മുകളിലെ വെളിച്ചമല്ല, വെളിച്ചമായി ജ്വലിക്കുന്ന മനുഷ്യരാണ് മഞ്ഞുമ്മൽ ബോയ്സ്

മുകളിലെ വെളിച്ചമല്ല, വെളിച്ചമായി ജ്വലിക്കുന്ന മനുഷ്യരാണ് മഞ്ഞുമ്മൽ ബോയ്സ്

ഏത് സൗഹൃദവും കുറേ അസംബന്ധമുഹൂർത്തങ്ങൾ നിറഞ്ഞ ഒന്നാണ്. അതേസമയം ജീവിതത്തെ കുറേ 'അസംബന്ധമുഹൂർത്തങ്ങളുടെ സഞ്ചയം' മാത്രമായിരിക്കാൻ അനുവദിക്കാതിരിക്കുന്ന ഘടകങ്ങളിലൊന്നും സൗഹൃദമാണ്. കഠിനകാലങ്ങളെ മുറിച്ചു കടക്കാൻ സൗഹൃദത്തിന്റെ തോണി തന്നെയാണ് മനുഷ്യജീവിതത്തെ സംബന്ധിച്ച് ഏറ്റവും വലിയ ബലം. അതുകൊണ്ട് തന്നെ സൗഹൃദം പ്രമേയമാവുന്ന അനേകം സൃഷ്ടികൾ സാഹിത്യത്തിലും സിനിമയിലുമെല്ലാം ഉണ്ടായിട്ടുണ്ട്.'I never had any friends later on like the ones I had when I was 12' എന്നൊരു സുന്ദരമായ സംഭാഷണമുണ്ട് STAND BY ME (1986) എന്ന ചിത്രത്തിൽ. ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തമുഖത്തു നിൽക്കുമ്പോഴും നഷ്ടപ്പെട്ട ബന്ധുകൂടിയായ സുഹൃത്ത് മൂസയെ തിരഞ്ഞുപോകുന്നുണ്ട് ME CAPTAIN എന്ന ചിത്രത്തിൽ സെയ്ദു. സൗഹൃദത്തിലെ സംഘർഷങ്ങളും സംഘർഷകാലത്തെ സൗഹൃദവുമെല്ലാം പ്രമേയമായ അനേകം സിനിമകൾ മലയാളത്തിലും ഉണ്ടായിട്ടുണ്ട് (ഫ്രണ്ട്‌സ്, ദോസ്ത് തുടങ്ങിയ പേരുകളിൽ പോലും മലയാളത്തിൽ സിനിമകളുണ്ടായിട്ടുണ്ട് എന്നോർക്കുക)

STAND BY ME (1986)
STAND BY ME (1986)

സംഘർഷകാലത്ത് കൂടുതൽ സുദൃഢമാകുന്ന സൗഹൃദ സന്ദർഭങ്ങൾ നിരവധിയുണ്ട് പ്രിയദർശന്റെയും സിദ്ധീഖ്-ലാലിന്റെയുമെല്ലാം സിനിമകളിൽ. പ്രിയദർശൻ ചിത്രമായ കിലുക്കത്തിലെ ജോജിയെയും നിശ്ചലിനെയും ഓർക്കാം. മോഹൻലാൽ- ശ്രീനിവാസൻ/ജഗതി കഥാപാത്രങ്ങളുടെ സൗഹൃദത്തിൽ, പരസ്പരം വേദനിപ്പിച്ചും വഴക്കടിച്ചുമാണ് പലപ്പോഴും അത് മുന്നോട്ട് പോകുന്നത്, ഒരു ടോം ആന്റ് ജെറി ഛായ കണ്ടെത്താനാവും എന്ന് നിരീക്ഷിക്കുന്നുണ്ട് നിരൂപകൻ സജയ് കെ.വി.

സിദ്ധീഖ്-ലാൽ സിനിമകളുടെ കേന്ദ്രപ്രമേയം തന്നെ പലപ്പോഴും ഈ സൗഹൃദവും അതിന്റെ അന്യോന്യതയുമാണ്. അവരുടെ റാംജിറാവു സ്പീക്കിങ് നോക്കുക. എപ്പോഴും പരസ്പരം വഴക്കടിക്കുന്നവരായി കാണപ്പെടുന്നുണ്ടെങ്കിലും കഠിനകാലങ്ങളെ മുറിച്ചുകടക്കാൻ ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മത്തായിച്ചേട്ടനും ഒറ്റക്കെട്ടായി നിൽക്കുന്നുണ്ട്. ഗോഡ്ഫാദറിലെ രാമഭദ്രന് എന്തിനും കൂട്ടായി മായിൻ കുട്ടിയുണ്ട്. കാമുകിയുടെ വീട്ടിലേക്ക് ഒളിച്ചുപോകുന്ന രാത്രിയിൽ പോലും മായിൻ കുട്ടി രാമഭദ്രനൊപ്പമുണ്ട്. അസംബന്ധമുഹൂർത്തങ്ങൾ മാത്രം നിറഞ്ഞ ഒന്നാണ് ഇൻ ഹരിഹർ നഗറിലെ സൗഹൃദം. പക്ഷേ പകച്ചുനിൽക്കേണ്ടി വരുന്ന ജീവിതസന്ദർഭങ്ങളിലൊക്കെയും അവർ പരസ്പരം താങ്ങാവുന്നുണ്ട്. ഇരുവരും ഒരുമിച്ച അവസാനചിത്രമായ കാബൂളിവാലയിലാവട്ടെ സൗഹൃദം തന്നെയാണ് കേന്ദ്രപ്രമേയം. സംഘർഷസന്ദർഭങ്ങളിൽ ജീവിതത്തിന് ബലമായി മാറുന്ന സൗഹൃദത്തെ പ്രമേയമാക്കി സിനിമകൾ ചെയ്യുക മാത്രമല്ല, സൗഹൃദമെന്ന അനുഭൂതിയുടെ ബലം ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു ഇരുവരും. ഒരുമിച്ച് സിനിമകൾ ചെയ്തതുപോലെ തന്നെ നൈസർഗികമായി, സംഘർഷങ്ങളേതുമില്ലാതെ, അഭ്യൂഹങ്ങൾക്കൊന്നും ഇടകൊടുക്കാതെ വേർപിരിയുകയും ചെയ്തു സിദ്ധീഖ്-ലാൽ എന്ന മലയാളസിനിമയിലെ എക്കാലത്തെയും സുന്ദരമായ ആ കൂട്ടുകെട്ട്. (സിദ്ധീഖിന്റെ മരണാനന്തരം, ഇരുന്ന ഇരുപ്പിൽ നിന്ന് എഴുന്നേറ്റ് പോകാത്ത ലാലിനെ കണ്ടപ്പോൾ ആ സിനിമാസന്ദർഭങ്ങളെല്ലാം ഒരൊറ്റ ഫ്രെയിമിൽ വന്നിരിക്കുന്നതുപോലെ തോന്നിയിരുന്നു).

സിദ്ധീഖ്-ലാൽ
സിദ്ധീഖ്-ലാൽ

'മഞ്ഞുമ്മൽ ബോയ്‌സ്' കണ്ടപ്പോഴാണ് വീണ്ടും സിനിമയിലെ സൗഹൃദം എന്ന പ്രമേയം ആലോചിക്കാനിടയാത്. സർവൈവൽ പോലെ തന്നെ പ്രധാനമാണ് മഞ്ഞുമ്മൽ ബോയ്‌സിലെ സൗഹൃദവും. യാത്രയ്ക്കിടയിൽ ഗുണാ കേവ്‌സിലെ ഭീതിദമായ കുഴിയിലേക്ക് വീണു പോകുന്ന സുഭാഷിനെ രക്ഷിക്കാനുള്ള കൂട്ടുകാരുടെ പരിശ്രമമാണല്ലോ സിനിമ. താഴേക്ക് വീണുപോയ സുഭാഷിനെ രക്ഷിക്കാൻ സുഹൃത്ത് 'കുട്ടേട്ടൻ' കുഴിയിലേക്കിറങ്ങുകയാണ്. സുഭാഷിന് വേണ്ടി ചാടാൻ കുട്ടേട്ടൻ തീരുമാനിക്കുന്ന സന്ദർഭത്തിൽ മാത്രമല്ല പക്ഷെ സിനിമയിൽ സൗഹൃദം എന്ന പ്രമേയം കാണുന്നത്. സിനിമയുടെ തുടക്കം മുതലേ ഒളിഞ്ഞും തെളിഞ്ഞും സൗഹൃദത്തിന്റെ പല അടരുകളും കടന്നുവരുന്നുണ്ട്. ഒരുമിച്ചുനിൽക്കുമ്പോഴുള്ള ബലമാണ് സൗഹൃദത്തിന്റെ പ്രധാന സത്ത. ആ ബലമാണ് കല്യാണവീട്ടിലെ വടംവലിയിലേക്ക് മഞ്ഞുമ്മൽ ബോയ്‌സിനെ എത്തിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ കഥാപാത്രമായ ഡ്രൈവർ പ്രസാദ് ആദ്യമേ തന്നെ അവരുടെ സൗഹൃദത്തിന്റെ 'വൈബ്' തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണല്ലോ അയാൾക്ക് പെട്ടെന്ന് അവരിലൊരാളാവാൻ സാധിക്കുന്നത്; ആ വലിപ്പച്ചെറുപ്പമില്ലായ്മ തന്നെയാണ് സൗഹൃദത്തെ ഏതവസ്ഥയിലും മനോഹരമാക്കുന്നത്. കെ.ഇ.എൻ ഒരു പ്രഭാഷണത്തിൽ സൂചിപ്പിക്കുന്നതുപോലെ 'വലിയ ആളാവല്ലേ' എന്നത് സൗഹൃദത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു പ്രയോഗമാണ്, വലിയ ആളും ചെറിയ ആളും ഉണ്ടായാൽ സൗഹൃദമേ അപ്രസക്തമാവുമല്ലോ. ജീവിതപങ്കാളിയെ എപ്പോഴും 'സുഹൃത്ത്' എന്ന് അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്ന മനോഹരമായ മറുപടി 'എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം സൗഹൃദമാണല്ലോ' എന്നാണ്.

​മഞ്ഞുമ്മൽ ബോയ്സ്
​മഞ്ഞുമ്മൽ ബോയ്സ്

ഉപരിമധ്യവർഗത്തിന്റെ 'ട്രിപ്പ്' അല്ല, തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നു വരുന്ന കുറച്ചു ചെറുപ്പക്കാരുടെ 'ടൂർ' ആണ് മഞ്ഞുമ്മലിലുള്ളത്. ചിദംബരം തന്നെ മനീഷ് നാരായണനുമായുള്ള അഭിമുഖത്തിൽ സൂചിപ്പിക്കുന്നതുപോലെ വർഷത്തിലൊരിക്കലോ മറ്റോ മാത്രം സംഭവിക്കുന്ന 'ലക്ഷ്വറിയാണ്' അവരെ സംബന്ധിച്ച് ഇത്തരം യാത്രകൾ. ദൈനംദിനജീവിതത്തിന്റെ സംഘർഷഭരിതമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് അവധിയെടുത്താണ് അവർ യാത്ര പോകുന്നത്. അങ്ങനെയൊരു യാത്രയിലാണ് അവർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഘർഷത്തെ അഭിമുഖീകരിക്കുന്നത്. പൊരുതി നിന്ന് അതിനെ അതിജീവിക്കുക എന്നതല്ലാതെ സമരസപ്പെടുക എന്നൊരു വഴി അവർക്ക് മുന്നിലില്ല. വീണുപോയവരാരും തിരിച്ചുവരാത്ത ഒരിടമായിട്ടുകൂടി സുഭാഷ് മടങ്ങിവരില്ല എന്നൊരു തോന്നൽ ഒരു നിമിഷം പോലും അവർക്കാർക്കും ഉണ്ടാവുന്നില്ല. തങ്ങളുടെ പോരാട്ടങ്ങൾ ഒരു നാൾ വിജയിക്കും എന്ന വർക്കിങ് ക്ലാസ് പ്രത്യാശയാണ് അവരിൽ തെളിയുന്നത്. 'സുഭാഷ് പോയി' എന്ന് പല തവണ ആവർത്തിക്കുന്ന കൂട്ടുകാരനാണ് ഒടുവിൽ അവനെ രക്ഷിക്കാൻ പ്രായോഗികമായ ഒരു വഴിയുമായി വരുന്നത് എന്നും കാണാം. പണമില്ലാത്തതുകൊണ്ട് ആദ്യം യാത്രയിൽ നിന്ന് മാറിനിൽക്കുന്ന സുഭാഷ് മറ്റൊരാൾക്ക് പകരക്കാരനായാണ് യാത്രാസംഘത്തിലെത്തുന്നത്. അതേസമയം അയാൾ വെറും പകരക്കാരനല്ല, സുഹൃത്താണ്. അതുകൊണ്ടുകൂടിയാണ് അവനെ ഒഴിവാക്കിക്കൊണ്ടുള്ള മടങ്ങിവരവ് അവരെ സംബന്ധിച്ച് അസാധ്യമാകുന്നത്. സ്‌നേഹത്തിന്റെ വിമോചനമൂല്യം അത്തരം ഉപാധിരഹിതമായ പ്രകടനങ്ങളിലാണ്. വിദ്യാഭ്യാസവും രാഷ്ട്രീയവും മുതൽ പ്രണയവും സൗഹൃദവും വരെയുള്ള എല്ലാ വ്യവഹാരങ്ങളും പ്രയോജനങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരിക്കണം എന്ന ആശയം പലതരം സമ്മർദ്ദങ്ങളിലൂടെ ആവിഷ്‌കരിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് നവ ലിബറൽ യുക്തികൾ. നഴ്‌സിനെ വിവാഹം കഴിച്ച് വിദേശത്തെത്തണം എന്ന് സ്വപ്‌നം കാണുന്നവർ ഇന്ന് നമ്മുടെ നാട്ടിൽ ഏറെയാണ്. അങ്ങനെയൊരു കാലത്താണ് ജീവിതത്തിന്റെ ഏറ്റവും കഠിനകാലത്തും പ്രയോജനരഹിതമായി സ്‌നേഹിക്കുന്ന മനുഷ്യരെ പ്രമേയമാക്കി ഒരു സിനിമയുണ്ടാവുന്നത് എന്നത് പ്രസക്തമാണ്. വിവേകത്തിന് മലയാളഭാവന നൽകിയ ഏറ്റവും ബൃഹത്തായ അർത്ഥം 'പരക്ലേശവിവേകം' (കുഞ്ചൻ നമ്പ്യാർ) ആണെന്ന് നിരീക്ഷിക്കുന്നുണ്ട് സുനിൽ പി.ഇളയിടം.'അന്യജീവനുതകി സ്വജീവിതം, ധന്യമാക്കുമമലേ വിവേകികൾ' എന്നെഴുതുന്നുണ്ട് ആശാൻ. അവനവന്റെ ജീവിതം ത്യജിച്ചും മറ്റൊരാളെ രക്ഷിക്കാനിറങ്ങിപ്പുറപ്പെടാനുള്ള വിവേകമാണ് മഞ്ഞുമ്മൽ ബോയ്‌സിനുള്ളത്. 'നീയായിരുന്നെങ്കിൽ എന്ത് ചെയ്യും?' എന്ന് ചോദിക്കുന്ന സൗബിന്റെ കഥാപാത്രത്തോട് 'നീ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും' എന്ന് പറയുന്നുണ്ട് കൂട്ടുകാരിലൊരാൾ. ഉടുപ്പിൽ ചെളി പുരളാതിരിക്കാൻ കല്യാണവീട്ടിൽ ഭക്ഷണം വിളമ്പുന്നതിൽ നിന്ന് മാറി നിൽക്കുന്ന അയാൾ തന്നെ കൂട്ടുകാരനെ രക്ഷിക്കാൻ മഴയത്ത് മണ്ണിൽ കിടക്കുന്നുണ്ട്. കൂട്ടുകാരൻ വീണുപോയി എന്നറിയുമ്പോൾ സ്വബോധത്തിൽ നിന്നും ഇറങ്ങിപ്പോവുകയാണ് മറ്റൊരു കൂട്ടുകാരൻ (അവരുടെ കുട്ടിക്കാലത്തിന്റെ റഫറൻസ് കൂടി ഇവിടെ മനോഹരമായി ചേർത്തുവയ്ക്കുന്നുണ്ട് സിനിമ) അങ്ങനെ പലപ്പോഴും അസാധ്യമായിരിക്കുകയും എന്നാൽ സൗഹൃദത്തിൽ-സ്‌നേഹത്തിൽ മാത്രം സാധ്യമാവുകയും ചെയ്യുന്ന അനേകം സന്ദർഭങ്ങളാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ കാതൽ. അസാധ്യമെന്ന് തോന്നുകയും അതേസമയം സ്‌നേഹത്തിൽ മാത്രം സാധ്യമാവുകയും ചെയ്യുന്ന ഒന്ന് തന്നെയായിരുന്നു ചിദംബരത്തിന്റെ ജാൻ-എ മൻ എന്ന സിനിമയുടെ പ്രമേയവും.

മഞ്ഞുമ്മൽ ബോയ്‌സിന് പല അടരുകളുമുണ്ട്. മലയാള സിനിമയിൽ പലപ്പോഴും വംശീയമായി മാത്രം ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരുന്ന, 'കൊച്ചി'യെ സംബന്ധിക്കുന്ന സ്റ്റീരിയോടൈപ്പുകളെ അപനിർമ്മിച്ച സൗബിൻ ഷാഹിറിന്റെ പറവയും രാജീവ് രവിയുടെ കമ്മട്ടിപ്പാടവും പോലെയുള്ള സിനിമകളുടെ ഗണത്തിൽ തന്നെയാണ് മഞ്ഞുമ്മലും നിലകൊള്ളുന്നത്. മഞ്ഞുമ്മൽ എന്ന പ്രദേശത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് തന്നെയാണ് ഇവിടെ സിനിമ നോക്കുന്നത് എന്നത് കൊച്ചിയെ പരിചയമുള്ള ആർക്കും നിരാകരിക്കാനാവാത്ത കാര്യമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം സർവൈവ് ചെയ്ത സുഭാഷിന്റെ ജീവിതത്തിലേക്ക് സിനിമ നോക്കുന്ന നോട്ടമാണ്. അതിജീവിച്ചു കഴിഞ്ഞാൽ 'They lived happily ever after' എന്ന യുക്തിയിലേക്ക് സർവൈവറിന്റെ ജീവിതം ചുരുക്കുന്ന പതിവ് രീതി സിനിമ അവലംബിക്കുന്നില്ല. സുഭാഷ് കടന്നുപോകുന്ന ട്രോമ മാത്രമല്ല അത്തരം ട്രോമകളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് അവലംബിക്കാവുന്ന ഏറ്റവും ശാസ്ത്രീയമായ പരിഹാരമാർഗത്തിലേക്ക് കൂടി കടക്കുന്നുണ്ട് സിനിമ. സിനിമയിലെ കമൽഹാസൻ റഫറൻസുകളും 'കണ്മണി അൻപോട്' പാട്ടിന്റെ കൃത്യമായ പ്ലെയ്‌സിങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. അനുരാഗഗാനമായി നാം ഇത്ര നാൾ കേട്ടിരുന്ന ഒരു പഴയ പാട്ടാണ് (retro Song) ഇവിടെ മറ്റൊരു നിലയിൽ മനോഹരമായി ചേർത്തുവെച്ചിരിക്കുന്നത്. അതൊരു എളുപ്പമുള്ള സംഗതിയല്ല. ചെറുതായി ഒന്ന് പാളിയാൽ പോലും സീൻ ചിലപ്പോൾ കൈവിട്ടു പോകും. പാളിയില്ലെന്ന് മാത്രമല്ല പ്രേക്ഷകർ വലിയ നിലയിൽ അത് സ്വീകരിക്കുകയും ചെയ്തു ( അതൊരു ഡയറക്ടർ ബ്രില്യൻസ് തന്നെയാണ്!)

'കണ്മണി അൻപോട്' എന്ന ​ഗാനത്തിലെ ഒരു രം​ഗം
'കണ്മണി അൻപോട്' എന്ന ​ഗാനത്തിലെ ഒരു രം​ഗം

'എന്താണ് മച്ചാനേ ഈ ദൈവം' എന്ന യുക്തിവാദിയായ സുഭാഷിന്റെ ചോദ്യത്തിന് ഡ്രൈവർ പ്രസാദ് പറയുന്ന, വളരെയധികം ആഘോഷിക്കപ്പെട്ട, മുകളിൽ നിന്ന് വരുന്ന വെളിച്ചം എന്ന ഉത്തരമല്ല സിനിമ ബാക്കിയാക്കുന്നത്. വെളിച്ചമായി ജ്വലിച്ചുനിൽക്കുന്ന, നമുക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന മനുഷ്യരെ പ്രതിയുള്ള പ്രത്യാശയാണ്. മരണത്തെ അതിജീവിച്ചുവരുന്ന സുഭാഷിനെ പ്രദേശവാസികൾ ദൈവമായി കാണുന്നുണ്ട്. പക്ഷേ പ്രേക്ഷകരുടെ മനസ്സിൽ ദൈവസമാനമായി തിളങ്ങുന്നത് കുട്ടേട്ടനും സംഘവുമാണ്. കുട്ടേട്ടന്റെ ഇടപെടൽ ലോകം തിരിച്ചറിയുമ്പോഴും സുഭാഷിന്റെ അമ്മ അയാളെ കെട്ടിപ്പിടിക്കുമ്പോഴും പ്രേക്ഷകരുടെ കണ്ണുകൾ നിറയുന്നത് അതുകൊണ്ടാണ്.

സുഭാഷിന്റെ വീട്ടിലെ ടി.വി യിൽ വച്ചിരിക്കുന്ന പഴയൊരു സിനിമ നോക്കി സൗബിന്റെ കഥാപാത്രം 'ഇതെന്താ സീരിയലാണോ?' എന്ന് ചോദിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ സോഷ്യോ-എക്കണോമിക് യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടക്കാത്ത, അതേസമയം 'സിനിമ' സീരിയൽ അല്ലെന്ന് ബോധ്യമുള്ള, സുന്ദരമായ സിനിമകൾ മലയാളത്തിന് സമ്മാനിക്കാൻ കഴിയുന്ന ചിദംബരത്തെപ്പോലുള്ള സംവിധായകർ നമുക്ക് സമ്മാനിക്കുന്നത് വലിയ പ്രത്യാശ തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in