
വേരാഴമുള്ള കഥാപാത്രങ്ങളുടെ കരുത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന സിനിമയാണ് ജ്യോതിഷ് ശങ്കറിന്റെ കന്നിച്ചിത്രം 'പൊന്മാന്‍'. നിസ്സഹായരായിപ്പോകുന്ന മനുഷ്യര്‍ ജീവിതത്തോട് അടരാടുന്നതിന്റെ സംഘഗാനമാണീ ചിത്രം.
ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ചു ചെറുപ്പക്കാര്‍' എന്ന നോവലിന്റെ അഡാപ്‌റ്റേഷനാണ് 'പൊന്മാന്‍'. പടത്തിന്റെ രചനയില്‍ 'മിന്നല്‍ മുരളി'യുടെ രചയിതാവ് ജസ്റ്റിന്‍ മാത്യുവിനോടൊപ്പം ചേര്‍ന്നതോടെ തന്റെ മുന്‍ സിനിമകളെ അപേക്ഷിച്ച് തിരക്കഥാകൃത്തെന്ന നിലയിലും വിജയിച്ച എഴുത്തുകാരനായി മാറുകയാണ് ഇന്ദുഗോപന്‍ പൊന്മാനില്‍. അവരീ പടത്തിലേക്ക് പടച്ചുവിട്ട കഥാപാത്രങ്ങളാണെങ്കില്‍ പരാജയത്തിന്റെ കയ്പുനീര്‍ നല്ലോണം കുടിച്ചവരുമാണ്! അദ്ദേഹത്തിന്റെ പത്തോളം സിനിമകള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും കഥകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന സിനിമാറ്റിക് ഫീല്‍ വെള്ളിത്തിരയില്‍ അതേപടി അനുഭവപ്പെടുത്തുന്ന സിനിമകള്‍ കാര്യമായുണ്ടായിട്ടില്ല.
ഇര്‍ഷാദും അര്‍ജുന്‍ അശോകനും ലീഡില്‍ വന്ന കോവിഡ് കാല സിനിമ 'വോള്‍ഫ്' ആയിരുന്നു കൂട്ടത്തില്‍ മെച്ചപ്പെട്ട ഒന്ന്. അതു കൊണ്ടു തന്നെ ഇന്ദുഗോപന്റെ എഴുത്തിന്റെ മുഴക്കം അഭ്രപാളിയില്‍ അനുഭവപ്പെടുത്തുന്നതില്‍ പൊന്മാന്റെ സംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ കൈവരിച്ച വിജയം എടുത്തു പറയാതെ വയ്യ. മനുഷ്യരുടെ പരാജയങ്ങളില്‍ യഥാതഥത്വത്തിന്റെ ഇരുളും പോരാട്ടങ്ങളില്‍ നാടകീയതയുടെ ബഹുവര്‍ണ്ണങ്ങളും നിഴല്‍പാകും വിധമാണ് ജ്യോതിഷ് പൊന്മാന്റെ ട്രാക്കൊരുക്കിയിരിക്കുന്നത്. പതനങ്ങളുടെ നൊമ്പരത്തിലും പോരാട്ടങ്ങളുടെ ആവേശത്തിലും പ്രേക്ഷകനെ വൈകാരികമായി ചേര്‍ത്തു നിര്‍ത്തുവാന്‍ സംവിധായകന് സാധിക്കുന്നതിനാല്‍ കഥ, അതിന്റെ ശക്തി ചോരാതെ അരങ്ങേറുന്നു.
സ്ത്രീധനം കൊടുക്കാന്‍ കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്റെയും അവര്‍ക്ക് സ്വര്‍ണം വായ്പയായി എത്തിച്ചു കൊടുത്ത് പൊല്ലാപ്പിലായ ഇടനിലക്കാരന്റെയും ജീവിതങ്ങള്‍ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. വളരെ സാധാരണവും പറഞ്ഞ് പഴകിയതും ഒരര്‍ത്ഥത്തില്‍ ഔട്ട് ഡേറ്റഡായതുമായ കഥ; സ്ത്രീധനക്കെണിയിലകപ്പെട്ട നവവധു, ഒരുത്തരവാദിത്തവും നിറവേറ്റാതെ പാര്‍ട്ടി ഭക്തനായി നടക്കുന്ന ആങ്ങള, നിസ്സഹായയായ അമ്മ, ക്രൂരനായ ഭര്‍ത്താവ് എന്നിങ്ങനെ പ്രേംനസീര്‍ പടങ്ങളോളം പഴക്കമുള്ള കഥാപാത്രങ്ങള്‍. അത്യന്തം പഴഞ്ചനായ ഈ കഥാപരിസരത്തെ ആകര്‍ഷകമായ സിനിമയായി കൈ പിടിച്ചുയര്‍ത്തുന്നതിന്റെ രചനാപരമായ മിടുക്കാണ് പൊന്‍മാന്റെ മായ! അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളുടെയും ബലം പടത്തിന്റെ വിജയത്തില്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. സ്വര്‍ണ ഇടനിലക്കാരന്‍ പി.പി.അജേഷായി ബേസില്‍ ജോസഫ് നിറഞ്ഞാടുകയായിരുന്നു പൊന്മാനില്‍.
'നമ്മള്‍ ശത്രുക്കളല്ല' എന്ന് അജേഷ് ഒന്നിലേറെ തവണ ഒന്നിലേറെപ്പേരോട് പറയുന്നുണ്ട്. അയാള്‍ക്കെന്നല്ല, ഈ പടത്തില്‍ ആര്‍ക്കും ആരോടും ശാശ്വതമായ ശത്രുതയില്ല. വായ്പയായി സംഘടിപ്പിച്ചു കൊടുത്ത സ്വര്‍ണം തിരിച്ചു കിട്ടാതെ സ്വന്തം ചോറില്‍ മണ്ണ് വീണ അവസ്ഥയില്‍ കിടന്നുഴലുന്ന അജേഷിനെ സംബന്ധിച്ചിടത്തോളം തന്റെ പൊന്ന് തിരികെക്കിട്ടണമെന്ന ഒരൊറ്റ ആവശ്യം മാത്രമേയുള്ളൂ. അതിനായി പല വഴികളും പരിശ്രമിക്കുന്ന അയാള്‍ അടിസ്ഥാനപരമായി ഒരു നിസ്സഹായനായ ദരിദ്ര യുവാവാണ്. അയാളില്‍ നിന്നും പൊന്ന് കടം വാങ്ങിയ സ്റ്റെഫിയുടെയും (ലിജോമോള്‍ ജോസ്) സഹോദരന്‍ ബ്രൂണോയുടെയും (ആനന്ദ് മന്മഥന്‍) അമ്മയുടെയും (സന്ധ്യാ രാജേന്ദ്രന്‍) അവസ്ഥയും സമാനമാണ്. സ്വര്‍ണം തിരികെ കൊടുക്കുവാനോ സ്റ്റെഫിയുടെ ഭര്‍തൃവീട്ടുകാരെ കണ്‍വിന്‍സ് ചെയ്യുവാനോ സാധിക്കാതെ കിടന്നു പിടയ്ക്കുകയാണവര്‍. പരുക്കനും പുരുഷ മേധാവിയുമാണെങ്കിലും തന്റെ പെങ്ങന്മാരെ മുന്നില്‍ക്കണ്ടാണ് സ്റ്റെഫിയുടെ ഭര്‍ത്താവ് (സജിന്‍ ഗോപു) സ്ത്രീധനമായി ലഭിച്ച അജേഷിന്റെ പൊന്നിന് വേണ്ടി കലഹത്തിന് തയ്യാറാകുന്നത്.
ഇവര്‍ക്കെല്ലാവര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്ക് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ന്യായീകരണങ്ങളുണ്ടാവും. ഇവരെല്ലാവരും റോ കാരക്‌റ്റേഴ്‌സാണ്. ഇവര്‍ക്കെല്ലാവര്‍ക്കും ആഗ്രഹങ്ങളുണ്ട്, സ്വാര്‍ത്ഥ താത്പര്യങ്ങളുടെ ഇരുണ്ട മുഖങ്ങളുണ്ട്, കരുണാര്‍ദ്രമാകാന്‍ കൂടി വെമ്പുന്ന മനസ്സുണ്ട്, വെട്ടേറ്റു വീണാലും മുറി കൂടി മടങ്ങിയെത്തുന്ന പോരാട്ടവീര്യമുണ്ട്, ജയവും പരാജയവുമുണ്ട്. ഇതിലെല്ലാമുപരി, ഇവരെല്ലാവരും അങ്ങേയറ്റം നിസ്സഹായരും നിരാലംബരുമാണ്. ഈ കഥാപാത്രങ്ങളുടെ നിര്‍മിതിയിലാണ് പൊന്മാന്‍ അത്ഭുതപ്പെടുത്തുന്നത്. ലോഹിതദാസിന്റെ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുമാറ് ശക്തമാണ് നിസ്സഹായതയുടെ നീലക്കയത്തില്‍ കൈാലിട്ടടിക്കുന്ന പൊന്മാനിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വലിയ വായില്‍ വാചകമടിച്ച് വരുന്ന ഹീറോ, ''നീ പുളുത്തും!'' എന്ന നായികയുടെ ഒറ്റ വാക്ക് മറുപടിയില്‍ നിഷ്പ്രഭനായിപ്പോകുന്നിടത്തും, തൂങ്ങിച്ചാകാന്‍ പോകുന്നതിന് മുമ്പ് ലാല്‍സലാം പറയുന്നിടത്തും സൃഷ്ടിക്കപ്പെടുന്ന ഡാര്‍ക് ഹ്യൂമറില്‍പ്പോലും ഈ മനുഷ്യരുടെ നിരാലംബത തന്നെയാണ് വരച്ചു കാട്ടുന്നത്. കഥാപാത്രങ്ങള്‍ ഉദിച്ചു നില്ക്കുമ്പോഴും കഥാഗതിയ്ക്ക് പലഘട്ടങ്ങളിലും മാന്ദ്യമുണ്ടാകുന്നുവെന്നതാണ് പൊന്മാന്റെ ഒരു പരിമിതി. പോസ്റ്റ് ക്ലൈമാക്‌സ് വെറുമൊരു സാരോപദേശകഥ മാത്രമായി മാറുന്നതും കാണാം. പ്രവചനാത്മകത സമ്പൂര്‍ണ്ണമാണ്. ഇത്തരം മേഖലകള്‍ ഒന്നുകൂടെ വാട്ടര്‍ ടൈറ്റ് ചെയ്തിരുന്നെങ്കില്‍ ലോഹിതദാസ് സ്‌ക്രിപ്റ്റുകളോളം കലാ-വിപണി മൂല്യത്തിലേക്ക് പൊന്മാന്റെ തിരക്കഥ ഉയരുമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
നിസ്സഹായതയുടെ വ്യത്യസ്ത ബിന്ദുക്കളുടെ വിചിത്ര സംഗമങ്ങള്‍ വരച്ചു കാട്ടുന്ന ശക്തമായ മുഹൂര്‍ത്തങ്ങള്‍ പടത്തില്‍ ധാരാളമുണ്ട്. സ്റ്റെഫിയുടെ കല്യാണരാത്രി ഒരുദാഹരണം. എത്രയും പെട്ടെന്ന് തന്റെ സ്വര്‍ണം മടക്കിവാങ്ങാന്‍ തിടുക്കം കൂട്ടുകയും എന്നാല്‍ അത് ഉടനൊന്നും കിട്ടാന്‍ പോകുന്നില്ലെന്ന് അറിയുകയും ചെയ്യുന്ന അജേഷ്; ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഉറക്കിക്കിടത്തി സ്വര്‍ണം ഊരിക്കൊടുക്കുവാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അത് ഉടനൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് അറിയുകയും ചെയ്യുന്ന സ്റ്റെഫി, അടഞ്ഞു കിടക്കുകയും അടക്കം പറച്ചിലുയരുകയും ചെയ്യുന്ന മകളുടെ ആദ്യരാത്രിയുടെ വാതിലില്‍ ചെന്ന് മുട്ടേണ്ടിവരുകയും ഒടുവില്‍ ആ വാതിലിന് കാവല്‍ നില്‍ക്കേണ്ടിവരികയും ചെയ്യുന്ന അമ്മ - തങ്ങളുടെ നിത്യജീവിതത്തില്‍ വന്നുഭവിക്കുന്ന വലിയ പ്രതിസന്ധികള്‍ക്കു മുമ്പില്‍ നിസ്സഹായരായി നിന്നു പോകുന്ന വളരെ സാധാരണക്കാരും നിസ്വരുമായ മനുഷ്യരുടെ പ്രതിനിധികളാണ് ഇവരെല്ലാവരും. നിസ്സഹായതയുടെയും അതേസമയം പ്രതീക്ഷയുടെയും ശ്രീകോവിലിന് മുമ്പില്‍ ഒരുമിച്ചു നിന്ന് ഇടയ്ക്ക കൊട്ടുന്നവരാണ് പൊന്മാനിലെ കഥാപാത്രങ്ങള്‍. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ സമരവും സാധര്‍മ്യവും അനായാസം നിറവേറ്റപ്പെടുന്നു.
ബ്രൂണോയും അജേഷുമൊത്തുള്ള ലോഡ്ജ് സീന്‍ അത്തരത്തിലൊരു സന്ദര്‍ഭമാണ്. ഒന്നിലേറെത്തവണ അജേഷിനെ കൊല്ലാന്‍ ഒരുമ്പെട്ട് പരാജിതനായ ബ്രൂണോയ്ക്ക് തന്റെ മുങ്ങുന്ന കപ്പലില്‍ അഭയം നല്‍കുമ്പോഴും അയാളുടെ ജീവന്റെ കൊരവള്ളി മുറിയാതെ കാക്കുമ്പോഴും അജേഷിനെ വഴി നടത്തുന്നത് നിസ്സഹായരും പരാജിതരുമായ മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടുന്ന ഈ ഏകഭാവമാണ്. ജീവനവും അതിജീവനവും മാത്രമാണ് അവര്‍ക്ക് ജീവിതം. അതുകൊണ്ട് തന്നെ അല്പനിമിഷങ്ങളുടെ നേരിയ സന്തോഷങ്ങളില്‍ അജേഷിനും അയാളുടെ ചുറ്റിലുമുള്ളവര്‍ക്കും ജീവിതത്തിന്റെ സൗന്ദര്യം കണ്ടെത്തുവാന്‍ സാധിക്കുന്നു.
അവിശ്വസനീയമാംവിധം സുന്ദരമാണ് അജേഷിന്റെ റോളില്‍ ബേസിലിന്റെ പ്രകടനം. അപ്പാടെ ഡീഗ്ലാമറൈസ് ചെയ്യപ്പെട്ട നായക കഥാപാത്രത്തിന്റെ നിസ്സഹായതയും പതര്‍ച്ചയും പരാജയജന്യമായ ദൈന്യവും ഏത് തകര്‍ച്ചയില്‍ നിന്നും പിടിച്ചുകയറുവാനുള്ള സമരവീര്യവും അത്ഭുതകരമായ ഭാവപ്പകിട്ടോടെ ബേസില്‍ അജേഷിന് പകര്‍ന്നു നല്കുന്നു. അഭിനേതാവെന്ന നിലയ്ക്ക് ബേസില്‍ കരിയറിന്റെ അടുത്ത തലത്തിലേക്ക് നടന്നു കയറുകയാണ് പൊന്മാനില്‍. വളരെ മെറ്റിക്കുലസ്സാണ് പൊന്മാന്റെ കാസ്റ്റിങ്. പ്രത്യേകിച്ച്, സജിന്‍ ഗോപുവിന്റെയും ആനന്ദ് മന്മഥന്റെയും ലിജോമോളുടെയും സന്ധ്യാ രാജേന്ദ്രന്റെയും ഷൈലജയുടെയും തെരഞ്ഞെടുപ്പുകളും പ്രകടനവും ഒന്നാന്തരമായിരുന്നു. ആനന്ദ് ലുക്കിലും ബോഡി ലാംഗ്വേജിലും ബ്രൂണോയ്ക്ക് നല്കുന്ന ഉയിര് തഴക്കം വന്ന ഒരു നടന്റെ പ്രകടനത്തിന് തുല്യമാണ്.
ഉറച്ച ആത്മബോധത്തിനും നിസ്സഹായതയ്ക്കുമിടയില്‍ വലയുന്ന സ്റ്റെഫിയെ ലിജോ മോളും അമ്മയെ സന്ധ്യയും മിഴിവുറ്റതാക്കി. തുടക്കത്തിലെ പെണ്ണ് കാണല്‍ സീനിലും കല്യാണാനന്തരം ആദ്യമായി വിരുന്നു ചെല്ലുന്ന സീനിലും സന്ധ്യാ രാജേന്ദ്രന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍ റിയല്‍ ലൈഫില്‍ നിന്ന് ഇറങ്ങി വന്ന ഒരമ്മയാണെന്ന് തന്നെ തോന്നിപ്പോകും. മുരളി മുതല്‍ ചെമ്പന്‍ വിനോദ് വരെയുള്ളവര്‍ ചെയ്തുവന്നിരുന്ന ടെയ്‌ലര്‍ മെയ്ഡ് കഥാപാത്രമായ മരിയാനോ, സജിന്‍ ഗോപുവിന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. ഒന്നാന്തരം ആക്റ്ററാണയാള്‍. ഭാവിയില്‍ വരാനിരിക്കുന്ന വലിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തം പേര് വലുതായി എഴുതിവെക്കാന്‍ കെല്‍പുള്ള മികച്ച അഭിനേതാവ്.
ജസ്റ്റിന്‍ വര്‍ഗീസിന്റെ പാട്ടുകള്‍ രസിപ്പിച്ചില്ലെങ്കിലും പശ്ചാത്തല സംഗീതം നന്നായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയില്‍ സിനിമ ആക്ഷന്‍ മൂഡിലേക്ക് പതുക്കെ കയറിനോക്കാന്‍ ശ്രമിച്ച ഘട്ടങ്ങളിലെല്ലാം അതിനെ നന്നായി പിന്തുണക്കുന്നുണ്ടായിരുന്നു ബാക്ഗ്രൗണ്ട് സ്‌കോര്‍. സാനു ജോണിന്റെ ദശ്യങ്ങള്‍ കാണാനും ചന്തമുണ്ട്. പ്രത്യേകിച്ച് കായല്‍ത്തുരുത്തിന്റെയും ചെമ്മീന്‍കെട്ടിന്റെയും രാത്രികാല ദൃശ്യങ്ങള്‍, കൊതിപ്പിക്കുന്നതാണ്. വഴുതിമാറുന്ന ജീവിതത്തെ എങ്ങനെയൊക്കെയോ പിടിച്ചു കയറ്റാന്‍ വെമ്പുന്ന നിസ്സഹായരായ കുറച്ചു മനുഷ്യരെ കാണുവാനാഗ്രഹിക്കുന്നവര്‍ക്ക് പൊന്മാന്‍ ഇഷ്ടമാകാതിരിക്കില്ല.