മണ്ണും ചക്രവര്‍ത്തിയും മാമന്നന്‍റെ പാഠാന്തര യാത്രകള്‍

Mamannan Movie Review
Mamannan Movie Review
Summary

തേവര്‍ മകനിലെ ഇശക്കി അടക്കം നിരവധി കഥാപാത്രങ്ങളിലൂടെ കാലങ്ങളായി അപഹസിക്കപ്പെട്ട വടിവേലുവാണ് മാമന്നന്‍റെ വേഷം അവതരിപ്പിക്കുന്നത് എന്നത് എടുത്തു പറയേണ്ടതാണ്. ലീല (കീര്‍ത്തി സുരേഷ്) കമ്യൂണിസ്റ്റ് അനുഭാവിയും ചെഗുവേരയുടെ ആരാധികയുമാണെന്ന ദൃശ്യവത്ക്കരണവും തമിഴ്നാട്ടിലും ഇന്ത്യയിലും രൂപപ്പെടുന്ന പുതിയ ഫാസിസ്റ്റ് വിരുദ്ധ വിശാല ഐക്യമുന്നണിയുടെ സൂചനകളാണ്.

മാരി സെൽവരാജിന്റെ മാമന്നൻ എന്ന സിനിമയെക്കുറിച്ച് ചലച്ചിത്ര നിരൂപകൻ ജി.പി രാമചന്ദ്രൻ എഴുതുന്നു

അടങ്ക മറു, ആത്തു മീറു, തിമിറി എഴു, തിരുപ്പി അടി (കീഴ്പ്പെടാന്‍ പാടില്ല, അതിരു കടന്നിരിക്കുന്നു, തിരിച്ചെഴുന്നേല്‍ക്കിന്‍, തിരിച്ചടിക്കിന്‍) -

തൊല്‍. തിരുമാവളവന്‍

ഒരു സിനിമയുടെ പാഠത്തിനകത്തെന്നതു പോലെ പാഠത്തിനു പുറത്തും നടത്തുന്ന അന്വേഷണങ്ങളാണ് ചിലപ്പോള്‍ അനിവാര്യവും പ്രസക്തവുമാവുക. മാരി ശെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ എന്ന സിനിമയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇക്കാര്യം തികച്ചും സ്പഷ്ടമാണ്. മാമന്നന്‍ ഒരു ഉദയനിധി സ്റ്റാലിന്‍ സിനിമ കൂടിയാണ്. വടിവേലുവിന്‍റെയും ഫഹദ് ഫാസിലിന്‍റെയും അസാമാന്യമായ നടനമികവും എ ആര്‍ റഹ്മാന്‍റെ ത്രസിപ്പിക്കുന്നതും ചിത്രത്തിന് ഏറ്റവും അനുയോജ്യവുമായ സംഗീതവുമെല്ലാമാണ് മാമന്നനിലെ മുഖ്യ ആകര്‍ഷണങ്ങളെന്നിരിക്കെ, അഭിനയത്തില്‍ സവിശേഷമായ മികവൊന്നും പുലര്‍ത്താത്ത ഉദയനിധി സ്റ്റാലിന്‍റെ പേരിലും കൂടിയായിരിക്കും ഈ ചിത്രം അറിയപ്പെടുവാനും ഓര്‍ക്കപ്പെടുവാനും പോകുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നതെന്തുകൊണ്ടായിരിക്കും? അതും ഈ ലേഖനം അന്വേഷിക്കുന്നുണ്ട്.

1952 ല്‍ തിമുക നേതാവ് മു. കരുണാനിധിയ്ക്ക് ഇരുപത്തെട്ട് വയസ്സായിരുന്നു പ്രായം. കരുണാനിധി തിരക്കഥയെഴുതി കൃഷ്ണന്‍ പഞ്ചു സംവിധാനം ചെയ്ത പരാശക്തി (സര്‍വ ശക്തന്‍) അന്നാണ് പുറത്തിറങ്ങിയത്. തമിഴ്നാട് രാഷ്ട്രീയത്തിന്‍റെയും തമിഴ് സിനിമയുടെയും ദിശാബോധം മാറ്റിമറിച്ച സിനിമയായിരുന്നു പരാശക്തി. ജാത്യധീശത്വത്തിനും ബ്രാഹ്മണാധികാരത്തിനും മതബോധത്തിനും സാമൂഹ്യ അസമത്വത്തിനുമെതിരെ ആഞ്ഞടിച്ച സിനിമയാണ് പരാശക്തി. തമിഴ്നാടിനെ ഇളക്കിമറിച്ച ഈ സിനിമയ്ക്ക് അന്ന് സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങളും നേരിടേണ്ടി വന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഏഴു വര്‍ഷമേ ആയിട്ടുള്ളൂ എന്നതും ഓര്‍ക്കണം.

ശിവാജി ഗണേശന്‍റെ ആദ്യ സിനിമയായിരുന്നു പരാശക്തി. ദ്രാവിഡ പ്രത്യയശാസ്ത്രത്തിന് ജനപ്രിയത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് പരാശക്തി വഹിച്ചത്. പരാശക്തി ഇറങ്ങുന്നതിന് തൊട്ടു മൂന്നു വര്‍ഷം മുമ്പാണ് പെരിയാറുടെ ദ്രാവിഡ കഴകം പ്രവര്‍ത്തകനായിരുന്ന സി എന്‍ അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ്ര കഴകം രൂപീകരിക്കുന്നത്.

പരാശക്തി ഒറ്റപ്പെട്ട ഒരു സിനിമയായിരുന്നില്ല. നല്ല തമ്പി(1949), വേലൈക്കാരി(1949), മന്ത്രി കുമരി (1950, കഥ കരുണാനിധി) എന്നിവയെല്ലാം രാഷ്ട്രീയ പ്രചാരണത്തിനായി നിര്‍മ്മിക്കപ്പെട്ട സിനിമകളായിരുന്നു. 1950ലിറങ്ങിയ മരുത നാട്ട് ഇളവരസിയിലും സംഭാഷണമെഴുതിയത് കരുണാനിധിയായിരുന്നുവെങ്കിലും പരാശക്തിയാണ് അദ്ദേഹത്തിന്‍റെ പ്രശസ്തി പതിന്മടങ്ങ് ഉയര്‍ത്തിയത്. ഒരേ സമയം കലാകാരനെന്ന നിലയിലും രാഷ്ട്രീയ വിശാരദന്‍, നേതാവ്, പ്രഭാഷകന്‍, സംഘാടകന്‍ എന്ന നിലകളിലും കരുണാനിധിയുടെ പ്രാമുഖ്യം പിന്നീടുള്ള പതിറ്റാണ്ടുകളുടെ തമിഴ് നാട് ചരിത്രം തന്നെയായി പരിണമിച്ചു.


ശിവാജി ഗണേശന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സഹോദരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് കടന്നു പിടിക്കാന്‍ ശ്രമിച്ച പുരോഹിതനോടുള്ള അദ്ദേഹത്തിന്‍റെ സംഭാഷണവും കോടതിമുറിയിലെ ആത്മഗതവുമെല്ലാം തമിഴ്നാട്ടില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള തമിഴ് മക്കളില്‍ ദ്രാവിഡ വികാരം ഊട്ടിയുറപ്പിക്കുന്നതിന് സഹായകമായി. പുഴുത്ത സമുദായത്തിന്‍റെ കൂത്താടി എന്നാണ് ശിവാജി ബ്രാഹ്മണ പുരോഹിതനെ വിളിച്ചാക്ഷേപിക്കുന്നത്.

അന്നത്തെ തമിഴ് മക്കള്‍ക്ക് ജാതി, വര്‍ഗം, മതം, വിശ്വാസം, ലിംഗം എന്നിവയെല്ലാത്തിനെയും കുറിച്ച് പരാശക്തി അടിസ്ഥാനപരമായ പാഠങ്ങളും നിലപാടുകളും ചൊല്ലിക്കൊടുത്തു. ഇക്കണോമിക്ക് & പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഡോ. എം എസ് എസ് പാണ്ഡ്യന്‍ എഴുതിയ പരാശക്തി: ലൈഫ് & ടൈംസ് ഓഫ് എ ഡിഎംകെ ഫിലിം എന്ന ലേഖനത്തില്‍ പറയുന്നതു പോലെ, അതിനു ശേഷമുള്ള തമിഴ്നാട്ടില്‍ ഡിഎം കെ രൂപീകരിച്ച പൊതുബോധത്തിന്‍റെ ദിശാസൂചികയായിരുന്നു പരാശക്തി.

പരാശക്തി
പരാശക്തി

1957 മുതല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ഡിഎംകെയുടെ പ്രചാരണങ്ങള്‍ക്കും വിജയങ്ങള്‍ക്കും പിന്നില്‍, പരാശക്തിയുടെ സ്വാധീനം നിര്‍ണായകമായിരുന്നു.

1987ല്‍ കരുണാനിധിയുടെ മകനും ഇപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍, ഒരേ രത്തം എന്ന സിനിമയില്‍ ഒരു ദളിത് കഥാപാത്രത്തെ അവതരിപ്പിച്ചു. കരുണാനിധി രചന നിര്‍വഹിച്ച ഒരേ രത്തത്തിന്‍റെ സംവിധായകന്‍ സ്വര്‍ണമായിരുന്നു. കാര്‍ത്തിക്കും രാധാരവിയുമാണ് മുഖ്യവേഷങ്ങളിലഭിനയിച്ചത്. മേല്‍ജാതിക്കാര്‍ കൊലപ്പെടുത്തിയ ഒരു രക്തസാക്ഷിയുടെ വേഷമാണ് സ്റ്റാലിന്‍ അവതരിപ്പിച്ചത്. നന്ദകുമാര്‍ എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. വിദ്യാഭ്യാസം നേടി ഗ്രാമത്തില്‍ തിരിച്ചെത്തിയ നന്ദകുമാര്‍, ദ്രാവിഡ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ജാതി നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചും സംസാരിക്കുന്നു. അതിവൈകാരികതയും നാടകീയതയും മുഴച്ചു നിന്ന ഒരേ രത്തം വന്‍ വിജയമായി മാറിയില്ല. മക്കള്‍ ആണൈ ഇട്ടാല്‍ എന്ന സിനിമയിലും സ്റ്റാലിന്‍ അഭിനയിച്ചു. വിജയകാന്ത് ആണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. എണ്‍പതുകളില്‍ സ്റ്റാലിന്‍ അഭിനയിച്ച കുറിഞ്ചി മലര്‍ എന്ന ടെലിവിഷന്‍ സീരിയല്‍ ജനപ്രിയമായി മാറി. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കുറിഞ്ചി മലറില്‍ ദ്രാവിഡ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന അരവിന്ദന്‍ എന്ന ഒരു കവിയുടെ വേഷമാണ് സ്റ്റാലിന്‍ അവതരിപ്പിച്ചത്. പിന്നീട് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം അഭിനയത്തില്‍ നിന്നൊഴിഞ്ഞു നിന്നു.

എം ജി ആര്‍, ജയലളിത, എന്‍ എസ് കൃഷ്ണന്‍, എം ആര്‍ രാധ എന്നിവരുടെ സിനിമയിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനം ഇവിടെ പ്രത്യേകം എടുത്തു പറയാതെ തന്നെ വ്യക്തമാണ്.

ഒരേ രത്തം
ഒരേ രത്തം

താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞുകൊണ്ട് സിനിമാഭിനയത്തില്‍ കേന്ദ്രീകരിച്ച നടനായിരുന്നു ഉദയനിധി സ്റ്റാലിന്‍. ഹാസ്യ രസപ്രധാനവേഷങ്ങളും കാമുക വേഷങ്ങളുമെല്ലാമായിരുന്നു ഉദയനിധി സിനിമകളില്‍ കൈകാര്യം ചെയ്തിരുന്നത്. സവിശേഷമായ രീതിയില്‍ ജനപ്രിയതയോ താരാരാധനയോ ആര്‍ജ്ജിച്ചെടുക്കാനും ഈ സിനിമകളിലൂടെ അദ്ദേഹത്തിന് സാധ്യമായതുമില്ല. 2012ല്‍ ഒരു കാല്‍ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് ഉദയനിധി സിനിമാഭിനയം തുടങ്ങിയത്. 2019ല്‍ ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയായി നിയമിതനാവുകയും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈ ചെപ്പോക്ക് നിയോജകമണ്ഡലത്തില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാന മന്ത്രിസഭയിലും അംഗമാണ്.

ഈ അനുഭവങ്ങള്‍ കടന്നാണ് ഉദയനിധി, തനിക്ക് പ്രാമുഖ്യം കിട്ടുന്ന രീതിയില്‍ മാത്രമല്ല; ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്‍റെ ജാതിവിരുദ്ധവും കീഴാള അനുകൂലവും ദളിത് അനുകൂലവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രമേയവും ആഖ്യാനവും ഉറപ്പു വരുത്തുന്ന മാമന്നന്‍ പോലുള്ള ഒരു സിനിമയ്ക്കു വേണ്ടി പരിശ്രമിച്ചിരിക്കുന്നത്. പരിയേറും പെരുമാള്‍ ബി എ ബി എല്‍ മേലേ ഒരു കോഡ്, കര്‍ണന്‍ എന്നീ ശ്രദ്ധേയങ്ങളായ രണ്ടു സിനിമകളെടുത്ത മാരി ശെല്‍വരാജ്, തന്‍റെ വ്യക്തവും കൃത്യവുമായ അംബേദ്കറിസ്റ്റ് പ്രത്യയശാസ്ത്രം സിനിമ ഒരു മാധ്യമമായെടുത്തു കൊണ്ട് പ്രചരിപ്പിക്കാനും പൊരുതാനുമായാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. പരിശുദ്ധ കലാ വാദികളുടെയും മാധ്യമ മര്യാദാരാമന്മാരുടെയും വ്യാഖ്യാനങ്ങളോ ഉത്ക്കണ്ഠകളോ ഇത്തരമൊരു പരിഗണനാ മാതൃകയുടെ സാഹചര്യത്തില്‍ അപ്രസക്തവുമാകുന്നു.

 ഒരു കാല്‍ ഒരു കണ്ണാടി
ഒരു കാല്‍ ഒരു കണ്ണാടി

കുതിരമേലേറിയ ദൈവം എന്നര്‍ത്ഥം വരുന്ന പരിയേറും പെരുമാള്‍ എന്നത് മാരി ശെല്‍വരാജ് സംവിധാനം ചെയ്ത സിനിമയുടെയെന്നതു പോലെ അതിലെ മുഖ്യ പുരുഷ കഥാപാത്രത്തിന്‍റെയും പേരാണ്. തിരുനെല്‍വേലി ജില്ലയില്‍ പെട്ട പുളിയങ്കുളം എന്ന ഉള്‍ഗ്രാമത്തില്‍ നിന്ന് ലോ കോളേജില്‍ പ്രവേശനം കിട്ടിയാണ് പരി(കതിര്‍) നഗരത്തിലെത്തുന്നത്. തിരുനെല്‍വേലി നഗരത്തിലെ സര്‍ക്കാര്‍ ലോ കോളേജിലാണ് അയാള്‍ക്ക് ബി എല്‍ (എല്‍ എല്‍ ബി)കോഴ്സിന് അഡ്മിഷന്‍ ലഭിക്കുന്നത്.  ക്ലാസു തുടങ്ങുന്ന ദിവസം സ്വയം പരിചയപ്പെടുത്തുമ്പോള്‍ തന്നെ, തന്‍റെ ബിരുദം കൂടി കൂട്ടിപ്പറയുന്ന തരത്തില്‍ പരിയേറും പെരുമാള്‍ ബി എ ബി എല്‍ മേലെ ഒരു കോഡ് (വര) എന്നാണ് അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. കേട്ട ഉടനെ എല്ലാവരിലും ചിരിയുണര്‍ത്തുമെങ്കിലും അയാളുടെ നിശ്ചയദാര്‍ഢ്യവും, വക്കീലായി സന്നദെടുത്ത് തന്‍റെ ഗ്രാമത്തിലും ചുറ്റിലുമുള്ള സമുദായാംഗങ്ങളുടെ കഷ്ടങ്ങളിലിടപെടാനുള്ള തീരുമാനവുമാണ് ആ സ്വയം വിശേഷണത്തിന്‍റെ ഉള്‍ക്കാമ്പ്. നേരത്തെ, നിസ്സാരമായ കാരണത്തിന് പൊലീസ് പിടിച്ചു കൊണ്ടു പോയി, ദളിതരായതു കൊണ്ട് ലോക്കപ്പില്‍ പോലും കിടത്താതെ സ്റ്റേഷന്‍റെ മുറ്റത്താണ് അര്‍ദ്ധനഗ്നരാക്കി പരിയെയും സുഹൃത്തുക്കളെയും മണിക്കൂറുകള്‍ കുത്തിയിരുത്തുന്നത്. ലോക്കപ്പ് എന്ന ശ്രീകോവിലില്‍,  കുറ്റം ചാര്‍ത്തപ്പെട്ടിട്ടുള്ള ദളിതനു പോലും പ്രവേശനമില്ല എന്ന യാഥാര്‍ത്ഥ്യം നടുക്കുന്നതാണ്. അവരെ ജാമ്യത്തിലെടുക്കാന്‍ എത്തുന്ന പികെആര്‍ രാജ എന്ന നാട്ടു മൂപ്പന് അവന്‍ കൊടുക്കുന്ന ഉറപ്പാണ് താന്‍ വക്കീല്‍ ഡിഗ്രി എടുത്തു വന്ന് നിയമ-നീതിന്യായ വ്യവസ്ഥയുടെ സഹായം സ്വസമുദായാംഗങ്ങള്‍ക്ക് നല്കുമെന്നത്. അത് പാലിക്കാനാണ് പല പ്രയാസങ്ങളും സഹിച്ച് തിരുനെല്‍വേലിയിലെ ലോ കോളേജില്‍ ചെന്നെത്തുന്നത്. ഇംഗ്ലീഷ് പരിജ്ഞാനം തീരെ കുറവാണെന്നതാണ് അവനും മറ്റു ചില സഹപാഠികളും നേരിടുന്ന പ്രധാന പ്രയാസം. സത്യസന്ധനായതിനാല്‍ ഇക്കാര്യം തുറന്നു പറയുന്ന അവനെ സഹായിക്കുന്നതിനു പകരം പരിഹസിക്കുകയാണ് അധ്യാപകര്‍ ചെയ്യുന്നത്. ആ അവസരത്തിലാണ്, ജോ എന്ന് ചുരുക്കപ്പേരുള്ള ജോതി മഹാലക്ഷ്മി(ആനന്ദി) എന്ന സഹവിദ്യാര്‍ത്ഥി അവനെ സഹായിക്കാനെത്തുന്നത്. അവള്‍ നല്കുന്ന ഇംഗ്ലീഷ് ക്ലാസുകള്‍ അവനെ അതിജീവനത്തിന് സഹായിക്കുന്നു. സ്വാഭാവികമെന്നോണം അവര്‍ തമ്മിലുടലെടുക്കുന്ന പ്രണയബന്ധമാണ് പ്രശ്നാകുലവും സംഘര്‍ഷഭരിതവുമാകുന്ന  സിനിമയുടെ തുടര്‍ന്നുള്ള ഇതിവൃത്തം.

ജോ മേല്‍ജാതിക്കാരിയാണെന്നു മാത്രമല്ല, ധനികവീട്ടിലെ ഓമനക്കുട്ടിയുമാണ്. അവളുടെ സഹോദരിയുടെ വിവാഹം നടക്കുന്നത് അവളുടെ അഛന്‍റെ സ്വന്തം കല്യാണ മണ്ഡപത്തിലാണ്. ആ കല്യാണമണ്ഡപത്തിന്‍റെ പേര് തന്നെ ജോതിമഹാലക്ഷ്മി തിരുമണ മണ്ഡപം എന്നാണ്. അവളുടെ ജാതി സ്ഥാനത്തെ സൂചിപ്പിക്കുന്നതിനു പുറമെ ധനികത്വവും വരേണ്യവര്‍ഗ നിലയും വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഘടകങ്ങള്‍ പ്രകടനാത്മകമായി തന്നെ ആഖ്യാനത്തില്‍ മുന്നോട്ടു വെക്കപ്പെട്ടിട്ടുള്ളത്. പുതിയ തമിഴ് സിനിമയുടെ സവിശേഷത തന്നെ ഇത്തരം പ്രകടനാത്മകതകളാണ്. ചുരുക്കിയോ അമര്‍ത്തിയോ സങ്കോചിപ്പിച്ചോ പറയുന്നതിനു പകരം, തുറന്നു പറയുക തന്നെയാണ് തങ്ങള്‍ക്ക് ചെയ്യാനുള്ളതെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. യൂറോ കേന്ദ്രിതമായ ലാവണ്യബോധത്തോടെ മിനുസപ്പെടുത്തപ്പെട്ടിട്ടുള്ള എഴുപതുകളിലെ മലയാള സിനിമയുടെ അനാഥവും അവ്യക്തവും ദുരൂഹവുമായ ഫ്രെയിമുകളെ പുതിയ തമിഴ് സിനിമയില്‍ ആരോപിച്ച് നിങ്ങള്‍ നടത്താന്‍ പോകുന്ന വിലയിരുത്തലുകളായിരിക്കില്ല കാലത്തിന് ആവശ്യം എന്ന സന്ദേശമാണ് കാലയും മേര്‍ക്കു തൊടര്‍ച്ചിമലൈയും പരിയേറും പെരുമാളും കബാലിയും ജയ് ഭീമും സര്‍പ്പാട്ട പരമ്പരൈയും കര്‍ണനും ഉയര്‍ത്തിപ്പിടിക്കുന്നത്.


പരിയോടുള്ള തന്‍റെ പ്രത്യേക ഇഷ്ടം പ്രകടിപ്പിക്കുന്നതിനു വേണ്ടി ജോ അവലംബിക്കുന്ന മാര്‍ഗം; തന്‍റെ സഹോദരിയുടെ വിവാഹത്തിന് കോളേജില്‍ നിന്നാരെയും വിളിക്കാതെ അവനെ മാത്രം ക്ഷണിക്കുക എന്നതാണ്. അച്ഛനും അമ്മക്കും സഹോദരങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമെല്ലാം അവനെ പരിചയപ്പെടുത്തുകയും നല്ല രീതിയില്‍ സ്വീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് അവള്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ, സഹപാഠികളെയോ സുഹൃത്തുക്കളെയോ കൂട്ടാതെ ഒറ്റക്കാണ് അവന്‍ കല്യാണ വേദിയിലെത്തുന്നത്. ആ കല്യാണ വീട്ടില്‍ വെച്ച് അവനനുഭവിക്കുന്ന അത്യന്തം ദുരിതപൂര്‍ണമായ പീഡനം അസഹനീയമാണ്. ജോയെ നയത്തില്‍ വീട്ടിലേക്ക് പറഞ്ഞയച്ച് അവളുടെ അച്ഛന്‍ പരിയെ സദസ്സില്‍ നിന്ന് മാറ്റുകയും പിന്നാലെയെത്തുന്ന ബന്ധുക്കളായ ഗുണ്ടകള്‍ അവനെ അതിക്രൂരമായി തല്ലിച്ചതക്കുകയുമാണ്.
കറുപ്പി എന്നു പേരുള്ള നായ പരിയേറും പെരുമാളിന്‍റെ സ്ഥിരം അകമ്പടിക്കാരനായിരുന്നു. പശുവിനെയും എരുമയെയും കുളിപ്പിക്കുന്ന കുളത്തില്‍ കറുപ്പിയെയും അവന്‍ കുളിപ്പിക്കുന്നുണ്ട്. എന്നാലിതൊന്നും മേല്‍ജാതിക്കാര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. കറുപ്പിയെ കുടുക്കില്‍ പെടുത്തി, തീവണ്ടിപ്പാളത്തില്‍ കെട്ടിയിട്ട് കൊലപ്പെടുത്തുകയാണവര്‍. മനുഷ്യസഹജീവിയോടെന്നതു പോലെയാണ് പരിയും സമുദായാംഗങ്ങളും കറുപ്പിയെയും അതിന്‍റെ മൃതശരീരത്തെയും പരിഗണിക്കുന്നത്. വീരോചിതമായ ശവസംസ്ക്കാരം തന്നെ അവര്‍ കറുപ്പിക്ക് നല്കുന്നുണ്ട്. കറുപ്പിയുടെ പ്രേതം അവന്‍റെ ജീവന്‍ രക്ഷിക്കുന്നത് ഇതിന്‍റെ പ്രത്യുപകാരമായിട്ടാണ്. കൊലയാളിയായ മേസ്തിരി താത്ത പരിയെ ചതിച്ച് കീഴ്പ്പെടുത്തി ബോധരഹിതനാക്കി തീവണ്ടിപ്പാളത്തില്‍ കൊണ്ടിടുന്നു.  കറുപ്പിയുടെ പ്രേതം, നീല നിറത്തില്‍ സ്വയം ചാലിച്ചാണ് പരിയെ അബോധത്തില്‍ നിന്നുണര്‍ത്തുന്നത്. നിരവധി സിനിമകളില്‍ സമാനമായ രംഗങ്ങളുണ്ടായിട്ടുണ്ടെങ്കിലും തികഞ്ഞ രാഷ്ട്രീയ വര്‍ണ വിതാനത്തോടെ അവതരിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പുതുമ എടുത്തു പറയേണ്ടതാണ്.

മേല്‍ജാതിക്കാര്‍, ദളിതരെ മര്‍ദ്ദിച്ച് കീഴ്പ്പെടുത്തുന്നതിന് മൂത്രവും ഒരു ഉപാധിയാക്കുന്നുണ്ട്. കറുപ്പിയെ കുളിപ്പിച്ച് പുളിയങ്കുളത്തെ കുളത്തില്‍ നിന്ന് പരിയടക്കമുള്ള ദളിതര്‍ മാറിപ്പോന്നതിന്‍റെ പിന്നാലെ അവിടെയെത്തുന്ന മേല്‍ ജാതിവെറിയന്മാര്‍, ആ കുളത്തില്‍ മൂത്രമൊഴിച്ച് കലിപ്പ് തീര്‍ക്കുന്നുണ്ട്. അതിനു പിന്നാലെയാണവര്‍ കറുപ്പിയെ ചതിച്ച് കീഴ്പ്പെടുത്തി തീവണ്ടിപ്പാളത്തില്‍ കെട്ടിയിട്ട് കൊല്ലുന്നത്. ജോയുടെ സഹോദരിയുടെ വിവാഹത്തിന് അവളുടെ ക്ഷണത്തെത്തുടര്‍ന്നെത്തുന്ന പരിയേറും പെരുമാളിനെ അവളുടെ അച്ഛന്‍ തന്നെ നയത്തില്‍ കൂട്ടിക്കൊണ്ടുപോയി കലവറമുറിക്കകത്തിട്ട് പൂട്ടുന്നു. അവിടെ കടന്നെത്തുന്ന യുവാക്കളായ ജാതി വെറിയന്മാര്‍ അവനെ മര്‍ദ്ദിച്ചവശനാക്കുന്നതിനു പുറമെ അവന്‍റെ മുഖത്തേക്ക് മൂത്രമൊഴിച്ച് കുടിക്കടാ, കുടിക്കടാ എന്ന് ആക്രോശിക്കുന്നുണ്ട്. ഈയടുത്ത ദിവസം മധ്യപ്രദേശില്‍ ഫാസിസ്റ്റായ ഒരു ജാതിവെറിയന്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു യുവാവിന്‍റെ മുഖത്തേക്ക് മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു. ഈ മര്‍ദനരീതി നൂറ്റാണ്ടുകളായി ഇന്ത്യന്‍ ജാതി ഫാസിസ്റ്റുകള്‍ അവലംബിക്കുന്നതാണെന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം.


ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ കഥാപാത്രം, താത്ത മേസ്തിരി എന്ന് വിളിക്കപ്പെടുന്ന കൊലയാളിയുടേതാണ്. കരാട്ടേ വെങ്കടേശനാണ് ആ വേഷം അവതരിപ്പിക്കുന്നത്. കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ മേസ്തിരിപ്പണിയെടുക്കുന്ന ഒരു മധ്യവയസ്ക്കനാണയാള്‍. നല്ല ഒത്ത ശരീരം, തല മൊട്ടയും താടി നരച്ചിട്ടുമാണ്. ബനിയനും മുണ്ടും മേല്‍ തോര്‍ത്തുമാണ് വേഷം. ദളിതരെ കൊല്ലുന്നത് ക്വട്ടേഷനായാണ് ഏറ്റെടുക്കുന്നതെങ്കിലും അത് പണം മേടിച്ച് ചെയ്യുന്ന സാധാരണ ക്വട്ടേഷനല്ല. കുല സാമിക്ക് സെയ്യറ സേവൈ (കുലദൈവത്തിന് ചെയ്യുന്ന അര്‍ച്ചന) എന്ന് സ്വയം വിശേഷിപ്പിച്ചും അവതരിപ്പിച്ചുമാണ് ഇയാള്‍ കൊലകള്‍ നടത്തുന്നത്. ബസിന്‍റെ ചവിട്ടുപടിയില്‍ തൂങ്ങി യാത്ര ചെയ്യുന്ന ദളിത് യുവാവിനെ അതേ ചവിട്ടുപടിയില്‍ തന്നെ തൊട്ടടുത്ത് തൂങ്ങി നിന്ന് പെട്ടെന്ന് തള്ളിയിടുകയാണയാള്‍ ചെയ്യുന്നത്. എന്നിട്ടവനെ രക്ഷിക്കാന്‍ നോക്കിയെന്നവണ്ണം അലമുറയുമിടുന്നു. ഇതു പോലെ പുഴയില്‍ കുളിക്കുന്ന ദളിത് യുവാവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയും, തന്നെ രക്ഷപ്പെടുത്താന്‍ നോക്കവെയാണ് അയാള്‍ കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. തിരുനെല്‍വേലിയിലെ പെട്ടിക്കടകളില്‍, ദിനകരന്‍റെയും ദിനത്തന്തിയുടെയും (തമിഴ് ഭാഷയിലെ പ്രധാന ദിനപത്രങ്ങള്‍) അതാതു ദിവസത്തെ തലക്കെട്ടുപോസ്റ്ററുകളായി ഈ വാര്‍ത്തകള്‍ ഒടുങ്ങിപ്പോവുകയും ചെയ്യുന്നു. പരിയേറും പെരുമാളിനെ കൊലപ്പെടുത്താനുള്ള ഇയാളുടെ പരിശ്രമം അലസിപ്പോകുന്നതിലൂടെ സ്വന്തം ദുരഭിമാനം സംരക്ഷിക്കാന്‍ അതേ വഴി തെരഞ്ഞെടുത്ത് ആത്മഹത്യ ചെയ്യുകയാണയാള്‍. തമിഴകത്തെ ഗ്രസിച്ച ജാതിവെറിയുടെ മനുഷ്യത്വ വിരുദ്ധത ആവിഷ്ക്കരിക്കാന്‍ ഇതിലും യുക്തമായ ഒരു കഥാപാത്രവത്ക്കരണം വിഷമമായിരിക്കും.

മാരി സെൽവരാജിനൊപ്പം കരാട്ടെ വെങ്കടേശൻ
മാരി സെൽവരാജിനൊപ്പം കരാട്ടെ വെങ്കടേശൻ

ദളിതരും അവരുടെ സാമുദായിക ഉണര്‍വു പ്രസ്ഥാനങ്ങളും അവരെ പിന്തുണക്കുകയും അവരുടെ പ്രശ്നങ്ങള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുക്കുകയും ചെയ്യുന്ന (വിടുതലൈ ചിരുതൈകള്‍ കക്ഷിയും സിപിഐ എം നേതൃത്വം നല്‍കുന്ന തീണ്ടാമൈ ഒഴിപ്പു മുന്നണിയും-അയിത്ത നിര്‍മാര്‍ജ്ജന മുന്നണി - ഇക്കൂട്ടത്തിലേറ്റവും പ്രധാനമാണ്) പുരോഗമന സംഘടനകളും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ള മുന്നേറ്റത്തിന്‍റെ അനുരണനങ്ങള്‍, പരിയേറും പെരുമാളില്‍ അങ്ങിങ്ങായും വിശേഷിച്ച് അവസാനത്തിലുള്ളതുമായ ശുഭാപ്തിവിശ്വാസത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്നുണ്ട്. ദളിതന്‍ തന്നെയായ ലോ കോളേജ് പ്രിന്‍സിപ്പലിന്‍റെ ഇടപെടലുകളാണിക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത്. നീ ഇഷ്ടമുള്ളതു പോലെ പ്രതികരിക്ക്, ഇവിടെ തോറ്റുകൊടുത്താല്‍ നീ ഉദ്ദേശിച്ചതനുസരിച്ച് അംബേദ്ക്കറെ പോലെ ഒരു ഡോക്ടറാകാന്‍ നിനക്കാവില്ലെന്ന് അദ്ദേഹം പറയുന്നു.


ജോയടക്കം നിരവധി മേല്‍ജാതിക്കാര്‍, ഇത്തരത്തില്‍ ദളിതരെ പീഡിപ്പിക്കുന്ന ജാതിവെറിയന്മാരുടെ അക്രമപരമ്പരകളെക്കുറിച്ച് നല്ലൊരു പരിധി വരെ അജ്ഞരാണ്. ഇവരെ സംബന്ധിച്ചിടത്തോളം, തങ്ങള്‍ക്കു ചുറ്റും എന്ന പോലെ തങ്ങളും എല്ലാം ഭദ്രലോകമാണ്. കേവലം പ്രണയതടസ്സങ്ങള്‍ എന്നേ പരിയേറും പെരുമാളനുഭവിക്കുന്ന പ്രശ്നങ്ങളെ അവള്‍ മനസ്സിലാക്കുന്നുള്ളൂ. അവനും അതുപോലെ നിരവധി ദളിതരുമാകട്ടെ, തങ്ങള്‍ കടന്നു പോകുന്ന അതീവ ദുസ്സഹമായ പീഡാവസ്ഥ മൂടി വെച്ച് എല്ലാം ഭദ്രമാണെന്ന് നടിക്കുകയുമാണ്. ഈ ഭദ്രലോക മുഖംമൂടിയെയാണ് മാരി ശെല്‍വരാജ് വലിച്ചു കീറുന്നത്.

മാരി ശെല്‍വരാജ് തന്നെ സംവിധാനം ചെയ്ത കര്‍ണനില്‍ ഒരു ഗ്രാമത്തിലെ അന്തേവാസികളെ മുഴുവന്‍, അവരവിടെയാണ് താമസിക്കുന്നത് എന്നതിനാലും അവര്‍ ദളിതരാണെന്നതിനാലും, പൊലീസും ഭരണകൂടവും കുറ്റവാളിവത്ക്കരിക്കുന്നു. ശാരീരികവും വൈകാരികവും മാനസികവും മനശ്ശാസ്ത്രപരവുമായ കൂട്ട മറുപടിയാണ് ആ ഗ്രാമീണര്‍/ദളിതര്‍ കൊടുക്കുന്നത് എന്നാണ് ബിശാല്‍ദേബ് ഹാല്‍ദര്‍ പറയുന്നത്. അവര്‍ക്ക് അവരുടെ തൊഴില്‍ശേഷിയും ആത്മാവും അല്ലാതെ ഒന്നും സ്വന്തമല്ല. എന്നാല്‍, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെക്കാളും വൈകാരികതയും മാനസികോര്‍ജ്ജവുമാണ് ഈ പോരാട്ടത്തിലുള്ളത്. പൊടിയങ്കുളം എന്ന ഗ്രാമത്തിലെ മനുഷ്യര്‍ക്ക് അസ്തിത്വമോ അന്തസ്സോ മനുഷ്യര്‍ എന്ന നിലയോ ഇല്ല എന്നാണ് അയല്‍ഗ്രാമക്കാര്‍ വിധിക്കുന്നത്. ഇതു തന്നെയാണ് ഭരണകൂടത്തിന്‍റെയും നിലപാട്. അവിടെയുള്ളവര്‍ക്ക് കയറാനും ഇറങ്ങാനുമായി ഒരു ബസ് സ്റ്റോപ്പ് ഏര്‍പ്പെടുത്തേണ്ട ആവശ്യം പോലുമില്ലാത്ത വിധത്തില്‍ ഉപയോഗശൂന്യമായ (വെയിസ്റ്റ്) ഒരു സ്ഥലമാണതെന്ന ബസ്  കണ്ടക്റ്റര്‍ ധാര്‍ഷ്ട്യത്തോടെ തുറന്നു പറയുന്നു.

 കഴുത, കുതിര, കമ്പിളിപ്പുഴു, നായ, പന്നികള്‍, മീന്‍, കന്നുകാലികള്‍, ഇരപിടിയന്‍ പരുന്ത് എന്നിങ്ങനെയുള്ള ജന്തുജാലങ്ങള്‍ക്കൊപ്പമാണ് പൊടിയങ്കുളം നിവാസികളുടെ ജീവിതം. യാഥാര്‍ത്ഥ്യമായിരിക്കെ തന്നെ പ്രതീകാത്മകവുമാണ് ഈ സഹവര്‍ത്തിത്വം എന്ന് ബിശാല്‍ദേബ് ഹാല്‍ദര്‍ നിരീക്ഷിക്കുന്നു. മനുഷ്യര്‍ എന്ന് പുറമെ നിന്ന് നോക്കുമ്പോള്‍ വിലയിരുത്താവുന്ന ജാത്യഹങ്കാരികളില്‍ നിന്നെന്നതിനേക്കാളും ബാന്ധവം ഈ ജന്തുക്കളുമായുള്ള സഹവാസത്തില്‍ പൊടിയങ്കുളം കാര്‍ക്ക് ലഭിക്കുന്നു. ഒരു ജനസാമാന്യത്തെ തന്നെ കുറ്റാരോപിതരാക്കുക (പ്രോസിക്യൂട്ടിംഗ് ദ മള്‍ട്ടിറ്റ്യൂഡ്) എന്ന രീതിയാണ് ഭരണകൂടം/പൊലീസ് ഇവിടെ നിര്‍വഹിക്കുന്ന മര്‍ദനരീതി. ഒരു പ്രദേശത്ത് ജീവിക്കുന്നവരാകെ കുറ്റവാളികള്‍ എന്ന നിലപാടാണ് ഭരണകൂടം കൈക്കൊള്ളുന്നത്. ലക്ഷദ്വീപിലുള്ളവര്‍ അടുത്ത കാലത്ത് നേരിട്ട അടിച്ചമര്‍ത്തല്‍ സമാനമാണ്. ഒറ്റ നായകനെ ചുറ്റിപ്പറ്റിയുള്ള സിനിമയെന്നതിനേക്കാള്‍, ഒരു ജനസമൂഹത്തെയാകെ സ്വഭാവവത്ക്കരിക്കുന്ന ആഖ്യാനമായി കര്‍ണന്‍ മാറുന്നുണ്ട്. എന്നാല്‍, മുഖ്യധാരാ സിനിമയുടെ സ്ഥിര രീതിയായ നായകന്‍ നേതൃത്വമേറ്റെടുക്കുന്ന രീതി ഇവിടെയും ആവര്‍ത്തിക്കുന്നുമുണ്ട്. ഗ്രാമീണവാസികള്‍ക്കിടയിലുള്ള ഐക്യം ദൃശ്യവത്ക്കരിക്കുകയും ആഖ്യാനവത്ക്കരിക്കുകയും ശബ്ദവത്ക്കരിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. ഗ്രാമത്തിന്‍റെ നിരന്തരമായ വിശാല ദൃശ്യങ്ങള്‍, ഗ്രാമീണരുടെ സമഗ്ര ദൃശ്യങ്ങള്‍, നാട്ടുപഞ്ചായത്തിലുള്ള അവരുടെ മുഴുസാന്നിദ്ധ്യം, പൊതു നിരത്തിലേക്കു നീളുന്ന അവരുടെ ആഘോഷപ്പെരുപ്പം, ജനക്കൂട്ടത്തിലൊരുവനായി നായകന്‍ ലയിച്ചും തെളിഞ്ഞും നിലക്കൊള്ളുന്നത്, സ്ത്രീകളുടെ ആക്രോശങ്ങളും കരച്ചിലുകളും, തൊഴിലിലൂടെ അവരെ നിര്‍ണയിക്കുന്ന സാമ്പത്തികാവസ്ഥ എന്നിവയെല്ലാം ആഴത്തിലും പരപ്പിലും ജനസാമാന്യത്തെ ഉള്‍ക്കൊള്ളുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. നായകന്‍റേതെന്നതു പോലെ ഈ ജനസാമാന്യത്തിന്‍റെ വേദനകളും രോഷങ്ങളും സന്തോഷങ്ങളും വിജയപരാജയങ്ങളും നമ്മളൊന്നിച്ചനുഭവിക്കുന്നു.

 ദളിതരെ ഗ്രാമത്തോടൊപ്പം; ബഹിഷ്ക്കരിക്കുകയും അദൃശ്യവത്ക്കരിക്കുകയും ചെയ്യുന്ന മേല്‍ജാത്യഹങ്കാരത്താല്‍ നിര്‍ണീതമായ ഭരണകൂട യുക്തിയെയാണ് കര്‍ണന്‍ പൊളിച്ചടുക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകള്‍ കൊണ്ട് തമിഴ് സാമാന്യ സംസ്ക്കാരവും അതിന്‍റെ പ്രത്യക്ഷമായ തമിഴ് സിനിമയും നിര്‍മ്മിച്ചെടുത്ത ജാതിക്കോട്ടകളും ജാതിമതിലുകളും തകര്‍ത്തു തരിപ്പണമാക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം എന്ന പ്രഖ്യാപനമാണ് കര്‍ണനിലൂടെ മാരി ശെല്‍വരാജ് നടത്തിയത്.

കര്‍ണന്‍
കര്‍ണന്‍

മുന്‍ ചിത്രങ്ങളായ പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയിലേതെന്നതു പോലെ, ജാതിവെറിയുടെ കൊലനിലമാണ് തമിഴ്നാട്. എന്ന ചരിത്ര യാഥാര്‍ത്ഥ്യം തന്നെയാണ് മാരി ശെല്‍വരാജിന്‍റെ പുതിയ സിനിമയായ മാമന്നനും ചര്‍ച്ച ചെയ്യുന്നത്. സംവരണ സീറ്റില്‍ നിന്ന് ജയിക്കുകയും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തവര്‍ അക്കാരണത്താല്‍ മേല്‍ ജാതിക്കാരാല്‍ കൊല്ലപ്പെട്ട മേലാവളവ് പഞ്ചായത്ത് തമിഴ്നാട്ടിലാണ്. എണ്ണമറ്റ ജാതിക്കൊലകളും അക്രമങ്ങളും അവിടെ നിത്യ സംഭവം പോലുമാണ്.

ഭരതന്‍ സംവിധാനം ചെയ്ത തേവര്‍ മകന്‍ (1992) എന്ന സിനിമ, ജാത്യഹങ്കാരത്തെ മഹത്വവത്ക്കരിച്ച സിനിമയാണ്. മധുരൈയിലെ ഗ്രാമത്തിലെ പെരിയ തേവര്‍ ആയി ശിവാജി ഗണേശന്‍ അഭിനയിക്കുന്നു. പെരിയ തേവറുടെ ഭവനത്തെ പരിചയപ്പെടുത്തുന്ന ഓപ്പണിംഗ് ഷോട്ടില്‍ ചുമരിലുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഛായാപടത്തില്‍ നിന്ന് മുത്തുരാമലിംഗതേവറു(സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ്, ഫോര്‍വേഡ് ബ്ലോക്ക് നേതാവും മൂന്നു തവണ എംപിയും; തേവര്‍ സമുദായം അദ്ദേഹത്തെ തങ്ങളുടെ ഒരു ധീരനായകനായി വാഴ്ത്തുന്നു)ടെ ഛായാപടത്തിലേക്ക് ക്യാമറ പാന്‍ ചെയ്യുന്നു. പെരിയ തേവര്‍ തന്‍റെ പിരിച്ചു വെച്ച മീശ തടവിക്കൊണ്ട്, ഈ മീശയ്ക്ക് പാരമ്പര്യത്തിന്‍റെ കാഠിന്യമുണ്ടെന്നു പറയുന്നു. പോട്രിപ്പാടടി പെണ്ണേ, തേവര്‍ കാലടി മണ്ണേ (തേവരുടെ കാലിനു കീഴിലെ മണ്ണിനെ ആരാധിക്കൂ, അതിനെ പ്രകീര്‍ത്തിച്ചു പാടൂ) എന്ന പാട്ട് തേവര്‍ അഹങ്കാരം ഊതിപ്പെരുപ്പിച്ചു. സിനിമയിറങ്ങിയ കാലത്ത്, തിരുനെല്‍വേലി ഭാഗത്ത് ഏതാണ്ട് നിലച്ചിരുന്ന ദളിതര്‍ക്കെതിരായ മേല്‍ജാതി ആക്രമണം ഈ സിനിമയെ തുടര്‍ന്ന് വര്‍ദ്ധിച്ചു എന്നു പോലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പശുംപണ്‍, പഞ്ചാലംകുറിച്ചി, പരുത്തിവീരന്‍, സുന്ദരപാണ്ഡ്യന്‍, കൊമ്പന്‍, കൊടി വീരന്‍, സണ്ടക്കോഴി, ദേവരാട്ടം എന്നീ സിനിമകളൊക്കെ തേവര്‍ മകന്‍റെ വന്‍ കമ്പോള വിജയത്തെ തുടര്‍ന്ന് ജാത്യഹങ്കാരത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിറങ്ങിയ സിനിമകളാണ്. ചിന്ന ഗൗണ്ടര്‍, എജമാന്‍, നാട്ടാമൈ, മറുമലര്‍ച്ചി എന്നീ സിനിമകളും നാട്ടിന്‍പുറ ജന്മികളെ മഹത്വവത്ക്കരിക്കുന്ന സിനിമകളായിരുന്നു.  മധുരൈ സിനിമകള്‍ എന്നാണീ ഗണത്തെ വിശേഷിപ്പിക്കുന്നത്. ദേവരാട്ട(മുത്തയ്യ/2019)ത്തില്‍; മേല്‍ജാതി പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വേണ്ടി തേവര്‍ യുവാക്കള്‍ ഫാന്‍സി ടീ ഷര്‍ട്ടുകളും സണ്‍ഗ്ലാസുകളും അണിയണമെന്ന് പറയുന്നുണ്ട്. പി എം കെ നേതാവ് ഡോ. രാമദോസ് ഇതിനു സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. വണ്ണിയര്‍ പെണ്‍കുട്ടിയെ ദളിത് യുവാവ് പ്രണയിച്ചതും വിവാഹം കഴിച്ചതും തടയാനുള്ള പിഎംകെക്കാരുടെ പരിശ്രമത്തിന്‍റെ ഭാഗമായാണ് ഈ പ്രസ്താവന പുറപ്പെടുവിക്കപ്പെട്ടതും. തേവരഭിമാനത്തെ വീരം എന്നു പേരിട്ട് അക്രമത്തെ മഹത്വവത്ക്കരിക്കുകയാണീ സിനിമയില്‍. കമല്‍ ഹാസന്‍റെ വിരുമാണ്ടിയിലും തേവര്‍ അഹങ്കാരമാണ് കൊട്ടിഘോഷിക്കുന്നത്. ഈ സിനിമ ഇറങ്ങുന്ന കാലത്ത്(2010) മാരി ശെല്‍വരാജ് കോളേജില്‍ പഠിക്കുകയായിരുന്നു. അദ്ദേഹം അന്ന് കമല്‍ഹാസന്‍റെ ഇരട്ടത്താപ്പിനെ - ജാതിയില്ല എന്നു പറയുകയും മേല്‍ജാത്യഹങ്കാരത്തെ മഹത്വവത്ക്കരിക്കുകയും ചെയ്യുക - രൂക്ഷമായി അപലപിച്ചുകൊണ്ട് തുറന്ന കത്തെഴുതുകയുണ്ടായി. മേല്‍ജാതിക്കാര്‍ നടത്തിയ ദുരഭിമാനക്കൊലകള്‍ മിക്കതും ഇത്തരം സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയായിരുന്നു. ഉടുമല്‍പേട്ട് ശങ്കര്‍ കൊലപാതകക്കേസില്‍ മദ്രാസ് ഹൈക്കോടതിയാല്‍ വെറുതെ വിടപ്പെട്ട ചിന്നസ്വാമി(കൗസല്യയുടെ പിതാവ്) കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തു വരുമ്പോള്‍, അയാളെ സ്വീകരിക്കുന്ന ജാത്യഹങ്കാരികളുടെ വീഡിയോ തേവര്‍ മകനിലെ പാട്ട് ബിജിഎമ്മാക്കി ടിക്ടോക്കിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തമിഴ് സിനിമയിലെ ബര്‍ത്ത് ഓഫ് എ നാഷനാണ് തേവര്‍ മകന്‍ എന്നു പോലും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

മാമന്നന്‍ എന്ന വടിവേലു അവതരിപ്പിക്കുന്ന കഥാപാത്രം, ഭരണകക്ഷിയുടെ ബാനറില്‍ സേലത്തിനടുത്തുള്ള കാശിപുരം സംവരണ സീറ്റില്‍ നിന്ന് വിജയിച്ച എം എല്‍ എയാണ്. എന്നാല്‍, സാധാരണ ഗതിയില്‍ ഒരു എം എല്‍ എയ്ക്ക് ലഭിക്കേണ്ട ആദരവോ ബഹുമാനമോ പല അവസരങ്ങളിലും അദ്ദേഹത്തിന് ലഭിക്കുന്നില്ല. മേല്‍ജാതിക്കാരനായ രത്നവേലിന്‍റെ (ഫഹദ് ഫാസില്‍) മുന്നില്‍ ഇരിക്കാന്‍ പോലും മാമന്നന് അനുവാദമില്ല. രത്നവേല്‍ പ്രായം കൊണ്ടു പോലും മാമന്നനെക്കാള്‍ എത്രയോ താഴെയാണ്.

1997ലെ മേലാവളവ് കൂട്ടക്കൊലയാണ് ഈ രംഗം കണ്ടപ്പോള്‍ മുഖ്യമായും ഓര്‍മ്മവന്നത്. മധുരൈയിലെ മേലാവളവ് പഞ്ചായത്ത് പ്രസിഡണ്ട് മുരുഗേശനെയും ആറ് ദളിതരെയും 1997 ജൂണ്‍ 30ന് കള്ളര്‍(തേവര്‍) സമുദായത്തില്‍ പെട്ടവര്‍ നിഷ്ഠുരമായി കൊലപ്പെടുത്തി. മേലാവളവ് പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ സ്ഥാനം പട്ടികജാതി സംവരണപ്രകാരം ദളിതര്‍ക്കുള്ളതാണ്. കള്ളര്‍ സമുദായക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആരും പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാറില്ല. 1996 ഒക്ടോബര്‍ 9നും ഡിസംബര്‍ 28നും  ഇപ്രകാരം മത്സരം മാറ്റിവെക്കേണ്ടി വന്നു. 1996 ഡിസംബര്‍ 31ന് വീണ്ടും വിളിച്ചു കൂട്ടിയയോഗത്തില്‍ വെച്ച് ദളിത് സമുദായത്തില്‍ പെട്ട മുരുഗേശന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കളക്ടറുടെ ആപ്പീസില്‍ പോയി തങ്ങള്‍ക്ക് അധികാരം ഏറ്റെടുക്കുന്നതിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരിച്ചു വരുന്ന വഴിക്ക് ബസ്സില്‍ വെച്ചാണ് മുരുഗേശനും കൂടെയുണ്ടായിരുന്ന ആറു പേരും മേല്‍ ജാതി അക്രമികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വൈസ് പ്രസിഡണ്ട് മുകന്‍, രാജ, ചെല്ലദുരൈ, സേവ് മൂര്‍ത്തി, ഭൂപതി, സൗന്ദരരാജന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രസിഡണ്ട് മുരുഗേശന്‍റെ തല കഴുത്തില്‍ നിന്ന് വേര്‍പെടുത്തിയതിനു ശേഷം അരകിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ കൊണ്ടിട്ടു. കൊലയാളികളില്‍ പതിനേഴു പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. അണ്ണാദുരൈയുടെ ജന്മദിനത്തില്‍ ഡിഎംകെ ഭരണത്തിലും (2008) എംജിആര്‍ ജന്മദിനത്തില്‍ എഐഎഡിഎംകെ ഭരണത്തിലും (2019) ആയി അവരെല്ലാം ശിക്ഷ ഇളവ് ലഭിച്ച് പുറത്തു വന്നു. വിടുതലൈ ചിരുതൈകള്‍ കക്ഷിയും സിപിഐ(എം) നേതൃത്വത്തിലുള്ള തീണ്ടാമൈ ഒഴിപ്പു മുന്നണിയും കൊലയാളികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയതിലും അവരെ പുറത്തിറക്കിയതിലും പ്രതിഷേധം നടത്തി. വിസികെ, മേലാവളവില്‍ രക്തസാക്ഷിസ്മാരകം പണിതുയര്‍ത്തി എല്ലാ വര്‍ഷവും അനുസ്മരണം നടത്തുന്നു. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഈ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്.


ജാതി എന്ന ഇന്ത്യന്‍ ഫാസിസത്തിന്‍റെ അടിസ്ഥാന പശ്ചാത്തലത്തോടുള്ള സമീപനം എന്താണ് എന്നതാണ് നിര്‍ണായകപ്രശ്നം. ഒരേ സമയം കലയും വ്യവസായവും ആയ മുഖ്യധാരാ സിനിമ എന്ന വ്യവഹാരം എങ്ങനെയാണ് ജാതിയെ സമീപിച്ചത്, സമീപിക്കുന്നത് എന്നതാണ് മാമന്നന്‍ പ്രധാനമായി ഉന്നയിക്കുന്ന പ്രശ്നം. എന്നാല്‍, കക്ഷി രാഷ്ട്രീയം കക്ഷിക്കുള്ളിലും പുറത്തുമായി ജാതിയെ എപ്രകാരമാണ് പരിഗണിക്കുന്നതും പരിചരിക്കുന്നതും എന്ന സുപ്രധാന പ്രശ്നം കൂടി മാമന്നന്‍ അന്വേഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പരിയേറും പെരുമാളില്‍ നായയും കര്‍ണനില്‍ കഴുതയും ആയിരുന്നു മനുഷ്യകഥാപാത്രങ്ങളെപ്പോലെ കഥയിലും ആഖ്യാനത്തിലും നിറഞ്ഞു നിന്നിരുന്നതെങ്കില്‍ മാമന്നനില്‍ നായയോടൊപ്പം അല്ലെങ്കില്‍ അതിലേറെ പന്നിയെ പ്രമേയത്തിന്‍റെ മര്‍മ്മത്തിലേക്കു കൊണ്ടു  വന്നിരിക്കുന്നു എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. ഭക്ഷണത്തിനും ഉപജീവനത്തിനും വേണ്ടി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു മൃഗം/ജന്തു എന്ന നിലയില്‍ നിന്ന് സ്വപ്നത്തിന്‍റെയും ഭാവനയുടെയും സ്വാതന്ത്ര്യബോധത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമായി പന്നി മാറുന്ന വിസ്മയകരമായ രൂപാന്തരീകരണം മാമന്നനിലുണ്ട്.

സമത്വ സമൂഹനീതി മക്കള്‍ ഇയക്കം എന്ന പേരില്‍ അടയാളപ്പെടുത്തുന്നത് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ്ര കഴകത്തെ (ഡിഎംകെ) തന്നെയാണ്. പെരിയോറുടെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയും അത്യുജ്വലമായ ആശയ ഗാംഭീര്യവും നേതൃപാടവവും എല്ലാമാണ് തിമുകയുടെ പ്രസക്തിയെ ചരിത്രപരമായി വര്‍ദ്ധിപ്പിക്കുന്നത്. ഇതേ സംഘടനയ്ക്കകത്ത് പക്ഷെ ജാതി വെറി അതിശക്തമായി നിലനില്ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അനാവൃതമാകുന്നു എന്നത് നിസ്സാരമല്ല.

മാമന്നന്‍ (ചക്രവര്‍ത്തി) എന്നാണ് വടിവേലു അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രത്തിന്‍റെ മുഴുവന്‍ പേര്. പക്ഷെ, മിക്കവരും മണ്ണ് എന്നാണ് അദ്ദേഹത്തെ ഓമനിച്ചെന്നോണം വിളിക്കുന്നത്. നീ പേരിലൂടെയാണെങ്കിലും ചക്രവര്‍ത്തിയൊന്നുമാവണ്ട, വെറും മണ്ണാണ് എന്ന് ഭംഗ്യന്തരേണ ഓര്‍മ്മിപ്പിക്കുകയാണ് മേല്‍ ജാത്യഹങ്കാരം ഈ വിളിയിലൂടെ. ഇത് മാറണമെന്നും തന്‍റെ അപ്പയെ(അച്ഛനെ) മുഴുവന്‍ പേരായ മാമന്നന്‍ എന്നു തന്നെ വിളിക്കണമെന്നും മകനായ അതിവീരന്‍ (ഉദയനിധി സ്റ്റാലിന്‍) ശഠിക്കുന്നു. ഒരേ കക്ഷി നേതാവാണെങ്കിലും മേല്‍ജാതിക്കാരനായതുകൊണ്ട് രത്നവേലി(ഫഹദ് ഫാസില്‍)നു മുന്നില്‍ മാമന്നന്‍ ഇരിക്കുന്നില്ല. എവിടെയും എപ്പോഴും ഇരുന്ന് സംസാരിക്കണം, അതാണ് വേണ്ടത് എന്ന് തന്നെ കാണാന്‍ വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം ചെയ്യുന്ന എം എല്‍ എയാണ് ജാതിവിധേയത്വം കൊണ്ട് കസാര ഒഴിവുണ്ടായിട്ടും ഇരിക്കാത്തത്. ഇത് അതിവീരനില്‍ കടുത്ത രോഷം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ്, മുഖ്യമന്ത്രിയെ കാണാന്‍ ഒറ്റയ്ക്ക് വിളിക്കപ്പെട്ട മാമന്നന്‍ അവിടെയും നിന്നിട്ടാവുമോ സംസാരിക്കുന്നത് എന്ന് അതിവീരന്‍ ഭയക്കുന്നത്. പ്രോട്ടോക്കോള്‍ സെക്യൂരിറ്റികള്‍ തള്ളിമാറ്റിക്കൊണ്ട് അയാള്‍ മുഖ്യമന്ത്രിയുടെ മുമ്പില്‍ നിസ്സങ്കോചം ഇരിക്കുന്ന അപ്പായെ കാണുന്നതോടൊപ്പം, അയാളുടെ രോഷം കണ്ട് കാര്യം പിടികിട്ടിയ മുഖ്യമന്ത്രി അവനോട് എന്താ നിന്‍റെ അപ്പായെ ഞാന്‍ ഇരുത്താതെ നിര്‍ത്തി സംസാരിക്കുമെന്ന് വിചാരിച്ചോ എന്നു ചോദിക്കുന്നു.


തേവര്‍ മകനിലെ ഇശക്കി അടക്കം നിരവധി കഥാപാത്രങ്ങളിലൂടെ കാലങ്ങളായി അപഹസിക്കപ്പെട്ട വടിവേലുവാണ് മാമന്നന്‍റെ വേഷം അവതരിപ്പിക്കുന്നത് എന്നത് എടുത്തു പറയേണ്ടതാണ്. ലീല (കീര്‍ത്തി സുരേഷ്) കമ്യൂണിസ്റ്റ് അനുഭാവിയും ചെഗുവേരയുടെ ആരാധികയുമാണെന്ന ദൃശ്യവത്ക്കരണവും തമിഴ്നാട്ടിലും ഇന്ത്യയിലും രൂപപ്പെടുന്ന പുതിയ ഫാസിസ്റ്റ് വിരുദ്ധ വിശാല ഐക്യമുന്നണിയുടെ സൂചനകളാണ്.

സമത്വ സമൂഹനീതി മക്കള്‍ ഇയക്കം (സമത്വവും സാമൂഹ്യ നീതിവും അടിസ്ഥാനമാക്കിയ ജനകീയ സംഘം) എന്ന പേരില്‍ അറിയപ്പെടുന്ന ഭരണകക്ഷിയിലാണ് മേല്‍ ജാതിക്കാരും ദളിതരും എല്ലാം അണിനിരന്നിട്ടുള്ളത്. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതിനും ഭരണം നിലനിര്‍ത്തുന്നതിനുമായി ഒരു രാഷ്ട്രീയ കക്ഷിയ്ക്ക് പലതരം വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന് എല്ലാവര്‍ക്കുമറിയാം. 2019ലെ ലോക സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും നാല്പതു സീറ്റുകളില്‍ മുപ്പത്തൊമ്പതും ദ്രാവിഡ മുന്നേറ്റ്ര കഴകം നയിച്ച മതച്ചാര്‍പ്പറ്റ്ര മുര്‍പ്പോക്ക് കൂട്ടണി ( മതനിരപേക്ഷ പുരോഗമന മുന്നണി) നേടി. ഇതില്‍ രണ്ടു സീറ്റുകളാണ് വിടുതലൈ ചിരുതൈകള്‍ കക്ഷി നേടിയത്. രണ്ടും സംവരണ സീറ്റുകളായിരുന്നു. ഡിഎം കെ, എഡിഎംകെ എന്നീ വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ടു ദ്രാവിഡ കക്ഷികള്‍ നേതൃത്വം കൊടുക്കുന്ന മുന്നണികളിലാണ് ദേശീയ കക്ഷികളായ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ടികളും മുസ്ലിം ലീഗും അടക്കമുള്ള പാര്‍ടികള്‍ മാറിമാറി അണി നിരക്കാറുള്ളത്. ബിജെപി വിരുദ്ധ നിലപാടെടുക്കുന്ന പാര്‍ടികളെല്ലാം ചേര്‍ന്ന സംയുക്തമുന്നണിയാണ് ഡിഎംകെ നേതൃത്വം കൊടുത്ത മതച്ചാര്‍പ്പറ്റ്ര മുര്‍പ്പോക്ക് കൂട്ടണി. ദളിത് പാര്‍ടിയായി അറിയപ്പെടുന്ന വിസികെ (വിടുതലൈ ചിരുതൈകള്‍ കക്ഷി/ വിമോചനപ്പുലികള്‍/ ദളിത് പാന്തേഴ്സ് പാര്‍ടി തെരഞ്ഞടുപ്പു ബഹിഷ്ക്കരണാശയത്തില്‍ നിന്ന് മാറിയതിനെ തുടര്‍ന്ന് പേരുമാറ്റിയത്)യ്ക്ക് വിഴുപ്പുരം, ചിദംബരം എന്നീ രണ്ടു പട്ടികജാതി സംവരണ സീറ്റുകളാണ് അനുവദിച്ചത്. വിഴുപ്പുരത്തില്‍ ഡി രവികുമാറും ചിദംബരത്തില്‍ ഡോക്ടര്‍ തൊല്‍ തിരുമാവളവനും മത്സരിച്ചു. ഡി രവികുമാര്‍ ഡിഎംകെ ചിഹ്നമായ ഉദയക്കതിരി (ഉദയസൂര്യന്‍) ലും തൊല്‍ തിരുമാവളവന്‍ പാനൈ(കുടം) ചിഹ്നത്തിലും മത്സരിച്ചു. വിജയിച്ച മിക്കവാറും സ്ഥാനാര്‍ത്ഥികള്‍ക്കും ലക്ഷത്തിനു മേലായിരുന്നു ഭൂരിപക്ഷം. ഇതനുസരിച്ച് ഉദയക്കതിരില്‍ മത്സരിച്ച രവികുമാറിന് 128068 വോട്ട് ഭൂരിപക്ഷം ലഭിച്ചപ്പോല്‍ പാനൈ ചിഹ്നത്തില്‍ മത്സരിച്ച തിരുമാവളവന് കേവലം 3219 വോട്ടിന്‍റെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. സംവരണ സീറ്റായതിനാല്‍ പട്ടികജാതിക്കാരനാണ് സ്ഥാനാര്‍ത്ഥി എന്നറിയാമായിരുന്നിട്ടും പൊതു ചിഹ്നത്തില്‍ മത്സരിച്ച വിസികെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ഭൂരിപക്ഷവും തനതായ ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും തമ്മിലുള്ള ഭീമമായ വ്യത്യാസത്തില്‍ വരെ മുന്നണിക്കകത്തെയും പാര്‍ടിക്കകത്തെയും ജാതിയാണ് പ്രവര്‍ത്തിക്കുന്നത് എന്നു ചുരുക്കം.

മാമന്നന്‍റെ ഓമനപ്പേരായ മണ്ണ് അദ്ദേഹത്തിന് പേരിലൂടെ പോലും ലഭിക്കേണ്ട മര്യാദയെ കെടുത്തുന്നതിനാണ് മേല്‍ജാതിക്കാര്‍ പ്രയോജനപ്പെടുത്തുന്നതെങ്കിലും ആ പേര് മറ്റൊരു രീതിയില്‍ പരിഗണിച്ചാല്‍ ദളിതരുടെ മണ്ണടുപ്പത്തെ പ്രതിനിധീകരിക്കുന്നത് കാണാം. തീവണ്ടിപ്പാളത്തിന് തൊട്ടടുത്ത് വലിയ ഒരു മൈതാനത്തിന്‍റെ ഓരത്താണ് മാമന്നന്‍റെ വീട്. എം എല്‍ എ എന്ന നിലയ്ക്ക് എല്ലാവര്‍ക്കും എപ്പോഴും എത്തുന്നതിനും മറ്റും സൗകര്യമുള്ള ഈ വീടിന്‍റെ അടുത്തെങ്ങും മറ്റു വീടുകള്‍ കാണാനില്ല. മൈതാനത്തിന്‍റെ എതിരറ്റത്തായി പന്നികളെ വളര്‍ത്തുന്നതിനുള്ള കോമ്പൗണ്ടും പ്രവര്‍ത്തിക്കുന്നു. വീട്, മൈതാനം, പന്നിവളര്‍ത്തുകേന്ദ്രം എന്നിവയെല്ലാം ഭൂമിയുടെ (മണ്ണിന്‍റെ) കൃത്യമായ വിനിയോഗമാണ്. അതേ സമയം, രത്നവേലിന്‍റെ വിഹാരസ്ഥലങ്ങളോ? കമനീയമായ ഒരു ബംഗ്ലാവിലാണയാളും കുടുംബവും താമസിക്കുന്നത്. തോക്കെടുക്കാനായി കിടപ്പറയ്ക്കകത്തു കയറുന്ന അയാളെ ഉള്ളിലാക്കി ഭാര്യ വാതില്‍ പുറത്തു നിന്നടയ്ക്കുന്നു. അയാള്‍ക്ക് അത് തുറക്കാനേ പറ്റുന്നില്ല. അതായത്, വെറി പിടിച്ച അയാള്‍ക്കു പോലും ബലം പ്രയോഗിച്ച് തുറക്കാനാവാത്ത വിധത്തില്‍ ബന്തവസ്തോടു കൂടിയാണ് ആ വീടിന്‍റെ ഓരോ വാതിലുകളും ജനാലകളും പണിതുറപ്പിച്ചിട്ടുള്ളതെന്നു സാരം.

എന്നാല്‍, രത്നവേലിന് നായ്ക്കളെ വളര്‍ത്താനും അവയെ അടിച്ചു കൊല്ലാനും അതേ രീതിയില്‍ മനുഷ്യരെ അടിയ്ക്കാനും കൊല്ലാനും മറ്റുമായി ഉപേക്ഷിക്കപ്പെട്ട വീട്(വീടുകള്‍) സ്വന്തമായുണ്ട്. എന്നോ ആരോ ഉപയോഗിച്ചുപേക്ഷിച്ച ഈ വീട്ടില്‍(വീടുകളില്‍) പൂമുഖവും വരാന്തകളും മുറികളും വാഷ്ബേസിനും കുളിമുറിയും എല്ലാമുണ്ട്. എന്നാല്‍ ആരും ഒന്നും കാലങ്ങളായി വൃത്തിയാക്കുന്നതേ ഇല്ല. സിഗരറ്റ് വലിച്ച് കുറ്റി വാഷ്ബേസിനില്‍ അമര്‍ത്തി കെടുത്തുന്നു. അവിടവിടെ കൂട്ടിയിട്ട ഇരുമ്പു കമ്പികളെടുത്ത് നായ്ക്കളെയും മനുഷ്യരെയും അടിച്ചൊതുക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീടു പോയിട്ട് സ്വന്തമായി ഒന്നോ രണ്ടോ സെന്‍റ് സ്ഥലം പോലുമില്ലാത്ത സാഹചര്യത്തിലാണ്, ഉപേക്ഷിക്കപ്പെട്ടതിനു ശേഷം ഒരിക്കലും വൃത്തിയാക്കാത്ത ഇത്തരം വീടുകളും കെട്ടിടങ്ങളും അക്രമാസക്തിയുടെ ഒളിപ്പുരകളായി പ്രയോജനപ്പെടുത്തുന്നത്.

സാധാരണ രീതിയില്‍; ഗോഡൗണുകള്‍, തുറമുഖങ്ങളിലെ കണ്ടെയ്നറുകള്‍ നിര്‍ത്തിയിട്ട സ്ഥലം, നിര്‍ത്തിവെച്ച ഫാക്ടറികള്‍, കാട്ടിനകത്തെ ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാമാണ് സിനിമാ പ്രതിനായകന്മാര്‍ ഇത്തരം പീഡനങ്ങള്‍ നിര്‍വഹിക്കാറ്. ഇവിടെ, മനുഷ്യര്‍ക്ക് പാര്‍ക്കാവുന്ന സ്ഥലങ്ങളാണ് ഉപേക്ഷിക്കുകയും മാലിന്യം കൊണ്ട് അപമാനിക്കുകയം ചെയ്തതിനു ശേഷം അക്രമപ്പുരകളാക്കി പരിണമിക്കുന്നത്. മാലിന്യനിര്‍മ്മാര്‍ജ്ജനം എന്ന സാമൂഹ്യ ഉത്തരവാദിത്തത്തെയും ഈ മര്‍ദനപ്പുരകള്‍ പരിഹസിക്കുന്നു.

അച്ഛനും മകനും തമ്മിലുള്ള ബന്ധ-പാരസ്പര്യങ്ങള്‍ മാമന്നന്‍റെ ഇതിവൃത്താഖ്യാനത്തെ സംഘര്‍ഷഭരിതമാക്കുന്നുണ്ട്. ഭരതന്‍റെ തേവര്‍ മകനി(1992)ല്‍,  ശക്തിവേല്‍ (കമല്‍ ഹാസന്‍) എന്ന മകന്‍ പെരിയ തേവറുടെ  (ശിവാജി ഗണേശന്‍) പാരമ്പര്യത്തെ പിന്തുടരുകയും തിരുത്തുകയും ചെയ്യുന്നതു പോലെ, അതിവീരന്‍ (ഉദയനിധി സ്റ്റാലിന്‍) മാമന്നന്‍റെ (വടിവേലു) പാരമ്പര്യം തുടരുകയും തിരുത്തുകയും ചെയ്യുന്നുണ്ട്. പന്നികള്‍ക്ക് പറക്കാന്‍ കഴിയുന്ന ഒരു കാലം വരുമെന്ന സ്വപ്നമാണ് അതിവീരന്‍ പങ്കു വെക്കുന്നത്.

അതേ സമയം, സമീപകാല ചരിത്രത്തില്‍ അച്ഛനെ മകന്‍ തിരുത്തുന്ന അതിഗംഭീരമായ സംഭവം നടന്നത് 2002 ഡിസംബര്‍ 6നാണ്. ഡോക്ടര്‍ അംബേദ്ക്കറിന്‍റെ സ്മരണാദിനമാണ് ഡിസംബര്‍ 6. മതംമാറ്റം നിരോധിച്ചുകൊണ്ടുള്ള തമിഴ്നാട് സര്‍ക്കാര്‍ നിയമത്തെ എതിര്‍ത്തുകൊണ്ട് ചെന്നൈയില്‍ വിടുതലൈ ചിരുതൈകള്‍ കക്ഷി ഒരു പൊതുയോഗം നടത്തി. നമ്മുടെ ഹിന്ദു പേരുകള്‍ ഉപേക്ഷിച്ച് തമിഴ് പേരുകള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ആ പൊതുയോഗത്തില്‍ ആവേശകരമായ പ്രസംഗമാണ് വിസികെ തലൈവര്‍ തിരുമാവളവന്‍ നടത്തിയത്. 5115 പേരാണ് പേരു മാറ്റുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ സമ്മേളനം അവസാനിച്ചപ്പോള്‍ എണ്ണായിരത്തിലധികം പേര്‍ തമിഴ് പേരുകള്‍ സ്വീകരിച്ചു. ചരിത്രത്തിനകത്ത് ചരിത്രമെന്നു പറയുന്നതു പോലെ ആ ചടങ്ങില്‍ തിരുമാവളവന്‍ തന്‍റെ അച്ഛന്‍റെ പേരും മാറ്റിയതായി പ്രഖ്യാപിക്കുകയും അച്ഛന്‍ ആ പേര് സ്വീകരിക്കുകയും ചെയ്തു. രാമസാമി  എന്ന പേര് മാറ്റി തൊല്‍ക്കാപ്പിയന്‍ എന്ന പേരാണ് അച്ഛനിട്ടത്. പ്രാചീന തമിഴ് പണ്ഡിതനും വൈയാകരണനുമാണ് തൊല്‍ക്കാപ്പിയന്‍. ഇതിനെ തുടര്‍ന്ന് തിരുമാവളവന്‍റെ ഇനീഷ്യല്‍ ആര്‍ എന്നത് മാറി തൊല്‍. എന്നായി മാറിയതായും പ്രഖ്യാപിക്കപ്പെട്ടു. ഈ സമ്മേളനത്തിന്‍റെ ആവേശമുള്‍ക്കൊണ്ട് 2003 ഏപ്രില്‍ 14ന് (അംബേദ്ക്കറിന്‍റെ ജډദിനം) മധുരൈയില്‍ നടന്ന വിസിക സമ്മേളനത്തില്‍ പതിനായിരത്തി എണ്ണൂറ് പേരാണ് തമിഴ് പേരുകള്‍ സ്വീകരിച്ചത്.

2002 ഡിസംബര്‍ 6ന് തിരുമാവളവന്‍ നടത്തിയ പ്രസംഗത്തിലെ ചില വരികള്‍:  തമിഴ് മക്കള്‍ തമിഴ് സ്വത്വം മറന്ന് ഹിന്ദു സ്വത്വം സ്വീകരിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് സംസ്കൃതവും ഹിന്ദുത്വയും അവരുടെ ജീവശ്വാസമായി കണക്കാക്കപ്പെടുന്നു. ഈ നിലപാട് കൊണ്ട് ജാതീയതയെയും അതിന്‍റെ അക്രമോത്സുകതയെയും ചെറുക്കാനാവില്ല. ഇത് മനസ്സിലാക്കിയതു കൊണ്ടാണ് തമിഴ് പണ്ഡിതന്മാരും ദ്രാവിഡ പ്രസ്ഥാന നേതാക്കളും ബ്രാഹ്മണാധിപത്യത്തെ എതിര്‍ത്തത്. തമിഴ് പണ്ഡിതനായ വേദാചലം തന്‍റെ പേര് മറൈമലൈ അടികള്‍ എന്നാക്കി മാറ്റി. സൂര്യ നാരായണ ശാസ്ത്രി പരിതിമര്‍ കലൈഞര്‍ ആയി മാറി. ഈ രീതിയാണ് നാമിവിടെ സ്വീകരിക്കുന്നത്. ദളിതുകള്‍ ഹിന്ദുവല്ല എന്ന അംബേദ്ക്കറുടെ പ്രഖ്യാപനം നാം മറക്കരുത്. അന്താരാഷ്ട്ര തലത്തില്‍ പരിശോധിച്ചാല്‍ തമിഴ് ഭാഷയും തമിഴ് വംശവും മാത്രമാണ് ഏറ്റവും മതേതരത്വം പുലര്‍ത്തുന്നതെന്ന് കാണാം. അബ്ദുള്ള ഇസ്ലാമും ആന്‍റണി ക്രിസ്ത്യാനിയും ഹരിഹരന്‍ ഹിന്ദുവും അജയ് സിംഗ് സിക്കുമാണെങ്കില്‍, അറിവഴകന്‍ തമിഴന്‍ മാത്രമാണ്. അതായത്, ഹിന്ദു നാമങ്ങള്‍ മാറി നാം തമിഴ് പേരുകള്‍ സ്വീകരിക്കുമ്പോള്‍ നാം ജാതിക്കെതിരായ പോരാട്ടം രൂക്ഷമാക്കുന്നു.  നാം മതേതരത്വമാണ് നമ്മുടെ പ്രത്യയശാസ്ത്രം എന്നു പ്രഖ്യാപിക്കുന്നു.

മുഖ്യമന്ത്രിയെ കണ്ടു മടങ്ങുമ്പോള്‍ മാമന്നനോട് മുഖ്യമന്ത്രി പറയുന്നു. താങ്കള്‍ അതേ സീറ്റില്‍ മത്സരിച്ച്, പാര്‍ടി മാറിയ ജാതിവാദിയായ രത്നവേലിന്‍റെ സഹായമില്ലാതെ വിജയിച്ച് നമ്മുടെ പാര്‍ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്ന്. തലൈവര്‍ പറയുന്നതിനോട് എനിക്ക് യോജിപ്പു തന്നെയേ ഉള്ളൂ. പക്ഷെ, ഇതുവരെയുള്ള എന്‍റെ ജീവിതം പോലെയല്ല ഇനിയുള്ള നാളുകളില്‍. മകന്‍ അതിവീരന്‍ പറയുന്നത് അതേ പടി അനുസരിക്കുക എന്നതാണ് തന്‍റെ മുമ്പിലുള്ള ഏകമാര്‍ഗം എന്നും അതനുസരിച്ചായിരിക്കും കാര്യങ്ങള്‍ എന്നുമാണ് മാമന്നന്‍ മറുപടി പറയുന്നത്. തിരുമാവളവന്‍ സ്വന്തം അച്ഛന്‍റെ പേര് മാറ്റിയതു പോലെയാണ്  മാമന്നന്‍റെ  മനോഭാവമാറ്റത്തെ അതിവീരന്‍ നിര്‍ണയിക്കുന്നതും.  

മാമന്നന്‍ എന്ന സിനിമാ പാഠം മാത്രം വിശകലനം ചെയ്ത് നടത്തപ്പെട്ടിട്ടുള്ള നിരീക്ഷണങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്, തമിഴ് സിനിമയുടെയും തമിഴ് നാട്ടിലെ ദളിത് വിമോചനപ്പോരാട്ടത്തിന്‍റെയും തമിഴ് നാട് രാഷ്ട്രീയത്തിന്‍റെ തന്നെയും ഗതിവിഗതികളെ അതെപ്രകാരമാണ് സൂചിപ്പിക്കുന്നത് എന്ന ഘടകം നിര്‍ണായകമാകുന്നു എന്നതാണ് വാസ്തവം. വിടുതലൈ ചിരുതൈകള്‍ കക്ഷിയുടെയും കമ്യൂണിസ്റ്റ് പാര്‍ടികളുടെയും നേതൃത്വത്തിലുള്ള ദളിത് മുന്നേറ്റങ്ങള്‍, സമീപകാല തമിഴ്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയത്തെ ഗണ്യമായ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ്  കരുണാനിധിയുടെ കുടുംബത്തില്‍ പെട്ട ദയാനിധി മാരന്‍ അടക്കമുള്ളവരുടെ ഉടമസ്ഥതയിലുള്ള സണ്‍ പിക്ച്ചേഴ്സും സണ്‍ ടിവിയും നിര്‍മ്മിച്ചതു പോലുള്ള സിനിമകളല്ല ഇന്ന് നിര്‍മ്മിക്കേണ്ടതെന്ന് ഉദയനിധി സ്റ്റാലിന്‍ അടക്കമുള്ളവര്‍ തിരിച്ചറിയുന്നത്. പാ രഞ്ജിത് സിനിമകളുടെ വിജയവും ജയ്ഭീം അടക്കമുള്ള മറ്റ് സിനിമകളുടെ പ്രാധാന്യവും മാരി ശെല്‍വരാജിന്‍റെ തന്നെ നിശ്ചയദാര്‍ഢ്യവുമെല്ലാം ഒത്തു ചേരുന്ന സന്ദര്‍ഭമായി മാമന്നന്‍റെ പ്രതിനിധാനത്തെ ബോധ്യപ്പെടണമെന്ന് ചുരുക്കം.

Reference:

1. തമിഴ് സിനിമയിലെ ഇടിമുഴക്കങ്ങള്‍ - ജി പി രാമചന്ദ്രന്‍ (ചലച്ചിത്ര സമീക്ഷ)
       

2.      Madurai Formula Films: Caste Pride and Politics in Tamil Cinema by Karthikeyan Damodaran and Hugo Gorringe(South Asia Multidisciplinary Academic Journal-2017)

3.      Dalit Political Imagination and Replication in Contemporary Tamil Naduby D Karthikeyan, Stalin Rajangam, Hugo Gorringe(Economic & Political Weekly-Sep8, 2012)

4.      The Paradigm shifts in the Portrayal of Caste in Tamil Cinema and its impact on the Tamil Society by Antony SUSAIRAJ (Journal of the Nanzan Academic Society Humanities and Natural Sciences (20), 121􀊕138, 2020, June)

5.       Anti-caste Aesthetics and Dalit Interventions in Indian Cinemaby Manju Edachira (Economic & Political Weekly -Sep 19,2020)

6.      Fabric-Rendered Identity: A Study of Dalit Representation in Pa. Ranjith’s Attakathi, Madras and Kabali by Benson Rajan and Shreya Venkatraman(Artha-Journal of Social Sciences 2017, Vol. 16, No. 3,)

7.      Failure of Dalit Renaissance: A semiotic analysis of Dalit and Non Dalit films by P. Viduthalai, A. K. Divakar, Dr. V. Natarajan(Periyar University, India)(Amity Journal of Media & Communication Studies- 2017, Vol. 7, No. 1)

8.      Foregrounding the multitude: How Mari Selvaraj's Karnan attains a universality and humanity rarely seen on screen by Bishaldeb Halder(firstpost.com)

9.      Karnan-Humanising the ‘Other’ by Dr Shyaonti Talwar (feminismindia.com)

10.        Representing Cast(e) in Tamil Cinema – Pride and Prejudice by Dr.V Geetha    (researchgate.net)

11.    70 Years of ‘Parasakthi’: A groundbreaking moment in Tamil cinemaSIDDARTH MURALIDHARAN (Frontline Nov 19, 2022)

12.  Talisman – Extreme Emotions of Dalit Liberation- Thirumavalavan (translated by Meena Kandasamy / Samya an imprint of Bhatkal and Sen, Kolkata)

Related Stories

No stories found.
logo
The Cue
www.thecue.in