നാരായണീന്‍റെ രണ്ട് പേരക്കുട്ടികള്‍​

നാരായണീന്‍റെ രണ്ട് പേരക്കുട്ടികള്‍​
Published on

നമ്മളെല്ലാവരും അറിഞ്ഞോ അറിയാതെയോ അതിര്‍ത്തികള്‍ക്കകത്ത് ജീവിക്കുന്നവരാണ്. വളര്‍ന്ന് വരുന്ന സാഹചര്യം,വിദ്യാഭ്യാസം, കൂട്ടുകെട്ടുകള്‍, ഇടപെടേണ്ടി വരുന്ന സ്ഥലങ്ങള്‍ എന്നിവയുടെയെല്ലാം സ്വാധീനത്താല്‍ കാലക്രമേണ നമ്മള്‍ ചെറുതോ വലുതോ ആയ അതിര്‍ത്തികള്‍ ഭേദിച്ച് കൂടുതല്‍ സ്വതന്ത്രരാവാനോ, അല്ലെങ്കില്‍ കുറേക്കൂടി ഇടുങ്ങിയ ചുവരുകള്‍ പണിത് ജീവിതം കൂടുതല്‍ ദുസ്സഹമാക്കുവാനോ സാധ്യതയുണ്ട്. ​നാരായണീന്‍റെ മൂന്നാണ്‍മക്കള്‍ ഇഷ്ടപ്പെടുന്നവര്‍ പോലും വിമര്‍ശനമായി അതിലെ സഹോദരന്മാരുടെ മക്കള്‍ക്കിടയിലെ ബന്ധത്തിനെ പരാമര്‍ശിക്കുന്നത് കണ്ടു. ആ സിനിമയില്‍ വിശദമായും ആഖ്യാനത്തിന്‍റെ രീതികള്‍ ശ്രദ്ധയോടെ പ്രയോഗിച്ചുംആവിഷ്ക്കരിച്ച കാരക്ടർ ആര്‍ക്കുകളാണ് ആതിരയെന്നും നിഖിലെന്നുമുള്ള കഥാപാത്രങ്ങളുടെത്. ​

എന്താണ് കാരക്ടർ ആര്‍ക്? കഥയുടെ രൂപപരിണാമങ്ങളില്‍ കഥാപാത്രത്തിന് ക്രമാനുഗതമായ വികാസമാണ് കാരക്ടര്‍ ആര്‍ക്. അത്, സിനിമയ്ക്കകത്തെ കാലം കഥാപാത്രങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ മുതല്‍ ആന്തരികമായുള്ള പരിവര്‍ത്തനം വരെ ഏറെ വിശാലവും പലപ്പോഴും ഏറെ വിശദാംശങ്ങളുള്ളതുമായ ഒന്നാണ്. കഥാരൂപത്തിനിടയിലെ സംഭവങ്ങളാണ് കഥാപാത്രങ്ങളുടെ പരിവര്‍ത്തനത്തിന് കാരണമാകുന്നത്. അമ്മ നാരായണി മരണാസന്നയായി കിടക്കുന്ന തറവാട്ട് വീട്ടിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വരികയും ഒരുമിച്ച് താമസിക്കാനിടവരികയും ചെയ്യുന്ന മൂന്നാണ്‍മക്കളും അവരുടെ കുടുംബങ്ങളുമാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങളും കഥാസന്ദര്‍ഭവും. സഹോദരന്മാര്‍ രണ്ടുപേരുടെ മക്കള്‍, ആതിരയും നിഖിലുമായുണ്ടാകുന്ന സൗഹൃദത്തിനെ, ബന്ധത്തിനെ കൃത്യവും വ്യക്തവുമായ സെറ്റപ്പും പേ-ഓഫുമുള്ള സബ്പ്ലോട്ടായാണ് ചിത്രത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളെയും സന്ദര്‍ഭത്തിനെയും അത് വളര്‍ച്ച പ്രാപിക്കുന്നതിനായുള്ള ഘടകങ്ങള്‍ പടിപടിയായി ചുരുള്‍ നിവര്‍ത്തിയും രചയിതാവ് കൂടിയായ സംവിധായകന്‍ പണിമിനുക്കുള്ള രീതിയില്‍ തന്നെ അക്കാര്യം നിര്‍വ്വഹിച്ചിട്ടുണ്ട്.

ഒരു കാലത്ത് കുടുംബമായി കഴിഞ്ഞ, എന്നാലിപ്പോള്‍ ഒറ്റപ്പെട്ട തുരുത്തുകളായി ജീവിക്കുന്നവരാണ് നാരായണിയുടെ മൂന്നാണ്‍മക്കളും. ഇതിലൊരാള്‍ അവിവാഹിതനാണ്, സേതു. കുടുംബമായി ജീവിക്കുന്ന മറ്റ് രണ്ട് സഹോദരന്മാര്‍ക്കും ചെറുതും വലുതുമായ അസ്വാരസ്യങ്ങള്‍ താന്താങ്ങളുടെ കുടുംബത്തിനകത്തുണ്ട്. അതിന് പുറമെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരെല്ലാം വീട്ടില്‍ ഒരുമിക്കുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങള്‍. ഈ ഉരസലുകളില്‍ നിന്നെല്ലാം മാറി വീട്ടില്‍, മുകളിലെ മുറികളില്‍ താമസിക്കുന്ന ആതിരക്കും നിഖിലിനും പരസ്പരം ആശ്വസമാകാന്‍ കഴിയുന്നുണ്ട്. ആതിര ജനിച്ച സമയത്തായിരുന്നു നിഖിലിന്റെ മാതാപിതാക്കള്‍ വിവാഹം കഴിക്കുന്നത്. അത് വീട്ടിലും നാട്ടിലും വലിയ ഒച്ചപ്പാടുണ്ടാക്കിയ മിശ്രവിവാഹമായിരുന്നു. വിദേശത്തേക്ക് പോയ നിഖിലിന്റെ മാതാപിതാക്കള്‍ പിന്നീട് നാട്ടിലേക്ക് വന്നതേയില്ല, നിഖിലിന്റെ മുത്തച്ഛന്‍ മരിച്ചപ്പോള്‍ പോലും അങ്ങനെയുണ്ടായില്ല. അത് സുപ്രധാനമായ വിശദാംശമാണ്. സാധാരണ നിലക്ക് ആരും വരാനിടയുള്ള പരമപ്രധാനമായ സന്ദര്‍ഭത്തില്‍ പോലും അവര്‍ വീട്ടിലേക്ക് വന്നിട്ടില്ല. ആരെയും കണ്ടിട്ടില്ല. ഇന്നുവരെ പരസ്പരം കണ്ടിട്ടില്ലാത്ത, ജീവിതത്തില്‍ നേരില്‍ ആദ്യമായി കാണുന്ന കസിന്‍സ് എന്നുള്ളതാണ് ഈ സബ്‌പ്ലോട്ടിന്റെ സെറ്റപ്പ്. ​ആതിരയും നിഖിലും തമ്മിലുള്ള ആദ്യത്തെ പ്രധാന സംഭാഷണരംഗത്തില്‍ തന്നെ കാണികള്‍ക്ക് മുന്നില്‍ വ്യക്തമായും മറ്റൊരു വിത്ത് വിതയ്ക്കുന്നുണ്ട് രചയിതാവ്. സംസാരത്തിനിടയില്‍ ആതിര ചെറുതായി ഇടം നല്‍കുമ്പോള്‍ നിഖില്‍ തന്റെ ഉള്ളിലുള്ള വേദന തുറന്നുപറയുന്നുണ്ട്. അഞ്ച് വര്‍ഷം നീണ്ടുനിന്ന തന്റെ ഫസ്റ്റ് ലവ്. ഇതേ ഭാഗത്തുതന്നെ കാണിക്ക് കൃത്യമായി പിടി തരാത്ത വിധമുള്ള ചെറിയ സൂചനയുള്ള ആതിരയുടെ ക്ലോസ് ഷോട്ടുണ്ട്. പിന്നീട്, ആതിര നിഖിലിനോട് പറയുന്നുണ്ട്, അവര്‍, നിഖിലിന്റെ ഫസ്റ്റ് ലവ്, പോയാലും നിങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന മൊമന്റസ് അവര്‍ ചെറിഷ് ചെയ്യുമെന്ന്. ഈയടുത്തൊന്നും ആരും എന്നോടിങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ് നിഖില്‍ അപ്പോള്‍ മറുപടി പറയുന്നത്.

തങ്ങള്‍ അപ്പോള്‍ താമസിക്കുന്ന തറവാട് വീടിനെകുറിച്ച് അവര്‍ പരസ്പരം പലപ്പോഴായി പറയുന്നത് “ഓക്ക്വേർഡ് ആയിരുന്നല്ലേ…”, “താഴെ പിന്നേം നല്ല സീനായിരുന്നൂല്ലേ.” എന്നൊക്കെയാണ്. അവര്‍ ആ പറയുന്നതിന് ശേഷവും വീട്ടിലെ സീന്‍ പിന്നേം ഓക്ക്വേർഡ് ആയതല്ലാതെ മറ്റൊന്നും സിനിമ മുന്‍പോട്ട് പോകുമ്പോള്‍ സംഭവിക്കുന്നില്ല. വിശാലമായ വീടും ആളുകളും ഉണ്ടായിട്ടും, വീട്ടിലും പുറത്തും അവര്‍ രണ്ടുപേരും മാത്രമുള്ള തുരുത്തുകള്‍ ഉണ്ടാകാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. പരസ്പരം പേര് വിളിക്കുന്നത് പോലെയുള്ള ചെറിയ കാര്യങ്ങള്‍ വരെ രണ്ടുപേരും പരസ്പരം ചര്‍ച്ച ചെയ്തും വ്യക്തത വരുത്തിയുമാണ് ആ സൗഹൃദം കൂടുതല്‍ ദൃഢമാകുന്നത്. അവര്‍ തങ്ങള്‍ സ്വന്തം വീടുകളെ കുറിച്ചും തുറന്നുതന്നെ സംസാരിക്കുന്നുണ്ട്. എന്‍റെ അച്ഛന്‍ ലിബറല്‍, ഓപ്പണ്‍ മൈന്‍ഡഡാണെന്ന് പുറമേക്ക് തോന്നുമെങ്കിലും പുള്ളി കൺസെർവെട്ടീവും നാരോ മൈൻഡഡുമായ പഴഞ്ചനാന്നാ തോന്നിയിട്ടുള്ളതെന്ന് നിഖില്‍ പറയുന്നുണ്ട്. വീട് കണ്‍ഫര്‍ട്ടബിള്‍ അല്ലെന്നും അമ്മയായി ഫുൾ ടൈം ഇടിയാണെന്നും മനസ്സ് തുറക്കുന്നുണ്ട്, ആതിര. ആ സന്ദര്‍ഭത്തിനിടക്ക് വരുന്ന ഒരു സംഭാഷണശകലം പിന്നീട് കാണികളില്‍ പലരെയും ചൊടിപ്പിച്ച ചിലതിലേക്കുള്ള സൂചനയായി പോലും കരുതാവുന്നതാണ്… “സർപ്രൈസിംഗായി ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.”​

ഈ സംഭാഷണത്തിന് തൊട്ടുപിന്നാലെയാണ് ഊഷ്മളമായ സൗഹൃദം, വിശാലമാക്കിയ സ്വാതന്ത്രത്തിനിടയില്‍ നിന്ന് നിഖില്‍, ആതിരയോട് സിംഗിളാണോയെന്ന് ചോദിക്കുന്നത്. ഇപ്പോള്‍ ആണെന്ന ഉത്തരം നിഖിലിനെ സന്തോഷിപ്പിക്കുന്നുണ്ട്. ആതിര, നിഖിലിനെ ചെറുതായി തൊടുകയും, ആതിര ചിരിച്ചപ്പോള്‍, സംതിംഗ് ക്രോസ്ഡ്‌മൈ മൈൻഡെന്ന് നിഖില്‍ വെളിവാക്കുകയും ചെയ്യുന്നുണ്ട്. നിഖില്‍ അവരെ പ്രതിപത്തിയോടെ തന്നെ തിരികെ സ്പര്‍ശിക്കുന്നുണ്ടെങ്കിലും വീട്ടിലെ ചെറിയ കുട്ടി വന്ന് അവരുടെ ആ നിമിഷത്തിനെ കെടുത്തികളയുകയാണ്. പിറ്റേന്ന് കുടുബാംഗങ്ങള്‍ എല്ലാവരും കളിയാട്ടത്തിന് പോവുകയും രാത്രി അവരില്‍ നിന്നെല്ലാം മാറി കടവത്തിരിക്കുമ്പോള്‍ മൂത്തത് ആയതുകൊണ്ടെന്ന മുഖവുരയോടെ തലേദിവസത്തെ ആ നിമിഷങ്ങള്‍ ഓക്ക്വേർഡായോ എന്ന് ചോദിക്കുന്നുണ്ട്, ആതിര. സത്യം പറഞ്ഞാല്‍ അങ്ങനെയില്ലെന്നും ഞാനിത്രയും കൺഫർട്ടബിളായി ആരുടെയും കൂടെ ഇരിക്കാറില്ലെന്നും ഇറ്റ്സ് റെയർ ഫോർ മീയെന്നും വിശദീകരിക്കുകയാണ് നിഖില്‍. നിലാവ്, മുന്നിലെ പുഴയില്‍ പരന്നൊഴുകുന്ന വെള്ളം, ആകാശത്ത് നിറങ്ങളോടെ പൊട്ടിവിരിയുന്ന അമിട്ടുകള്‍. ശാന്തവും സുന്ദരവും സ്വകാര്യവുമായ ആ നിമിഷത്തില്‍ അവര്‍ ചുംബിക്കുന്നു. ​

കളിയാട്ടം കഴിഞ്ഞ് വീട്ടിലെത്തി, അവിവാഹിതനായ സേതു അങ്കിളിന്റെ അലമാരയില്‍ നിന്നുകിട്ടിയ വീഡ്‌എടുക്കാനോ ഉപയോഗിക്കാനോ അവര്‍ക്ക് രണ്ടുപേര്‍ക്കും മടിയോ ആശങ്കയോ ഇല്ല. അവിടേക്ക് കടന്നുവരുന്ന സേതു, അവര്‍ അതുപയോഗിക്കുന്നത് അറിഞ്ഞിട്ടും വലിയ എതിര്‍പ്പോ ബഹളമോ ഉണ്ടാക്കുന്നില്ല. ഈ പ്രായത്തില്‍ ഇത് വേണമോ എന്നൊരു ആശങ്ക മാത്രമേ അയാള്‍ പറയുന്നുള്ളൂ. അവര്‍ മൂവരും ചേര്‍ന്നുള്ള സംഭാഷണത്തിലാണ് ആദ്യഭാഗത്ത് വ്യക്തമാക്കാതെയും വിശദീകരിക്കാതെയും വിട്ട സൂചന പുറത്തുവിടുന്നത്. സേതുവിന്റെ ചോദ്യത്തിന് മറുപടിയായി ആതിര, മനുവെന്ന തെലുങ്ക് ചെക്കന്‍ ഉണ്ടായിരുന്നുവെന്നും അത് പതുക്കെ പോയെന്നും വെളിപ്പെടുത്തുന്നു. നിഖിലും കാണികളും ആദ്യമായി അക്കാര്യം അറിയുന്നു. ഇതേ സന്ദര്‍ഭത്തിലെ സംഭാഷണങ്ങള്‍ക്കിടയിലാണ് ബന്ധങ്ങളൊക്കെ അല്ലെങ്കിലും കോംമ്പ്ലിക്കേറ്റഡാണെന്ന സിനിമയുടെ തീമാറ്റിക് സ്റ്റേറ്റ്മെന്റ് സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രത്തിലൂടെ, സേതുവിലൂടെ, അവതരിപ്പിക്കുന്നത്. തുടര്‍ന്ന്, സേതു അക്കാര്യത്തെ വിശദീകരിക്കുന്നുണ്ട്, റിലേഷന്‍ഷിപ്പ്സ് ആര്‍ എഫെമിറല്‍ എന്ന് പറഞ്ഞുകൊണ്ട്. ബന്ധങ്ങളില്‍ അതിര്‍വരമ്പുകള്‍ നല്ലതാണ്. അതുണ്ടെങ്കില്‍ കുറച്ച് കാലം ബന്ധങ്ങള്‍ നിലനിന്നേക്കും.

നിഖിലും ആതിരയും പിന്നീട് ഒരുമിച്ചുള്ള സമയത്ത് കാമാതുരരാകുന്നുണ്ട്. മുറിയിലേക്ക് കടന്നുവരുന്ന ആതിരയുടെ അച്ഛന്‍ അത് കാണാനിട വരികയും തുടര്‍ന്ന് നാരായണീടെ ആണ്‍മക്കള്‍ മൂന്നും വലിയ വഴക്കടിക്കുകയും കുടുംബങ്ങള്‍ താമസിയാതെ തന്നെ വന്ന ഇടങ്ങളിലേക്ക് തിരിച്ച് പോകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ​മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ ആതിരയെ പോയിക്കാണാന്‍ അച്ഛന്‍, നിഖിലിന് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. വീട്ടിലുണ്ടായ പുകിലുകള്‍ക്ക് ശേഷം നിഖില്‍, ആതിരയോടുള്ള സംഭാഷണം തുടങ്ങുന്നത് തന്നെ താങ്ക് യു എന്ന് പറഞ്ഞുകൊണ്ടാണ്.എന്തിനെന്ന് ആതിര ചോദിക്കുമ്പോള്‍ ഫോർ ഗെറ്റിങ് മീ ബാക്ക് ഓൺ മൈ ഫീറ്റ് എന്നായിരുന്നു നിഖിലിന്റെ ഉത്തരം. ഈ സബ്പ്ലോട്ടിന്റെ തുടക്കത്തില്‍ ആതിര തന്നെ നിഖിലിനോട് പറഞ്ഞൊരു കാര്യം സ്വന്തം അനുഭവമായി അവരപ്പോള്‍ആവര്‍ത്തിക്കുന്നുണ്ട്. നമ്മളൊന്നിച്ചുള്ള മൊമൻറ് സ് ഞാനെപ്പോഴും ചെറിഷ് ചെയ്യും. ഞാനുമെന്ന് നിഖിലും ആ പ്രസ്താവനയെശരിവെയ്ക്കുന്നു. ആതിരയുടെ മുറിയിലെ മേശപ്പുറത്തെ സ്ഫടികപ്പാത്രത്തില്‍ ഒറ്റക്ക് നീന്തുന്ന മീനിന്റെ ഷോട്ടിലാണ് അവര്‍ രണ്ടുപേരും ഒരുമിച്ചുള്ള അവസാന രംഗം തീരുന്നത്. ​

ജീവിതത്തിന്റെ ഏതോ സന്ദര്‍ഭത്തില്‍ പ്രണയിയെ നഷ്ടപ്പെട്ട രണ്ടുപേരുടെ ഏകാന്തത പരസ്പരപൂരകമാവുന്നതും അവരതിനെപറഞ്ഞും പങ്കുവെച്ചും തിരിച്ചറിയുന്നതും അതിനിടയില്‍ വളരെ സ്വാഭാവികമായി സംഭവിക്കുന്ന കാമവും പഴയ നഷ്ടങ്ങളുടെ വേദനയില്‍ നിന്നും ഭാരത്തില്‍ നിന്നും അവര്‍ സ്വതന്ത്രരാവുന്നതുമാണ് ഈ സബ്പ്ലോട്ടിലെ പേ ഓഫ്. സിനിമയുടെ തുടക്കത്തിലുള്ള ആതിരയും നിഖിലുമല്ല പിരിയുമ്പോഴുള്ളവര്‍. മനസ്സുകൊണ്ട് മറയില്ലാതെയായും പരസ്പരം നന്നായി അറിയുകയും ചെയ്യുന്ന മനുഷ്യര്‍ക്കിടയിലെ സ്വാഭാവികമായ ചോദന മാത്രമാണ് ഈ കഥാപാത്രങ്ങള്‍ക്കിടയിലെ ലൈംഗികത. എവിടെയും എപ്പോഴും സംഭവിക്കാവുന്ന അങ്ങേയറ്റം സ്വാഭാവികമായ കാര്യത്തെ കാണികളെ ബോധ്യപ്പെടുത്താവുന്നവിധം സമര്‍ത്ഥമായി ആവിഷ്ക്കരിക്കാന്‍ ശ്രമിച്ചുവെന്നതാണ്‌നാരായണീന്‍റെ മൂന്നാണ്‍മക്കളിന്‍റെ എടുത്ത് പറയേണ്ട കാര്യമായി അനുഭവപ്പെട്ടത്.​

മുകളില്‍ സൂചിപ്പിച്ചത് അത്ര ചെറിയ കാര്യമായി കരുതാനാവില്ല, പ്രത്യേകിച്ചും മാമൂലുകള്‍ പിന്തുടരുന്ന ബഹുഭൂരിപക്ഷം വരുന്നകാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന, നമ്മുടെ ഭൂരിപക്ഷം സിനിമകളും അവരെ നുള്ളിനോവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും, പ്രകോപിപ്പിക്കാതിരിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് വശംവദരാവുകയും ചെയ്യും. എന്നുവെച്ചാല്‍ പൊതുസങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കാവുന്ന കാര്യങ്ങള്‍ നമ്മുടെ സിനിമയില്‍ പറഞ്ഞു തുടങ്ങിയാലും ഭൂരിപക്ഷത്തിനെ തൃപ്തിപ്പെടുത്തുന്ന യു-ടെണ്‍ സിനിമകള്‍ എടുക്കാറുണ്ട്.

ഉദാഹരണത്തിന് കമല്‍ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’, മകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന അച്ഛനെ അവതരിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും അച്ഛന്‍ കഥാപാത്രത്തിനെ ആ രീതിയില്‍ അവതരിപ്പിക്കാമോ എന്നൊരു പ്രതികരണം കാണികളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായെന്ന് വരാം. ഉള്‍ക്കൊള്ളാനാകാത്തവരെ ആശ്വസിപ്പിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തല്‍ പിന്നീട് സിനിമയിലുണ്ട്. ആ നീചനായ കഥാപാത്രം പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ മാത്രമാണ് എന്നതാണത്. ​

നാരായണീന്‍റെ മൂന്നാണ്‍മക്കളില്‍ സഹോദരന്മാരുടെ മക്കള്‍ക്കിടയിലെ ബന്ധം ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കണ്ടുമുട്ടാനിടവന്ന രണ്ടുപേര്‍ക്കിടയില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന ഒന്നാണെന്ന രീതിയില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എഴുതിയിട്ടുള്ള സംഭാഷണങ്ങളില്‍ പോലും കൊടുത്തിട്ടുള്ള ശ്രദ്ധ എടുത്ത് പറയേണ്ടതാണ്. കല്യാണാലോചനയോ വിവാഹമോ ഒരുമിച്ചുള്ള ജീവിതമോ ഒന്നുമല്ല സ്വതന്ത്രരായ രണ്ട് മനുഷ്യരുടെ ജീവിതത്തിലെ ചെറിയ കാലയളവില്‍ സംഭവിച്ച ഒരു അദ്ധ്യായം മാത്രമാണത്… അതിനെ കാണി സ്വന്തം ജീവിതസങ്കല്‍പ്പങ്ങളും ഭാവനയും ഉപയോഗിച്ച് വിപുലീകരിച്ചാല്‍ എന്ത് സംഭവിക്കാമെന്നതിന്‍റെ ഉത്തരം മാത്രമാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ തുടരുന്ന ചര്‍ച്ചകള്‍. ​ നാരായണീന്‍റെ മൂന്നാണ്‍മക്കളിലെ കഥാപാത്രങ്ങളുടെ പ്രവൃത്തികളില്‍ ഏറ്റവും ഹീനമായ നിമിഷം അമ്മ മരിക്കുമെന്ന് കരുതിയിരുന്ന സമയവും ഏറെ കഴിഞ്ഞ് പിന്നെയും ജീവന്‍ കെടാതെ തുടരുമ്പോള്‍ മക്കളിലൊരാള്‍ കൊന്നാലോയെന്ന പാതിചിന്തയില്‍ ആ മുറിയിലെത്തി, അതിന് സാക്ഷിയാവുന്ന മറ്റൊരു സഹോദരന്‍ ഞാനും ഇത് ആലോചിച്ചിരുന്നുവെന്ന തുറന്നുപറച്ചിലാണ്. അങ്ങനെയൊരു ജീവിതസന്ദര്‍ഭത്തിനെ കുറിച്ച് എവിടെയും ആരുടെയും വിമര്‍ശ്ശനവും വേദനയും കണ്ടില്ല. വേദന മുഴുവന്‍ ചെറുപ്പക്കാരുടെ ലൈംഗിക ജീവിതത്തിനെ കുറിച്ചാണ്… മിക്കപ്പോഴും നമ്മള്‍ അങ്ങിനെയാണല്ലോ… മറ്റുള്ളവരുടെ സ്വകാര്യജീവിതവും തെരെഞ്ഞെടുപ്പുകളുമാണല്ലോ നമുക്കിടയിലെ ബഹുഭൂരിപക്ഷത്തിന്‍റെയും സ്വൈര്യം കെടുത്താറുള്ളത്..

Related Stories

No stories found.
logo
The Cue
www.thecue.in