ഇരട്ടപ്രകടനത്തിനിലെ തലപ്പൊക്കം, കഥപറച്ചിലിന്റെ മിടുക്ക്‌

ഇരട്ടപ്രകടനത്തിനിലെ തലപ്പൊക്കം, കഥപറച്ചിലിന്റെ മിടുക്ക്‌
Summary

ജോസഫ്‌, പൊറിഞ്ചു മറിയം ജോസ്‌, മധുരം, നായാട്ട്‌ തുടങ്ങിയവയിലെല്ലാം കണ്ട ആ ശൈലിയെ കുറച്ച്‌കൂടി രാകിമിനുകിയാണ്‌ ഇരട്ടയിലെ പകർന്നാട്ടം.

കെ.എ.നിധിൻ നാഥ് എഴുതുന്ന റിവ്യു

പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന സിനിമാ ശ്രേണിയാണ്‌ എല്ലാകാലത്തും ത്രില്ലറുകൾ. എന്നാൽ കുറച്ച്‌ കാലം മുമ്പ്‌ വരെ മലയാള സിനിമയുടെ നടപ്പ്‌രീതിയിൽ അത്രകണ്ട്‌ ജനകീയമായിരുന്നില്ല ത്രില്ലറുകൾ. ഇടക്ക് മാത്രം കടന്ന്‌ വരുന്ന പരീക്ഷണ ധീരതകളായിരുന്നു ത്രില്ലറുകൾ. ദൃശ്യം അടക്കമുള്ള സിനിമകൾ ത്രില്ലറുകളൊരുക്കാൻ മലയാള സിനിമാ മേഖലയിൽ നൽകിയ പുതുവേഗം പ്രധാനപ്പെട്ടതാണ്‌. ദൃശ്യം ഉൾപ്പെടെ ശ്രമിച്ചത് മിക്സഡ് ഴോനർ എന്ന് പറയാനാകുന്ന രീതിയിൽ ഫാമിലി ഡ്രാമയിലേക്ക് ത്രില്ലർ എലമെന്റുകളെ കൊണ്ടുവരാനായിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിൽ ആഘോഷിക്കപ്പെട്ട മിക്ക ത്രില്ലറുകൾക്കും ഒരു കുടുംബ -കഥാചിത്രത്തിന്റെ പൊതുസ്വഭാവമുണ്ടായിരുന്നു. ഴോനറിൽ വിട്ടുവീഴ്ചയില്ലാതെ ത്രില്ലർ ശ്രമങ്ങളുണ്ടായത് കൊവിഡ് കാലത്തിന് ശേഷമാണ്. ജോജു ജോർജ് നായകനായ ഇരട്ട ത്രില്ലറിന്റെ അവതരണ ശൈലിയെ പ്രയോജനപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.

ആഖ്യാനത്തിന്റെയും കഥപറച്ചിലിന്റെ മിടുക്കിൽ മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലറുകളിൽ ഒന്നായി ഉയരുന്നുണ്ട്‌ ഇരട്ട. ജോജുവിന്റെ സിനിമാ ജീവിതത്തിലെ ആദ്യ ഇരട്ട വേഷമാണ്‌ ഇരട്ട എന്ന സിനിമയിലേത്. ഡിവൈഎസ്‌പി പ്രമോദ്‌ -എഎസ്‌ഐ വിനോദ്‌ എന്നീ കഥാപാത്രങ്ങളെയാണ്‌ ജോജു അവതരിപ്പിക്കുന്നത്‌. വാഗമൺ പൊലീസ്‌ സ്‌റ്റേഷനിൽ മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കാനിരിക്കെ സ്‌റ്റേഷനകത്ത്‌ വച്ച്‌ നടക്കുന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് സിനിമ.

ഒരു കുറ്റാന്വേഷണ സിനിമ എന്ന തലത്തിൽ നിന്ന് പ്രൊസീജറൽ ഡ്രാമ സ്വഭാവത്തിലേക്ക് കൂടി വികസിക്കുന്നുണ്ട് ഇരട്ട. കേസ്‌ അന്വേഷണത്തിന്റെ ഘട്ടങ്ങളും വിശദാംശങ്ങളും രീതികളും ഉദ്വേ​ഗ ഭരിതമായി അവതരിപ്പിക്കുകയാണ് നവാ​ഗതനായ രോഹിത് എം.ജി കൃഷ്ണൻ. ഫലത്തിൽ പ്രേക്ഷകനെയും അന്വേഷണ സംഘത്തിന്റെ ഭാ​ഗമാക്കുകയാണ് സിനിമ. സിനിമ ഏതാണ്ട്‌ പൂർണമായും അന്വേഷണത്തിൽ ഊന്നിയാണ്‌ മുന്നോട്ട്‌ പോകുന്നത്‌. കഥാഗതിയിൽ നിന്ന്‌ തെന്നിമാറാതെ സിനിമയുടെ സ്വഭാവത്തിന്റെ ഓരംചേർന്ന്‌ തന്നെ പ്രമോദിന്റെയും വിനോദിന്റെയും ജീവിതവും സിനിമ പറയുന്നുണ്ട്‌. അന്വേഷണത്തിന്റെ ചടുലത നിലനിർത്തി തന്നെയാണ്‌ ഫ്ലാഷ്‌ ബാക്കുകളും കടന്ന്‌ വരുന്നത്‌. ഈ ആഖ്യാനരീതി സിനിമയുടെ താളം നിലനിർത്താൻ സഹായിക്കുന്നുണ്ട്‌. കഥാപാത്രങ്ങൾ തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ അതിലേക്ക്‌ എത്തിപ്പെടാനുള്ള കാരണങ്ങൾ ഇതെല്ലാം കൃത്യമായി സ്ഥാപിച്ചെടുക്കുന്ന ചിത്രം, കുറ്റകൃത്യത്തിന്‌ പിന്നിലെ കാരണത്തിലേക്കും അതുവഴി കുറ്റവാളിയിലേക്കും സഞ്ചരിക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഇത്തരം ശൈലിയിലുള്ള സിനിമകളുടെ ആസ്വാദന തലം പലപ്പോഴും പൊട്ടിപോക്കുന്നത്‌ എഴുത്തിലെ മുറുക്കമില്ലായ്‌മയിലാണ്‌. ആളുകളുടെ ഊഹത്തിന്‌ കഥാഗതിയെ വിട്ടു നൽകാത്ത ക്രാഫ്‌റ്റ്‌ സിനിമയ്‌ക്കുണ്ട്‌. സംവിധായകൻ രോഹിത്ത്‌ തന്നെയാണ്‌ സിനിമയുടെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്‌. സിനിമയുടെ മുന്നോട്ട്‌ പോക്കിൽ ചിലയിടത്ത്‌ രസച്ചരട്‌ ചെറിയ തോതിൽ അയയുന്നുണ്ടെങ്കിലും ആ ചെറു പോരായ്‌മകളെ പൂർണമായും മറികടക്കുന്ന കഥാന്ത്യമാണ്‌ ഇരട്ടയുടേത്‌.

പ്രധാന കഥാപാത്രങ്ങൾ രണ്ടും പൊലീസുകാരായിരിക്കുമ്പോഴും അതിൽ വ്യത്യസ്ഥത കൊണ്ട്‌ വരാൻ കഥാപാത്ര സൃഷ്ടിയിൽ നടത്തിയിട്ടുള്ള ശ്രമങ്ങൾക്ക്‌ പൂർണത നൽകാൻ പ്രകടനത്തിലൂടെ ജോജുവിനായിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ സ്വഭാവ നിർമിതിയും ആഖ്യാനഭാഷയുമെല്ലാം ഇതിന്‌ ശക്തി പകരുന്നുണ്ട്‌. ജോജുവിന്റെ പ്രകടന മികവിൽ ഊന്നിയാണ്‌ സിനിമയുടെ താളം നിലനിൽക്കുന്നത്‌. വ്യത്യസ്ഥ സ്വഭാവമുള്ള കഥാപാത്രങ്ങളായി നിൽക്കുമ്പോഴും ഇരുവരിലും ഒറ്റപ്പെടലുകളുടെ സമാനതയുണ്ട്‌. ഇവരിൽ ഉടലെടുക്കുന്ന സംഘർഷങ്ങളും അത്‌ വഴിതുറക്കുന്ന മാനസിക–- ശാരീരിക ഏറ്റുമുട്ടലുകളുണ്ട്‌. ഇതിലെല്ലാം വളരെ സൂക്ഷ്‌മ ഭാവങ്ങളും ശരീര ഭാഷയും ഉപയോഗപ്പെടുത്തിയാണ്‌ ജോജു കഥാപാത്രത്തിന്‌ പൂർണത നൽകിയിട്ടുള്ളത്‌. പ്രതിസന്ധികളിൽ പ്രത്യേകിച്ച്‌ നിസഹായനാകുന്ന സന്ദർഭങ്ങളിൽ ജോജു പ്രകടനത്തിൽ കൊണ്ട്‌ വരുന്ന ചില പ്രത്യേക പെരുമാറ്റരീതികളുണ്ട്‌. ജോസഫ്‌, പൊറിഞ്ചു മറിയം ജോസ്‌, മധുരം, നായാട്ട്‌ തുടങ്ങിയവയിലെല്ലാം കണ്ട ആ ശൈലിയെ കുറച്ച്‌കൂടി രാകിമിനുകിയാണ്‌ ഇരട്ടയിലെ പകർന്നാട്ടം. കാഴ്‌ചയിൽ സമാന ശരീരഘടനയുള്ള കഥാപാത്രങ്ങളിൽ വ്യത്യസ്ഥത കൊണ്ട്‌ വരുന്നത്‌ ശരീരഭാഷയിലാണ്‌. സമാനമായ രംഗങ്ങളിൽ രണ്ട്‌ കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലടക്കം ജോജുവിലെ പെർഫോമറുടെ തലപൊക്കത്തിന്‌ പ്രേക്ഷകർ സാക്ഷിയാകുന്നുണ്ട്‌. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ എന്നിവരും തങ്ങളുടെ കഥാപത്രങ്ങളെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്‌.

ആര്‌, എന്തിന്‌ എന്നചോദ്യങ്ങൾക്ക്‌ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുന്ന സ്ഥിരംമറുപടി നൽകി അവസാനിപ്പിക്കുന്ന പതിവ്‌ ശൈലിയുടെ കളത്തിന്‌ പുറത്ത്‌ നിൽക്കാനാണ്‌ രോഹിത്‌ ശ്രമിച്ചത്‌. ഏത്‌ ഘട്ടത്തിലും പാളിപോയേക്കാവുന്ന കഥാഗതിയെ അവതരണ മികവ്‌ കൊണ്ടാണ്‌ രോഹിത്ത്‌ മറികടക്കുന്നത്‌. ത്രില്ലറിന്റെ ആകാംഷയും കഥാപാത്രങ്ങളുടെ മനസ്സിൽ നിറയുന്ന വൈകാരികതയെയും ഒരുപോലെ സംയോജിപ്പിച്ചാണ്‌ അവതരണം. സിനിമയുടെ പൂർണതയ്‌ക്കായി സാങ്കേതിക മേഖലയെയും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കഥാഗതിയിലെ പ്രധാന നിമിഷങ്ങൾക്ക്‌ കൂടുതൽ മിഴിവ്‌ നൽകുന്നതിൽ ജേക്‌സ്‌ ബിജോയുടെ പശ്ചാത്തല സംഗീതം വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. മുറുക്കമുള്ള എഴുത്തിന്റെ മികവുറ്റ ആഖ്യാനവും അതിനു പൂർണത നൽകുന്ന അഭിനേതാക്കളുടെ പ്രകടനവുമാണ്‌ ഇരട്ട.

Related Stories

No stories found.
logo
The Cue
www.thecue.in