
ജോൺ എബ്രഹാം ഒരു ഒറ്റമരക്കാടാണ്. മലയാളത്തിൻ്റെ ചലച്ചിത്രഭാവുകത്വത്തെ സവിശേഷമായി നിർണയിച്ച, അക്കാലംവരെ മലയാളസിനിമ പരിചയിച്ചുപോന്ന വ്യവസ്ഥാപിതമാർഗങ്ങളെ ലംഘിച്ച,മൂലധനത്തെ നിരസിച്ച, ഉന്നതമായബോധ്യങ്ങളാൽ ചലച്ചിത്രമേഖലയിൽ ഇടപെട്ട ജോണിനെക്കുറിച്ച് അദ്ദേഹം മരിച്ച് 36 വർഷങ്ങൾക്കുശേഷമാണ് ദീദി ദാമോദരൻ്റെ തിരക്കഥയിൽ, പാപ്പാത്തി മൂവ്മെൻറ്സിൻ്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോൺ' എന്ന സിനിമ സംഭവിക്കുന്നത്.
'ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വലസമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വേദങ്ങളിലവനു ജോണെന്നു പേര്‍ .
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ .
വിശക്കാത്തവന്‍.'
-എന്ന് എവിടെ ജോൺ? എന്നകവിതയിലൂടെ ബാലചന്ദ്രൻ ചുള്ളിക്കാട് അന്വേഷിച്ചതുപോലെ പ്രേംചന്ദിൻ്റെ ജോണന്വേഷണമാണ് ഈ സിനിമ. എന്തായിരുന്നു ജോൺ?
ആരായിരുന്നു ജോൺ?
തൻ്റെ സൃഷ്ടികളിലൂടെ അയാളുന്നയിച്ച രാഷ്ട്രീയപ്രമേയങ്ങൾ, ഇടപെടലുകൾ, അതിൻ്റെ ദൃശ്യഭാഷ തുടങ്ങിയവയൊക്കെ എങ്ങനെയാണ് പുതിയകാലത്തുനിന്ന് അഡ്രസ് ചെയ്യാൻ കഴിയുക എന്ന അന്വേഷണംകൂടിയാണ് ഒരുമണിക്കൂർ 35 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ. ജോണിൻ്റെ ബയോപിക് അല്ല. മറിച്ച് ഓരോ വ്യക്തിയിലും മുറിയിലും കയറിയിറങ്ങി ജോൺ സാധ്യമാക്കിയ ജീവിതം, സാമൂഹ്യവിമർശനം, പരീക്ഷണാത്മകത തുടങ്ങിയവയൊക്കെ സിനിമയെന്ന മാധ്യമഭാഷയിലേക്ക് സന്നിവേശിപ്പിക്കുകയാണ് സംവിധായകൻ.
പലർക്കും പലതാണ് ജോൺ. ഏതൊരു വീട്ടിലും ഒരു മുറിയുള്ള ഒരാൾ.പലരും കടന്നുവരുന്നുണ്ട്. പലകാലങ്ങൾ, പല ഓർമകൾ, പല സന്ദർഭങ്ങൾ,പല ഭൂമികകൾ, ഒപ്പംനടന്നവർ, ജോണിൻ്റെ നടക്കാതെപോയ വിപ്ലവസിനിമാ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുന്നവർ,ലഹരിയും രതിയും നിറഞ്ഞ രാപകലുകൾ, തെരുവുകൾ, മുറികൾ, മട്ടുപ്പാവുകൾ, ജോണിൻ്റെ പ്രിയപ്പെട്ട സഹോദരി, അവർ സ്നേഹത്തോടെ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം, കുട്ടനാട്, നിരന്തര സാന്നിധ്യമായ അപ്പൻ, ജോണിനെയും അതുവഴി ഒരുകാലത്തെ പഠിക്കാൻ ശ്രമിക്കുന്ന വിദ്യാർഥികൾ, ഈ മഹത്വവത്കരണത്തോട് ഇടയുന്ന മനുഷ്യൻ എന്നിങ്ങനെ സമഗ്രതയിൽ ജോണിനെ സാക്ഷാത്കരിക്കാനുള്ള സംവിധായകൻ്റെ തീവ്രശ്രമങ്ങളുടെ സമാഹാരംകൂടിയാണ് ജോൺ എന്ന സിനിമ.
ജോൺ ഒരു വ്യക്തിയായിരിക്കുമ്പോഴും പലരിലൂടെ പലതായി ജീവിച്ചൊരാളാണ്. ഈ സിനിമയുടെ ആഖ്യാനവും അങ്ങനെയാണ്. മുറിതുറന്ന് 'ആ ജോണോ!' എന്ന ആശ്ചര്യച്ചോദ്യത്തോടെ വീട്ടിലേക്ക് വിളിച്ചിരുത്താൻ കഴിയുന്നത്ര സ്വാതന്ത്ര്യവും അടുപ്പവും ജോണിനവരോടും തിരിച്ചുമുണ്ട്. ഒരുതരം രാഷ്ട്രീയ, വൈകാരിക സാന്നിധ്യം.
മൂലധനരഹിതമായൊരു ജനകീയ സിനിമയെ സ്വപ്നംകണ്ട, അതിനായി പണിയെടുത്തൊരു ജോൺവഴി പ്രേംചന്ദിൻ്റെ 'ജോൺ' എന്ന സിനിമയ്ക്കുമുണ്ട്. അഞ്ചോളം ഛായാഗ്രാഹകർ, ജോണിൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ, സൗഹൃദവലയത്തിൽപ്പെട്ട അഭിനേതാക്കൾ, ഏറ്റവും പരിചിതമായ കോഴിക്കോടൻ തെരുവുകൾ, മെഡിക്കൽകോളേജ്, മാനസികാരോഗ്യകേന്ദ്രം തുടങ്ങി മൂന്നരപ്പതിറ്റാണ്ടിനിപ്പുറത്തും ജോൺ പലവിധത്തിൽ തുടരുന്ന ഇടങ്ങളും ജീവിതങ്ങളുമൊക്കെ സിനിമയിൽ പങ്കാളിയാകുന്നുണ്ട്.
പ്രധാനവേഷം ചെയ്ത മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ (നന്ദൻ), ഹരിനാരായണൻ, ഓരോ ഷെഡ്യൂൾവീതം ഛായാഗ്രഹണം നിർവഹിച്ച കെ. രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണൻ എന്നിവരുടെ ഓർമച്ചിത്രംകൂടിയാണ് സിനിമ. ഒരർഥത്തിൽ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും സംയുക്തസംരംഭം എന്നും പറയാം.
അപ്പനും ചരിത്രവും സമരവും സ്ത്രീകളും തുടങ്ങി ജോൺ എബ്രഹാമിൻ്റെ ജീവിതത്തെ തൻ്റെ സിനിമയുടെ ആഖ്യാനവഴിയെ തടസ്സപ്പെടുത്താതെ സന്നിവേശിപ്പിക്കാൻ പ്രേംചന്ദിന് കഴിയുന്നുണ്ട്. ബുദ്ധിജീവിപ്പറച്ചിലായോ, പ്രസംഗമായോ അവസാനിച്ചുപോകാമായിരുന്ന ഒന്നിലേറെ സീനുകളെ സർഗാത്മകമായി വിളക്കിയെടുക്കാൻ സംവിധായകന് കഴിയുന്നുണ്ട്.
ഒരുമിച്ച് കല്ലറയിൽ കിടക്കുന്ന അപ്പനോട് ജോൺ പറയുന്നതൊക്കെയും രാഷ്ട്രീയമാണ്. നടക്കാതെപോയ/വേണ്ടാന്നുവെച്ച കയ്യൂർ സിനിമയെക്കുറിച്ചുള്ള പരാമർശം ചരിത്രമെന്നനിലയിൽ നമ്മെ പഠിപ്പിച്ചുപോരുന്നതിനോടുള്ള വിമർശനമാണ്.
ജോൺ അപ്പനോട് പറയുന്നു:
"അപ്പാ, ചരിത്രം പൊലിപ്പിച്ചുനിർത്തിയ വീരസ്യങ്ങളല്ല ലെൻസിലൂടെ കണ്ടത്. ലോങ് ഷോട്ടിൽ കാണുന്നതല്ല ക്ലോസപ്പിൽ. അടുത്തുചെന്നപ്പോൾ ചരിത്രം തലകീഴായിനിന്നു..."
ജോണനന്തര ജനകീയസമരപ്പന്തലുകളിലൊക്കെ അയാളുടെ സാന്നിധ്യമുണ്ടാകാമെന്ന് സംവിധായകൻ വിശ്വസിക്കുന്നുണ്ട്. പ്ലാച്ചിമടയിൽ, മുത്തങ്ങയിൽ, ചെങ്ങറയിൽ എന്നിങ്ങനെ കീഴാളവർഗശബ്ദം മുദ്രാവാക്യമായി ഉയർന്നിടങ്ങളുടെയൊക്കെ ദൃശ്യങ്ങൾ ബോധപൂർവം സ്ഥാനപ്പെടുത്തുന്നതിലൂടെ ജോൺ പങ്കുവെക്കാൻശ്രമിച്ച ജനകീയസിനിമയുടെ സഞ്ചാരപഥങ്ങൾ കടന്നുവരുന്നു.
ഒറ്റരാത്രിയുടെ കാമുകിയിൽനിന്ന്, തന്നെ ശരീരമായിമാത്രം കാണാതെ, വ്യക്തിയായി പരിഗണിച്ച, പാട്ടുപാടിത്തന്ന ജോണിനെ ചേർത്തുപിടിക്കുന്നൊരു സ്ത്രീ, നീയിങ്ങനെ രാത്രിയിൽ കുടിച്ചു ലെക്കുകെട്ട് വരാതെ പകൽ വരൂ എന്ന സ്നേഹശാസനയോടെ വിളിച്ചിരുത്തി ഭക്ഷണം കൊടുക്കുന്ന, നിൻ്റെ താടിവളർന്നു, ഞാൻ വെട്ടിയൊരുക്കിത്തരാമെന്ന് പറയുന്ന സഹോദരി - രണ്ടാളും ജോണെന്ന ആഘോഷിക്കപ്പെടുന്ന ആൺബിംബത്തെ കരുണയോടും കരുതലോടും പരിഗണിക്കുന്നവരാണ്. ഒരുപക്ഷേ, വിപ്ലവവും സിനിമയും മദ്യവും നഗരവും തെരുവും തിരക്കഥയും നിറഞ്ഞ ജോൺജീവിതത്തിലെ സ്നേഹസാന്നിധ്യം ഈ സ്ത്രീകളാണ്.
കെ. രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ ആകോട്ട് എന്നീ അഞ്ച് ക്യാമറക്കണ്ണുകളാണ് പ്രേംചന്ദിൻ്റെ ജോണിനെ സാധ്യമാക്കിയത്. ഒരുതരത്തിൽ സാധ്യതയും പരിമിതിയുമാണത്. ജോൺ ഒറ്റയായല്ല ഒരു സിനിമയും രൂപപ്പെടുത്തിയത്. മേൽപ്പറഞ്ഞതുപോലെ നൂറായിരം ഘടകങ്ങളുടെ സമാഹാരമായിരുന്നു ചെയ്ത സിനിമകളൊക്കെയും. അപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഒരു സിനിമ 36 വർഷങ്ങൾക്കിപ്പുറം സാധ്യമാകുമ്പോൾ സൗഹൃദക്കൂട്ടങ്ങളിൽ സംഭവിക്കുന്നതിലൊരു കാവ്യനീതിയുണ്ട്.
"ചലച്ചിത്രം ആദിമധ്യാന്തം പൊരുത്തമുള്ളതോ അല്ലാത്തതോ ആയ കഥാഖ്യാനം മാത്രമാവണമെന്ന ശാഠ്യം കാലാഹരണപ്പെട്ടിട്ട് കുറെ കാലമായി. മനുഷ്യാവസ്ഥകളുടെയോ അനുഭവങ്ങളുടെയോ അനുഭൂതികളുടെയോ സൂക്ഷ്മാഖ്യാനം പുതിയ ദൃശ്യഭാഷയും ഭാവുകത്വവും സൃഷ്ടിച്ചിട്ടുണ്ട്. അതു വഴിയുള്ള അന്വേഷണം പക്ഷേ, വാണിജ്യ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടണമെന്നില്ല. വലിയ വ്യവസായസംരംഭമെന്ന നിലയിൽ സിനിമ പുലർത്തിപ്പോരുന്ന സമീപനങ്ങളും പാറ്റേണുകളും മാറ്റിമറിക്കാൻപോന്ന ധീരതയും കലാശേഷിയുമുള്ളവർക്കേ പുതുസിനിമ സൃഷ്ടിക്കാനാവൂ. അത്തരമൊരു അന്വേഷണവും സർഗരചനയുമാണ് ജോൺ എന്ന സിനിമ" എന്ന് ഡോ. ആസാദ് മേയ് 31 ന് ഫെയ്സ്ബുക്കിൽ കുറിച്ചതുപോലെ ധീരവും കലാശേഷിയും രാഷ്ട്രീയധാരണയും ചേർന്ന ചലച്ചിത്രരചനയാണ് പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോൺ'.
ഗൃഹാതുരതയുടെ കല്ലറത്തണുപ്പിലല്ല പ്രേംചന്ദിൻ്റെ ജോണുള്ളത്. അയാൾ അപ്പനോടും അതുവഴി ലോകത്തോടും സംസാരിച്ചുകൊണ്ടേയിരിക്കുന്നു. മദ്യപാനിയും അരാജകവാദിയുമെന്ന അച്ചടക്കക്കാരുടെ സർട്ടിഫിക്കറ്റുകളാവശ്യമില്ലാതെ, താൻ ജീവിച്ച നിമിഷങ്ങളോട്, പണിയെടുത്ത മീഡിയത്തോട് അസാധാരണമാംവിധം സത്യസന്ധത (സത്യം പലതാണെങ്കിലും) പുലർത്തിയൊരു ജീനിയസിനുള്ള ട്രിബ്യൂട്ടാണ് 'ജോൺ'. അതുവഴിഇവിടെയുണ്ട് ജോൺ എന്നൊരു സാക്ഷ്യപ്പെടുത്തൽ.