കൂട്ടമറവികളുടെ കാലത്തെ കുയില്‍പ്പാട്ട് : ഗ്രാമവൃക്ഷത്തിലെ കുയില്‍

കൂട്ടമറവികളുടെ കാലത്തെ കുയില്‍പ്പാട്ട് : ഗ്രാമവൃക്ഷത്തിലെ കുയില്‍
Summary

മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായി മലയാളം പാഠശാലകള്‍ വാഴ്ത്തുന്ന കുമാരനാശാന് സിനിമയില്‍ എന്താണ് സ്ഥാനം? മിക്കവാറും ശൂന്യമാണത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പിറന്ന പുതിയ തലമുറക്ക് മുന്നില്‍ ചലച്ചിത്രചരിത്രം ആ പേര് എഴുതിയിട്ടില്ല.

കുമാരനാശാന്റെ ജീവിതം പ്രമേയമായ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന സിനിമയെക്കുറിച്ച് ചലച്ചിത്രനിരൂപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദ് എഴുതുന്ന നിരൂപണം.

സംസ്‌കാരത്തിന്റെ 'ഹൈപ്പര്‍ മാര്‍ക്കറ്റി'ല്‍ 'ആര്‍.ആര്‍.ആര്‍' ആഘോഷം അടങ്ങിയിട്ടില്ല. ബാഹുബലിയാനന്തര ചലച്ചിത്രചന്തയില്‍ മലയാളം അതിജീവനത്തിനായി പൊരുതുന്നത് ഓര്‍മ്മകള്‍ കൊണ്ടല്ല, കൂടുതല്‍ വലിയ കൂട്ടമറവികളുടെ കൂത്താട്ടങ്ങള്‍ കൊണ്ടാണ്.

സിനിമയിലെ നമ്മുടെ താര സംവിധായക വിഗ്രഹങ്ങള്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചുനോക്കൂ. അവര്‍ കൂട്ടമറവിയുടെ പ്രചാരകരാണ് എന്നും. കൃത്യമായ രാഷ്ട്രീയമുണ്ട് മറവിയ്ക്ക്. അധികാരം സംസ്‌കാരത്തില്‍ പണിയെടുക്കുന്ന വിധമാണത്. അതറിയാന്‍ അന്റോണിയോ ഗ്രാംഷിയുടെ സാംസ്‌കാരികമേല്‍ക്കോയ്മ (Cultural Hegemony)-യെക്കുറിച്ചുള്ള പാഠങ്ങള്‍ തന്നെ വായിച്ചറിയറിണമെന്നില്ല. നമ്മുടെ സിനിമകളും സിനിമക്കാരും ഫിലിം ഇന്‍സ്ടിയും എന്താണ് പറയുന്നത് എന്താണ് പറയാതിരിക്കുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാലും മതി. നിശ്ശബ്ദതയുടെ സംസ്‌കാരം അതെങ്ങിനെ സൃഷ്ടിയ്ക്കുന്നു, ആധിപത്യത്തില്‍ താങ്ങിനിര്‍ത്തുന്നു എന്ന് മുഖ്യധാരയില്‍ നെടുനായകത്വം വഹിക്കുന്ന ഓരോ സിനിമയും നമുക്ക് കാട്ടിത്തരും.

കുമാരനാശാന്റെ കവിതയും ജീവിതവും പറയുന്ന കെ.പി. കുമാരന്റെ 'ഗ്രാമവൃക്ഷത്തിലെ കുയില്‍' എന്ന സിനിമ ഇത്തരമൊരു സംസ്‌കാരികസാഹചര്യത്തില്‍ ധീരമായ ഒരിടപെടലാണ്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും. ഒന്നാമത് നമ്മുടെ സിനിമയിലെ സംസ്‌കാരശൂന്യതയിലേക്ക് അത് ആശാന്റെ ഓര്‍മ്മകളെ വിക്ഷേപിയ്ക്കുന്നു. രണ്ടാമതായി ആധിപത്യത്തിലുള്ള ഒരു താരനായകനെ വച്ചല്ലാതെ ചരിത്രത്തെയോ സംസ്‌കാരത്തെയോ പുനരാനയിക്കുന്ന സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത ഒരിന്‍ഡസ്ട്രിയില്‍ വച്ചാണ് കെ.പി. കുമാരന്‍ അവരെയൊന്നും ആശ്രയിക്കാതെ ആശാന്റെ കുയിലിനെക്കൊണ്ട് പാടിക്കുന്നത്.

 Gramavrikshathile Kuyil
Gramavrikshathile Kuyil

മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായി മലയാളം പാഠശാലകള്‍ വാഴ്ത്തുന്ന കുമാരനാശാന് സിനിമയില്‍ എന്താണ് സ്ഥാനം? മിക്കവാറും ശൂന്യമാണത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പിറന്ന പുതിയ തലമുറക്ക് മുന്നില്‍ ചലച്ചിത്രചരിത്രം ആ പേര് എഴുതിയിട്ടില്ല. ആശാന് ആ ചന്തയില്‍ ഇടമില്ല. കാരണം സിനിമയുടെ ചന്തയുടെ അധികാരം നിര്‍ണ്ണയിക്കുന്ന ശക്തികള്‍ക്ക് ആശാനെന്നാല്‍ വിറ്റുപോകാത്ത ചരക്കാണ്. ആശാനെ ഓര്‍ക്കല്‍ ഇവിടെയൊരു വിപ്ലവത്തില്‍ കുറഞ്ഞ ഒന്നുമല്ല. കാലത്തിന് നിരക്കാത്ത, നിലനില്‍ക്കുന്ന കാലത്തിന്റെ മേല്‍ക്കോയ്മകള്‍ക്ക് എതിരെ കെ.പി. കുമാരന്‍ എന്ന സംവിധായകന്‍ നടത്തിയ പോരാട്ടമാണത്. തൊണ്ണൂറിലേക്കടുക്കുന്ന വയോധികനായ ആ പോരാളിക്ക് തന്റെ ജീവിതപങ്കാളിയായ എം. ശാന്തമ്മ പിള്ളയുടെ തുണയുണ്ടായിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതുണ്ട്. അവരാണ് ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ നിര്‍മ്മാതാവ്. ഒരായുഷ്‌ക്കാല സ്‌നേഹബന്ധത്തിന്റെ കൈത്താങ്ങാണത്. കെ.പി. കുമാരന്‍ എന്ന സംവിധായക പ്രതിഭക്കൊപ്പം എത് പ്രതികൂല സാഹചര്യത്തിലും നീന്തിയ ജീവിതസഖിയാണ് ശാന്തമ്മ. അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ പിന്തുണയ്ക്കാന്‍ മറ്റു നിര്‍മ്മാതാക്കളൊന്നും ഇല്ലാതെ വരുമ്പോള്‍ ശാന്തമ്മ തന്നെ നിര്‍മ്മാതാവായി തുണയ്ക്കുന്നു.

 Gramavrikshathile Kuyil
Gramavrikshathile Kuyil

സാന്ദര്‍ഭികമായി പറയട്ടെ ആ ജീവിതം തന്നെയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവര'ത്തില്‍ ലോകം കണ്ടത്. അതിന്റെ ക്ലൈമാക്‌സിലെ നായകന്റെ മരണവും അതേത്തുടര്‍ന്ന് വാതില്‍ക്കല്‍ മുട്ടു കേട്ട് തരിച്ചിരിക്കുന്ന നായികയും മാത്രമേ ആ ജീവിതത്തെ ഉപജീവിച്ചല്ലാത്ത രംഗങ്ങളായുള്ളു. പ്രണയവും ഒളിച്ചോട്ടവും കഷ്ടപ്പാടുകള്‍ നിറഞ്ഞ ദാമ്പത്യത്തിലെ ഒറ്റപ്പെടലും എല്ലാം കെ.പി. കുമാരന്‍ അടൂരിന്റെ സ്വയംവരത്തിന് നല്‍കിയ തിരക്കഥയല്ല, ജീവിതം തന്നെയായിരുന്നു. (സ്വയംവരത്തിന്റെ ക്രെഡിറ്റ്‌ലൈനില്‍ പക്ഷേ അവസാനത്തെ അടിക്കുറിപ്പുകളുടെ ഓട്ടപ്പാച്ചിലില്‍ സഹ തിരക്കഥാകൃത്ത് എന്നോ മറ്റോ ആയാണ് പ്രത്യക്ഷപ്പെട്ടത്. ആരും കണ്ടുകാണില്ല.)

കുയില്‍പ്പാട്ട്

'ഗ്രാമവൃക്ഷത്തിലെ കുയില്‍' കുമാരനാശാന്റെ കവിതകളുടെയും ജീവിതത്തിന്റെയും ആത്മാവ് നഷ്ടപ്പെടുത്താതെ അതി സൂക്ഷ്മമായി ആവിഷ്‌ക്കരിച്ച സിനിമയാണ്. അതും ഇപ്പോഴത്തെ ട്രെന്റിന് നിരക്കുന്ന രീതിയിലേ അല്ല ചിത്രീകരണം. കാറ്റും കടലും തിരകളും പുഴകളും കായലും ചീവീടുകളും മിന്നാമിനുങ്ങുകളും എല്ലാം നിരന്തരം ആവര്‍ത്തിക്കുന്ന ഒരു ബൃഹത് ലോകമാണത്. ആത്മഭാഷണത്തിന്റെ ധ്യാനാത്മകമായ സ്വരം അതില്‍ നമുക്ക് കേള്‍ക്കാം. അത് കുമാരനാശാന്റേതാണ്. സംവിധായകന്‍ കെ.പി. കുമാരനിലൂടെ സംസാരിക്കുന്ന ആശാനെ സിനിമയുടെ ഓരോ ദൃശ്യത്തിലും കാണാം. കവിതയിലേക്കുള്ള വികാരങ്ങളുടെ ഇരച്ചുവരലായി തെളിഞ്ഞതും ഇരുണ്ടതുമായ തിരകള്‍ സിനിമയിലുടനീളം കാണികളെ പിന്തുടരുന്നു. ബഹളമയമായ സംഭാഷണങ്ങളേക്കാള്‍ നീണ്ട മൗനങ്ങള്‍ സിനിമയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു.

ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും മൂര്‍ക്കോത്ത് കുമാരനും ആശാന്റെ ജീവിതപങ്കാളി ഭാനുമതിയും ഒക്കെ ജീവസ്സുറ്റ കഥാപാത്രങ്ങളാണ്. ഗുരുവിന്റെ വിഖ്യാതമായ ഈഴവശിവപ്രതിഷ്ഠ സൃഷ്ടിച്ച ചരിത്രപരവും സാംസ്‌കാരികവുമായ വിച്ഛേദത്തിന്റെ സൃഷ്ടിയാണ് കുമാരനാശാന്‍. നാരായണഗുരുവും ആശാനും തമ്മിലുള്ള അഗാധമായ ബന്ധം സിനിമയിലുടനീളം ഒരടിയൊഴുക്കായി വര്‍ത്തിക്കുന്നുണ്ട്. അയിത്തം കാരണം വഴി നടക്കാന്‍ പോലും കഴിയാത്ത ജീവിതങ്ങള്‍ ആശാന്റെ കവിതകളിലേക്ക് കയറി വരുന്നതിലെ സ്വാഭാവികത ഒരു കുയില്‍പ്പാട്ട് പോലെ മനോഹരമായി സിനിമ ആവിഷ്‌ക്കരിക്കുന്നു.

ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, ചിന്താവിഷ്ടയായ സീത, കരുണ എന്നീ കൃതികളിലൂടെയുള്ള ഒരു യാത്ര കൂടിയാണ് ഗ്രാമവൃക്ഷത്തിലെ കുയില്‍. 1921-ലെ മലബാര്‍ കലാപം ആശാന്റെ മനസ്സില്‍ സൃഷ്ടിച്ച മുറിവുകള്‍ ഏറ്റുവാങ്ങുന്നത് ദുരവസ്ഥയിലാണ്. എന്നാല്‍ അതിന്റെ രചനയിലൂടെ ആശാന്‍ ഏറെ വേട്ടയാടപ്പെട്ടിരുന്നു എന്നും അതെത്രമാത്രം അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു എന്നതിന്റെയും സൂചനകള്‍ സിനിമ നല്‍കുന്നുണ്ട്. താമരക്കുളവും പുഴയും കായലും കടലും നിറഞ്ഞ ജീവിതം കത്തുന്ന തീയിലേക്കെത്തുന്ന ദുരവസ്ഥയുടെ രചനാകാലത്താണ്. അപരിഹാര്യമായ ചരിത്ര സന്ദര്‍ഭത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദുരവസ്ഥയുടെ ഓര്‍മ്മയെ പുനരാനയിക്കുന്നതിലൂടെ സംവിധായകന്‍ നിര്‍വ്വഹിക്കുന്ന ദൗത്യം. സിനിമയെ അത് വര്‍ത്തമാന കാലത്തോടടുപ്പിക്കുന്നു. കുമാരനാശാന്‍ എന്നത് ഒരു ഭൂതകാലരതിയല്ല, കെ.പി. കുമാരന്. അത് വര്‍ത്തമാനം എടുത്തണിയേണ്ട ഒരു ഓര്‍മ്മബിംബമാണ്. മറവിയെ പ്രതിരോധിക്കുന്ന ബിംബം.

 Gramavrikshathile Kuyil
Gramavrikshathile Kuyil

കുമാരനാശാന്‍ ഒരു പരാജയമായിരുന്നോ?

വിജയത്തെക്കുറിച്ചുള്ള അധികാരപക്ഷ, ധനപക്ഷ വിചാരങ്ങളുടെ കണ്ണില്‍ കുമാരനാശാനും കെ.പി. കുമാരനുമൊക്കെ പരാജയങ്ങള്‍ തന്നെയാണ്. സംശയമില്ല. എന്നാല്‍ നവോത്ഥാനം എന്നാല്‍ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും എതിരെ ഹൃദയം കൊളുത്തിവയ്ക്കുന്ന വെളിച്ചം പകരലാണ് എന്ന് തിരിച്ചറിയുന്നവര്‍ക്ക് കുമാരനാശാന്‍ ഭാവിയുടെ കവിയാണ്. കെ.പി. കുമാരന്‍ ഭാവിയുടെ സംവിധായകനും.

ഗൊദാര്‍ദിന് ആയുഷ്‌ക്കാല നേട്ടത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിക്കാന്‍ കേരളം തയ്യാറായി. അത് നമ്മുടെ സിനിമയെക്കുറിച്ചുള്ള വിശ്വമാനവിക ദര്‍ശനത്തിന്റെ തെളിവായി എണ്ണാം. നല്ല കാര്യം. തൊണ്ണൂറാം വയസ്സിലും ഗൊദാര്‍ദ് സിനിമയെടുക്കുന്നു. എന്നാല്‍ എണ്‍പത്തിരണ്ടിലോ എണ്‍പത്തിനാലിലോ എത്തിയ കെ.പി. കുമാരനെ ആയുഷ്‌ക്കാല നേട്ടത്തിനുള്ള യോഗ്യതാപുരസ്‌കാരം നല്‍കി നമ്മള്‍ ആദരിക്കുന്നില്ലെങ്കില്‍ മറ്റാര് ആദരിക്കും? ജെ.സി.ഡാനിയേല്‍ പുരസ്‌കാരം പോലും അദ്ദേഹത്തെ തേടിയെത്തിക്കാന്‍ ആരും ഇതുവരെയും മുന്‍കൈ എടുത്തില്ലെന്നത് അത്യന്തം ഖേദകരമാണ്. സ്വയംവരം മുതല്‍ അതിഥി മുതല്‍ അര നൂറ്റാണ്ട് കാലമായി ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങാതെ പൊരുതിനിന്ന മലയാള സിനിമയുടെ ഗൊദാര്‍ദിനെ ഫ്രഞ്ച് സിനിമ കാണില്ല. അതാണ് നമ്മുടെ സിനിമ ഇവിടെയുണ്ടാക്കിയ ചലച്ചിത്രസംസ്‌കാരം. അതിപ്പോഴും പുറത്ത് നിന്നുള്ള പ്രതിഭകളെ ആദരിക്കുന്നതിലാണ് അതിന്റെ മേന്മ നടിക്കുന്നത്. ഇവിടെയുള്ളവരെ അംഗീകരിക്കുന്നതിലല്ല. മറിച്ചായിരുന്നു എങ്കില്‍ ഗ്രാമവൃക്ഷത്തെ കുയില്‍ കേരള സര്‍ക്കാര്‍ നിര്‍മ്മിക്കുമായിരുന്നു. അങ്ങിനെയെങ്കില്‍ കുടുതല്‍ വലിയ വിഭവങ്ങള്‍ ഉപയാഗിച്ച് ഇതേ സിനിമ ചിത്രീകരിക്കാന്‍ സംവിധായകന് കഴിയുമായിരുന്നു. ചെറുസിനിമകള്‍ മാത്രമല്ല, വിദേശ ലൊക്കേഷനുകളില്‍ മാത്രം മോഹന്‍ലാലിലെ പോലൊരു താരനായകനെ വച്ച് ഇബ്‌സന്റെ മാസ്റ്റര്‍ ബില്‍ഡര്‍ ബൃഹത് സിനിമയായും ചെയ്യാനാകുമെന്ന് 2008-ല്‍ തന്നെ കെ.പി. കുമാരന്‍ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും 2022 വരെ ആ പ്രതിഭയെ വീട്ടിലിരുത്തിയ ഇന്‍ഡസ്ട്രിയാണ് മലയാള ഫിലിം ഇന്‍ഡസ്ടി. 14 വര്‍ഷം. എത്രയോ ചലച്ചിത്രപദ്ധതികള്‍ അതിനിടയില്‍ വെളിച്ചം കാണാതെ ആ മനസ്സില്‍ മാത്രം ഓടി. ആ കാത്തിരുപ്പിന് അറുതി വരുത്താന്‍ ആരും തയ്യാറായില്ല. സ്വന്തം ജീവിതപങ്കാളി ശാന്തമ്മ തന്നെ വേണ്ടിവന്നു അതിന്. അതിന് ഒരു നികുതിയിളവ് നല്‍കി പിന്തുണക്കുക എന്ന ഉത്തരവാദിത്വമെങ്കിലും സര്‍ക്കാരിന്റേതായി ഇനിയും ബാക്കിയുണ്ട്.

 Gramavrikshathile Kuyil
Gramavrikshathile Kuyil

തിരുവനന്തപുരം പോലുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ ചെറുസിനിമകള്‍ക്ക് ഇരച്ചുകയറുന്ന ആള്‍ക്കൂട്ടം അതേ സിനിമകള്‍ തിയേറ്ററില്‍ എത്തിയാല്‍ തിരിഞ്ഞുനോക്കില്ല. അത് ഐ.എഫ്.എഫ്.കെ.യു-ടെ പിന്നിട്ട 26 വര്‍ഷവും കണ്ടുവരുന്ന യാഥാര്‍ത്ഥ്യമാണ്. നല്ല സിനിമയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതില്‍ ഫെസ്റ്റിവലുകള്‍ ഒരു പരിധി വരെ പരാജയങ്ങള്‍ കൂടിയാണ്. അവിടെ വളര്‍ന്നുകാണുന്നത് ഉപഭോഗതൃഷ്ണയുടെ നവകൊളോണിയല്‍ കാഴ്ചാ സംസ്‌കാരമാണ്. നമുക്ക് കിംകി ഡുക്കിനെ അറിയാം, കെ.പി. കുമാരനെ അറിയില്ല എന്ന ദുരന്തത്തിലേക്കാണ് അത് പതിക്കുന്നത്.

അവസാനമായി കുമാരനാശാന്റെ കവിതകള്‍ക്ക് ഹൃദയത്തെ തൊടുന്ന ഈണവും ശബ്ദവും പകര്‍ന്ന ശ്രീവത്സന്‍ ജെ. മേനോനെക്കുറിച്ച് ഒരു വാക്ക്. ആശാന്റെ കവിതകളെ ഹൃദയം കൊണ്ടറിഞ്ഞ സംഗീതജ്ഞനാണ് ശ്രീവത്സന്‍ എന്നതിന് ആ പാട്ടുകള്‍ ഓരോന്നും തെളിവ്. അത്രമേല്‍ അത് കവിതയുമായും കവിതയിലെ കവിശബ്ദവുമായും ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ആ ഈണത്തില്‍ നിന്നാകാം കുമാരനാശാനായി ശ്രീവത്സന്റെ വേഷം ഇഴുകിച്ചേര്‍ന്നത്. ആശാന്റെ പ്രണയവും വിഷാദവും ധ്യാനവും ശ്രീവത്സനില്‍ ഭദ്രമായിരുന്നു. ഗ്രാമവൃക്ഷത്തിലെ കുയില്‍ പാടുമ്പോള്‍ അതുണര്‍ത്തുന്നത് പതിറ്റാണ്ടുകളുടെ വിസ്മൃതിയിലാണ്ട ഓര്‍മ്മകളെയാണ്. കെ.പി. കുമാരനോട് കാലം കടപ്പെട്ടിരിക്കുന്നു, ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തലിന്, ഓര്‍മ്മപ്പെടലിന്. കുയില്‍ പാടട്ടെ .

Related Stories

No stories found.
logo
The Cue
www.thecue.in