തേവർ കാലടി 'മണ്ണി'ൽ നിന്ന് മാമന്നനിലേക്ക് വടിവേലുവും തമിഴ് സിനിമയും

തേവർ കാലടി 'മണ്ണി'ൽ നിന്ന് മാമന്നനിലേക്ക് വടിവേലുവും തമിഴ് സിനിമയും
Summary

തെന്നിന്ത്യൻ നാടുവാഴി തറവാടിത്ത ഘോഷണ സിനിമകളുടെ ബെഞ്ച്മാർക്ക് ആയി തേവർ മകൻ മാറുന്നുണ്ട്.  തേവരുടെ പക്ഷത്തു നിന്ന് നോക്കുമ്പോഴാണ് തേവർ മകൻ പോലെ ഒരു സിനിമ സാധ്യമാകുന്നത് . മാരി സെൽവരാജ് ആ ക്യാമറ നേരെ തേവരുടെ ആജീവനാന്ത ഭൃത്യനായ ഇസൈക്കിയുടെ പക്ഷത്ത് കൊണ്ടുവന്ന് വയ്ക്കുകയാണ്. ഫഹദ് ഫാസിൽ ചെയ്ത രത്നവേലിന് ശക്തിവേൽ തേവരുടെ രൂപസാദൃശ്യം യാദൃശ്ചികമല്ല.  തേവർ കാലടി മണ്ണേ എന്നൊരു ഗാനം അപ്പോൾ കേൾക്കാൻ സാധ്യമല്ല .

വിഷ്ണുദത്ത് കെ. എഴുതുന്നു

ബറോഡ രാജാവ് ഏതാനും വിദ്യാർത്ഥികളെ പഠനത്തിനായി കൊളംബിയ യൂണിവേഴ്സിറ്റിക്ക് അയക്കാൻ തീരുമാനിച്ച കൂട്ടത്തിലാണ് അംബേദ്ക്കർക്കും സ്കോളർഷിപ്പ് ലഭിക്കുന്നതും അദ്ദേഹം ന്യൂയോർക്കിൽ എത്തുന്നതും. ന്യൂയോർക്കിലെ ലിവിംങ്സ്റ്റൺ ഹാളിലെ ഡോർമെറ്ററിയിൽ പിന്നീട് ആജീവനാന്ത സുഹൃത്തായി തീർന്ന നവൽ ഭതേന എന്ന പാഴ്സി വിദ്യാർത്ഥിക്കൊപ്പം കഴിഞ്ഞ കാലം . നവോൻമേഷം പകർന്ന ആ അന്തരീക്ഷത്തിൽ അംബേദ്ക്കർ തന്റെ പിതാവിന്റെ സുഹൃത്തിനയച്ച കത്തിൽ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ച ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ ഈ വരികൾ ചേർക്കുന്നുണ്ട് , അതിങ്ങനെയാണ് “ There is a tide in the affairs of men Which , taken at the flood , leads on the fortune” . എല്ലാ മനുഷ്യരുടേയും ജീവിതഗതിയിൽ വെള്ളപ്പൊക്കത്തിലെന്നോണം , ഭാഗധേയത്തിലേക്ക് നയിക്കുന്ന ഒരു വേലിയേറ്റമുണ്ടായിരിക്കും. മാമന്നൻ സിനിമയുടെ പ്രീ-ഇന്റെർവെൽ സീക്വൻസിന്റെ ഒടുവിലായി മകൻ അധിവീരന്റെ ബൈക്കിന്റെ പുറകിലിരുന്ന് വടിവേലുവിന്റെ മാമന്നൻ യാത്ര ചെയുന്ന ഒരു രംഗമുണ്ട് .  ഒരുനാൾ അനിവാര്യമായും താൻ എത്തിപ്പെടുമെന്ന് അയാൾക്ക് മുൻപേ നിശ്ചയമായിരുന്ന പോർമുഖത്തേക്ക് അടുക്കുന്നതിന്റെ ആന്തലുമായാണ് ആ ഇരിപ്പ്. ഈ ഫ്രെയിമിലെ ചലിക്കുന്ന മറ്റെല്ലാ വസ്തുക്കളേയും വടിവേലുവിന്റെ ആ കാരക്ടർ ഇൻസ്റ്റലേഷൻ നിഷ്പ്രഭമാക്കുന്നു. മാമ്മന്നൻ MLA യുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിലെ ഭാഗധേയത്തിലേക്ക് നയിക്കുന്ന വേലിയേറ്റമായിരുന്നു ആ സീൻ. എല്ലാവരോടും ഒപ്പമിരുന്ന് സംസാരിക്കണം എന്ന് നിരന്തരം പറഞ്ഞിരുന്ന, അങ്ങനെ ബോധ്യമുണ്ടായിരുന്ന ഒരാൾ ആദ്യമായി തന്റെ പാർട്ടി നേതാവ് രത്നവേലിന് മുന്നിൽ ഇരിക്കുന്ന ദിവസം. ഭാവപരിണാമങ്ങളാൽ ഈ വിധം പൊള്ളുന്ന നടനശരീരമായി വടിവേലുവിനെ നമ്മൾ മുമ്പെങ്ങും കണ്ടിട്ടില്ല , ആരും കാണിച്ചു തന്നിട്ടില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി . ഗൗണ്ടമണി - സെന്തിൽ - വടിവേലു ത്രയം തമിഴ് കോമഡി വാണ ഒരു കാലമുണ്ടായിരുന്നു. പിന്നീട് ബി​ഗ് ബജറ്റിന്റെ പളപളപ്പുകൾ

തമിഴ് സിനിമയിലേക്ക് കുത്തിയൊലിച്ചപ്പൊഴോ റഹ്മാന്റെ തമിഴ്പാട്ടിന്റെ താളത്തിനൊത്ത് ഇന്ത്യയാകെ ചുവടുവച്ചപ്പോഴോ എല്ലാം കൂടെ നിറസാനിധ്യമായി വടിവേലു ഉണ്ടായിരുന്നു. കാതലൻ സിനിമയിൽ AR റഹ്മാന്റെ ഊവ്വസീ എന്ന പാട്ടിൽ പ്രഭുദേവക്ക് ഒപ്പം ഹൈവേയിലും, ബസ്സിന്റെ മുകളിലും ചുവടുവയ്ക്കുന്ന ഒരു വടിവേലു ഉണ്ട്. തമിഴ് കോമേഴ്സ്യൽ സിനിമകളിലെ അമാനുഷിക നായകന് ഇടിച്ചുതാഴ്ത്താനും അവഹേളിക്കാനുമുള്ള കോമാളിയായി മാത്രം വരുന്ന വടിവേലുവും ഉണ്ട് . ആ വടിവേലു തന്നെയാണ് മാമന്നനിലിൽ അതിസൂക്ഷ്മായ അപരസംക്രമണത്തിലൂടെ കാഴ്ചക്കാരനെ അമ്പരിപ്പിക്കുന്നത്. എന്തായിരിക്കാം തന്റെ കരിയറിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും വടിവേലുവിനെ ഇവ്വിധം പകർത്താൻ തമിഴ് ക്യാമറകൾക്ക് കഴിയാതെ പോയത് ? വടിവേലുവിന്റെ ഉടലും ഉള്ളടക്കവും മാരി സെൽവരാജ് അട്ടിമറിക്കുന്നത് പ്രത്യയശാസ്ത്രപരമായ പരിശോധനക്ക് വിധേയമാക്കേണ്ട ഒന്നാണെന്ന് തോന്നുന്നു.

1992 ൽ കമൽഹാസൻ തിരക്കഥയെഴുതി നിർമ്മിച്ച് ഭരതൻ സംവിധാനം ചെയ്ത തേവർ മകൻ എന്ന സിനിമയാണ് മാമന്നൻ സിനിമയുണ്ടാകാൻ കാരണമെന്ന് സംവിധായകൻ മാരി സെൽവരാജ് പറയുന്നുണ്ട് . ആ സിനിമ തന്നിലുണ്ടാക്കിയ മാനസിക ആഘാതം ചെറുതല്ലെന്നും താൻ ഏത് സിനിമ എടുക്കുമ്പോഴും തേവർ മകൻ മനസ്സിലുണ്ടാകുമെന്നും മാരി സെൽവരാജ് മാമന്നൻ ഓഡിയോ റിലീസിൽ പറയുന്നുണ്ട്. കമൽഹാസനെ മുന്നിലിരുത്തിയാണ് ഇത് മാരി പറഞ്ഞത്. മാരി തിരുനൽവേലി കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ കമൽഹാസന് എഴുതിയ കത്തിൽ ഈ വിമർശനം കടുത്തതും രൂക്ഷവുമായ ഭാഷയിൽ ഉന്നയിക്കുന്നതും കാണാം.

ഇന്ത്യൻ സൗന്ദര്യശാസ്ത്രം ജാതി പ്രത്യയശാസ്ത്രവുമായി ബന്ധപെട്ട് വികസിച്ച ഒന്നാണ് . ജാതി പ്രത്യയശാസ്ത്രബദ്ധമായ നായകസങ്കൽപ്പങ്ങളാണ് ഇന്ത്യൻ കലാ-സാഹിത്യരൂപങ്ങളിലെല്ലാം മേൽക്കൈ നേടിയത്. സിനിമയടക്കമുള്ള പോപ്പുലർ കൾച്ചറും ഈ ആശയഅടിത്തറയിലാണ് പടം വിരിച്ചത്. സവർണ്ണനായ നായകൻമാരുടെ മാതൃകാ പുരുഷൻ ശ്രീരാമനായിരുന്നു . ബാലിയെ ചതിയിലൂടെ കൊന്നിട്ടും ശംഭൂകനെ വധിച്ചിട്ടും  സീതയെ കാട്ടിലെറിഞ്ഞിട്ടും ഭൂമിയിലെ ഏറ്റവും ഉത്തമനായ പുരുഷൻ ആരാണ് എന്ന് വാൽമീകി നാരദനോട് ചോദിക്കുമ്പോൾ ഉത്തരം പറയാൻ സമയം വേണമെന്ന് പറഞ്ഞ് ഗാഢമായി ചിന്തിച്ച് നാരദൻ പറഞ്ഞ ഉത്തരം രാമൻ എന്നായിരുന്നു. ചാതുർവർണ്ണ്യത്തെ സംരക്ഷിച്ചു നിർത്തി എന്നതായിരുന്നു എക്കാലവും രാമന്റെ ഉത്തമ പദവിക്കുള്ള യോഗ്യത . ജാതിമേൽക്കോയ്മയെ സംരക്ഷിക്കുകയും അത് തലമുകളിലേക്ക് കൈമാറുകയും അത് തീർത്തും സ്വാഭാവികവും ദൈവദനിശ്ചയവുമായ ഒന്നായി അവതരിപ്പിക്കുകയാണ് വാൽമീകി ചെയ്തത്.  ജാതി സംരക്ഷകനായ നായകൻ നാടിന്റെയാകെതന്നെ യോഗ്യനായ നന്മനിറഞ്ഞതും ത്യാഗിയുമായ ഏക സംരക്ഷകനായി സ്ഥാപിക്കുകയും ചെയ്യുന്ന   ആഖ്യാനങ്ങളുടെ സൗന്ദര്യശാസ്ത്രപരമായ ഉറവിടം ഇന്ത്യയിലെ മതസാഹിത്യങ്ങളാണെന്ന് കാണാം. തേവർ മകനിലെ കമലഹാസൻ ചെയ്ത ശക്തിവേൽ തേവർ ഈ ഉത്തമപുരുഷ സങ്കൽപ്പത്തിന്റെ അടിത്തറയിൽ പടുത്തുയർത്തപെട്ട ഒന്നാണ് . അച്ഛൻ പെരിയ തേവരുടെ അഭിലാഷങ്ങൾ ഏറ്റെടുക്കുമ്പോഴും പ്രണയിച്ച ഭാനുമതിയെ ഉപേക്ഷിക്കുമ്പോഴും തങ്ങൾ അടിമകളാക്കിവച്ച നാട്ടിലെ മനുഷ്യരുടെ ജീവൻ ബലികൊടുക്കുമ്പോഴും , തേവരുടെ ദാസ്യനായ ഇസൈക്കിയുടെ കൈ നഷ്ടപ്പെടുമ്പോഴും നാട്ടിലെ സകല മനുഷ്യരും മുണ്ട് അരയിൽ കെട്ടി മുന്നിൽ കുനിഞ്ഞ് നിൽക്കുമ്പോഴും ശക്തിവേൽ തേവർ യോഗ്യനായ പരമ ത്യാഗിയായ ഉത്തമ പുരുഷനായി തുടർന്നു . നാട്ടുകാർ പോട്രി പാടടി പെണ്ണേ ..തേവർ കാലടി മണ്ണേ എന്ന് പാടി. വാലി എഴുതി ഇളയരാജ ഈണമിട്ട ആ പാട്ടിന്റെ വരികളിലെല്ലാം കുല ജാതി മഹിമകളെ പുകഴ്ത്തലാണ് .തേവർ മകൻ  സിനിമയുടെ ആദ്യമധ്യാന്തം ഈ പാട്ടിന് സവിശേഷസ്ഥാനമുണ്ട് . തേവർക്കുമുന്നിൽ കീഴാളർ തങ്ങളുടെ ദുരിതപർവ്വം താണ്ടുമ്പോഴും നടുവളച്ച് കുനിഞ്ഞ് കൊട്ടിപ്പാടുന്നത് തേവർ കാലടി മണ്ണേ എന്നാണ് . തെന്നിന്ത്യൻ നാടുവാഴി തറവാടിത്ത ഘോഷണ സിനിമകളുടെ ബെഞ്ച്മാർക്ക് ആയി തേവർ മകൻ മാറുന്നുണ്ട്.  തേവരുടെ പക്ഷത്തു നിന്ന് നോക്കുമ്പോഴാണ് തേവർ മകൻ പോലെ ഒരു സിനിമ സാധ്യമാകുന്നത് . മാരി സെൽവരാജ് ആ ക്യാമറ നേരെ തേവരുടെ ആജീവനാന്ത ഭൃത്യനായ ഇസൈക്കിയുടെ പക്ഷത്ത് കൊണ്ടുവന്ന് വയ്ക്കുകയാണ്. ഫഹദ് ഫാസിൽ ചെയ്ത രത്നവേലിന് ശക്തിവേൽ തേവരുടെ രൂപസാദൃശ്യം യാദൃശ്ചികമല്ല.  തേവർ കാലടി മണ്ണേ എന്നൊരു ഗാനം അപ്പോൾ കേൾക്കാൻ സാധ്യമല്ല . മറിച്ച് ജീവിതമേൽപ്പിച്ച വടുക്കൾക്കും പൊള്ളലിനും തണുപ്പേൽകാൻ നൊമ്പരങ്ങളുടെ കാടുചുറ്റിവരുന്ന പാട്ടുവേണ്ടിവരുന്നു ..മാമന്നൻ പാടുന്നു .. “ മലയിലതാൻ തീ പിടിക്കിദ് റാസാ .. എൻ മനസുകുള്ളെ വെടി വെടിക്കിദ് റാസാ ..” അധിവീരന്റെ ബാല്യം അനുഭവിച്ച മുഴുവൻ വേദനയും ആ താരാട്ടിൽ വെന്തുപൊന്തുന്നുണ്ട് . യുഗഭാരതിയുടെ അസാമാന്യരചനയിൽ കീഴാളജീവിതത്തിന്റെ മിടിപ്പും തുടിപ്പുമുണ്ട് . AR റഹ്മാൻ ഈണം നൽകി വടിവേലു പാടിയ ആ ഗാനം സിനിമയുടെ ആത്മാവായിമാറുന്നു .  പ്രത്യയശാസ്ത്രപരമായ ഈ പക്ഷം മാറലാണ് മാരിസെൽവരാജിന് മറ്റൊരു കാഴ്ച സാധ്യമാക്കുന്നത് . സവർണ്ണ സൗന്ദര്യശാസ്ത്രത്തെ മാരി ദളിദ് സൗന്ദര്യശാസ്ത്രംകൊണ്ട് അട്ടിമറിക്കുന്നു . മുഖ്യധാരാ സവർണ്ണ ആഖ്യാനങ്ങൾക്ക് എതിരാഖ്യാനം ചമയ്ക്കുന്നു . ആ കൗണ്ടർ നെരേറ്റീവിന് സമാന്തരമായാണ് വടിവേലു എന്ന നടന്റെ ഉടലും ഉള്ളടക്കവും കീഴ്മേൽ മറിഞ്ഞ് വിമോചിതമാകുന്നത്.

മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള സവിശേഷ ബന്ധം ആവിഷ്കരിക്കുക വഴി അവരുടെ സാംസ്കാരിക ജീവിതത്തിന്റെ ഛായാപടം നിവർത്തുന്ന ഒരു രീതി മാരി സെൽവരാജിൽ കാണാം . ആദ്യ സിനിമയായ പരിയേറും പെരുമാളിൽ കറുപ്പി എന്ന നായയും കർണ്ണനിൽ കഴുതയും ശക്തമായ രാഷ്ട്രീയ പ്രതീകങ്ങളാണ്. മാമന്നനിൽ അധിവീരന്റേയും രത്നവേലിന്റെയും സ്വഭാവ സൂക്ഷ്മതകളെ വിശദീകരിക്കുന്നത് അവർ വളർത്തുമൃഗങ്ങളെ പരിചരിക്കുന്ന വിധവും പരിസരങ്ങളും കാണിച്ചുകൊണ്ടാണ് . മൃഗബലിക്കായി പിടിച്ചുകെട്ടിയ പന്നിയെ കുസൃതിയിലൂടെ മോചിപ്പിച്ച് സ്വതന്ത്രനാക്കി പന്നി മലകയറിയ ദൃശ്യത്തിന് ശേഷമാണ് അധിവീരന്റെ ജീവിതത്തിലെ ഏറ്റവും രൂക്ഷമായ ജാതിപീഢനം അയാൾക്കും കൂട്ടുകാർക്കും എൽക്കേണ്ടിവരുന്നത് . പന്നിയെ വളർത്തുന്നവർ അമ്പലക്കുളത്തിൽ ഇറങ്ങിയെന്നും പറഞ്ഞാണ് അവരെ മേൽജാതിക്കാർ കല്ലെറിയുന്നത് . പന്നികൾക്ക് ചിറക്മുളക്കുന്നതായി താൻ സ്വപ്നം കാണാറുണ്ടായിരുന്നു എന്നയാൾ ലീലയോട് പറയുന്നുണ്ട്. പന്നി ഇന്ത്യയിൽ കീഴാള ജീവിതത്തിന്റെ ഒരടയാളമാണ്‌ . മനുസ്മൃതി പന്നികളേയും ശൂദ്രൻമാരെയും ഒരേതട്ടിലാണ് അളന്നിരുന്നത്. പെരിയാർ മനുസ്മൃതിയും വർണ്ണവ്യവസ്ഥയും എന്ന പുസ്തകത്തിൽ ശൂദ്രൻമാരും പന്നികളും എന്ന തലകെട്ടിൽ അത് വിശദീകരിക്കുന്നുണ്ട്.

പന്നി എന്നെ വളർത്തുമൃഗത്തെ സൗന്ദര്യശാസ്ത്രപരമായി സമീപിച്ച് ശക്തമായ രാഷ്ട്രീയ രൂപകമാക്കി മാറ്റുന്നുണ്ട് മാരി സെൽവരാജ്. രത്നവേൽ ആകട്ടെ നായ്ക്കളെ വളർത്തുകയും പന്തയം നടത്തുകയും തോറ്റ നായ്ക്കളെ നിഷ്കരുണം കൊല്ലുകയും ചെയ്യുന്ന ആളാണ് . അയാൾ അയാളുടെ സഹജീവികളെ എല്ലാം താൻ വളർത്തുന്ന നായകളായാണ് കാണുന്നത് . ദാസ്യമനോഭാവമുള്ള അനുയായിവൃന്ദത്തെ ഭയപ്പെടുത്തിയാണയാൾ വരുതിക്ക് നിർത്തുന്നത്.കാൽപിടിക്കേണ്ടി വന്ന ദളിത് നേതാവിനെ അയാൾ നായയെ കൊല്ലുന്ന അതേ വെറുപ്പിൽ അതേ രീതിയിൽ കൊല്ലുന്നു. നായയെ അയാൾ കൊല്ലുമ്പോൾ ഭയചകിതരായി നോക്കുന്ന മറ്റുനായ്ക്കളെ കാണിക്കുന്നുണ്ട് , ആ നായ്ക്കൾ വാസ്തവത്തിൽ അയാൾക്കൊപ്പമുള്ള മനുഷ്യർ തന്നെയാണ് . ആ ഭയം ആദ്യമായി പിളർക്കുന്നത് അധിവീരനാണ് . ഇത്രയും കാലം ഞാൻ വളർത്തിയ നായ എന്നെ കടിച്ചു എന്നാണയാൾ പരിതപിക്കുന്നത് . തേവർ മകനിൽ ശക്തിവേൽ, കീഴാളർ തങ്ങളുടെ ജീവിതവും ചോരയും കാൽക്കീഴിൽ സമർപ്പിച്ച് പാടി വാഴ്ത്തിയ നായകനായിരുന്നെങ്കിൽ മാമന്നലിലെ രത്നവേൽ ചുറ്റുമുള്ള മനുഷ്യരെ മുഴുവൻ ചവിട്ടിയരക്കുന്ന പ്രതിനായക ബിംബമാകുന്നു. ഫഹദ് ഫാസിൽ എന്ന നടൻ തന്റെ ശരീരത്തേയും ഭാവവ്യതിയാനങ്ങളേയും പല അടരുകളിൽ ഉഗ്രഭീതിയുണർത്തും വിധം അഴിച്ചുവിടുന്നു. അർദ്ധ നഗ്നനായി ഫഹദ് കുതിരപ്പുറത്തിരിക്കുന്ന വൈഡ് ആം​ഗിൾ ഷോട്ട് വംശപരമ്പരയിൽ അയാൾ അനുഷ്ഠിക്കുന്ന മിഥ്യാഭിമാനബോധത്തിന്റെ സാക്ഷാൽക്കാരമായിതീരുന്നു. മൗലികമായ ഈ വീക്ഷണ വ്യതിരിക്തതയാണ് കമൽഹാസനുള്ള മാരി സെൽവരാജിന്റെ മറുപടിയായി തീരുന്നത് .

അംബേദ്ക്കർ, പെരിയോർ, ചെഗുവേര, ബുദ്ധൻ എന്നീ പ്രത്യയശാസ്ത്രങ്ങളുടെ സാന്നിധ്യമുണ്ട് മാമന്നനിൽ. അധിവീരൻ ഒരു അംബേദ്ക്കറൈറ്റ് ആണ്. അതയാളെ നീതിനിഷേധങ്ങളുടെ സൂക്ഷ്മാണുക്കളെ വരെ തിരിച്ചറിയാൻ പ്രാപ്തമാക്കി. ലീലയുടെ കമ്മ്യൂണിസ്റ്റ് അനുഭാവം നിർഭയത്വവും നിശ്ചയദാർഢ്യമുമായി പ്രതിഫലിച്ചു . രത്നവേലിന്റെ സഹോദരന്റെ ഇൻസ്റ്റിറ്റ്യൂഷൻ  അടിച്ചു തകർക്കുന്ന രംഗം ജിഷ്ണു പ്രണോയുടെ ഇൻസ്റ്റിറ്റ്യൂഷനൽ മർഡറിന് പിന്നാലെ നെഹ്റു കോളേജിലേക്ക് SFI നടത്തിയ മാർച്ചിനെതുടർന്നുണ്ടായ സംഭവങ്ങളുടെ ടെലിവിഷൻ വിഷ്വലുകളെ ഓർമ്മിപ്പിക്കും. മാമന്നന്നാകട്ടെ ബൗദ്ധ ആശയങ്ങളുടെ സ്വാധീനത്താൽ പൊതുവെ വികാരങ്ങളുടെ കടലിനെ ഉള്ളിലൊതുക്കി പുറമെ ശാന്തനായി കാണപ്പെട്ടു. അംബേദ്ക്കറെ തമിഴ്മണ്ണിൽ കൂടുതൽ പരിചിതനാക്കിയതിൽ പെരിയോറിന് വ്യക്തമായ പങ്കുണ്ട് . അധ:കൃതർക്ക് പ്രത്യേക സമ്മതിദാനാവകാശവും സാമൂഹ്യപ്രാധിനിത്യവും ഉറപ്പുനൽകി രാംസെ മാക്ഡൊനാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഗാന്ധി അത് പിൻവലിക്കാൻ മരണംവരെ നിരാഹാരം കിടന്നു . അന്ന് അംബേദ്ക്കർക്ക് പിന്തുണയുമായി വന്നത് പെരിയോർ ആയിരുന്നു. ഗാന്ധിയുടെ നിരാഹാരത്തെ വിമർശിച്ച് തന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന 'കുടി അരശു' വിൽ ഇ . വി. ആർ എഡിറ്റോറിയൽ ഏഴുതി . അംബേദ്ക്കർക്കും പെരിയോർക്കും യോജിപ്പുണ്ടായിരുന്ന ദർശനമായിരുന്നു ബുദ്ധന്റേത്. അംബേദ്ക്കറുടെ ബുദ്ധമതപരിവർത്തനത്തോട് പെരിയാർ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രണ്ടുപേരും ബ്രാഹ്മണരുടെ സവിശേഷ അധികാരങ്ങളെ നിലനിർത്തുന്ന മന:ശാസ്ത്രപരമായ അടിത്തറയിളക്കുന്നതിന് ഏറെ സഹായകമായ ആശയങ്ങളുടെ ഉറവിടമായി ബുദ്ധന്റെ ദർശനങ്ങളെ കണ്ടിരുന്നു. പെരിയോറും അംബേദ്ക്കറും മാർക്സിസവുമായി എൻഗേജ് ചെയ്തിരുന്നു എന്നും കാണാം . തന്റെ ഫ്രയിമുകളിലെ പ്രത്യയശാസ്ത്ര വിന്യാസങ്ങളെ വളരെ ശ്രദ്ധയോടെയാണ് മാരി സെൽവരാജ് നിർവ്വഹിച്ചിരിക്കുന്നത് . എന്നാൽ പരിയേറും പെരുമാൾ പോലെയോ കർണ്ണൻ പോലെയോ കടുത്ത വ്യവസ്ഥാ വിമർശനത്തിലോക്കോ ഭരണകൂട വിമർശനത്തിലേക്കോ മാമന്നൻ പ്രവേശിക്കുന്നില്ല. മാത്രമല്ല ഭരണകൂട അനുകൂലമായ ഒരു പര്യവസാനമാണ് സിനിമക്കുള്ളത് . അത്രക്ക് അനായാസം അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയമല്ല തമിഴ്നാട്ടിലെ ജാതിയെ സംബന്ധിച്ച യാഥാർത്ഥ്യം എന്നിരിക്കെ പരിയേറും പെരുമാൾ പോലെ കാഴ്ചക്കാരനെ എക്കാലവും അസ്വസ്ഥമാക്കുന്ന ഒരു ചോദ്യവും മാമന്നൻ അവശേഷിപ്പിക്കുന്നില്ല. നായക പ്രതിനായക ദ്വന്ദ്വത്തിലൂടെ വിഷയ പരിചരണം നടത്തിയതിന്റെ ഒരു പരിമിതിയായി അതിനെ വായിക്കാവുന്നതാണ് . ഉദയനിധി സ്റ്റാലിന്റെ നിർമ്മാണവും സാന്നിധ്യവും മാരിയെ ഭരണകൂട വിമർശനത്തിൽ നിന്ന് പിൻതിരിപ്പിക്കുന്നുണ്ടോ എന്നും സംശയം തോന്നാവുന്നതാണ്. പെഡിഗ്രിയിൽ അഭിരമിക്കുന്ന ഒരാളുടെ അടിസ്ഥാന മനോഭാവം അടിച്ചമർത്തലിന്റെയും വയലൻസിന്റെയും ആയിരിക്കും എന്ന് അടിവരിയിട്ടു പറയുന്നുണ്ട് മാരി സെൽവരാജ് അത് വാസ്തവത്തിൽ വംശമഹിമകളെ പ്രകീർത്തിച്ചും നീതീകരിച്ചും അതിന്‌ ഇരകളായി തീർന്ന മനുഷ്യർക്ക് നേരെ സാംസ്കാരിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഖ്യധാരാസിനിമകൾക്ക് എതിരാഖ്യാനമായി തീരുകയും ചെയ്യുന്നുണ്ട്. സംവരണ വിരുദ്ധത ജാതിമനോഭാവത്തിന്റെ മറുപുറമാണ്. സംവരണം വഴി അധികാരവും അവകാശവും നേടുന്നവരെ അനർഹമായത് നേടിയവരായി ചിത്രീകരിച്ചും സാംസ്കാരിക പരാമർശങ്ങളാൽ അന്തസ്സില്ലായ്മ ആരോപിച്ചുമാണ് ജനാധിപത്യ സ്ഥാപനങ്ങളിൽ ജാതി അതിജീവിക്കുന്നത്. ജനപ്രതിനിധിയായിട്ടും മാമന്നൻ സാംസ്കാരിക അധികാരശ്രേണിയുടെ താഴെ തട്ടിൽ കഴിയേണ്ടി വരുന്നത് അതുകൊണ്ടാണ് .

മാമന്നൻ എന്ന ഉറച്ച പാർട്ടി കേഡർ അയാളുടെ രാഷ്ട്രീയ ജീവിതത്തിന്റെ നിർണ്ണായക സന്ദർഭങ്ങളിലെല്ലാം നിസ്സഹായനും നിരായുധനുമായി പോയ ആളാണ്. തന്റെ ജനതക്ക് ഒരാവശ്യം വന്നപ്പോൾ തന്റെ രാഷ്ട്രീയകക്ഷി തന്നെ കയ്യൊഴിയുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം മാമന്നനിൽ ഞൊടിയിടയിൽ വരുന്ന ഒരു ഭാവ പരിണാമമുണ്ട് . തേനി ഈശ്വർ എന്ന ഛായാഗ്രാഹകൻ വൈഡ് ആം​ഗിളിൽ പ്രതീക്ഷയറ്റുനിൽക്കുന്ന മാമന്നനെ പകർത്തുന്നുണ്ട് . അടിച്ചേൽപ്പിക്കപ്പെട്ട അപകർഷതാബോധം അയാളുടെ രാഷ്ട്രീയ ശരീരത്തെയാകെ മൂടിനിൽക്കുന്നുണ്ട്. ജീവിതത്തിലെ സിസഹായതകളുടെ കുറ്റബോധം അയാളെ ഒരു ദുസ്വപ്നം പോലെ പിൻതുടരുന്നുണ്ട് . എന്നാലും  അയാളുടെ ജീവിതഗതിയിലും വെള്ളപ്പൊക്കത്തിലെന്നോണം ഭാഗധേയത്തിലേക്ക് നയിക്കുന്ന ഒരു വേലിയേറ്റമുണ്ടായി . അച്ഛനോട് രത്നവേലിന് മുന്നിൽ ഇരിക്കാൻ മകൻ പറയുമ്പോഴാണ് അയാളുടെ എല്ലാ ചങ്ങലകളും കയ്യാമങ്ങളും പൊട്ടിച്ചിതറിയ വേലിയേറ്റമുണ്ടായത് . മാമന്നൻ സിനിമയിലെ ന്യൂക്ലിയസ്സായ സന്ദർഭമാണത് . റഹ്മാന്റെ പശ്ചാത്തലസംഗീതം ആ രംഗത്തെ ഏറ്റവും തീക്ഷ്ണമായ അനുഭവതലത്തിലേക്ക് ഉയർത്തുന്നുണ്ട് . എല്ലാവരും തന്നെ മണ്ണേ എന്ന് വിളിച്ചപ്പോൾ മാമന്നാ എന്ന് തന്നെ വിളിച്ചത് മകനാണെന്നയാൾ പറയുന്നുണ്ട് . മാതാപിതാക്കളും മക്കളും തമ്മിലുള്ള കീഴാളജീവിതങ്ങളിലെ വൈകാരികബന്ധം മാരിയുടെ എല്ലാ സിനിമകളിലും കാണാം.അധിവീരൻ അച്ഛനോട് പാടാൻ പറയുന്നുണ്ട്. തുകിൽ നാദത്തിന്റെ അകംമ്പടിയിൽ ഏത് നോവിനെയും പാടിയുറക്കാൻ പോന്ന അലിവും അൻപും കലർന്ന ശബ്ദത്തിലാണ് വടിവേലു തന്നെ പാടുന്നത് ..പട്ടക്കായം എത്തനയോ റാസ .. അദ് സൊല്ലിപുട്ട ആറിടുമോ റാസാ.. ആറിടുമോ റാസാ ..ആറിടുമോ റാസാക്കണ്ണേ…പ്രിയപെട്ട മകനേ മുറിവുകൾ പെരുകിക്കൊണ്ടെ ഇരിക്കുന്നു ..അതിനെ കുറിച്ച് ഞാൻ പാടിയാൽ നിന്റെ വേദനകൾ ശമിക്കുമോ … മുറിവുകൾ ഉണക്കുമോ !!

Related Stories

No stories found.
logo
The Cue
www.thecue.in