ന്നാ താന്‍ കേസ് കൊട്, കുഴിയില്‍ വീഴുന്ന സാധാരണ മലയാളിയുടെ സിനിമ

ന്നാ താന്‍ കേസ് കൊട്, കുഴിയില്‍ വീഴുന്ന സാധാരണ മലയാളിയുടെ സിനിമ

ചുവരുകളില്‍ വമ്പിച്ച പോസ്റ്ററുകളോ പാതകളില്‍ ഹോര്‍ഡിങ്ങുകളോ ഇല്ല. തീയറ്ററിലേക്കുള്ള റോഡുകളില്‍ കുഴികളുണ്ട്, എങ്കിലും വന്നേക്കണേയെന്ന ഒരു വാചകം വെച്ചു റിലീസ് തീയതിയിലെ മിനിമം പത്രപ്പരസ്യം മാത്രം. അതും സിനിമയുടെ കഥയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു കോപ്പി എഴുത്താണ്. എന്നിട്ടുമെന്തേ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ കാണാന്‍ ആളുകള്‍ പോകുന്നത് ? ആ സിനിമയില്‍ പൊതുവായി സമീപകാലത്തായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ന്യൂജെന്‍ ഗിമ്മിക്‌സുകളൊന്നുമില്ലല്ലോ? ആരാണ് ഈ പടം വിജയിപ്പിക്കുന്നത് ? ചിലര്‍ അസഹിഷ്ണുതയുടെ തീയില്‍ ഊതിപ്പെരുപ്പിച്ച ക്യാമ്പയിന്‍ ആണിതിന് കാരണം എന്നാണോ?

റോഡിനെന്താണ് കുഴപ്പം? കുണ്ടും കുഴിയും? കുഴിയുണ്ടെങ്കില്‍ അതുണ്ട്. അതിപ്പോ ഒരു സിനിമേല് വരുമ്പോഴത്തേക്കും ത്രക്കങ്ങട് ഹാലിളകാനെന്താണ്? എന്നാല്‍ ചിലര്‍ക്ക് ഹാലിളകിയതോണ്ടാണ് ഈ സിനിമ വിജയിച്ചത് എന്ന് പറയേണ്ടി വരും. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഗുജറാത്തില്‍ വന്നപ്പോള്‍ സ്റ്റേറ്റിന്റെ പിടിപ്പുകേടുകള്‍ മായ്ക്കാനായി വലിയ മതിലുകള്‍ തീര്‍ത്തു. എന്നിട്ട് ഒരു കപടനാടക ആഘോഷമുണ്ടാക്കി. പിന്നീട് രാജ്യം മുഴുവന്‍ ഈ വൃത്തികേട് അറിയുകയുമുണ്ടായി. അതുപോലെ കേരളത്തിലെ റോഡുകള്‍ മായ്ക്കാനാവാത്തത്/ മറച്ചിടാന്‍ ആവാത്തതുകൊണ്ടാണ് ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച ഏറെയുമുണ്ടായത്. എങ്ങനെയാണ് പാതയിലെ കുഴികള്‍ മൂടുക? അല്ലെങ്കില്‍ എന്താണ് സമയാധിഷ്ഠിതമായി അത് അടയ്ക്കാത്തത് ? കോണ്‍ട്രാക്ടര്‍മാര്‍ ശരിയല്ലാത്തതു കൊണ്ടാണോ, അതോ സര്‍ക്കാര്‍ സംവിധാനത്തിന്റെ പിടിപ്പുകേടുകളാണോ? ഈ മറച്ചിടാനാകാത്ത കുഴിയാണ് സിനിമയില്‍ ഒരു സാധാരണക്കാരന്‍ അനുഭവിക്കുന്ന ദുരിതത്തിനു കാരണം. അല്ലെങ്കില്‍ കുഴിയില്ലെങ്കില്‍ ഈ സിനിമയില്ല. റോഡിലെ ഒരു കുഴി അയാളുടെ ജീവിതത്തെ ദാരുണമാക്കുമ്പോള്‍ അയാളിറങ്ങിപ്പുറപ്പെടുന്നു. ഒട്ടും വിജയിക്കുമെന്നുറപ്പില്ലാത്ത, മിക്കവാറും വിജയിച്ചിട്ടില്ലാത്ത ഒരു സമരത്തിലേക്ക്. അപ്പോള്‍ ചുറ്റുപാട് മുഴുവനും രാജീവനെതിരാകുന്നു. കാരണം കള്ളനെന്ന ഒരു പൂര്‍വ്വചരിത്രം അയാള്‍ക്കുണ്ട്. ലിവിങ് ടുഗതര്‍ പാര്‍ട്ണര്‍ പോലും രാജീവനെ പിന്തുണക്കുന്നില്ല, അവള്‍ അവന്റെ ശക്തി ചോര്‍ത്തുന്നുമുണ്ട്. മോഷണം നിര്‍ത്തിയെന്ന് അവകാശപ്പെടുന്ന അയാള്‍ക്കിപ്പോഴും നിരന്തരം പ്രതിസന്ധികള്‍, ആക്ഷേപങ്ങള്‍, ഭീഷണികള്‍ ഒക്കെയുണ്ട്. എന്നിട്ടും അയാള്‍ ശബ്ദമില്ലാത്തവന്റെ ശബ്ദമാകാനായി ഒരുമ്പെട്ടിറങ്ങുകയാണ്. പക്ഷേ, അയാള്‍ എപ്പോഴും അക്ഷീണനാണ്. മുഖം നിരാശ നിറഞ്ഞതെങ്കിലും അകത്ത് ഊര്‍ജ്ജമുള്ളയൊരാളാണ് രാജീവന്‍. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത രാജീവന്‍ എന്ന വിരമിച്ച കള്ളന്‍ അമ്പരപ്പിച്ചു മുന്നേറുന്നത് സഹിക്കാനാവാത്ത അല്പജ്ഞാനികള്‍ ഈ സിനിമയുടെ വിജയത്തിന് പ്രധാന ചാലക ശക്തിയാവുകയായിരുന്നു എന്ന് വേണം പറയാന്‍.രാജീവനില്‍ മുദ്രകുത്തപ്പെട്ട കള്ളന്‍ എന്ന ലേബലും റോഡിലെ കുഴിയുമില്ലെങ്കില്‍ 'ന്നാ താന്‍ കേസ് കൊട്' സിനിമ ഉണ്ടാകില്ല.

ആദ്യവസാനം വരെ ബ്ലാക്ക് ഹ്യൂമറിന്റെ സഹായത്താല്‍ കഥയില്‍ വരുന്ന ഓരോ കഥാപാത്രവും ഒരൊന്നന്നര കഥാപാത്രങ്ങളായി മാറുന്ന കാഴ്ചയാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാജീവനായി കുഞ്ചാക്കോ ബോബന്‍ അമ്പരപ്പിച്ചിരിക്കുന്നു. ഒരു സീനില്‍ മാത്രമായി വരുന്ന ഒരാള്‍ പോലും പ്രേക്ഷകന് ഒരു റങ്കു നല്‍കുന്നുണ്ട്. അത്തരത്തില്‍ രാജേഷ് മാധവന്റെ കാസ്റ്റിംഗ് മികവ് പ്രേക്ഷകന് കാണാം. മജിസ്ട്രേറ്റ് ആയ തടിയന്‍കൊവ്വലിലെ പി.പി. കുഞ്ഞികൃഷ്ണനും പൊതുമരാമത്ത് മന്ത്രിയായി വേഷമിട്ട കുഞ്ഞിക്കണ്ണനും കൃഷ്ണന്‍ വക്കീലായ എ.വി. ബാലകൃഷ്ണനും അഭിഭാഷകരായെത്തുന്ന ഷുക്കൂറും ഗംഗാധരന്‍ കുട്ടമത്തും എം.എല്‍.എയുടെ ഭാര്യയാകുന്ന സി.പി.ശുഭയും ഓട്ടോറിക്ഷക്കാരന്‍ രാജേഷ് മാധവനും അമ്പരപ്പിക്കുന്നുണ്ട്.

സിനിമയില്‍ പലരും ആദ്യമായെത്തുന്നവരാണ് എങ്കില്‍ക്കൂടി. കോടതിയിലേക്ക് മന്ത്രിയുടെ കാറ് കടന്നുപോകുമ്പോള്‍ ഒറ്റ മുദ്രാവാക്യം വിളിക്കുന്ന കഥാപാത്രം പോലും ഇതില്‍ ശ്രദ്ധേയമാണ്. ഒറ്റ ആക്ഷനില്‍ ഒരുപാടു കാര്യങ്ങള്‍ അഭിനേതാക്കള്‍ ഒരു നോട്ടത്തില്‍ പോലും പ്രകടിപ്പിക്കുന്നുണ്ട്.

SHALUPEYAD

ബാക്ക് ടു ബാക്ക് ആക്ഷേപ ഹാസ്യമാണ് ചിത്രത്തിന്റെ പ്ലാറ്റ്‌ഫോം. പക്ഷെ സിനിമയില്‍ ഇത് സംഭവിക്കുന്നത് വളരെ ഗൗരവത്തോടെയാണ് എന്നതാണ് മറ്റൊരു സവിശേഷത. അതേസമയം മനുഷ്യത്വം തേച്ചുപോകുന്ന രാഷ്ട്രീയത്തിന്റെയും നീതിയുടെയും സമകാലികാവസ്ഥ ചിത്രത്തില്‍ കാണാനാകും. സാധാരണക്കാരന്റെ ജീവനോപാധിയും ജീവിതനിലവാരവും പലരുമായും കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥ ഇതിലുണ്ട്. ഒരു ജോലിക്കു വേണ്ടി ഇഷ്ടികക്കളത്തിലും ഓട്ടുകമ്പനിയിലുമൊക്കെ ചെന്ന് വാതില്‍ മുട്ടുമ്പോള്‍ രാജീവന്‍ എത്രമാത്രം അധകൃതനാണ് എന്ന യാഥാര്‍ഥ്യം ഈ സിനിമയിലും സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പ്രേക്ഷകനു മുന്നില്‍ തുറന്നിടുന്നു. എങ്കിലും അയാള്‍ ആരുടെയും അലിവിന് വേണ്ടി ആത്മാഭിമാനം പണയപ്പെടുത്തും വിധം കെഞ്ചുന്നുമില്ല. അതുപോലെ മനുഷ്യനെ അറിയുന്ന, കരുണ ഇനിയും ചോര്‍ന്നുപോകാതെ നില്‍ക്കുന്ന ബേക്കറി കച്ചവടക്കാരനെപ്പോലുള്ള, വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെപ്പോലുള ചില മനുഷ്യരും ചിത്രത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.

കാലങ്ങളായി ഇല്ലാത്ത തെളിവുണ്ടാക്കുകയും സ്റ്റേറ്റിനെ നയിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയും അതിന്റെ വിഴുപ്പുകളും പിന്നാമ്പുറ പരിസരവും ഇതില്‍ കോറിയിട്ടിട്ടുണ്ട്. ചില സ്ഥലങ്ങളിലൊഴിച്ച് ഇത് ലൗഡല്ല താനും. ഒരു പ്രത്യേക ഭൂമികയില്‍ ചെന്നു തന്നെ ഇതൊക്കെ വിളിച്ചു പറയാനുള്ള ആര്‍ജ്ജവം ചിത്രത്തിന്റെ എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍ കാണിച്ചിട്ടുണ്ട്.

SHALUPEYAD

ഒടുവില്‍ സാധാരണക്കാരനായ ഒറ്റയാള്‍ നടത്തുന്ന സമരം വിജയിക്കുന്നുണ്ട്. വിജയത്തിന്റെ പാതയില്‍ അയാള്‍ അടികൊണ്ടും ഒറ്റപ്പെട്ടും പല കുഴികളിലും വീണും പിടഞ്ഞെഴുന്നേല്‍ക്കുന്നുണ്ട്. രാഷ്ട്രീയത്തിനും നിറങ്ങള്‍ക്കും ക്ലാസ്സിനു മപ്പുറത്ത് ചത്തു പോകുന്ന ഒരു പൊതു സമൂഹത്തെ (civil society) ചിത്രം അനാവരണം ചെയ്യുന്നുണ്ട്. കഥയ്ക്ക് ആവശ്യമായ സൂക്ഷ്മവും സ്ഥൂലവുമായ ചേരുവകള്‍ കണ്ടെത്താനും അത് ചിത്രത്തില്‍ സമന്വയിപ്പിക്കാനും സാധ്യമായി. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ച മനോജ് കണ്ണോത്ത് അവ മനോഹരമായി ലയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സംഗീതവും കഥാപരിസരത്തിനു നല്ല മിഴിവേകുന്നുണ്ട്. രണ്ടു പാട്ടുകള്‍ കൂടാതെ റീക്രിയേറ്റ് ചെയ്ത ദേവദൂദര്‍ പാടി, ആയിരം കണ്ണുമായി എന്നിവയും അവസരോചിതമായി ഉപയോഗിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ്. മാറ്റമില്ലാതെ തുടരുന്ന കൊളോണിയല്‍ കോടതിയും അതിന്റെ അപഹാസ്യമായ വിചാരണരീതികളും ചിത്രത്തിലുടനീളമുണ്ട്. പ്രാവുകളും ബദാം മരവും അഭിനേതാക്കളാണ്. ഒരു വക്കീലിന്റെയും പൊതുമരാമത്തു മന്ത്രിയുടെയും കള്ളന്‍ രാജീവന്റെയും കഥയാണിത്. അഥവാ ഒരു സാധാരണക്കാരനായ മലയാളിയുടെ കഥ.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ രാഷ്ട്രീയം പറയുകയും എന്നാല്‍ പിന്നീട് പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധവുമില്ലാതാവുകയും ചെയ്യുന്ന വര്‍ത്തമാന രാഷ്ട്രീയകേരളത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം ഏറ്റെടുത്ത ചലച്ചിത്രദൗത്യം. പ്രേക്ഷകര്‍ക്ക് എക്കാലത്തും ആസ്വാദ്യകരമായ ഹാസ്യരസം പരമാവധി ചൂഷണം ചെയ്യാന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും കഴിഞ്ഞു. രാഷ്ട്രീയ പക്ഷേഭേദമില്ലാതെ കാലങ്ങളായി തുടരുന്ന അഴിമതികളും പാര്‍ട്ടി ഏതായാലും മാറ്റമില്ലാതെ തുടരുന്ന ബ്യൂറോക്രാറ്റ് അഴിമതിയും സിനിമ സൂക്ഷ്മമായി പരിഗണിക്കുന്നേയില്ല. ആ നിലക്ക് ഏകപക്ഷീയമായ ഒരു വായന ചിത്രത്തിനുണ്ട് എന്നു പറയാം. എല്ലാ രാഷ്ട്രീയ കക്ഷികളുമുള്ള യഥാര്‍ത്ഥ കേരളം ഈ സിനിമയില്‍ ഇല്ല. അരാഷ്ട്രീയ ഉള്ളടക്കമെന്ന് വിമര്‍ശിക്കപ്പെട്ടപ്പോഴും സത്യന്‍ അന്തിക്കാട് സന്ദേശം ചെയ്തപ്പോള്‍ ഇടതിനെയും വലതിനെയും പരാമര്‍ശിച്ചിരുന്നു. അതിസാധാരണക്കാരായ മനുഷ്യരുടെ ആത്മാഭിമാനത്തിനെയും അന്തസിനെയും തകര്‍ക്കുന്ന പൊലീസും കോടതിയും ആവര്‍ത്തിക്കപ്പെടുന്നിടത്ത് രാജീവന്റെ പോരാട്ടത്തിന് കാലികപ്രസക്തിയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in