നായികമാർ ഇനിയും കുലസ്ത്രീകളാകേണ്ടതുണ്ടോ? മലയാള സിനിമ മധുരമനോഹര മോഹത്തിലെത്തുമ്പോൾ

നായികമാർ ഇനിയും കുലസ്ത്രീകളാകേണ്ടതുണ്ടോ? മലയാള സിനിമ മധുരമനോഹര മോഹത്തിലെത്തുമ്പോൾ

ഉണ്ണിയാർച്ച കുഞ്ഞിരാമന്റെ ഉത്തമ പത്‌നിയായിരുന്നു. പാതിരാത്രി കോരപ്പുഴ നീന്തിക്കടന്ന് തന്റെ കിടപ്പറയിൽ നുഴഞ്ഞു കയറുന്ന ചന്തുവിനെ ഉണ്ണിയാർച്ച ചൂലെടുത്തു തല്ലുന്നുണ്ട്. അതു പഴയ സിനിമയിലെ (1961) ഉണ്ണിയാർച്ച. വടക്കൻ വീരഗാഥയിൽ എം.ടി. വാസുദേവൻ നായർ ചന്തുവിന്റേയും ഉണ്ണിയാർച്ചയുടേയും മനസ്സ് കണ്ടു. ഒരുമിച്ചു കളിച്ചു വളർന്ന മച്ചുനനോട് ഉണ്ണിയാർച്ചക്ക് കാമം തോന്നാനുള്ള കാരണങ്ങളും അവസരങ്ങളും അനവധിയാണ്. മാത്രമല്ല, ഒന്നിലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന സ്ത്രീകൾ വടക്കൻ പാട്ടിൽ വേറെയുമുണ്ട്. ഉണ്ണിയാർച്ച ആശിച്ചിട്ടും ക്ഷണിച്ചിട്ടും തന്നെയാകും ചന്തു അവളുടെ അന്ത:പുരത്തിലെത്തിയിട്ടുണ്ടാകുക. പക്ഷേ, സിനിമകൾ വരുന്ന കാലത്ത്, സമൂഹം കുലസ്ത്രീ, പതിവ്രത സങ്കൽപങ്ങളിലേക്ക് മാറിക്കഴിഞ്ഞിരുന്നു. വെള്ളിത്തിരയിലെ മറ്റു നായികമാരെ പോലെ വടക്കാൻ പാട്ടിലെ നായികമാർ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നവരായി.

വടക്കൻ പാട്ടിലെ കഥ മാത്രമല്ല, കേരളത്തിന്റെ ചരിത്രവും ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു. സംബന്ധക്കാരായ പുരുഷന്മാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പെണ്ണിന്റെ മാന്യത കൂടുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് വന്ന സാമൂഹിക മാറ്റങ്ങളുടെ പ്രധാന വിപരീത ഫലങ്ങളിലൊന്നായിരുന്നു കുടുംബങ്ങളിൽ വേരുറപ്പിച്ച പുരുഷ മേധാവിത്തം. പുരുഷ മേധാവിത്തം ശക്തമായതോടെ സ്ത്രീയുടെ ലൈംഗികത നിയന്ത്രണങ്ങളിൽ കുരുങ്ങി. പതിവ്രത, കുലസ്ത്രീ തുടങ്ങിയ സംജ്ഞകളിൽ അവർ കുരുക്കിയിടപ്പെട്ടു. താത്രിക്കുട്ടിമാരെ അവർ സ്മാർത്തവിചാരം നടത്തി.

അതായത് പാതിവ്രത്യവും കുലസ്ത്രീ സങ്കൽപവുമൊക്കെ നമ്മുടെ സമൂഹത്തിൽ പടരാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ആ സങ്കൽപത്തിൽനിന്നാണ് സിനിമകളിലെ നായിക പരിശുദ്ധയായിരിക്കണമെന്നു നിർബന്ധമുണ്ടാകുന്നത്. ബലാത്സംഗം ചെയ്യപ്പെടുന്ന നായികമാർക്ക് സിനിമയിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ കാമുകനോ ഭർത്താവോ സ്വീകരിക്കാൻ പ്രയാസമുണ്ട്. 'ചാരിത്ര്യം നഷ്ടപ്പെട്ട' ഒരു പെൺകുട്ടിയെ കാമുകൻ ആദ്യമായി സ്വീകരിക്കുന്നത് പത്മരാജന്റെ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലാണെന്നു തോന്നുന്നു. രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ച സോഫിയയെ നിറഞ്ഞ മനസ്സോടെയാണ് സോളമൻ സ്വീകരിക്കുന്നത്. തൂവാനത്തുമ്പികളിലെത്തുമ്പോൾ മറ്റൊരു പെൺകുട്ടിയുടെ 'ചാരിത്ര്യം നഷ്ടപ്പെടുത്തിയ' പുരുഷനെ 'പതിവ്രത'യായ കാമുകിക്ക് സ്വീകരിക്കേണ്ടി വരുന്നുണ്ട്.

പതിവ്രതക്കും ചാരിത്രവതിക്കും പുല്ലിംഗങ്ങളില്ല. അതുകൊണ്ടു തന്നെ പുരുഷന്മാർക്ക് അത് പാലിക്കേണ്ടതുമില്ല. പക്ഷേ, കെട്ടാൻ പോകുന്ന പെണ്ണ് പതിവ്രതയാകണം, കുലസ്ത്രീയാകാണം. അടക്കവും ഒതുക്കവുമുള്ളവളകാണം. അടക്കവും ഒതുക്കവുമെന്നു പറയുമ്പോൾ സ്ത്രീയുടെ ലൈംഗികത അടക്കിയൊതുക്കി വയ്ക്കുക എന്നു തന്നെയാണ്. ഇത്തരം സങ്കൽപങ്ങളും നിർബന്ധങ്ങളും പക്ഷേ, പുതിയ തലമുറ വക വയ്ക്കുന്നില്ല. ബന്ധങ്ങളെ അവർ കുറേക്കൂടി പ്രായോഗികമായി കാണാൻ ശ്രമിക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്ന് പെട്ടെന്നു ഊരിപ്പോരാനും ഇഷ്ടമുള്ള പുതിയ ബന്ധങ്ങളിൽ ചെന്നു ചേരാനും ഒരേ സമയം ഒന്നിലധികം ബന്ധങ്ങൾ കുറ്റബോധമില്ലാതെ കൊണ്ടു നടക്കാനുമുള്ള ഒരു സാമുഹികാവസ്ഥ പുതിയ പരിഷ്‌കർത്താക്കളൊന്നും സംഭാവന ചെയ്യാതെ തന്നെ അവർ ആർജിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ പുതിയ ചലച്ചിത്രങ്ങളിലും കാണാം.

പരിശുദ്ധ നായിക എന്ന വാർപ്പു മാതൃകയെ തച്ചുടക്കുകയും പാതിവ്രത്യം, കുല മഹിമ എന്നീ സങ്കൽപങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന സിനിമയാണ് സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം. പതിവു സങ്കൽപങ്ങൾക്ക് ചേരുന്ന നായികയല്ല മീര (രജിഷ വിജയൻ). തറവാടിത്തത്തിനും കുലമഹിമക്കും ഏറെ പ്രാധാന്യം കൽപിക്കുന്ന ഒരു നായർ തറവാടിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. മകൾക്കു നല്ല തറവാടി നായരെ തന്നെ ഭർത്താവായി കിട്ടണമെന്നു നിർബന്ധമുള്ള അമ്മ. മകന്റെ ഭാര്യയായി വരുന്ന പെൺകുട്ടിയും അസ്സൽ കുലസ്ത്രീയായിരിക്കണം. നടപ്പിലും പെരുമാറ്റത്തിലുമൊക്കെ തറവാടിത്തവും കുലമഹിമയും കാത്തു സൂക്ഷിക്കുന്ന മീര, ഒരേ സമയം ഒന്നിലധികം പുരുഷന്മാരെ രഹസ്യമായി കാമിക്കുന്നുണ്ട്. ഒറ്റപ്പൂവിലും ശരിക്കുമിരിക്കില്ല മറ്റേ പൂവിൻ വിചാരം മൂലമെന്ന് ജയശീലനെഴുതിയത് പുരുഷന്മാരക്കെറിച്ചു മാത്രമാണെന്ന് കരുതുന്നവരുണ്ട്. പ്രണയം, ലൈംഗികത എന്നിവയുമായി ചേർത്ത് പറയുമ്പോൾ പൂക്കൾ തോറും മാറി മാറിപ്പാറി മധു നുകരാനുള്ള വാഞ്ജ ആണിനും പെണ്ണിനുമുണ്ട്. ആണിന്റെ അപര പൂ വിചാരങ്ങൾ സ്വാഭാവികവും പെണ്ണിന്റേത് പിഴച്ചു പോകലുമെന്ന ധാരണയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് ദാമ്പത്യേതര ലൈംഗികതയിൽ ഏർപ്പെടുന്ന പെണ്ണ് പിഴച്ചവൾ എന്നു മുദ്ര കുത്തപ്പെടുന്നത്.

നിഖിൽ മുരളിയുടെ പ്രണയവിലാസത്തിൽ രാജീവന് പൂർവ കാമുകിയുമായി സംഗമിക്കാനും സല്ലപിക്കാനും പറ്റും. പക്ഷേ, ഭാര്യയ്ക്കു ഒരു പൂർവ കാമുകനുണ്ടെന്ന തിരിച്ചറിവ് അവളുടെ മരണത്തിനു ശേഷമാണെങ്കിലും അയാൾക്ക് സഹിക്കാൻ പറ്റുന്നില്ല. അത്തരം ബന്ധങ്ങളുടെ സ്വാഭാവിക രാജീവനെ ബോധ്യപ്പെടുത്തുന്നത് ന്യൂ ജെൻ പ്രതിനിധിയായ അയാളുടെ മകനാണ്.

മധുര മനോഹര മോഹത്തിൽ ആങ്ങള പാതിരാത്രി കാമുകിയുടെ മതിൽ ചാടുന്നുണ്ട്. അതു തറവാടിയായ കുലപുരുഷനു ചേർന്ന പണിയല്ലല്ലോ. പെങ്ങൾ അവളുടെ മനസ്സിന്റെ ഇംഗിതം പോലെ സഞ്ചരിക്കുമ്പോൾ ആങ്ങളക്ക് അത് ഉൾക്കൊള്ളാനാകുന്നില്ല. പക്ഷേ, കുലസ്ത്രീ പദവിയിൽ നിന്നുള്ള നായികയുടെ വ്യതിയാനങ്ങളെ വഴിപിഴച്ച പോക്കായി ട്രീറ്റ് ചെയ്യുന്നില്ല എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. മീര ഒരു ക്രിസ്ത്യാനിയെ പ്രേമിക്കുന്ന വിവരമറിയുമ്പോൾ കുടുംബം ആദ്യം ഞെട്ടുന്നുണ്ടെങ്കിലും അവളുടെ ഇംഗിതത്തിനൊത്തു നിൽക്കുകയാണ് കുടുംബം. പിന്നീട് മുസ്ലിമുമായുള്ള പ്രണയം അറിയുമ്പോഴും സത്യാവസ്ഥ അറിയാൻ ശ്രമിക്കുകയാണ്. പെങ്ങളുടെ പോക്ക് അത്ര 'ശരി'യല്ലെന്നു പിന്നീട് കണ്ടെത്തുന്നതോടെ കുടുംബം അവളുടെ കല്യാണാലോചന തുടങ്ങുകയാണ്. തറവാടിത്തമുള്ള കുലപുരുഷനെ തന്നെയാണ് അവർ കണ്ടെത്തുന്നത്. അയാളെങ്കിലോ തങ്കം പോലെ പരിശുദ്ധയായ ഒരു കുലസ്ത്രീയെ തേടി നടക്കുകയാണ്. വിവാഹം നിശ്ചയിക്കുന്നതോടെ അന്നുവരെ പ്രണയിച്ചു കൊണ്ടിരുന്ന സകല പുരുഷന്മാരേയും മീര ഒറ്റയടിക്ക് ഉപേക്ഷിക്കുകയാണ്. ന്യൂജെൻ ഭാഷയിൽ അവളെ ഒരു തേപ്പുകാരിയാക്കാൻ സിനിമ ശ്രമിക്കുന്നില്ല. അവളെ അവളുടെ സ്വാഭാവിക ജീവിതത്തിനു വിട്ടു കൊടുക്കുകയാണ്.

നായർ സമുദായത്തിൽ ഒന്നിലധികം പുരുഷന്മാരുമായി സംബന്ധത്തിൽ ഏർപ്പെടുകയും ഇഷ്ടമില്ലാത്തപ്പോൾ സംബന്ധം ഉപേക്ഷിക്കുകയും ചെയ്തിരുന്ന സമ്പ്രദായത്തെക്കുറിച്ചു പല സഞ്ചാരികളും ചരിത്രകാരൻമാരും രേഖപ്പെടുത്തിയിട്ടുണ്ട്. അതൊന്നും പക്ഷേ, സ്ത്രീകളുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. തറവാട്ടിൽ ആധിപത്യമുള്ള കാരണവർ തന്നെയാണ് സംബന്ധവും സംബന്ധം വേർപെടുത്തലും തീരുമാനിച്ചിരുന്നത്. ഒന്നിലധികം സംബന്ധങ്ങളുണ്ടായിരുന്നുവെങ്കിലും ജാതി നിയന്ത്രണണങ്ങളും പാതിവ്രത്യവും കർശനമായി പാലിക്കണമായിരുന്നു. താഴ്ന്ന ജാതിക്കാരുമായുള്ള ലൈംഗിക ബന്ധം കർശനമായി വിലക്കിയിരുന്നു.

മീരയെ കുട്ടുകുടുംബക്കാർ ചേർന്നു നല്ലൊരു തറവാട്ടിലേക്ക് കൊടുത്തയക്കുകയാണ്. അവിടെ അവൾക്ക് ഒറ്റപ്പുരുഷൻ എന്ന പാതിവ്രത്യത്തിൽ തന്റെ കാമനകളെ തളച്ചിടാനാകുമോ എന്നതാണ് ചോദ്യം. അവളെ കെട്ടിയ കുലപുരുഷൻ വേലി ചാടാൻ സാധ്യതയുണ്ടെന്ന സൂചനയിലാണ് സിനിമ അവസാനിക്കുന്നത്. അന്നോളം സംഭവിച്ച ചാപല്യങ്ങൾ തുറന്നു പറയാനൊരുങ്ങുന്ന ഭർത്താവിന്റെ കള്ളത്തരത്തെ ഒരു കള്ളച്ചിരി കൊണ്ടാണ് മീര നേരിടുന്നത്.

ഭാവിയിൽ അയാൾക്കുണ്ടാകാവുന്ന ചാപല്യങ്ങളൊക്കെ തനിക്കുമുണ്ടാകുമെന്ന ഒരു ധ്വനി ആ കള്ളച്ചിരിയിൽ വായിച്ചെടുക്കാം. അനേകം കാമുകന്മാരുണ്ടായിട്ടും വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് അവർ കൊണ്ടു വന്ന വിവാഹത്തിനു സമ്മതിക്കുന്നത് തറവാടിന്റെ മാനം കാക്കാനും സമൂഹത്തിൽ കുലസ്ത്രീ പെരുമ നഷ്ടപ്പെടാതിരിക്കാനുമുള്ള താൽക്കാലിക തന്ത്രം മാത്രമാണല്ലോ. സ്ത്രീയുടെ മനസ്സിന്റേയും ശരീരത്തിന്റേയും കാമനകളെ നിയന്ത്രിച്ചു നിർത്തുന്ന പുരുഷാധിപത്യ പ്രവണതകൾക്കു നേരെ കൂടിയാണ് മീരയുടെ ആ കള്ളച്ചിരി.

Related Stories

No stories found.
logo
The Cue
www.thecue.in