
ആധുനിക മനുഷ്യ ചരിത്രം തുടങ്ങുന്നത് തന്നെ ഹിംസയിലാണ്. കാട് വെട്ടി, കടന്നു കയറി, ആ മണ്ണില്‍ ജനിച്ചു ജീവിച്ചവരെയെല്ലാം കുടിയിറക്കി ചുട്ടുകൊന്നതിന്റെയും അടിമകളാക്കിയതിന്റെയും ചരിത്രമാണ് അത്. അമേരിക്കയാണെങ്കിലും കൊച്ചിയാണെങ്കിലും, കൊല്ലപ്പെട്ട മനുഷ്യരുടെ ഓര്‍മ്മയുടെയും മറവിയുടെയും അടിഞ്ഞ പാളികള്‍ക്ക് പുറത്താണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ആ മനുഷ്യ ചരിത്രത്തിലെ ശക്തമായ ഓര്‍മ്മയാണ് 'മുത്തങ്ങ സമരം'. അതിന്റെ സ്വതന്ത്രമായ ചലച്ചിത്ര ഭാഷ്യമാണ് 'നരിവേട്ട'. 'ഇഷ്ഖിനു' ശേഷം അനുരാജ് ചെയ്യുന്ന കുറേക്കൂടിവലിയ ക്യാന്‍വാസിലുള്ള സിനിമ. ഒരേ സമയം കച്ചവട സാധ്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ ഗൗരവമേറിയ ഒരു വിഷയത്തെ അതിന്റെ ഉള്‍ക്കനം വിട്ടുപോകാതെ അവതരിപ്പിക്കാന്‍ അയാളുടെ രണ്ടാം വരവിലായി. അതിന് അബിന്റെ തിരക്കഥ കാര്യമായി തന്നെ സഹായിക്കുന്നുമുണ്ട്.
മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തില്‍, ഒരു പോലീസുകാരന്റെ ജീവിതം പറയുമ്പോള്‍ അതില്‍ കൂട്ടിച്ചേര്‍ത്തത് ഒക്കെയും പ്രമേയത്തിന്റെ വൈകാരിക തലം ഉയര്‍ത്തുന്നുണ്ട്. നരേഷന്റെ ഈ ശൈലി സമരത്തിന്റെയും, ജാനു, ഗീതാനന്ദന്‍ തുടങ്ങി അനേകം ആദിവാസി സമര നേതാക്കളുടെയും പ്രാതിനിധ്യം കുറയ്ക്കുമോ എന്ന് ഒരുവേള ഞാന്‍ ഭയന്നിരുന്നു. എന്നാല്‍ അതിനു രണ്ടിനും ഇടയില്‍ ഒരു സന്തുലനം കൊണ്ട് വരാന്‍ അബിന് കഴിയുന്നുണ്ട്. തിരിച്ചു ആലോചിക്കുമ്പോള്‍, വ്യക്തികേന്ദ്രീകൃതമാകാതെ ഒരു 'കളക്ടീവ് റെസിസ്റ്റന്‍സ്' എന്ന നിലയില്‍ പ്രമേയം മാറാത്തത് അനുരാജിന്റെയോ അബിന്റെയോ പ്രശ്‌നമല്ല, അത് വിപണിയുടെ പ്രശ്‌നമായാണ് ഞാന്‍ മനസിലാക്കുന്നത്. ചെറുകഥാകൃത്ത് എന്ന നിലയില്‍ 'ഒ.വി.വിജയന്റെ കാമുകി', 'അരിവാള്‍ ചുറ്റിക നക്ഷത്രം', 'നൂറു മില്ലി കാവ്യജീവിതം' തുടങ്ങി ശ്രദ്ധേയമായ കഥകള്‍ എഴുതിയിട്ടുള്ള അബിന്‍ പുതിയ വ്യവഹാര മേഖലയും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. കാസ്റ്റിങ്ങും സിനിമാട്ടോഗ്രഫിയും ആണ് മികച്ചു നിന്ന മറ്റു രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകള്‍. ഗോത്ര മഹാസഭയുടെ പ്രവര്‍ത്തകരായി അഭിനയിച്ച ആര്യ സലിം, പ്രണവ്, പ്രശാന്ത് മാധവന്‍ എന്നിവരും, ചേരന്‍ ചെയ്ത പോലീസ് കഥാപാത്രവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്.
സ്റ്റേറ്റും, ജുഡീഷ്യറിയും, കൊളോണിയലിസ്റ്റുകളും, ജന്മികളും കുത്തക മുതലാളിമാരും, കാലാകാലങ്ങളായി ചൂഷണം ചെയ്ത പല ഗോത്രങ്ങള്‍ അവരുടെ മണ്ണിനു വേണ്ടി ആദിവാസി ഗോത്രമഹാസഭ എന്ന പേരില്‍ തൊണ്ണൂറുകളുടെ അവസാനം ഒത്തുകൂടുന്നു. പലകാല പോരാട്ടങ്ങളുടെ ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഭൂമി നല്‍കാമെന്നു തിരുവനന്തപുരത്ത് കുടില്‍കെട്ടി സമര വേദിയില്‍ 'വാക്ക്' കൊടുക്കുന്നു. അതു പാലിക്കാതെ വന്നതും, ഒരു അന്താരാഷ്ട്ര കുത്തകയ്ക്ക് ആദിവാസി ഭൂമി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാര്‍ത്തയുമായിരുന്നു 2003 ഫെബ്രുവരിയിലെ മുത്തങ്ങ സമരമായി പരിണമിച്ചത്. എല്ലാ കാലത്തും മാവോയിസ്റ്റ് സാന്നിധ്യം ആയിരുന്നു സ്റ്റേറ്റിന് പൊതുസമക്ഷമുള്ള ആദിവാസി വേട്ടയ്ക്കുള്ള കാരണം. പലവേള ചര്‍ച്ച നടന്നെങ്കിലും അത് പരാജയപ്പെട്ടു. ചര്‍ച്ച പരാജയപ്പെടാനും വെടിവെപ്പിലേക്ക് പോകാനും, സ്റ്റേറ്റിനും ഒരു അപ്പര്‍ കാസ്റ്റ്-അപ്പര്‍ ക്ലാസ്സ് കോക്കസിനും ധൃതിയുണ്ടായിരുന്നു. അവര്‍ക്ക് ആദിവാസി വിരുദ്ധമായുള്ള ഒരു പൊതുബോധം സൃഷ്ടിക്കാനും ആയി. പതിനെട്ട് റൗണ്ടാണ് പോലിസ് അന്ന് വെടിവെച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ ആകെ മരിച്ചത് ഒരു ആദിവാസി. അനൗദ്യോഗിക കണക്കില്‍ അഞ്ച്.
വെസ്റ്റേണ്‍ ഘട്‌സിലെ പ്രകൃതി വിഭവങ്ങള്‍ ഖനനം ചെയ്യാന്‍ വര്‍ഷങ്ങളായി കോര്‍പ്പറേറ്റ് ഭീമന്മാര്‍ ശ്രമിക്കുന്നുണ്ട്. കുറച്ചൊക്കെ സാധ്യമായെങ്കിലും അതിന്റെ സിംഹഭാഗം ജാര്‍ഖണ്ഡ്-ഛത്തീസ്ഗഢ് ബെല്‍റ്റിലാണ്. അതിന് വിലങ്ങുതടിയായി നില്‍ക്കുന്നത് ആ നാട്ടിലെ ആദിവാസികളും മാവോയിസ്റ്റുകളുമാണ്. രാഷ്ട്രീയപരമായി അവരോട് വിയോജിക്കുമ്പോളും ഈ വസ്തുത പറയാതിരിക്കാന്‍ ആവില്ല. ഈ സിനിമ ഇറങ്ങുന്നതിനു മൂന്നു ദിവസം മുന്‍പ് ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ വച്ച് സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുവും, 26 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു. അതില്‍ പലരും ആദിവാസികള്‍ ആയിരുന്നു. ചര്‍ച്ചയ്ക്ക് പലവട്ടം സന്നദ്ധത അറിയിച്ചവരെയാണ് ബി.ജെ.പി സര്‍ക്കാര്‍ നിഷ്‌കരുണം കൊന്നു തള്ളിയത്. അതിലെ അമിതാവേശം അദാനി ഗ്രൂപ്പിനാണ് ഇപ്പോള്‍ കരാര്‍ എന്നതാണ്. മറ്റൊന്ന് ഒരു ഇടതുപക്ഷ സംഘടനയുടെ ജനറല്‍ സെക്രട്ടറിയെ കൊല്ലുന്നു എന്നതാണ്. അമിത് ഷായുടെ പ്രതികരണത്തിലെ ഹിംസയുടെ ആ മൃഗീയാനന്ദം കമ്മ്യൂണിസ്റ്റ്കാരനെ കൊന്നതിന്റെയാണ്. അത് യജമാനനോടുള്ള കൂറും തന്റെ പ്രത്യയശാസ്ത്രത്തിനുള്ള കുരുതിയുമാണ്.
നമ്മുടെ ജീവിത കാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും നെറികെട്ട മനുഷ്യ കൂട്ടക്കുരുതിയാണ് 'മുത്തങ്ങ വെടിവെപ്പ്'. ഇന്നും അവരോട് വാക്ക് പാലിക്കാന്‍ നമ്മള്‍ക്ക് ആയിട്ടില്ല.
കൃഷിഭൂമി എന്ന അവരുടെ പ്രാഥമിക ആവശ്യം ഇന്നും കീറാമുട്ടിയായി തുടരുകയാണ്. ഇത് ലോകത്തിന്റെ മുഴുവന്‍ യാഥാര്‍ത്ഥ്യമാണ്. അതില്‍ ചൂഷണം ചെയ്യപ്പെടുന്ന ജനതയുടെ പേരും ഒന്നാണ്. ആ മനുഷ്യ സമൂഹത്തിനുള്ള ട്രൈബ്യൂട്ടാണ്, അവരുടെ ഒരു പോരാട്ട ചരിത്രത്തിന്റെ ഏറെക്കുറെ സത്യസന്ധമായുള്ള ഡോക്യുമെന്റേഷനുമാണ് 'നരിവേട്ട'.