ജീവസ്‌നേഹം വിതറി 'പാല്‍തു ജാന്‍വര്‍': ജിഗീഷ് കുമാരന്‍

ജീവസ്‌നേഹം വിതറി 'പാല്‍തു ജാന്‍വര്‍': ജിഗീഷ് കുമാരന്‍

കൃത്യമായ എന്തെങ്കിലും ഉപയോഗമില്ലാതെ ഒരു പുസ്തകം വായിക്കാന്‍ പോലും മെനക്കെടാത്ത മാനസികാവസ്ഥയിലാണ് ഒരുവേള, പുതിയ മലയാളി മനസ് പുലരുന്നത്. പ്രയോജനവാദം വായനയെ മാത്രമല്ല ജീവിതത്തിന്റെ സ്വഭാവത്തെ ആകെത്തന്നെ വിപരീതമായി ബാധിച്ചിട്ടുണ്ട് എന്നു പറയാം.

ഈ സാഹചര്യത്തിലാണ് 'പാല്‍തു ജാന്‍വര്‍' നമുക്കിടയിലേക്ക് കടന്നു വരുന്നത്. വളര്‍ത്തുമൃഗം എന്നാണ് ഈ ഹിന്ദി പദത്തിന്റെ അര്‍ത്ഥം. ഒന്നിനും വേണ്ടിയല്ലാതെ നിങ്ങളെ നിരുപാധികമായി സ്‌നേഹിക്കുന്ന വീട്ടിലെ പട്ടികളെയും പൂച്ചകളെയും ഓര്‍മ്മവരുന്നു. ഇല്ലേ?

സത്യത്തില്‍, മനുഷ്യന് പുറത്തുള്ള ഈ ജീവലോകത്തെക്കൂടി കൂടെക്കൂട്ടുമ്പോഴാണ് യഥാര്‍ത്ഥജീവിതം നിങ്ങള്‍ക്ക് തിരിച്ചുകിട്ടുന്നത്. പ്രസൂണ്‍ എന്ന ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറുടെ സംഘര്‍ഷഭരിതമായ അനുഭവങ്ങളിലൂടെ സിനിമ തെളിവുസഹിതം നിങ്ങളെയത് ബോധ്യപ്പെടുത്തുന്നു. അഥവാ അയാളുടെ വൈകാരിക ജീവിതം തീയേറ്ററിലെ ഇരുട്ടില്‍ നിങ്ങളും അതേപടി അനുഭവിക്കുന്നു.

സാരോപദേശകഥയൊന്നുമല്ല. റിയാലിറ്റിയാണ് മെയിന്‍ എന്നതിനാല്‍, ഉള്ളടക്കം ആവശ്യപ്പെടാത്ത വളച്ചുകെട്ടോ ദ്വയാര്‍ത്ഥമോ തെറിയോ ഒന്നുമില്ല. കുടിയാന്‍ മലയുടെ അടിവാരത്ത് അധ്വാനിച്ചു ജീവിക്കുന്ന പച്ച മനുഷ്യരാണ് തിരശ്ശീലയില്‍. അതിന്റെ കലിപ്പും വെറുപ്പും തമാശയും തരികിടയുമെല്ലാമുണ്ട്. നന്മമരങ്ങളൊന്നുമല്ലെങ്കിലും സന്ദിഗ്ധഘട്ടങ്ങളില്‍ അവരുടെയുള്ളിലെ ജീവസ്‌നേഹം അവരറിയാതെ പുറത്തുവരും. അതാണ് സിനിമയുടെയും ഹൈലൈറ്റ്.

മികച്ച തിരക്കഥയാണ്. വിനോയിയും അനീഷും ഒരുമിച്ചാണ് രചന. സിനിമ തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ പ്ലോട്ട് അതിന്റെ ട്രാക്ക് കണ്ടെത്തിക്കഴിഞ്ഞു. കഥാപുരുഷന്റെ വികാരവിചാരങ്ങളുമായി നിങ്ങള്‍ താദാത്മ്യപ്പെടുന്നതോടെ ആ കെട്ടുപാട് പൂര്‍ത്തിയാകുന്നു. പിന്നെ നിങ്ങള്‍ അയാള്‍ക്കൊപ്പം കൂടിയാല്‍ മതി. ബേസില്‍ ജോസഫ് എന്ന നടന്റെ ശരീരവും മനസ്സും കഥാപാത്രത്തിലേക്ക് കയറുന്നതു പോലെ അനായാസമാണ് പിന്നീടുള്ള കാര്യങ്ങള്‍.

ഒരു ഘട്ടത്തില്‍പ്പോലും, ഒരു സിംഗിള്‍ ഷോട്ടില്‍പ്പോലും സിനിമ അതിന്റെ ഫോക്കസ്സില്‍ നിന്ന് തെല്ലു പോലും മാറിപ്പോകുന്നില്ല. അസിസ്റ്റന്റായും ചീഫ് അസോസിയേറ്റായുമൊക്കെ പരിചയമുള്ള സംഗീത് പി.രാജന്റെ സംവിധായകനായുള്ള അരങ്ങേറ്റം സ്വാഭാവികമായും മികച്ച ഒന്നായി മാറി. ക്ലൈമാക്‌സിനോടടുത്ത ചില സീനുകള്‍ക്ക് ക്ലാസിക് സ്വഭാവം തന്നെ കൈവന്നിട്ടുണ്ട്. ദിലീഷ്, ശ്യാം, ഫഹദ് എന്നീ പ്രമുഖര്‍ നിര്‍മ്മിക്കുന്ന സിനിമ എന്നതാണ് അടുത്ത ഹൈലൈറ്റ്. അത് തീര്‍ച്ചയായും ഫലം കാണാതിരിക്കില്ല. എന്തുകൊണ്ടെന്നാല്‍, വെറുപ്പിലല്ല സ്‌നേഹത്തിലാണ് അവര്‍ മുതല്‍മുടക്കിയിരിക്കുന്നത്.

സങ്കേതങ്ങളെല്ലാം മനോഹരമായി സിനിമയുടെ ഫ്‌ലോയുമായി ഇണങ്ങിപ്പോകുന്നുണ്ട്. കൃത്യമായ ഇന്റര്‍വെല്‍ പഞ്ചോടെ രണ്ടു മണിക്കൂറില്‍ വെടിപ്പായി കാര്യങ്ങള്‍ വെട്ടിയൊതുക്കിയ എഡിറ്റര്‍ കിരണ്‍ ദാസിന്റെ പേര് എടുത്തുപറയണം. കുടിയാന്‍ മലയുടെ ലാന്‍ഡ്‌സ്‌കേപ്പ് കഥ പറയാനുള്ള മികച്ച ടൂളായി ഉപയോഗിച്ച സിനിമറ്റോഗ്രാഫര്‍ രണദിവെയും ശബ്ദവും ബഹളവുമൊന്നുമില്ലാതെ കഥാശരീരത്തിന്റെ ആംബിയന്‍സും മൂഡും പിടിച്ചെടുത്ത സംഗീത സംവിധായകന്‍ ജസ്റ്റിനും സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. പാട്ടുകള്‍ നേരത്തേ തന്നെ ഹിറ്റായി കഴിഞ്ഞതിനാല്‍ വിശേഷിച്ച് ഇവിടെ പരാമര്‍ശിക്കേണ്ടതില്ല.

അഭിനേതാക്കളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അരങ്ങു തകര്‍ക്കുകയാണ്. പ്രസൂന്‍ എന്ന യുവാവിന്റെ സംഘര്‍ഷങ്ങളെ ബേസില്‍ ആത്മാവില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. കരിയര്‍ ബെസ്റ്റ് എന്നു തന്നെ പറയാം. സവിശേഷവ്യക്തിത്വമായ മൃഗഡോക്ടറായി മാറിയ ഷമ്മി തിലകന്റെ അപൂര്‍വഭാവങ്ങള്‍ ആ അഭിനയ ജീവിതത്തിലെ പൊന്‍തൂവല്‍ തന്നെ. കൊമേഡിയനായി നമ്മളെ ചിരിപ്പിച്ചു കൊന്നിട്ടുള്ള ജോണി ആന്റണി തന്റെ ആ ഇമേജ് തലകീഴായി മറിച്ചിട്ട് ഡേവിസ് എന്ന ക്ഷീരകര്‍ഷകനായി ഞെട്ടിക്കുന്നു. ഇന്ദ്രന്‍സ് ആകട്ടെ, വാര്‍ഡ് മെമ്പര്‍ കൊച്ചു ജോര്‍ജ് സാറായി അര്‍മാദിക്കുകയാണ്. കിടിലം പെര്‍ഫോമന്‍സ്. സിബി തോമസും ഉണ്ണിമായയും ശ്രുതിയുമൊക്കെ തങ്ങളുടെ ചെറിയ വേഷങ്ങള്‍ മിതത്വമാര്‍ന്ന രീതിയില്‍ സൂപ്പറാക്കി.

ചുരുക്കത്തില്‍, മലയാളി പ്രേക്ഷകന് നിനച്ചിരിക്കാതെ ലഭിച്ച ഏറ്റവും മികച്ച എന്റര്‍ടെയ്‌നര്‍ തന്നെയാണ് ഈ 'പാല്‍തു ജാന്‍വര്‍'. രണ്ട് അധ്യാപകര്‍ ചേര്‍ന്നെഴുതിയതു കൊണ്ടാവാം, പാലില്‍ പഞ്ചസാരയെന്ന പോലെ ജീവസ്‌നേഹത്തിന്റേതായ മികച്ച ഒരു സന്ദേശവും സിനിമയില്‍ അടങ്ങിയിരിക്കുന്നു. ഈ സ്‌നേഹം, മനുഷ്യവര്‍ഗ്ഗത്തിന്റെ ഓര്‍മ്മകളില്‍ നിലനിര്‍ത്തേണ്ടതും വരും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരുപക്ഷേ, അതു തന്നെയാണ് ഈ ഉല്‍സവകാലത്ത് നിങ്ങളെ തിരഞ്ഞെത്തിയ ഈ വളര്‍ത്തുമൃഗത്തിന്റെ പ്രസക്തി.

Related Stories

No stories found.
logo
The Cue
www.thecue.in