പ്രണയവിലാസം; നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി

പ്രണയവിലാസം; നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി
Nidad Thadiyan Photography
Summary

വ്യക്തി-അഭിലാഷങ്ങളും സാമൂഹ്യ-സദാചാരസംഹിതകളും തമ്മിലുള്ള ഇടർച്ചകളും, ആണധികാര കുടുംബ വ്യവസ്ഥിതിയിയും അടുക്കള രാഷ്ട്രീയവും, പ്രകടമായിത്തന്നെ രാഷ്ട്രീയവും പ്രശ്നവൽക്കരിക്കുന്ന ചർച്ചകൾക്ക് വഴിയൊരുക്കിക്കൊണ്ട് പ്രണയവിലാസം യാത്രതുടരുന്നു.

കഥാകൃത്തും നിരൂപകനുമായ ഡി.പി അഭിജിത്ത് എഴുതുന്നു

Spoiler alert:

ലോകത്ത് കലയിലും സാഹിത്യത്തിലും ഏറ്റവുമധികം ആവർത്തിക്കപ്പെട്ടിട്ടുള്ള പ്രമേയം പ്രണയമാകും. സിനിമകളുടെ കാര്യത്തിലും ഇതിന് തർക്കമുണ്ടാകില്ല. പഴക്കവും പുതുമയും ഒരുപോലെ ഉരസുന്ന പ്രണയം പോലെ ഒരു പ്രമേയത്തിൽ പുതുതായി ഒരു സിനിമ പുറത്തിറങ്ങുമ്പോൾ അതിൽനിന്നും പേക്ഷകർ പ്രതീക്ഷിക്കുന്നതെന്താണോ അത് ഏറ്റവും ആർദ്രമായി അനുഭവേദ്യമായിട്ടുണ്ട്, നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയവിലാസം എന്ന സിനിമയിൽ.

പ്രണയവിലാസം അടിമുടി പ്രണയമാണ്. കോളേജ് വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ സൂരജിൻ്റെയും വില്ലേജ് ഓഫിസറായ അച്ഛൻ രാജീവിന്റെയും വീട്ടമ്മയായ അനുവിന്റെയും പ്രണയങ്ങളാണ് സിനിമയിലെ പ്രധാനപ്പെട്ട മൂന്ന് പ്രണയങ്ങൾ. പാട്ടു മോഹങ്ങളുമായി നടക്കുന്ന മകൻ കോളേജിൽ കാമുകിയുമായും കാർക്കശ്യക്കാരനായ അച്ഛൻ തന്റെ ആദ്യ കാമുകിയുമായും പ്രണയലോകത്ത് വിഹരിക്കുമ്പോൾ അനുശ്രീ പരിഭവങ്ങളേതും കൂടാതെ വീട്ടിൽ തന്റേതായ സന്തോഷങ്ങളുമായി കഴിയുന്നു. അതിനിടയിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ കഥാഗതിയെ ആകെ മാറ്റിമറിക്കുന്നു. രണ്ടാംപകുതിയിൽ അനുവിന്റെയും വിനോദിന്റെയും പ്രണയത്തിലേക്ക് കടക്കുന്നത്തോടെ സിനിമ കൂടുതൽ വൈകാരികമായി പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

അർജുൻ അശോകൻ, അനശ്വര രാജൻ, മമിതാ ബൈജു, കെ.യു.മനോജ്, മിയ ജോർജ്, ശ്രീധന്യ, ഹക്കിം ഷാ, ശരത്ത് സഭ ഉണ്ണിമായ നാലപ്പാടം തുടങ്ങിയവരെല്ലാം മികച്ച രൂപത്തിൽ തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. ഷാൻ റഹ്മാൻ ഒരുക്കിയിരിക്കുന്ന സംഗീതം സിനിമക്ക് കരുത്തു പകരുന്ന ഘടകംതന്നെയാണ്.

THADIYANPHOTOGRAPHY

ചിത്രത്തിൽ ഏറ്റവും മികച്ചതായി തോന്നിയത് തിരക്കഥയുടെ സുസജ്ജമായ ഘടന തന്നെയാണ്. ഒരു സിനിമ ഉദ്ദേശിക്കുന്ന അർത്ഥത്തെ / ആശയത്തെ നിറവേറ്റുകയും അതേസമയം അതിന് അപ്പുറങ്ങളിലേക്ക് വ്യാപിക്കുക്കുന്ന, അനേകം അടരുകളുള്ള ഒരു സ്വതന്ത്ര സൃഷ്ടിയായി സിനിമ സ്വയം മാറുന്നതിന്റെ സമീപകാലത്തെ ഏറ്റവും നല്ല ഉദാഹരണമായി സിനിമയെ വാഴ്ത്താം. അതിന്റെ മുഴുവൻ ക്രെഡിറ്റും തിരക്കഥയ്ക്ക് കൈവരുന്നു. തിരക്കഥയും സംഭാഷണങ്ങളും സുനു ഏ. വി. യും ജ്യോതിഷ് എം. ഉം ചേർന്നാണ്. തീർത്തും സാധാരണമായ ജീവിത ചുറ്റുപാടുകളിലും കണ്ടുമറന്ന കാഴ്ചകളിലും അനിതര സാധാരണമായ മുഹൂർത്തങ്ങൾ ഉണ്ടാക്കിയെടുക്കുന്നിടത്താണ് പ്രണയവിലാസം ആദ്യത്തെ കയ്യടി നേടുന്നത്. കണ്ണൂർ ഭാഷയുടെ ലാളിത്യത്തിൽ തേച്ചുമിനുക്കിയെടുത്ത സംഭാഷണങ്ങളും, നവാഗതനായ ഷിനോസിന്‍റെ മനോഹരമായ ഛായാഗ്രഹണവും അതിന് ഏറെ സഹായിക്കുന്നുണ്ട്. ബിനു നെപ്പോളിയന്റെ എഡിറ്റിംഗ് ചേർത്തു പറയേണ്ട ഒന്നുതന്നെയാണ്. വിശേഷിച്ചും രണ്ടാം പകുതിയിലെ രണ്ട് കാലഘട്ടങ്ങളെ ഒന്നിപ്പിച്ചു ചേർത്തിരിക്കന്നതൊക്കെ നല്ല കയ്യടക്കത്തോടെയാണ്.

THADIYANPHOTOGRAPHY

കലാസംവിധാനവും കളറിങ്ങും സൗണ്ട് മിക്സിങ്ങും ഉൾപ്പടെ സിനിമയുടെ മറ്റെല്ലാ ടെക്നിക്കൽ വശങ്ങളും മികച്ച രൂപത്തിൽ ഒരുമിച്ച് ഉജ്ജ്വലമായ ഒരുതിയേറ്റർ അനുഭവവും സിനിമ പ്രദാനം ചെയ്യുന്നു. അങ്ങനെ ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ ആകുന്ന ഒരു നല്ല കുടുംബ ചിത്രം എന്ന് ചുരുക്കിപ്പറഞ്ഞ് നിർത്താനാകുന്നതല്ല ഈ സിനിമ. കുറച്ചധികം ആഴത്തിലും പരപ്പിലും സിനിമ കടന്നുചെല്ലുന്ന കാഴ്ചവട്ടങ്ങളെ കൂടി അറിഞ്ഞാൽ മാത്രമേ സിനിമാനുഭവം പൂർണ്ണമാകുള്ളൂ.

സാധാരണ പൈങ്കിളി പ്രേമ സിനിമകളിൽനിന്ന് പ്രണയവിലാസത്തെ വേറിട്ടു നിർത്തുന്നത് അത് ഉയർത്തിപ്പിടിക്കുന്ന പ്രണയരാഷ്ട്രീയം കൊണ്ടാണ്. തുടക്കം മുതൽ ഒടുക്കം വരെ അതിന് സാധ്യമാക്കുന്ന ചില ഘടകങ്ങൾ വളരെ കൃത്യതയോടെ സിനിമയിൽ കൈകാര്യം ചെയ്യുന്നുണ്ട്.

1. പ്രണയം - പ്രണയനഷ്ടം

2. ഇടം - യാത്രകൾ

ഇവ രണ്ടും ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ്.

ഈ വിരുദ്ധ ദ്വന്ദ്വങ്ങൾ ഒത്തുചേരുന്ന പ്രതലത്തിലാണ് കഥാസന്ദർഭങ്ങളെല്ലാം രൂപപ്പെടുന്നത്.

ഒന്നാമതായി, സിനിമയിൽ കടന്നുവരുന്ന ഓരോ കാഴ്ചകളിലും പ്രണയവും പ്രണയനഷ്ടവും ചേർന്നുകിടപ്പുണ്ട്.

കോളേജും വരാന്തയും വീടും വഴിവക്കും വായനയശാലയും ബസ്സും ബലിയിടവും ഉൾപ്പടെയുള്ള ഇടങ്ങളിലെല്ലാം കാഴ്ചകളുടെ സമൃദ്ധിക്കൊപ്പം പ്രണയവും പ്രണയ നഷ്ടങ്ങളും നിറയുന്നു. പ്രണയത്തിൻ്റെ ഓരോ ചിരിത്തെളിച്ചങ്ങൾക്കു പിന്നാലെയും നഷ്ടപ്രണയങ്ങളുടെ വിഷാദഛായ പടരുന്നത് കാണാം. ആദ്യം മുതലുള്ള സീനുകൾ സൂക്ഷമമായി പരിശോധിച്ചാൽ ഓരോന്നിലും ഈ ഉയർച്ചതാഴ്ച്ച വ്യക്തം.

പഴയ പ്രണയിനിയുടെ സാന്നിധ്യം ചെറുതെങ്കിലും സൂരജിലും ഗോപികയിലും ഉണ്ടാക്കുന്ന ആശങ്കകൾ പോലെ, അച്ഛൻ്റെ 'വീണ്ടുകിട്ടിയ നഷ്ടപ്രണയവും' ഭർത്താവ് എന്ന പദവിയും തമ്മിൽ ആന്തരികമായി ഉണ്ടാകുന്ന സംഘർഷങ്ങൾ വിഷാദ മുഖഛായയുള്ളവയാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇടയ്ക്ക് കയറി വരുന്ന,ശരത് സഭ അവതരിപ്പിച്ച സതീശനിലും, അനുവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി റംലയിലും

ഒറ്റ സീനിൽ മാത്രം വന്നു പോകുന്ന ഗോപികയുടെ അച്ഛനമ്മമാർക്കും പ്രണയത്തിന്റെയോ പ്രണയ നഷ്ടത്തിന്റെയോ കഥ മനസ്സിലുണ്ട്.

അനുവിന്റെ ഡയറിയും സൂക്ഷിച്ചു വച്ചിരുന്ന പുസ്തകങ്ങളും കാറ്റുപോയ ഫുട്ബോളും ടി.വി.യിൽ കാണാറുള്ള ഫുട്ബോൾ മത്സരവും എന്തിന് അടുക്കളയിലേക്ക് എത്തിനോക്കുന്ന പൂച്ച പോലും അത് പ്രകടമാക്കുന്നുണ്ട്.

സന്തോഷമോ സന്താപമോ ഒറ്റയൊറ്റയായി നിറയുന്ന കാഴ്ചകൾ ഒന്നും പ്രണയവിലാസത്തിലില്ല. കഥയിൽ നിർണായക സംഭവമാകുന്ന ഒരു മരണത്തിൽ പോലും തിരിച്ചറിവിൻറെ വെളിച്ചം ബാക്കിയാകുന്നവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുയും അതിന് അർത്ഥം പകരുകയും ചെയ്യുന്നു. ഓരോ നിമിഷങ്ങളെയും രണ്ടായി മുറിക്കുന്ന ഈ ജീവിതബോധ്യം സിനിമയെ ദാർശനികമായി ഉയർത്തി നിർത്തുന്നു.

ഇതുപോലെ തന്നെയാണ് ഇടവും അവിടെ നിന്നും മുന്നോട്ടുള്ള തുടർച്ചയാകുന്ന യാത്രകളും.

രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായി അരങ്ങേറുന്ന മൂന്ന് പ്രണയങ്ങളായി ചുരുങ്ങുന്ന കഥയെ വലുതാക്കുന്നത് അതിലെ നിരന്തരമായ യാത്രകളാണ്. ഒരർത്ഥത്തിൽ സൂരജാണ് അതിൻ്റെയെല്ലാം കേന്ദ്രബിന്ദു.

സൂരജ്‌ സാക്ഷ്യം വഹിക്കുന്നതും സൂരജിലൂടെ സംഭവിക്കുന്നതുമായ യാത്രകൾ നിരവധിയാണ്.

1. പഴയ പ്രണയത്തിൽനിന്നും പുതിയതിലേക്കുള്ള സൂരജിൻ്റെ കഥാംരംഭത്തിലെ യാത്ര.

2. അച്ഛൻ്റെ പഴയ പ്രണയത്തിലേക്കുള്ള യാത്ര.

3. അമ്മയുടെ പ്രണയ കഥയിലേക്ക് നടത്തുന്ന യാത്ര.

4. വിനോദിനെ തേടിയുള്ള യാത്ര.

കഥാപാത്രങ്ങളുടെ മാനസിക വ്യവഹാരത്തിനുള്ളിൽ നടക്കുമ്പോൾ തന്നെ ഈ യാത്രകളെല്ലാം ഭൗതികമായിക്കൂടി സംഭവിക്കുന്നുണ്ട്.

ആദ്യ പകുതിയിൽ, കോളേജിലേക്കും കാമുകിയുടെ വീട്ടിലേക്കും സുഹൃത്തുക്കൾക്കൊപ്പവും പാഷനായ സംഗീതത്തിനു പിന്നാലെയും സൂരജ് നിരന്തരം യാത്രകൾ ചെയ്യുന്നുണ്ടെങ്കിലും ഒന്നിലും പൂർണമായ താല്പര്യത്തോടെ ഇടപെടുന്നില്ല എന്നുകാണാം.

അച്ഛന്റെതും സമാനമാണ്. കോളേജ് റീ യൂണിയൻ മുതൽ പഴയ കാമുകിക്ക് പിന്നാലെ അയാളും നടക്കുന്നുണ്ടെങ്കിലും, അവർക്കൊപ്പം യാത്ര ചെയ്യുന്നുണ്ടെങ്കിലും ആത്മാർത്ഥത അവിടെയും ചോദ്യങ്ങൾ ബാക്കിയാക്കുന്നുണ്ട്. അതിനും സൂരജ് സാക്ഷിയാകുന്നുണ്ട്.

ഈ യാത്രകളിൽ ഒന്നും സ്ഥാനം ലഭിക്കാത്ത, അച്ഛന്റെയും മകന്റെയും യാത്രകൾ സാധ്യമാക്കുന്ന ബൈക്കിലും കാറിലും കയറുന്നില്ലാത്ത അനുശ്രീയുടെ കാമുകനെ തേടി അച്ഛനും മകനും ഒരുമിച്ചു നടത്തുന്ന യാത്രയാണ് ഏറ്റവും നിർണായകവും സിനിമയുടെ കാതലും. അനുശ്രീ എപ്പോഴും നിശ്ചലം ആയിരുന്നു എന്നോർക്കണം. നിശ്ചലമായതിനുശേഷം മാത്രമാണ് അവർക്ക് വാഹനത്തിലും സ്ഥാനം ലഭിക്കുന്നത്. എന്നാൽ അവരുടെ പ്രേമകാലം യാത്രകൾ ബസ് യാത്രകൾ നിറഞ്ഞതായിരുന്നു. ഒടുവിൽ തീരുമാനിച്ചുറപ്പിച്ചിരുന്ന യാത്ര മുടങ്ങി പോകുന്നിടത്താണ് അവരുടെ പ്രണയം അവസാനിക്കുന്നതും.

അതേസമയം അവരുടെ കാമുകൻ വിനോദ് അന്നു മുടങ്ങിപ്പോയ യാത്രയുടെ ഒരിക്കലും പൂർത്തീകരിക്കാനാകാത്ത തുടർച്ചയെന്നോണം ടാക്സി ഡ്രൈവറായി ഇപ്പോഴും ഒറ്റയ്ക്ക് ജീവിതം നയിക്കുന്നു.

ഇവയ്ക്കെല്ലാം പുറമെ അല്ലെങ്കിൽ ഇവയിലൂടെയെല്ലാം ആന്തരികമായി സൂരജിന് സംഭവിക്കുന്ന ഒരു പരിവർത്തനമുണ്ട്. വിനോദിനെ കണ്ട മാത്രയിൽ തിരിച്ചറിഞ്ഞിട്ടും സംയമനത്തോടെ അത് കഴിച്ച്, അച്ഛൻ്റെ ഈഗോകളും ധാരണകളും തിരുത്തി വീട്ടിലേക്ക് തിരികെ യാത്രചെയ്യുമ്പോൾ തുടക്കത്തിൽ നമ്മൾ കാണുന്ന 'വായിനോക്കി'യായ പയ്യനല്ല അയാൾ; പ്രണയങ്ങളും / യാത്രകളും നൽകുന്ന അനുഭവങ്ങൾ പക്വതയുള്ള ഒരു മനുഷ്യനായി അയാളെ മാറ്റുന്നത് നമ്മൾ തിരിച്ചറിയുന്നു. ആത്യന്തികമായി പ്രണയവിലാസം പറയാൻ ശ്രമിച്ചതും അതുതന്നെയാകും.

അവസാന നിമിഷങ്ങളിൽ അത്ഭുതപ്പെടുത്തുന്ന ഭാവപ്പകർച്ചയിലൂടെ കയ്യടി കൊണ്ടുപോകുന്ന വിനോദിലോ റോസാപ്പൂവും നെഞ്ചേറ്റി ശാന്തമായി ഉറങ്ങുന്ന അനുവിലോ നിർത്താതെ സിനിമ സൂരജിലവസാനിക്കുന്നത് അതിന്റെ സാധൂകരണം എന്നപോലെ വായിക്കാം.

വ്യക്തി-അഭിലാഷങ്ങളും സാമൂഹ്യ-സദാചാരസംഹിതകളും തമ്മിലുള്ള ഇടർച്ചകളും, ആണധികാര കുടുംബ വ്യവസ്ഥിതിയിയും അടുക്കള രാഷ്ട്രീയവും, പ്രകടമായിത്തന്നെ രാഷ്ട്രീയവും പ്രശ്നവൽക്കരിക്കുന്ന ചർച്ചകൾക്ക് വഴിയൊരുക്കിക്കൊണ്ട് പ്രണയവിലാസം യാത്രതുടരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in