അഴകളവുകളില്‍ രൂപപ്പെട്ട പെണ്ണുടലുകളുടെ പൊളിച്ചെഴുത്ത്

അഴകളവുകളില്‍ രൂപപ്പെട്ട പെണ്ണുടലുകളുടെ പൊളിച്ചെഴുത്ത്

മുലകളെ ഒരു സ്ത്രീപക്ഷ രാഷ്ട്രീയഅടയാളമായി ഉപയോഗിച്ച് കൊണ്ട് ശക്തമായ ഒരു പ്രമേയം മുന്നോട്ട് വയ്ക്കുന്ന മികച്ച ഒരു സിനിമാനുഭവമാണ് ശ്രുതി ശരണ്യം എഴുതി സംവിധാനം ചെയ്ത 'ബി 32 മുതല്‍ 44' വരെയെന്ന ചലച്ചിത്രം. കെ എസ് എഫ് ഡി സിയുടെ സ്ത്രീസംവിധായകരെ കണ്ടെത്തി സിനിമ നിര്‍മിക്കാന്‍ അവസരം നല്‍കിയ പദ്ധതി പ്രകാരം നിര്‍മ്മിച്ച ചിത്രം പ്രമേയം കൊണ്ടും മേക്കിംഗ് മികവ് കൊണ്ടും അരങ്ങിലും അണിയറയിലുമുള്ള സ്ത്രീസാന്നിദ്ധ്യം കൊണ്ടുമാണ് ശ്രദ്ധേയമാകുന്നത്. മുപ്പതോളം സ്ത്രീകളാണ് സിനിമയുടെ പ്രധാന ടെക്‌നിക്കല്‍ വിഭാഗങ്ങളിലുള്‍പ്പെടെ ഈ സിനിമയുടെ ഭാഗമായിരിയ്ക്കുന്നത്.

ആന്തോളജി സ്വഭാവമുള്ള കഥ, അഞ്ച് സ്ത്രീകളുടെയും ഒരു ട്രാന്‍സമാനിന്റെയും തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളെ, മാറിടവുമായി ബന്ധപ്പെട്ട പൊതുവായ ശരീരാനുഭവങ്ങളുടെ ഒരു ചരടില്‍ കോര്‍ത്തെടുക്കുകയാണ് ചെയ്തിരിയ്ക്കുന്നത്. ബി 32 മുതല്‍ 44 വരെയെന്ന പേര് സൂചിപ്പിയ്ക്കുന്നത് പല സ്ത്രീകളുടെ ബ്രാ സൈസാണ് എന്നത് തന്നെ പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ ആണ്‍നോട്ടങ്ങളെ,സങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്തുന്ന അഴകളവുകളിലേയ്ക്ക് ചുരുങ്ങേണ്ടി വരുന്ന സ്ത്രീയുടെ ഐഡന്റിറ്റി തന്നെയാണ് ചര്‍ച്ചാവിഷയമാകുന്നത് എന്നതിന്റെ സൂചനയാണ്. ആദ്യത്തെ സിനിമയെന്ന പതര്‍ച്ചയില്ലാത്ത ഒരു ഫിലിം മേക്കറുടെ കോണ്‍ഫിഡന്‍സ് ശ്രുതിയുടെ സിനിമയിലുണ്ട്. മനസ്സ് തൊടുന്ന മൊമന്റ്‌സ് ഉണ്ട്. ആഴമുള്ള കഥാപാത്രങ്ങളുണ്ട്. മികച്ച ആര്‍ട്ടിസ്റ്റുകളുണ്ട്.

അര്‍ബുദം ബാധിച്ച സ്തനങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട മാലിനി(രമ്യ നമ്പീശന്‍ ),ഹോസ്പ്പിറ്റാലിറ്റി ബിസിനസ്സില്‍ ജോലി ചെയ്യുന്ന ഇമാന്‍ ( സെറിന്‍ ഷിഹാബ്), വീട്ടുജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ജയ( അശ്വതി ബി ), സിനിമയിലഭിനയിയ്ക്കാനുള്ള അവസരം തേടുന്ന റേച്ചല്‍ ( കൃഷ്ണ കുറുപ്പ്), ട്രാന്‍സ്മാനായ സിയ (അനാര്‍ക്കലി മരയ്ക്കാര്‍), അവിവാഹിതയായ അമ്മയായ പ്ലസ് വണ്‍കാരി നിധി (റെയ്‌ന രാധാകൃഷ്ണന്‍) എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സ്വന്തം ശരീരവുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങള്‍ ഈ സ്ത്രീകളിലും അവളുടെ ജീവിതത്തിന്റെ ഭാഗമായ പുരുഷന്മാരിലുമുണ്ടാക്കുന്ന സമ്മര്‍ദ്ദവും അവരുടെ വൈകാരിക അരക്ഷിതാവസ്ഥകളും അവരതിനെ എങ്ങനെ അതിജീവിയ്ക്കുന്നുവെന്നതുമാണ് സിനിമയുടെ പ്രമേയം.

സ്‌കൂളിലേയ്ക്ക് ബയോളജി പരീക്ഷയ്ക്ക് പോകുന്ന ഒരു കൗമാരക്കാരനില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. തനിയ്ക്ക് ലിഫ്റ്റ് തന്ന സിയയോട് മുലയ്ക്ക് പിടിച്ചോട്ടെയെന്ന അവന്റെ ചോദ്യമുണ്ടാക്കുന്ന ഞെട്ടലില്‍ നിന്ന് തുടങ്ങി അതേ ശരീരാവയവത്തിന്റെ വൈകാരിക-രാഷ്ട്രീയ പരിസരങ്ങളിലൂടെ സഞ്ചരിച്ച് സിനിമ അവസാനിയ്ക്കുന്നത് അതേ പ്രായക്കാരുടെ ഒരു ക്ലാസ്സില്‍ 'എന്താണ് ജെന്‍ഡര്‍ ?'' എന്ന ഒരു ചോദ്യത്തിനുള്ള ഉത്തരത്തിലാണ്. 'ബൂബ്‌സ് ഉള്ളവരും ബൂബ്‌സ് ഇല്ലാത്തവരും' എന്ന് നിസ്സാരമായി പറഞ്ഞ് അവന്‍ ചിരിയ്ക്കുമ്പോള്‍ ഒരു ചോദ്യത്തിനും ഉത്തരത്തിനും ഇടയിലൂടെയുള്ള ആ യാത്രയിലൂടെ, വളരെ സാമാന്യമായ കാഴ്ചകളിലൂടെ ശ്രുതി മുന്നോട്ട് വയ്ക്കുന്നത് ശക്തമായ ഉടല്‍ രാഷ്ട്രീയമാണ്.

പുരുഷന്റെ ആദിമകാമനകളില്‍ മുതല്‍ ഏറ്റവും ആകര്‍ഷകമായ ലൈംഗികബിംബമായി മുലകളുണ്ട്. അവനെഴുതുന്ന സാഹിത്യത്തിലും സിനിമയിലുമെല്ലാം ആ സങ്കല്‍പ്പങ്ങളിലെ അഴകളവുകളില്‍ രൂപപ്പെട്ട പെണ്ണുടലുകളുണ്ട്. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ സ്ത്രീശരീരത്തിലേയ്ക്കുള്ള ആണ്‍നോട്ടങ്ങളുടെ സാദ്ധ്യതകളില്‍ത്തന്നെയാണ് കമ്പോളവും വിപണിയുമെല്ലാം കണ്ണുവയ്ക്കുന്നതെന്നത് കൊണ്ട് തന്നെ സ്ത്രീശരീരാവയവങ്ങളുടെ സൈസും ഷേയ്പ്പുമെല്ലാം ആ പ്രദര്‍ശനപരതയുടെ അളവുകോലില്‍ത്തന്നെയാണ് വ്യാപകമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. ആ സാമാന്യവല്‍ക്കരണം കൊണ്ടുതന്നെയാണ്, നോക്കുകൊണ്ടും വാക്ക് കൊണ്ടും സ്പര്‍ശം കൊണ്ടുമെല്ലാം അവളുടെ ശരീരത്തിലേയ്ക്ക് കടന്നുകയറാമെന്നുള്ള വികലമായ ഒരു ധാരണ, കൃത്യമായ ലൈംഗികവിദ്യാഭ്യാസം ലഭിയ്ക്കാത്ത നമ്മുടെ സമൂഹത്തില്‍ രൂപപ്പെട്ട് വന്നത്.

ശ്രുതി ശരണ്യം
ശ്രുതി ശരണ്യം
സ്ത്രീയെ സംബന്ധിച്ച് ഒരേ സമയം ജൈവികവും ലൈംഗികവും വൈകാരികവുമായ ശരീരാനുഭവമാണ് അവളുടെ മുലകള്‍. അതുകൊണ്ട് തന്നെ വ്യത്യസ്ഥതലങ്ങളിലാണ് അവള്‍ അതനുഭവിയ്ക്കുന്നത്. പലപ്പോഴും ഒരു കേവലശരീരാവയവമെന്ന സാമാന്യാവസ്ഥയ്ക്കപ്പുറം അവള്‍ക്കതൊന്നുമല്ല താനും.

എന്നാല്‍ പുരുഷസങ്കല്‍പ്പങ്ങളിലൂന്നിയ സാമ്പ്രദായികകുടുംബവ്യവസ്ഥ, പെണ്‍കുട്ടികളുടെ ശരീരവളര്‍ച്ചയുടെ ആദ്യഘട്ടം മുതല്‍ തന്നെ വിവാഹം,ലൈംഗികത,മാതൃത്വം ഇവയുമായി ബന്ധപ്പെടുത്തി സൌന്ദര്യത്തിന്റെയും സ്‌ത്രൈണതയുടേയും ഊര്‍വ്വരതയുടേയും രൂപകമായി സ്തനങ്ങളെ കാണുകയും അവയുടെ രൂപത്തിനും വലിപ്പത്തിനുമെല്ലാം അമിതപ്രാധാന്യം കൊടുക്കുകയും ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകര്‍ഷത കാരണം, പലപ്പോഴും മൂടിയും മറച്ചും വലിപ്പം കൂട്ടിയും കുറച്ചുമെല്ലാം അവള്‍ ആ ബോധത്തെ അതിജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.

ഇവിടെ ആരോഗ്യകരമായ ഒരു ലൈംഗികവിദ്യാഭ്യാസസമ്പ്രദായം ഇല്ലാത്തത് കൊണ്ട് അതേ അധമബോധത്തോടെ തന്നെ അവര്‍ വളരുകയും സ്വന്തം ശരീരത്തെ ഇത്തരം ശരീരകേന്ദ്രീകൃതവ്യവസ്ഥകള്‍ക്ക് വിട്ടുകൊടുത്ത് കൊണ്ട് വിപണിയുടേയും കമ്പോളത്തിന്റെയും പരീക്ഷണവസ്തുവാകുകയും ചെയ്യുന്നു.

ശരീരവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവങ്ങളിലൂടെ കടന്നുപോകാത്ത സ്ത്രീകള്‍ വളരെ കുറവാണ് ഈ നാട്ടില്‍. എല്ലാ സ്ത്രീകള്‍ക്കും കൃത്യമായി കണക്റ്റാവുന്ന ഒരു ഇമോഷണല്‍ ട്രാക്ക് ഈ സിനിമയ്ക്കുണ്ടാകാന്‍ കാരണവും ആ കളക്റ്റീവ് ഗ്രീഫ് തന്നെയാണ്. സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ പല ഘട്ടങ്ങളിലും ചേര്‍ത്ത് നിര്‍ത്തുന്നതും മുന്നോട്ട് നടത്തുന്നതും മറ്റുസ്ത്രീകള്‍ തന്നെയാണ്. സങ്കടവേനലില്‍ പൊരിയുമ്പോള്‍ ഒരു ചായ കുടിച്ചിട്ട് പോകാമെന്ന് പറയുന്ന, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇങ്ങോട്ട് പോരെയെന്ന് തണലിടമൊരുക്കുന്ന, അവള്‍ക്ക് വേണ്ടി രണ്ടുവാക്ക് സംസാരിയ്ക്കുന്ന, ചേര്‍ത്ത് പിടിയ്ക്കുന്ന സ്ത്രീകളെ വളരെ മിഴിവോടെ അവതരിപ്പിച്ച് കൊണ്ട് പുരുഷന്മാരുടെ 'നാലുമുല' സിദ്ധാന്തത്തിന്റെ മുനയൊടിയ്ക്കുന്നുണ്ട് ഈ ചിത്രം.

കാരുണ്യമുള്ളവരും കരയുന്നവരും ജീവിതത്തിലൊരു സെക്കന്റ് ചാന്‍സ് ചോദിയ്ക്കുന്നവരുമൊക്കെയായ 'ഗ്രേ ഷേഡിലുള്ള പുരുഷ കഥാപാത്രങ്ങളെ കാണുന്നത് തന്നെ ആശ്വാസമാണ്. പാട്രിയാര്‍ക്കിയലായ ഒരു സിസ്റ്റം പുരുഷന്മാരെ സമ്മര്‍ദ്ദപ്പെടുത്തുന്നതെങ്ങനെയെന്നും കൃത്യമായ ലൈംഗികവിദ്യാഭ്യാസം ലഭിയ്ക്കാത്ത ഒരു സമൂഹത്തില്‍ സഹജീവികളായ സ്ത്രീകളുടെ ശരീരത്തേക്കുറിച്ചുള്ള അജ്ഞതയും വികലധാരണകളും അവരെ എങ്ങനെയൊക്കെ റിഗ്രസ്സീവാക്കുന്നുവെന്നുമുള്ള വസ്തുതകളിലേയ്ക്ക് ഈ കഥാപാത്രങ്ങള്‍ വിരല്‍ ചൂണ്ടുന്നു. ഇതൊക്കെ ഇപ്പോഴും ഇനിയുമിനിയും പറഞ്ഞുകൊണ്ടേയിരിയ്ക്കണം എന്ന നിരാശയും നിസ്സഹായതയും ബാക്കിയുള്ളപ്പോഴും ആ വഴിയിലുള്ള മുഴക്കമുള്ള ഒരു ഉറച്ച് പറയലാണ് ബി 32 മുതല്‍ 44 വരെ എന്ന ചിത്രം.

സിനിമയുടെ കാസ്റ്റിംഗ് എടുത്ത് പറയേണ്ടതാണ്. പ്രധാനകഥാപാത്രങ്ങളായി വന്ന പുതുമുഖങ്ങളുള്‍പ്പെടെ വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സുദീപ് പാലനാടിന്റെ സംഗീതം കഥയുടെ വിഷ്വല്‍ ട്രാക്കുമായി മനോഹരമായി ഇഴചേര്‍ന്ന് കിടക്കുന്നു. സിനിമയുടെ ഹൃദയമായ ആനന്ദം എന്ന ഗാനം എഴുതിയതും ശ്രുതി തന്നെയാണ്. ക്യാമറ: സുദീപ് എളമണ്‍, ദുന്ദു രഞ്ജീവ് (കലാ സംവിധാനം), ഫെമിന ജബ്ബാര്‍ (കോസ്റ്റ്യൂം ഡിസൈനിങ്), മിറ്റാ എം.സി. (മേക്കപ്പ്), അര്‍ച്ചന വാസുദേവ് (കാസ്റ്റിംഗ്), അഞ്ജന ഗോപിനാഥ് (സ്റ്റില്‍ ഫോട്ടോഗ്രഫി), രമ്യാ സര്‍വ്വദാ ദാസ് (ചീഫ് അസോസിയേറ്റ് ഡയറക്ടര്‍), സൗമ്യാ വിദ്യാധര്‍ (സബ് ടൈറ്റില്‍സ്) തുടങ്ങിയവര്‍ സിനിമയുടെ ഭാഗമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in