പൊന്നിയിൻ സെൽവൻ : അനുഭൂതികളുടെ സ്വപ്നസഞ്ചാരം

പൊന്നിയിൻ സെൽവൻ : അനുഭൂതികളുടെ സ്വപ്നസഞ്ചാരം

പൊന്നിയിൻ സെൽവൻ കണ്ട് തീയേറ്റർ വിടുമ്പോൾ കൽകി കൃഷ്ണമൂർത്തിയുടെ നോവലിലെ കഥാപാത്രങ്ങളും മണിരത്നം സിനിമയിൽ ഈ കഥാപാത്രങ്ങൾക്ക് ഉയിരേകിയ അഭിനേതാക്കളും, യഥാർത്ഥ്യ ബോധത്തിലേക്ക് തുറക്കാൻ നിൽക്കുന്ന എന്റെ മനസിന്റെ കോട്ടവാതിലിൽ നിന്ന് തിക്കും തിരക്കും കൂട്ടുകയായിരുന്നു. വായിക്കുമ്പോൾ ഭാവനയിൽ കണ്ട കുന്ദവയ്ക്കാണോ സിനിമയിൽ സാമാന്യ സൗന്ദര്യ സങ്കൽപങ്ങളെ പൂർണമായും തൃപ്തിപ്പെടുത്തിയ തൃഷയുടെ കുന്ദവയ്ക്കാണോ മാറ്റ് കൂടുതൽ എന്ന് അവർ തമ്മിൽ തന്നെ ഒരു തർക്കം ഉടലെടുത്തിരിക്കുന്നു.യുദ്ധവെറിക്ക് പിന്നിലെ ആത്മദു:ഖത്തെ മുഖത്തേക്ക് ആവാഹിക്കുമ്പോൾതന്നെ നിസ്സഹായതയുടെ നിഴൽപ്പാട് മിന്നിച്ച് ആദിത്യ കരികാലനായി വിക്രം, അഭിനയ സാധ്യതകളെ ഒരു തുള്ളി ചോരാതെ ആൾവാർകടിയൻ നമ്പിയിലേക്ക് പകർന്ന ജയറാം,വന്ദിയതേവനായി മറ്റാരെയും ആലോചിക്കാൻ കഴിയാത്ത അത്രയും കഥാപാത്രത്തെ തന്റേതാക്കിയ കാർത്തി, പൊന്നിയിൻ സെൽവന്റെ അഴകും ഭാഷണവും ഒത്തുചേർന്ന ജയം രവി, സ്ലോ പോയ്സൺ ആയ നന്ദിനിയെ,മെയ്ക്കപ്പിന്റെ ധാരാളിത്തം കളങ്കപ്പെടുത്തിയ മുഖത്തിലും സൂക്ഷ്മമായി അടയാളപ്പെടുത്തിയ ഐശ്വര്യറായ് ബച്ചൻ തുടങ്ങിയവരെല്ലാം,  നമ്മുടെ വായനയുടെ വികാസത്തിനനുസരിച്ചു മജ്ജയും മാംസവും വെച്ചുവന്ന, ഇവരുടെ തന്നെ പേരുള്ള നോവലിലെ കഥാപാത്രങ്ങളുമായി തർക്കിക്കുകയാണ്.

ക്ഷമിക്കണം,ഇത്തരത്തിൽ ഒരാമുഖമില്ലാതെ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനെ കുറിച്ച് ഒരു ആസ്വാദനം എഴുതുക സാധ്യമല്ല.എഴുത്തിന്റെ ഒഴുക്കിന് വേണ്ടി എഴുതിയ ഭാവനയല്ല മേൽ വിവരിച്ച സംഭവങ്ങൾ. അത്രമേൽ സിനിമയിലേക്കും നോവലിലേക്കും ഇറങ്ങി നിന്നവർക്കെല്ലാം ഒരുപക്ഷെ മേല്പറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ടാകാം.വായനയും സിനിമയും തികച്ചും വ്യത്യസ്തമായ രണ്ട് മികച്ച അനുഭൂതികളെ തന്ന സൃഷ്ടിയാണ് പൊന്നിയിൻ സെൽവൻ.നോവലിനെ അടിസ്ഥാനപ്പെടുത്തിയെടുത്ത സിനിമയെ രണ്ട് ഭാ​ഗങ്ങളായി വേർത്തിരിച്ച് പറയാതെ ഒറ്റ സിനിമയായാണ് വിലയിരുത്തുന്നതെന്ന് ആമുഖമായി തന്നെ പറയട്ടെ. 

കൽകി കൃഷ്ണമൂർത്തി മൂന്നര വർഷം കൊണ്ട് പൂർത്തിയാക്കിയ തുടർനോവലാണിത്.പിന്നീട് 5 വാള്യങ്ങളിലായി 1955 ൽ പുറത്തിറങ്ങിയ ഈ കൃതിക്ക് ആറുപതിറ്റാണ്ടിലേറെ കഴിഞ്ഞാണ് മികച്ച ഒരു ചലച്ചിത്രാനുഭവം ഉണ്ടായത്. കൽകിയുടെ അയത്നലളിതമായ കഥപറച്ചിലിൽ ആകൃഷ്ടരായി എംജിആർ മുതൽ കമലഹാസൻ വരെയുള്ള പ്രമുഖർ ഇത് സിനിമയാക്കാൻ മുന്നോട്ട് വന്നെങ്കിലും കാലം അത് മണിരത്നത്തിന്റെ കൈയിലേക്കാണ് വെച്ചുകൊടുത്തത് (മണിരത്നം തന്നെ എൺപതുകളുടെ അവസാനം ഇത്തരമൊരു ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു). സിനിമയെ കലാരൂപമെന്നനിലയിൽ അതിന്റെ പൂർണതയിലെത്തിക്കാൻ എക്കാലവും ശ്രമിച്ചിട്ടുള്ള സംവിധായകനായ മണിരത്നത്തിന്റെ കൈയിൽ പൊന്നിയിൻ സെൽവൻ ഏറെക്കുറെ ഭദ്രമായിരുന്നു.എന്നാൽ ആയിരത്തിലധികം പേജുകളുള്ള ഒരു നോവൽ. സജീവമായിട്ട് കഥയിൽ ഇടപെടുന്ന ഇരുപത്തിലധികം പ്രധാനകഥാപാത്രങ്ങൾ.കഥയുടെ ​ഗതിയിൽ വന്നുപോയിക്കൊണ്ടിരിക്കുന്ന മറ്റു കഥാപാത്രങ്ങളും,നിർണായക സന്ദർഭങ്ങളും. ഇതിനിടയിൽ കഥയോട് ചേർന്നുപോകുന്ന ചരിത്രത്തിന്റെ ഒത്തുനോക്കലുമെല്ലാം രണ്ടര മണിക്കൂർ സിനിമ സങ്കല്പത്തിലേക്ക് ഈ നോവലിനെ പരുവപ്പെടുത്തിയെടുക്കുന്നതിലെ സാങ്കേതിക തടസങ്ങളാണ്.എന്നാൽ മനുഷ്യന്റെ സർകാത്മകതയ്ക്ക് ഇതിനെയെല്ലാം മറികടക്കാനാകും എന്നതിനുള്ള മികച്ച ഉദാഹരണമാണ് പൊന്നിയിൻ സെൽവൻ.

രാജാധികാരത്തിന്റെ, യുദ്ധത്തിന്റെ, രാഷ്ട്രതന്ത്രത്തിന്റെ,കീഴ്പ്പെടുത്തലുകളുടെ, അധിനിവേശത്തിന്റെ കഥകളാണ് ആദ്യ നോട്ടത്തിൽ പൊന്നിയിൻ സെൽവനിൽ കാണാനാകുക. പക്ഷേ രാജാധികാരത്തിൽ അന്യമാക്കപ്പെടുന്ന സ്വസ്ഥതയും സ്വാതന്ത്ര്യവും,യുദ്ധാനന്തരം ഉണ്ടായേക്കാവുന്ന മനോവിഭ്രാന്തിയും, രാഷ്ട്രതന്ത്രം നിഷ്കരുണം ഇടപെടുന്ന സ്വകാര്യതയും,അധിനിവേശത്തിനായി ഒരുക്കപ്പെടുന്ന മനുഷ്യബന്ധങ്ങളും,കൂടാതെ പ്രണയവും, പ്രണയനഷ്ടവും, പകയും ഇഴതെറ്റാതെ നെയ്തെടുത്ത സൃഷ്ടിയാണിത്. മണിരത്നം സിനിമയുടെ പേടകത്തിലേക്ക് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തപ്പോൾ നോവലിൽ ആത്മാർത്ഥ പ്രണയത്തിന്റെ രക്തസാക്ഷിയായ കന്തമാരന്റെ പെങ്ങൾ മണിമേഘലയേയും, സെമ്പിയൻ ദേവിയുടെ യഥാർത്ഥ മകൻ സേന്തൻ അമുതനേയും(നോവലിലെ ആ വഴിതിരിവ് സിനിമയിൽ പരാമർശിച്ചിട്ടില്ല) പോലുള്ള കഥാപാത്രങ്ങളെ ഒഴിവാക്കുകയോ പ്രാധാന്യം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. സിനിമയുടെ സമയപരിധി ആവശ്യപ്പെടുന്ന ഒഴിവാക്കലുകളാകാം അത്. നോവൽ വായിച്ചവർക്ക് രണ്ടാം ഭാഗത്തിന്റെ പെട്ടെന്നുള്ള കുതിപ്പും നോവലിൽ നിന്ന് വിഭിന്നമായുള്ള കഥാഗതിയും അല്പം കല്ലുകടി ഉണ്ടാക്കുമെങ്കിലും ദൃശ്യഭാഷയുടെ പരിധിയിൽ നിന്നുകൊണ്ട് സാധ്യമായ മികച്ച ചിത്രീകരണമാണ് ഈ സിനിമ.

വോൾഫ്ഗാംഗ് പീറ്റേഴ്സൻ സംവിധാനം ചെയ്ത ട്രോയ് എന്ന ചിത്രമാണ് പൊന്നിയിൻ സെൽവം കണ്ടപ്പോൾ പെട്ടെന്ന് മനസിലേക്ക് വന്നത്.ട്രോയ് ഇലിയഡിന്റെ സാധ്യമായ മികച്ച ചിത്രീകരണമാണ് എന്നാണ് എന്റെ വിശ്വാസം.ഒരു ഇതിഹാസത്തെ മനുഷ്യരുടെ കഥയാക്കി മാറ്റിയ സിനിമാനുഭവമാണ് ട്രോയ്.പൊന്നിയിൻ സെൽവൻ എന്ന നോവൽ ചോള വംശത്തിന്റെയും അവരുടെ അധികാര പോരാട്ടത്തിന്റെയും കഥപറയുന്ന അതേ പ്രാധാന്യത്തോടെ അക്കാലത്തെ മനുഷ്യരുടെ കഥയും സൂക്ഷ്മമായി പറയാൻ ശ്രമിച്ച കൃതിയാണ്. ആറ് ദശാബ്ദങ്ങൾക്ക് ശേഷം ഇറങ്ങുന്ന സിനിമക്ക് പ്രത്യേകിച്ച് മണിരത്നത്തിനെ പോലെ മനുഷ്യമനസുകളുടെ ആഴങ്ങളിൽ ഇറങ്ങി കഥപറയാൻ ശേഷിയുള്ള സംവിധായകൻ എടുക്കുന്ന സിനിമ മറിച്ചൊരു അനുഭവമാകാൻ തരമില്ല. 'ട്രോയ്'യിൽ അക്കിലസ്സിനേക്കാൾ എനിക്ക് ഹൃദയത്തോട് ചേർക്കാനായത് ഹെക്ടറിനെയാണ്.മര്യാദക്കാരനായ വിവേകിയായ,ഹതഭാഗ്യനാണയാൾ.ആദിത്യ കരികാലനും അത്തരത്തിലൊരു മനുഷ്യനാണ്.രണ്ടാമൂഴത്തിൽ ഭീമൻ പറയുന്ന പോലെ സ്വന്തം വംശത്തിന്റെ നീതിയും നിയമവും മനസിലാക്കാൻ കഴിയാത്ത കാട്ടാളമനസുള്ള ആളാണ് അയാൾ.രാഷ്ട്രതന്ത്രത്തിന്റെ നിഴൽ വീണ് പ്രണയത്തിലും,നഷ്ടപ്പെട്ട പ്രണയത്തിന്റെ തേങ്ങൽ വീണ് യുദ്ധത്തിലും പിഴവ് പറ്റി ഉള്ള് നീറിയ അയാളുടെ മനസ്സിന്റെ മതിഭ്രമമാണ് അടക്കാനാവാത്ത യുദ്ധവെറി.നന്ദിനിയുടെ പോക്കുവെയിലേറ്റാൽ പോലും തളരുന്ന ദുർബല ഹൃദയത്തെ തെറ്റിദ്ധരിപ്പിക്കാനാണ് അയാൾ അടർക്കളങ്ങളിൽ നിന്ന് അടർക്കളങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രണയം നരേറ്റ് ചെയ്യാനുള്ള മണിരത്നത്തിന്റെ കൈയ്യടക്കം പൊന്നിയിൻ സെൽവനിലും കാണാം.കൽകിയുടെ സൃഷ്ടിയായ നന്ദിനിയെ ചരിത്രത്തിൽ അകാലത്തിൽ മരിച്ച കരികാലനോട് ചേർത്തുവെച്ചപ്പോൾ പകയും പ്രണയവുമുള്ള മികച്ച ഒരു കഥാതന്തു ഉരുവപ്പെടുന്നു.സിനിമയിൽ നന്ദിനിയുടെ ആർത്തനാദവും കരികാലന്റെ സമർപ്പിത പ്രണയവും ചേർത്ത് ഒരുക്കിയ ആ രംഗം സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നാണ്.‌രാഷ്ട്രതന്ത്രത്തിൽ നിപുണയായ,രാജ്യതാല്പര്യത്തിന് താഴെമാത്രം വ്യക്തിതാല്പര്യങ്ങളെ കണ്ടിരുന്ന കുന്ദവയ്ക്ക് വന്ദിയതേവനോട് തോന്നിയ പ്രണയം പോലും രാജ്യസുരക്ഷയെ ഒന്നുകൂടി ബലപ്പെടുത്തുന്നതായിരുന്നു.തൃഷയുടെ മുഖത്ത് കുസൃതിയും ​ഗാംഭീര്യവും ഒത്തുചേർന്ന ഭാവം സൃഷ്ടിച്ചതിന് പിന്നിലുള്ള മണിരത്നത്തിന്റെ മിടുക്ക് എടുത്തുപറയേണ്ടതാണ്.കഥാപാത്രങ്ങൾ ഈ അഭിനേതാക്കളിലേക്ക് അനായാസം ആവേശിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പാണ് മണിരത്നം നടത്തിയിട്ടുള്ളതെന്ന് അഭിനേതാക്കളുടെ മാനറിസങ്ങളും കഥാപാത്രങ്ങളുടെ സ്വഭാവരീതികളും ഒത്തുനോക്കിയാൽ മനസിലാക്കാം.

കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ സൂക്ഷ്മമായി കണ്ടെത്തി എന്നതും അവർക്ക് ചെയ്യാനുള്ളത് ഭാവം കൊണ്ടായാലും സംഭാഷണം കൊണ്ടായാലും തിരക്കഥയിൽ ഉൾചേർത്തു എന്നതാണ് ഈ സിനിമയുടെ സൗന്ദര്യം. ഇവരൊക്കെ ഇവിടെയുള്ളവർ തന്നെയായിരുന്നില്ലേ? അവരിലെ ചോളനേയും പാണ്ഡ്യനേയും വൈഷ്ണവനേയും ഉണർത്താൻ, അവരുടെ അഭിനയശരീരത്തിന് കായകൽപം ചെയ്യാൻ തീർച്ചയായും ഒരു മാസ്റ്റർ സംവിധായാകന് കഴിയും എന്നതിന് വേറെ ഒരു ഉദാഹരണം വേണ്ട.യുദ്ധരംഗങ്ങളും, കടലിലെ കലുഷിതമായ ദൃശ്യങ്ങളും വൃത്തിയുള്ള വിഎഫ്എക്സിൽ ഭദ്രമായിരുന്നു. എ ആർ റഹ്മാന്റെ സംഗീതം കഥാവിവരണത്തെ രണ്ട് മടങ്ങ് ശ്രേഷ്ഠമാക്കി എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പല സമയത്തും കഥ മറന്ന് രവിവർമൻ ഒരുക്കിയ ദൃശ്യഭംഗിയും അതിൽ അയത്നലളിതമായി ലയിച്ചുച്ചേർന്ന ലൈറ്റിങ്ങും കണ്ട് കോരിതരിപ്പ് ഉണ്ടായി എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല.

സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവുണ്ട് ഈ സിനിമകളിൽ. അവരുടെ വാക്കുകൾക്ക് മൂർച്ചയുണ്ട് പുരുഷനെ തുണികൊണ്ട് മറച്ച പല്ലക്കിൽ കൊണ്ടുവരുമ്പോൾ ഉപചാപങ്ങളുടെ ആൺ പുളപ്പുകൾക്കിടയിലേക്ക് അനായാസം ഇടിച്ചുകേറുന്ന പെണ്ണിന്റെ ചാഞ്ചല്യമില്ലായ്മയും ചരിത്രത്തിൽ നിന്ന് വലിച്ചെടുത്ത സത്യമായി അവശേഷിക്കുന്നു.പലയിടത്തും ഈ ‘പെൺപുലി’കളുടെ സമയോചിതമായ ഇടപെടൽ നാടിനെ കാത്തിട്ടുണ്ട്.സെമ്പിയൻ മഹാദേവിയുടേയും,മന്ദാകിനിദേവിയുടേയും,മണിമേഘലയുടേയും,നന്ദിനിയുടേയും,കുന്ദവയുടേയുമെല്ലാം തീരുമാനങ്ങളും ദൃഢനിശ്ചയങ്ങളും ഈ നോവലിന്റെ കഥാ​ഗതി പലപ്പോഴും മാറ്റുന്നത് കാണാം.നന്ദിനിയായും മന്ദാകിനിദേവിയായും നല്ല പ്രകടനമാണ് ഐശ്വര്യറായ് കാഴ്ചവച്ചത്.സിനിമ മാത്രമായി വിലയിരുത്തിയാൽ സ്ത്രീകഥാപാത്രങ്ങളുടെ ഈ വമ്പിച്ച പ്രാധാന്യം ഒരുപക്ഷേ വ്യക്തമായെന്ന് വരില്ല.കഥയുടെ ദൈർഘ്യം കാരണം അതിലെ ഉൾപിരിവുകൾ അതേപടി പകർത്താൻ സിനിമയ്ക്ക് ആയിട്ടില്ല.നോവൽ വായിച്ചാലേ സിനിമ കാണാൻ കഴിയൂ എന്ന നിലയില്ലെങ്കിലും നോവൽ വായിച്ചവർ ഉൾക്കൊണ്ട അത്ര ഭം​ഗിയായി വായിക്കാത്തവർക്ക് ആസ്വദിക്കാനാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.


ചോള വംശത്തിന്റെ കഥ ചുരുക്കത്തിൽ കാണുന്നതും പറയുന്നതും ചിലഘട്ടത്തിൽ നിയന്ത്രിക്കുന്നതും പ്രധാനമായും രണ്ടുപേരാണ് വല്ലവരയൻ വന്തിയതേവനും( കാർത്തി ),തിരുമലയ് എന്ന ആൾവർകടിയൻ നമ്പിയും(ജയറാം ). രണ്ടുപേരും ചാരന്മാരാണ്. അവരുടെ കണ്ണിലൂടെ രഹസ്യങ്ങളുടെ ഘോഷയാത്രതന്നെ സംഭവിക്കുന്നുണ്ട്.ചാരന്മാരുടെ കണ്ണിലൂടെ കഥ പറയുമ്പോൾ ഒരു സിസിടിവി കാഴ്ച്ചപോലെ കഥാഗതിയെ മാറ്റിമറിക്കുന്ന കാഴ്ചകളിലേക്ക് എളുപ്പം തെന്നിമാറാം.കാറ്റിനും കാട്ടാറിനും മതിലിനും മരങ്ങൾക്കും കണ്ണും കാതുമുണ്ടെന്ന് തോന്നും രഹസ്യങ്ങളുടെ ഒഴുക്കുകാണുമ്പോൾ.നന്ദിനിയുടെ ജന്മ രഹസ്യം,സുന്ദര ചോളന് പോലുമറിയാത്ത തന്റെ പൂർവ പ്രണയിനിയുടെ കഥ,ചോളവംശത്തിന്റെ അടിവേര് ഇളക്കാൻ പോന്ന രഹസ്യമറിയുന്ന തോണിക്കാരൻ. രഹസ്യങ്ങൾ ചോളവംശത്തെ ധൂമകേതുപോലെ ചൂഴ്ന്ന് നിൽക്കുകയാണ്.ഇതെല്ലാം നോവലിലേതുപോലെ സിനിമയിൽ കൊണ്ടുവരിക എളുപ്പമല്ല.

അതിശയോക്തിക്കും, ബിംബവത്കരണത്തിനും വലിയ സാധ്യതയുണ്ടായിരുന്ന ഒരു കൃതിയെ മനുഷ്യനോട് ചേർത്ത് പറയാൻ മാത്രമാണ് മണിരത്നം ശ്രമിച്ചിട്ടുള്ളത്. ഇത് ഒരു രാഷ്ട്രീയ തീരുമാനമാണ്.തെറ്റുകൾക്കതീതമായി ഒരു രാജാവോ പ്രജയോ ഇല്ലെന്നും സ്വന്തം പ്രജകളെ വിശ്വാസമില്ലാത്തവർക്ക് അവരെ ഭരിക്കാൻ അവകാശമില്ലെന്നുമുള്ള രാഷ്ട്രീയ പ്രസ്താവനകൾ ഈ സിനിമ ഇക്കാലത്തേക്ക് വേണ്ടി ഉണ്ടാക്കുന്ന മുഴക്കമാണ്. ചരിത്രത്തെ  ത്രേതായുഗത്തിലെ ബിംബങ്ങളുടെ മേൽ സൂപ്പർ ഇമ്പോസ് ചെയ്ത് വർഗീയ രാഷ്ട്രീയത്തിന്റെ മൂക്കിന് വളഞ്ഞുപിടിക്കുന്ന സിനിമകൾ സൃഷ്ടിക്കപ്പെടുന്ന നാട്ടിൽ ഈ സിനിമ രാഷ്ട്രീയ ശരിയുടെ പക്ഷത്താണ്.

ഈ നോവൽ അവസാനിപ്പിച്ചപ്പോൾ കൽകിക്ക് വലിയ പരാതികളെയും പരിഭവങ്ങളെയും നേരിടേണ്ടി വന്നു. ഇത്രവേഗം നോവൽ അവസാനിപ്പിച്ചതിൽ പലരും പരിഭവിച്ചു.നിരന്തരം നോവലിലെ കഥാനന്തരമുള്ള സംഭവങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടായി. ചിലതിനെല്ലാം അദ്ദേഹം മറുപടി കൊടുത്തു. അതിൽ അദ്ദേഹം പറഞ്ഞ ഒരു മറുപടി ഇങ്ങനെയാണ് ഒരാളും എപ്പോഴും നല്ലവനായി ഇരിക്കുന്നില്ല കാലഗതിയിൽ നിങ്ങളുടെ നായകൻ വില്ലനായേക്കാം. ജീവിതത്തിനെകുറിച്ചായാലും കഥയെ കുറിച്ചായാലും ഇതിലും മികച്ച ഉത്തരം ഉണ്ടാകുമോ എന്ന് സംശയമാണ്.ഇതിഹാസങ്ങളിലും പുരാണങ്ങളിലുമുള്ള പല നായകന്മാരും ഇന്ന് വായിക്കപ്പെടുമ്പോൾ വലിയ വിമർശനങ്ങൾക്ക് വിധേയരാകുന്നത് മറ്റൊന്നുംകൊണ്ടല്ല.പൊന്നിയിൻ സെൽവൻ എന്ന സൃഷ്ടിതന്നെ ചോളവംശത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തെ മുൻനിർത്തി പറഞ്ഞുപോകുന്ന കഥയാണ്.തിരിഞ്ഞ് ചിന്തിച്ചാൽ ഇതിലെ പല കഥാപാത്രങ്ങൾക്കും നെ​ഗറ്റീവ് ഷെയ്ഡുകൾ ഉണ്ട്.അത് ചിന്തിക്കാനുള്ള ഇടം അവശേഷിപ്പിച്ച് തന്നെയാണ് ഈ കഥ അവസാനിപ്പിക്കുന്നത്.

മണിരത്നത്തിന്റെ മാസ്റ്റർപീസ് ആണോ പൊന്നിയിൻ സെൽവൻ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമല്ല.നായകൻ,ഇരുവർ,ബോംബെ,റോജ,കന്നത്തിൽ മുത്തമിട്ടാൽ പോലെ നിരവധി ​മികച്ച സിനിമകൾ ചെയ്തിട്ടുള്ള മണിരത്നത്തിന്റെ സംവിധാന കൈയടക്കം പ്രകടമാക്കുന്ന സിനിമയാണ് പൊന്നിയിൻ സെൽവൻ.കഥാപാത്രങ്ങൾക്ക് പരിമിതിക്കകത്ത് വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ടെങ്കിലും മുൻ സിനിമകളെവെച്ച് നോക്കുമ്പോൾ കഥാപാത്രങ്ങളുടെ ഉള്ളറിയാനുള്ള അവസരം അല്പം കുറവാണ് ഈ സിനിമയിൽ.നേരത്തെ പറഞ്ഞ പോലെ നോവലിന്റെ വലിയ ഉള്ളടക്കവും,കഥകളും ഉപകഥകളും ചേർന്ന് സൃഷ്ടിക്കുന്ന സങ്കീർണതകളും സിനിമയുടെ സമയ ക്ലിപ്തതയും വെല്ലുവിളികളാണ്.നോവലിന്റെ അനുഭവം തന്നെ സിനിമയിലും വേണമെന്ന പാരമ്പര്യവാദത്തിന് വലിയ കഴമ്പില്ല.പക്ഷേ വലിയ ആരാധകവൃന്ദമുള്ള ഒരു രചനയുടെ സിനിമാവിഷ്കാരം നടത്തുമ്പോൾ ഇത്തരത്തിലുള്ള താരതമ്യം തീർച്ചയായും പ്രതീക്ഷിക്കണം.​ഗബ്രിയേൽ മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയം എന്ന കൃതിയെ ആസ്പദമാക്കി പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ മൈക്കൽ നിവെൽ അതേ പേരിൽ  ഒരു സിനിമയെടുത്തിട്ടുണ്ട്.ഹാവിയർ ബർദാമിനെ പോലെയുള്ള ​ഗംഭീര അഭിനേതാക്കൾ ഉണ്ടായിട്ടും മാർക്കേസിന്റെ കൃതി ഉണ്ടാക്കിയ അനുഭൂതി അതുപോലെ സൃഷ്ടിക്കാൻ ആ സിനിമയ്ക്ക് ആയിട്ടില്ല.ഇത് പരിമിതിയല്ല,നോവലിന്റേയും സിനിമയുടേയും പ്രഭാവം വേറെയാണ്.ഒന്ന് ഭാവനയുടെ ലോകത്തെ ഉത്തേജിപ്പിച്ച് മോചിപ്പിക്കുമ്പോൾ മറ്റത് സാങ്കേതികതയുടെ ചിറകിലിരുന്ന് ഭാവനയെ അതിരുകൾക്കുള്ളിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.സ്വതന്ത്രമായ രണ്ട് അനുഭൂതികൾ വെവ്വേറെ പ്രതീക്ഷിക്കുന്നതാണ് ഇത്തരം അവസരങ്ങളിൽ നല്ലത്.

Related Stories

No stories found.
logo
The Cue
www.thecue.in