്നതേയുള്ളൂ എന്ന് കരുതുന്നതിൽ ഒരു കാവ്യഭംഗിയുണ്ടല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in