ധര്‍മ്മസങ്കടങ്ങള്‍ താരിമുഴക്കി നിന്നൊരു കാലം: ഒരു വടക്കന്‍ വീരഗാഥ വീണ്ടും കാണുമ്പോള്‍

ധര്‍മ്മസങ്കടങ്ങള്‍ താരിമുഴക്കി നിന്നൊരു കാലം: ഒരു വടക്കന്‍ വീരഗാഥ വീണ്ടും കാണുമ്പോള്‍
Published on

ഒരു മിത്തോ ചരിത്രസംഭവമോ കഥയോ നോവലോ ചലച്ചിത്രമാകുന്നതോടുകൂടി നമ്മള്‍ ആ അനുഭവങ്ങളുടെ നേര്‍ സാക്ഷികളും പങ്കാളികളുമായി മാറുന്നു. കാലത്തെയും ദേശത്തെയും ഭാഷയെയും മറികടന്നൊരു തന്മയീഭവിക്കലിലേക്ക് വഴുതാന്‍ സിനിമ പ്രേക്ഷകനെ നിര്‍ബന്ധിക്കുന്നു. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്കുകളില്‍ ഒന്നായ ഒരു വടക്കന്‍ വീരഗാഥ പുതിയ സാങ്കേതിക പരിചരണങ്ങളോടെ തിയറ്ററുകളില്‍ വന്നിരിക്കുകയാണ്. ടെലിവിഷനില്‍ പരസ്യ ഇടവേളകളില്‍ മുറിഞ്ഞും മുറിച്ചും മാത്രം വടക്കന്‍ വീരഗാഥ കണ്ടവര്‍ക്ക് ഈ ചലച്ചിത്രകാവ്യം തിയറ്ററില്‍ നിന്ന് കാണാം.

മലയാളിയുടെ സാഹിത്യ കലാസാംസ്‌കാരിക ചരിത്രത്തിലെ തന്നെ മഹത്തായ ആവിഷ്‌കാരമാണ് ഒരു വടക്കന്‍ വീരഗാഥ. ഇന്ത്യന്‍ സിനിമയിലെ തന്നെ പിരീഡ് സിനിമകളില്‍ മികച്ചസൃഷ്ടിയായി ഈ സിനിമ വിലയിരുത്തപ്പെടുന്നു.

വടക്കന്‍പാട്ട് കഥകള്‍ മലയാളിയുടെ ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമാണ്. മലയാള ഭാഷയുടെ പാട്ടുപാരമ്പര്യത്തിലെ ശക്തമായൊരു ധാരയാണ് വടക്കന്‍ പാട്ടുകള്‍. അവയെ അധികരിച്ച് നിരവധി സിനിമകളും വന്നിട്ടുണ്ട്. 1961ല്‍ വന്ന ഉണ്ണിയാര്‍ച്ചയാണ് ഈ ഗണത്തിലെ ആദ്യത്തെ സിനിമ. കുഞ്ഞിരാമനും ഉണ്ണിയാര്‍ച്ചയും തമ്മിലുള്ള പ്രണയത്തിനൊക്കെ വലിയ പ്രാധാന്യം നല്‍കുന്ന സിനിമയില്‍ 23 പാട്ടുകളുണ്ട്. എ.എം.രാജയും പി. സുശീലയും ചേര്‍ന്ന് പാടിയ രാഘവന്‍മാസ്റ്ററിന്റെ 'അന്നുനിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു' എന്ന പ്രശസ്തമായ ഗാനം ഉണ്ണിയാര്‍ച്ചയും കുഞ്ഞിരാമനും തമ്മിലുള്ള പ്രണയ തീവ്രതയെ ചിത്രീകരിച്ചിരിക്കുന്നതാണ്. ഈ ആഖ്യാനങ്ങളിലെല്ലാം ചന്തു ചതിയനും പ്രതിനായകനുമാണ്. ജനമനസ്സുകളില്‍ ഇടംനേടിയ ഈ നറേറ്റീവില്‍ കഥാസന്ദര്‍ഭങ്ങളെ അതേപോലെ നിലനിര്‍ത്തിക്കൊണ്ട് തന്നെ വീക്ഷണപരമായ അട്ടിമറി നടത്തുകയാണ് എം.ടി.വാസുദേവന്‍ നായര്‍ അദ്ദേഹത്തിന്റെ തിരക്കഥയില്‍. ഈ അപനിര്‍മ്മാണത്തിനായി എംടി ചന്തുവിന്റെയും അരിങ്ങോടരുടേയും മാനസിക സഞ്ചാരങ്ങളിലൂടെ വടക്കന്‍പാട്ട് കഥക്ക് പുതിയ ഭാഷ്യവും ഭാവഭേദവും നല്‍കുന്നു.

ഒരു വടക്കൻ വീരഗാഥ

പകലാണെങ്കിലും ഇരുട്ട് തങ്ങിനില്‍ക്കുന്ന ഇടനാഴി. ഇരുണ്ട ഇടനാഴിയിലൂടെ ഒരു കോല്‍വിളക്കിന്റെ വെളിച്ചം അടുത്തേക്ക് വരുന്നു. നിലവറയില്‍ ആരോമല്‍ ചേകവരുടെ വിറക്കുന്ന മുറിച്ചുരികയും അതിന്റെ പിന്നിലെ കഥയും അന്വേഷിച്ചു പോകുന്ന പുത്തൂരം വീട്ടിലെ ഇളംതലമുറയെ കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം. ഇരുള്‍ മൂടിയ ഇടനാഴിയിലേക്ക് വെളിച്ചത്തിന്റെ കീറ് കടന്നു വരുന്ന നാടകീയമായ ഈ തുടക്കം തന്നെ പ്രചാരത്തിലുള്ള ഒരു കഥയുടെ നിഴലുകള്‍ നീക്കുന്ന എതിരാഖ്യാനത്തിലേക്ക് പ്രേക്ഷകനെകൂടി പങ്കാളിയാക്കുന്ന ചലചിത്രാനുഭവമാണ്. ചന്തുവിനോട് പകരംചോദിക്കാന്‍ യാത്രതിരിക്കുന്ന ആരോമുണ്ണിയോടും കണ്ണപ്പുണ്ണിയോടും 'ചന്തുവിന്റെ തലയറുക്കുമ്പോള്‍ മുത്തച്ഛന്‍ അനുഗ്രഹിച്ചു തന്ന അടവാണെന്ന് പറഞ്ഞു വെട്ടണം. എന്നെങ്കിലുമൊരിക്കല്‍ ഞാനിത് പറഞ്ഞു കൊടുക്കുമെന്ന് കരുതി കുറെ കൂടെ നടന്നവനാണല്ലോ.. ചതിയന്‍ ചന്തു' എന്ന് കണ്ണപ്പന്‍ ചേകവര്‍ പറഞ്ഞയുടന്‍ ചന്തുവിന്റെ ഇന്‍ട്രോ സീനിലേക്ക് കട്ട് ആവുകയാണ്.

കോലത്തിരി നാട്ടിലെ കോട്ടപോലുള്ള അരിങ്ങോടരുടെ കളരിയിലാണ് ധ്യാനശ്ലോകങ്ങള്‍ ചൊല്ലി മുച്ചാണ്‍ വടികൊണ്ട് ഒരു ദിവസത്തെ പരിശീലനം അവസാനിപ്പിക്കുന്ന കളരിച്ചടങ്ങ് നിര്‍വ്വഹിക്കുന്ന ഏകാകിയായ ചന്തുവിനെ കാണിക്കുന്നത്. മമ്മൂട്ടി മനസ്സുകൊണ്ടും ശരീരം കൊണ്ടും ചന്തുവിനെ ഏറ്റെടുത്തു എന്ന് സംവിധായകന്‍ ഹരിഹരന്‍ ഒരവസരത്തില്‍ പറയുന്നുണ്ട്. മമ്മൂട്ടി എന്ന നടന്റെ കലോപാസന ധ്യാനരൂപനായി ഇരുന്ന് 'സര്‍വ്വ തന്ത്ര സ്വരൂപായ .. സര്‍വ്വ തന്ത്ര സ്വരൂപിണൈ .. സര്‍വ്വഗായ സമസ്ഥായ .. ശിവായ ഗുരുവേ നമ' എന്ന ശ്ലോകം ചൊല്ലി തുടങ്ങുന്ന ആദ്യരംഗം മുതല്‍ അനുഭവപ്പെട്ടു തുടങ്ങും. വാക്കുകളെ ഒതുക്കിയും വിടര്‍ത്തിയും വിന്യസിച്ച് അപൂര്‍വ്വമായൊരു ശബ്ദ ഭാവ സഞ്ചാരമാണ് മമ്മൂട്ടി ഇന്‍ട്രൊഡക്ഷന്‍ സീനില്‍ നടത്തുന്നത്. ചന്തുവിന്റെ മൂന്ന് കാലങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നത്. കയ്‌പേറിയ ജീവിതാനുഭവങ്ങള്‍ കൊണ്ട് കര്‍ക്കശക്കാരനായി തീര്‍ന്ന അരിങ്ങോടരുടെ വീട്ടിലെ പ്രായമായ കാലവും പുത്തൂരം വീട്ടിലെ അവഗണനകള്‍ നിറഞ്ഞ യൗവ്വനവും ഇളന്തളര്‍ മീത്തില്‍ നിന്ന് പുത്തൂരം വീട്ടിലെത്തുന്ന ബാല്യവും.

മമ്മൂട്ടി അവതരിപ്പിക്കുന്ന രണ്ട് കാലങ്ങളില്‍ ഭാവാന്തരങ്ങളില്‍ മമ്മൂട്ടി തന്റെ ശരീരത്തിന്റെയും ശബ്ദത്തിന്റെയും സാധ്യതകളെ വിപുലമാക്കുന്നത് കാണാം. അപകര്‍ഷതയുടെ ശരീരഭാഷയിലേക്ക് ഉള്‍വലിയാനും ക്രോധത്തിലേക്ക് ശരീരത്തേയും ശബ്ദത്തേയും പെരുക്കാനും മമ്മൂട്ടിക്ക് അനായാസമാകുന്നു.

പുത്തൂരംവീട് എന്ന് കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് അര്‍ത്ഥഗര്‍ഭമായൊന്ന് മന്ദഹസിച്ച് 'പുത്തൂരം വീട്ടില്‍?' എന്ന് ചോദിക്കുന്നതും തുടര്‍ന്ന് നിന്നും മുന്നോട്ട് നടന്നും തൂണില്‍ കൈവച്ചുമുള്ള സംഭാഷണങ്ങളില്‍ മമ്മൂട്ടിയുടെ ശരീരത്തെ അതിന്റെ മുഴുവന്‍ ആകാരത്തിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ നിസാരമായ ഭാവത്തില്‍ തുടങ്ങി പിന്നെ ചന്തുവിന്റെ രോഷവും ദുഃഖവും ധര്‍മ്മസങ്കടവും ക്രൂരമായ പരിഹാസവും നെടുവീര്‍പ്പും ആക്രോശവുമെല്ലാം മമ്മൂട്ടിയുടെ നടനസൗന്ദര്യ സാക്ഷാല്‍ക്കാരമായി മാറുന്നു. മമ്മൂട്ടിയുടെ ഉടലും ശബ്ദവും മുഖഭാവങ്ങളും ചന്തുവിന്റെ സംഭാഷണങ്ങളുമായി തീര്‍ക്കുന്ന താളാത്മകമായ ഒരു അന്തോളനമുണ്ട്. മമ്മൂട്ടിയിലെ പ്രതിഭയുടെ ധാരാളിത്തം അഭ്രപാളിയെ കാഴ്ചയുടെയും കേള്‍വിയുടേയും വികാരവിക്ഷോഭങ്ങളുടെയും ആഘോഷമാക്കിമാറ്റുന്ന സന്ദര്‍ഭമാണത്.

വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും നിറങ്ങളുടെയും സവിശേഷ വിന്യാസങ്ങള്‍ കൊണ്ട് സമ്പന്നമായ നിരവധി ദൃശ്യങ്ങള്‍ ഉണ്ട് വടക്കന്‍ വീരഗാഥയില്‍ എങ്കിലും ഗാനരംഗങ്ങള്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നവയാണ്. ചന്തുവിന്റെ പതിമൂന്നാം വയസ്സില്‍ ഞെരമ്പുകളില്‍ പടര്‍ന്നുകയറിയ ഉന്മാദമാണ് ഉണ്ണിയാര്‍ച്ച. അവളെയാണ് അയാള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നത്. ആരോമലിന്റെയും കുഞ്ചുണ്ണൂലിയുടെയും വിവാഹം കഴിഞ്ഞ അന്നു രാത്രിയില്‍ ആഘോഷങ്ങളുടെ അവസാനഘട്ടത്തില്‍ ഒഴിഞ്ഞുമാറിയിരിക്കുന്ന ചന്തുവിന്റെ അടുത്തേക്ക് ആര്‍ച്ച വരുന്നുണ്ട്. തിരക്കഥയില്‍ എംടി എഴുതിയിരിക്കുന്നത് 'കല്‍വിളക്കിലെ തിരി അവര്‍ നീട്ടിയപ്പോള്‍ മിക്കവാറും ഇരുട്ടായിരുന്ന പരിസരത്തില്‍ അവള്‍ക്ക് ചുറ്റും ഒരു പരിവേഷം പോലെ വെളിച്ചം' എന്നാണ്.

എംടിയുടെ ഈ എഴുത്തിന് ബോംബെ രവിയുടെ ദീപ്തമായ ഉപകരണ സംഗീതത്തിന്റെ അകമ്പടിയില്‍ ചന്തുവിന്റെയും ഉണ്ണിയാര്‍ച്ചയുടെയും കൂടിക്കാഴ്ചക്ക് ഛായാഗ്രാഹകന്‍ കെ.രാമചന്ദ്രബാബു നല്‍കുന്ന ദൃശ്യഭാഷയുണ്ട്. ആ കൂടിക്കാഴ്ചയിലാണ് ഉണ്ണിയാര്‍ച്ച ചന്തുവിനോട് കുമരംപുഴ കടന്നാല്‍ അരക്കാതം വഴി കഷ്ടിച്ചേയുള്ളൂ അല്ലെ എളന്തളര്‍ മീത്തിലേക്ക് എന്ന് ആരായുന്നതും ചന്തുവിനെ ആറ്റുംമണമ്മേലേക്ക് ക്ഷണിക്കുന്നതും. അതിന്റ തുടര്‍ച്ചയായാണ് ഇന്ദുലേഖ കണ്‍തുറന്നു എന്ന കൈതപ്രം രചന നിര്‍വ്വഹിച്ച ഗാനം. വിരഹവും തീവ്രാനുരാഗവും നിറഞ്ഞ സിന്ധുഭൈരവിയിലാണ് ബോംബെ രവി ആ ഗാനം ചിട്ടപെടുത്തിയിരിക്കുന്നത്. ''എവിടെ സ്വര്‍ഗ്ഗകന്യകള്‍..എവിടെ സ്വര്‍ണ്ണച്ചാമരങ്ങള്‍.. ആയിരം ജ്വാലാമുഖങ്ങളായ് ധ്യാനമുണരും തുടി മുഴങ്ങി'' എന്ന ഭാഗത്ത് യേശുദാസ് ആലാപനത്തില്‍ കൊണ്ടുവരുന്ന പ്രണയാഭിനിവേശത്തിന്റെതായൊരു വേലിയേറ്റമുണ്ട്. നിലാവിന്റെ നീലത്തിരശ്ശീലയിലൂടെ കുതിരപ്പുറത്ത് കയറി വരുന്ന ചന്തുവും അതിന്റെ പ്രതിബിംബം പുഴയില്‍ തെളിഞ്ഞൊഴുകുന്നതും കിളിവാതിലിലൂടെ അത് നോക്കി പുഴക്കരയിലേക്ക് ഒഴുകിവരുന്ന ഉണ്ണിയാര്‍ച്ചയും. ദൃശ്യവും ഗാനാലാപനവും വരികളിലെ സാഹിത്യവും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും തമ്മില്‍ സൃഷ്ടിക്കുന്ന അത്യപൂര്‍വ്വമായൊരു ലയമുണ്ട്. ചന്തു അയാളുടെ കാമനകളുടെ കുതിരപ്പുറത്താണ് നിലാവെളിച്ചത് സവാരിചെയ്യുന്നത്.

നേര്‍ത്തു പെയ്യുന്ന നിലാവിനെ വകഞ്ഞ് മന്ദഗതിയില്‍ വരുന്ന വെള്ളക്കുതിര ചന്തുവിന്റെ ശമിക്കാത്ത ദാഹത്തിന്റെ രൂപകമായി മാറുന്നു. ചന്തുവിന്റെ പ്രതിബിംബം ഒരു മായാമോഹമായി പതിയുന്ന കുമരംപുഴ ഉണ്ണിയാര്‍ച്ചയുടെ നിറഞ്ഞൊഴുകുന്ന അനുരാഗത്തിന്റെ പ്രതീകമായും തീരുന്നു. ഒരു സ്വപ്നം പോലെയാണ് പിന്നീട് തിക്തമായ ഒരു ഓര്‍മ്മയായി തീരാന്‍ പോകുന്ന ചന്തുവിന്റെ ആ യാത്ര. ഈ ദൃശ്യം തിയറ്ററിലെ തിരശ്ശീല തരുന്ന സൗന്ദര്യാത്മകവും വൈകാരികവുമായ അനുഭൂതി സമാനതകളില്ലാത്തതാണ്. ചന്തുവിന്റെയും ഉണ്ണിയാര്‍ച്ചയുടെയും പൂര്‍വ്വകാലത്തെ മറ്റൊരു പ്രണയഗാനമാണ് ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ എന്നത്. കഥയില്‍ കുമരംപുഴയും യഥാര്‍ത്ഥത്തില്‍ ഭാരതപ്പുഴയും ഈ പാട്ടിനും പശ്ചാത്തലമാകുന്നുണ്ട്. എന്നാല്‍ പ്രശാന്തമായൊരു നാദസഞ്ചാരമാണ് ആ ഗാനത്തിന്റെ എഴുത്തിലും സംഗീതത്തിലും ആലാപനത്തിലും ദൃശ്യത്തിലും എന്നു കാണാം. ചെങ്കദളീമലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമരാഗം കരുതി വെച്ചൂ..തൊഴുതു മടങ്ങുമ്പോള്‍ കൂവള പൂമിഴി മറ്റേതു ദേവനെ തേടി വന്നൂ.. മാറണിക്കച്ച കവര്‍ന്നൂ.. കാറ്റു നിന്നംഗപരാഗം നുകര്‍ന്നൂ എന്ന ഭാഗത്ത് കാല്‍പനികമായൊരു കാമുക ഭാവത്തിനനുസരിച്ച് ചുരിക കോര്‍ക്കുന്ന ചന്തുവിനെയാണ് കാണാനാവുക.

കൈ പുറകിലേക്ക് കെട്ടി പുഴയിലൂടെ വാള്‍ പയറ്റിക്കൊണ്ട് പുറകിലേക്ക് നീങ്ങുന്ന ഉണ്ണിയാര്‍ച്ചയെ അപാരമായ മെയ്‌വഴക്കത്തോടെയാണ് മാധവി അവതരിപ്പിക്കുന്നത്. ചുരികയും പിടിച്ചുകൊണ്ട് നിഗൂഢമന്ദഹാസം പൊഴിച്ച് നില്‍ക്കുന്ന ആര്‍ച്ചക്ക് മാധവി നല്‍കുന്ന ഭാവഭേദങ്ങള്‍ കഥാപാത്രത്തിന്റെ അകംപൊരുള്‍ അവര്‍ ആഴത്തില്‍ ഗ്രഹിച്ചതിന് തെളിവാണ്. ചിരിയുടെ ഒരുപാതിയില്‍ ചന്തുവിനോടുള്ള പ്രണയവും മറുപാതിയില്‍ പ്രണയ നിരാസവുമുണ്ട് ഉണ്ണിയാര്‍ച്ചക്ക്. ചന്തുവിനെ പോലെ ഉണ്ണിയാര്‍ച്ച പ്രണയത്തില്‍ അവരെ പൂര്‍ണ്ണമായും ഹോമിച്ചിരിന്നില്ല. ആയുധമെടുക്കുമ്പോഴെല്ലാം ഉണ്ണിയാര്‍ച്ചയുടെ മുഖം ഇടിവാളുപോലെ തിളങ്ങി, കണ്ണുകള്‍ ചുരികത്തലപ്പുപോലെ മൂര്‍ച്ചപൂണ്ടു. ചന്തുവിനെ വീണ്ടും തന്റെ പ്രേമഭാജനമാക്കാന്‍ പുഴക്കരയില്‍ നിലാവത്ത് കുളിച്ച് നില്‍ക്കുമ്പോള്‍ അനുരാഗപരവശയായി. ഒരു മൊഴി ചോദിക്കാന്‍ ഇപ്പോഴും ബാക്കി കിടപ്പുണ്ടല്ലോ അച്ഛാ എന്നു പറയുമ്പോള്‍ പ്രതികാരദുര്‍ഗ്ഗയായി. ചുരികയെക്കാള്‍ മൂര്‍ച്ചയുള്ള ചേകവസ്ത്രീയുടെ ഉടലും ഉയിരുമായവര്‍ മാറി. മാധവിക്ക് മുകളില്‍ മറ്റൊരു ഉണ്ണിയാര്‍ച്ചയെ സങ്കല്‍പ്പിക്കുക മലയാളിക്ക് അസാധ്യമാകും. പുത്തൂരം പാട്ടിനും മിത്തിനും കെട്ടുകഥകള്‍ക്കുമെല്ലാം മുകളില്‍ മാധവിയുടേതു മാത്രമായൊരു ഉണ്ണിയാര്‍ച്ച പിറവി കൊണ്ടു.

ദൃശ്യവും ശബ്ദവും തന്ന വേറിട്ട അനുഭവം മാത്രമല്ല വടക്കന്‍ വീരഗാഥയുടെ തിയറ്റര്‍ കാഴ്ച ബാക്കിയാക്കുന്നത്. എംടി തന്റെ ഛായാപടത്തിലേക്ക് ചന്തുവിനെ കുടഞ്ഞിട്ടുന്നത് മനശാസ്ത്രപരമായാണ്. മുപ്പത്തിരണ്ട് പണത്തിന് മലയനോട് തൊടുത്ത് മരണപ്പെട്ട ഇളന്തളര്‍ മഠത്തിലെ പേരും പ്രതാപവുമൊന്നുമില്ലാത്ത ചേകവന്റെ അനാഥനായ ബാലന്‍. ദരിദ്രനായ ചന്തു എത്തിപ്പെടുന്നതോ പൊന്‍നാണയം കൊണ്ട് ചൂതുകളിക്കുന്ന കുട്ടികളുള്ള കേളികേട്ട പുത്തൂരം വീട്ടിലും. താന്‍ അഭിമുഖീകരിച്ച വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍ക്ക് ഇടയില്‍ ഒരിക്കലും, ഒടുവില്‍ തന്റെ ആത്മഹത്യ വരെയും ചന്തുവിന് സ്വന്തമെന്ന് തോന്നുന്ന മനുഷ്യരോ സ്ഥലമോ ഉണ്ടായിരുന്നില്ല. ആ sense of belonging ഇല്ലായ്മയിലാണ് ചന്തുവിന്റെ അസ്തിത്വ സംഘര്‍ഷം നിരന്തരം കൊടുമ്പിരിക്കൊണ്ടത്. സ്വന്തമെന്ന് കരുതാന്‍ ഒരാളും ജീവിതത്തില്‍ ഉണ്ടാകാതിരിക്കുകയും ചുറ്റുമുള്ളവരെല്ലാം നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഒക്കെയും തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അന്യതാബോധത്തിന്റെ അങ്കത്തട്ടില്‍ പൊരുതി നിന്ന ബാല്യമാണ് ചന്തുവിന്റെ. പിതൃപാരമ്പര്യത്തിന്റെ പേരിലെ പരിഹാസവും ഇടിച്ചുതാഴ്ത്തലും അയാള്‍ ജീവിതകാലം മുഴുവന്‍ നേരിടുന്നുണ്ട്. സൂതപുത്രനെന്ന അധിക്ഷേപം നിരന്തരം കേള്‍ക്കേണ്ടിവന്ന കര്‍ണ്ണനെ അനുസ്മരിപ്പിക്കുന്നുണ്ട് ചന്തു.

ചന്തുവിന്റെ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ അനുഭവം ഉണ്ണിയാര്‍ച്ചയോടുള്ള അയാളുടെ പ്രണയമാണ്. അത് നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അയാള്‍ക്ക് പുത്തൂരംവീട് വിട്ടിറങ്ങാന്‍ കഴിയുന്നത്. ഉണ്ണിയാര്‍ച്ചയെന്ന മോഹാഗ്‌നിയിലേക്ക് ആകര്‍ഷിക്കപ്പെട്ട ഈയാംപാറ്റയായിരുന്നു ചന്തു പലപ്പോഴും.

തിരക്കഥയില്‍ ആരോമലിന് തുണപോയി അങ്കം ജയിച്ചു വന്നാല്‍ ഞാന്‍ ചന്തു ആങ്ങളയുടെ പെണ്ണാണെന്ന് ഉണ്ണിയാര്‍ച്ച ചന്തുവിനോട് സത്യം ചെയ്തു പോകുന്ന സീനിന് ശേഷം എംടി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് 'കത്തുന്ന ചങ്ങലവട്ടയുടെ ദീപനാളത്തില്‍ അയാള്‍ നോക്കി നില്‍ക്കുന്നു. അതിന് ചുറ്റും ആത്മഹത്യക്ക് തയ്യാറെടുക്കുന്ന ഈയാംപാറ്റകള്‍ പാറി നടക്കുന്നു'. തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അപകര്‍ഷതയേയും പരാജയബോധങ്ങളെയും മുഴുവന്‍ മുറിച്ചുകടക്കാന്‍ വേണ്ടിയുള്ള ഒരേയൊരാശ്രയമായി ഉണ്ണിയാര്‍ച്ചയോടുള്ള പ്രണയത്തെ അയാള്‍ കൊണ്ടുനടക്കുന്നു. ആരോമലിന് തുണപോകുന്നത് ചന്തുവാണ് എന്ന് അറിഞ്ഞ സന്ദര്‍ഭത്തില്‍ അരിങ്ങോടരുടെ മകള്‍ കുഞ്ഞി ചന്തുവിനെ പരിഹസിക്കുന്നുണ്ട്. 'വീരന്‍ ചേകവനെ ഇപ്പോളും വിരല്‍ തുമ്പില്‍ പകിരി തിരിക്കാന്‍ കഴിയുന്നുണ്ടല്ലോ അവള്‍ക്ക്. ചൂലെടുത്തടിച്ചാലും പിന്നെയും വാലാട്ടിപ്പോകും എന്നവള്‍ക്കറിയാം' എന്ന്. ചന്തുവിന്റെ ആത്മബോധത്തിനേറ്റ വലിയ പ്രഹരമായിരുന്നു ആ പരിഹാസം.

കണ്ണപ്പച്ചേകവര്‍ ഒരേസമയം ചന്തുവിന്റെ അമ്മാവനും വളര്‍ത്തച്ഛനും ഗുരുവും ആണ്. അയാളോടുള്ള വിധേയത്വത്തില്‍ നിന്ന് ഒരിക്കലും സ്വതന്ത്രനാകാന്‍ ചന്തുവിനായില്ല. താന്‍ എടുത്തു വളര്‍ത്തിയ ആളാണ് നീ എന്ന് അയാള്‍ ചന്തുവിനെ ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചന്തുവിന്റെ ആത്മവിശ്വാസവും വ്യക്തിത്വവും ശിഥിലമാക്കുന്നത് കണ്ണപ്പച്ചേകവരാണ്. ഉണ്ണിയാര്‍ച്ച ധനികനായ കുഞ്ഞിരാമനെ കല്യാണം കഴിക്കുമ്പോഴും ആരോമലിന് തുണപോകാന്‍ അരിങ്ങോടരുടെ ശിഷ്യനായ ചന്തുവിനോട് നിര്‍ബന്ധിക്കുമ്പോഴും കണ്ണപ്പനും ഉണ്ണിയാര്‍ച്ചയും വൈകാരിക തന്ത്രപരമായ അടവാണ് ചന്തുവിനോട് എടുക്കുന്നത്. ഗുരുവിനോടുള്ള അമിത വിധേയത്വംകൊണ്ട് ചന്തു ഒരിക്കലും അത് തിരിച്ചറിയാതെ ഇരിക്കുകയോ അയാളുടെ അസ്തിത്വ ദുഃഖം അതിന് അനുവദിക്കാതിരിക്കുകയോ ചെയ്യുന്നു. ഉപകാര സ്മരണയില്‍ ചന്തുവിനെ എന്നന്നേക്കുമായി തളച്ചിടാന്‍ കണ്ണപ്പച്ചേകവര്‍ക്കായി.

വാമൊഴിയായി കൈമാറുകയും പ്രചരിക്കുകയും ചെയ്തവയാണ് വടക്കന്‍ പാട്ടുകള്‍. പാട്ടുകാരുടെ മനോധര്‍മ്മവും ഭാവനയും ഒക്കെ ഈ നാടോടി സാഹിത്യങ്ങളില്‍ ഉണ്ടായിരിക്കും. ആരോമലിന്റെ ആഖ്യാനമായാണ് ചന്തുവിനെ ചതിയനും നരാധമനും പെണ്‍മോഹിയും ഒക്കെയായി വടക്കന്‍ പാട്ടുകളില്‍ ആവിഷ്‌കരിക്കുന്നത്.

ആഖ്യാനങ്ങള്‍ എല്ലാം അധികാരത്തിന്റെ ആഖ്യാനങ്ങള്‍ കൂടിയാണല്ലോ എന്ന തോന്നലില്‍ നിന്നാകും എംടി ചതിയന്‍ ചന്തു എന്ന മിത്തിനെ അപനിര്‍മ്മിക്കുന്നത്. ചന്തുവിന്റെ വീക്ഷണത്തിലൂടെ എംടി വളരെ സൂക്ഷ്മമായ നോട്ടം സാധ്യമാക്കുകയും അതുവഴി ചന്തുവെന്ന പ്രതിനായക മിത്തിനെ നായകമിത്തായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. ചന്തുവിന്റെ അനുഭവഭൂമിയിലൂടെ വടക്കന്‍ പാട്ടുകള്‍ നടത്താത്ത ഒരു ആത്മാന്വേഷണം എംടി നിര്‍വ്വഹിക്കുന്നു. തിരക്കഥയുടെയും സംഭാഷണങ്ങളുടെയും കെട്ടുറപ്പിലാണ് ചന്തു എന്ന കഥാപാത്രത്തിന്റെ ആന്തരിക ഭാവങ്ങളുടെ അടരുകള്‍ പ്രേക്ഷകനിലേക്ക് കിനിഞ്ഞിറങ്ങുന്നത്. ചന്തുവിന്റെ ആത്മ സംഘര്‍ഷങ്ങളുടെ ഭാവാന്തരങ്ങള്‍ മമ്മൂട്ടിയില്‍ അനായാസം മിന്നിമായുന്നു.

ഇതോ അങ്കം എന്നുതുടങ്ങി ചന്തുവിനെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന് വീരരസപ്രാധാന്യത്തോടെ ഉദ്‌ഘോഷിച്ച് പൊടുന്നനെ തന്നെ, ജീവിതത്തില്‍ ചന്തുവിനെ തോല്‍പ്പിച്ചിട്ടുണ്ട്, പലരും പലവട്ടം എന്നു തുടങ്ങുന്ന ഭാഗത്ത് തന്റെ ശൈലീകൃത അഭിനയത്തെ കഥാപാത്ര സ്വരൂപത്തിലേക്ക് അനായാസം മമ്മൂട്ടി സന്നിവേശിപ്പിക്കുന്നത് കാണാം. പലവട്ടം എന്ന പറച്ചിലില്‍ ജീവിതഭാരം മുഴുവന്‍ ഇറക്കിവക്കുന്ന കനം നല്‍കുന്നുണ്ട് മമ്മൂട്ടി. ചന്തുവിന്റെ ആത്മായനത്തെ ഭാവപ്പകര്‍ച്ചകളുടെ സവിശേഷ മെയ് വഴക്കത്തിലാണ് മമ്മൂട്ടി ആവിഷ്‌കരിക്കുന്നത്. ആത്മഭാഷണങ്ങള്‍ക്ക് മമ്മൂട്ടിക്ക് മാത്രം സാധ്യമാകുന്ന വൈകാരിക ചാരുതയുണ്ട്. എം.ബി.ശ്രീനിവാസന്റെ സംഗീതത്തിനുള്ള വിഷാദസൗന്ദര്യമാണ് മമ്മൂട്ടിയുടെ ആത്മഭാഷണങ്ങളിലെ ഭാവപ്പകര്‍ച്ചകള്‍ക്ക്. തിരസ്‌കൃതനും ഏകാന്തനുമാണ് എംടിയുടെ ചന്തു. മലയനോട് തൊടുത്ത് മരിച്ച ചേകവന്റെ മകന് കഥയിലുടനീളം ഒരു കീഴാള സ്വത്വമുണ്ട്. മമ്മൂട്ടി ചന്തുവിന് സാമൂഹ്യമായി കൈവന്ന പെരുമാറ്റ സവിശേഷതകളെ അമ്പരപ്പിക്കും വിധം കണ്ടെടുക്കുന്നതു കാണം. വളര്‍ത്തച്ഛന് സ്‌നേഹം പങ്കുവെച്ചപ്പോള്‍ കൈവിറച്ചതും പുത്തൂരം വീട്ടിലെ ആരും സ്വന്തമായി തോന്നാഞ്ഞതും വടക്കന്‍ പാട്ടിലെ ചന്തുവിനല്ല നമുക്കിടയില്‍ ഉറ്റവരാരുമില്ലാതായി പോയവര്‍ക്ക് എല്ലാമാണ്.

ചന്തുവിനൊപ്പം എംടി അപനിര്‍മ്മിക്കുന്ന മറ്റൊരു കഥാപാത്രം അരിങ്ങോടര്‍ ആണ്. ചന്തു അരിങ്ങോടരില്‍ നിന്ന് ആയുധവിദ്യ പഠിച്ചതായി വടക്കന്‍ പാട്ടുകളില്‍ ഏറെ പരാമര്‍ശങ്ങള്‍ ഒന്നുമില്ല എങ്കിലും അരിങ്ങോടരില്‍ നിന്ന് കളളച്ചതികള്‍ ചന്തു പഠിച്ചിട്ടുണ്ട് എന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ട്. പുത്തൂരം വീട് വിട്ടിറങ്ങുന്ന ചന്തു ചെന്നു കയറുന്നത് അരിങ്ങോടരുടെ കളരിയിലാണ്. പിന്നീട് അരിങ്ങോടരുടെ കളരിയുടെ അനന്തരാവകാശിയായി മാറുന്നതും ചന്തുതന്നെ. കണ്ണപ്പച്ചേകവര്‍ പോലും ഭയന്നിരുന്ന തുളുനാടന്‍ കളരിയഭ്യാസിയായിരുന്നു അരിങ്ങോടര്‍. 'അരിങ്ങോടരെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് മാറ്റിനിര്‍ത്തി ചാവേര്‍ പടയാളിയുടെ മനസ്സുകാണാന്‍ ശ്രമിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു' എന്ന് എംടി വടക്കന്‍പാട്ടില്‍ നിന്നുള്ള വ്യതിയാനം എന്ന ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. ചേകവകുലത്തിന്റെ സാമൂഹ്യ ചരിത്ര ജീവിതത്തിന്റെ അനുഭവതീവ്രതയെ വളരെ മനഃശാസ്ത്രപരമായി എംടി അന്വേഷിക്കാന്‍ ശ്രമിക്കുന്നത് അരിങ്ങോടരിലൂടെയാണ്.

അരിങ്ങോടരും ചന്തുവിനെ പോലെ ഏകാകിയാണ്. ചേകവകുലത്തിന്റെ മുഴുവന്‍ ദുഃഖം അരിങ്ങോടരെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്.

ചന്തു അരിങ്ങോടരെ കാണാന്‍ വന്നിട്ട് എന്തെങ്കിലും അവസാനം വരെയും പഠിക്കാനുണ്ടാവുമല്ലൊ ചേകവര്‍ക്ക് എന്നാണല്ലോ കേട്ടിട്ടുള്ളത് എന്ന് പറയുമ്പോള്‍ അരിങ്ങോടരുടെ പുച്ഛം കലര്‍ന്നൊരു മറുപടിയുണ്ട് അവസാനത്തെ പഠിപ്പിന്റെ ആവശ്യം ആര്‍ക്കും പിന്നെ വരില്ല എന്ന്. മൂപ്പിളമത്തര്‍ക്കം തീര്‍ക്കാന്‍ അരിങ്ങോടരെ അങ്കത്തിന് ക്ഷണിക്കാന്‍ വരുമ്പോള്‍ വാഴുന്നോര്‍ പറയുന്ന ഒരു ന്യായമുണ്ട് എന്നും വെട്ടും കുത്തുമായി രണ്ടുഭാഗത്തും കൂട്ടത്തോടെ സാധുക്കള്‍ മരിക്കുന്നതിലും നല്ലത് അങ്കം വെട്ടി നിശ്ചയിക്കലാണ് എന്ന്. അതിന് അരിങ്ങോടരുടെ മറുപടി അപ്പോള്‍ ഒരു സാധുവേ മരിയ്ക്കൂ എന്നാണ്. എന്നും ചേകവന്റെ തൊഴിലും അതുതന്നെ കൊല്ലല്‍ അല്ലങ്കില്‍ മരിക്കല്‍. ഒരിക്കല്‍ മകളോടും ചന്തുവിനോടുമായി അരിങ്ങോടര്‍ പറയുന്നുണ്ട് 'എന്റെ കഴുത്തരിയാന്‍ വിധിച്ച ഒരു ചുരിക എവിടെയോ ഉണ്ട്. അങ്കം പിടിച്ചാലും ഇല്ലെങ്കിലും അതെന്നെ തേടിവരും, എന്നായാലെന്ത്' എന്ന്.

അരിങ്ങോടരിലൂടെയാണ് എം ടി ചേകവകുലത്തിന്റെ അകംപൊരുള്‍ തുറക്കുന്നത്. അരിങ്ങോടര്‍ തന്നെ ഒരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട് മുള്ളുമൂത്ത മീനിന്റെയും വരിക്കപ്ലാവിന്റെ ചക്കയുടേയുമൊക്കെ അവകാശത്തിനാണ് ഈ രണ്ട് നാടുവാഴി വേന്ദ്രന്‍മാര്‍ അങ്കം വെട്ടുന്നത്! ചേകവനായി പിറന്നു പോയില്ലെ എന്ന്. അരിങ്ങോടരുടെ പാത്രസൃഷ്ടിയില്‍ എംടി ആദര്‍ശാത്മകമായൊരു സമീപനം സ്വീകരിക്കുന്നതുകാണാം. ചേകവകുലത്തിന്റെ ചരിത്രമുദ്രകള്‍ ചുമക്കുന്ന പ്രതിപുരുഷനായി അരിങ്ങോടര്‍ മാറുന്നുണ്ട്.

എംടി അരിങ്ങോടരേയും ചന്തുവിനെയും വികാരതീക്ഷ്ണതയുടെ ഏതോ ഒരു ബിന്ദുവില്‍ വിളക്കിച്ചേര്‍ക്കുന്നുണ്ട്. പ്രായമായ ചന്തുവില്‍ അരിങ്ങോടര്‍ വൈകാരികമായി ആവേശിച്ചതായി കാണാനാകും. 'ശേഷം എന്തുണ്ട് കയ്യില്‍ പുരഞ്ജയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരം അടവോ' എന്ന് പരിഹാസധ്വനിയില്‍ ചോദിക്കുന്ന ചന്തുവില്‍ അരിങ്ങോടരെ ദര്‍ശിക്കാനാകും. ക്രുദ്ധനായികൊണ്ട് അങ്കമുറകൊണ്ടും ആയുധബലം കൊണ്ടും ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായി പിറന്നവരില്‍ ആരുമില്ല എന്നെല്ലാം പറയുന്ന ചന്തുവിന്റെ അബോധത്തില്‍ അരിങ്ങോടര്‍ എന്ന അതികായനുണ്ട്. തിരസ്‌കൃത ജീവിതത്തിന്റെ പീഡനം ആ കഥാപാത്രങ്ങളുടെ അബോധത്തെ നിരന്തരം വേട്ടയാടുന്നത് കാണാം. ചന്തുവിന്റെ ദുഃഖം അയാളുടെ വ്യക്തിജീവിതമാകുമ്പോള്‍ അരിങ്ങോടരില്‍ അത് ചേകവകുലത്തിന്റെ മുഴുവന്‍ ദുഃഖമായി വികസിക്കുന്നു. അരിങ്ങോടരുടെ മരണം അങ്കത്തട്ടിലെ ചതിയിലാകുമ്പോള്‍ ചന്തു അരിങ്ങോടരുടെ കളരിയില്‍ ഗുരുത്തറയുടെ മുന്നില്‍ ആത്മപീഡനത്തിന്റെ പരകോടിയില്‍ ആത്മഹത്യ ചെയ്യുന്നു.

ചന്തുവിന് അയാളുടെ childhood traumaയെ മറികടക്കാന്‍ താങ്ങായി ഒരാളും ജീവിതത്തിലേക്ക് വന്നില്ല എന്നു മാത്രമല്ല വന്നവരൊക്കെ അയാളുടെ അന്യതാബോധത്തെ ഇരട്ടിപ്പിച്ചു. മരണം കൊണ്ടല്ലാതെ ജീവിതം തരുന്ന പീഡനങ്ങളില്‍ നിന്ന് മോചനമില്ലാത്ത ഒരവസ്ഥയില്‍ അയാളെത്തുന്നു. ഒടുവില്‍ മരണമൊഴിയായി ആരോമലുണ്ണിയോട് വേദന കടിച്ചിറക്കുന്ന ചിരിയോടെ നീ എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണി എന്ന വാചകം സഫലീകരിക്കാതെ പോയ അയാളുടെ അനേകം ജീവിതാഭിലാഷങ്ങളുടെ വിരാമചിഹ്നമായി തീരുന്നു. അന്യതാബോധത്തിന്റെ ദാരുണമായൊരു മരണമൊഴി. ഏകാന്തതയുടെ തിളക്കുന്ന കടലിനെ ചന്തു അത്രയും നാള്‍ കുടിച്ച് വറ്റിച്ചത് പിതൃസ്മരണകളെ താലോലിച്ചും അരിങ്ങോടര്‍ ഗുരുക്കളെ ധ്യാനിച്ചും മാത്രമായിരുന്നിരിക്കണം.

ആനയെ മയക്കുന്ന അരിങ്ങോടരേയും കൊടുംക്രൂരനായ ചതിയന്‍ ചന്തുവിനേയും ഇടിവാളു പോലെ തിളങ്ങുന്ന ഉണ്ണിയാര്‍ച്ചയേയും എംടി ഒരു നീറുന്ന ചരിത്രാനുഭവമാക്കി മാറ്റുന്നു. പോയ നൂറ്റാണ്ടിലെ ചേകവകുലത്തിന്റെ ഫ്യൂഡല്‍കാല ജീവിതത്തിന് പുതിയ അര്‍ത്ഥം കൈവരുന്നു. ധര്‍മ്മസങ്കടങ്ങള്‍ വായ്ത്തലനീട്ടി താരിമുഴക്കിനിന്ന ഒരു കാലത്തിന്റെ സാക്ഷികളോ പങ്കാളികളോ ആയി നമ്മള്‍ മാറുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in