പര്‍ദക്കുള്ളിലെ ഫെമിനിച്ചി

പര്‍ദക്കുള്ളിലെ ഫെമിനിച്ചി
Published on
Summary

സംവിധായകന്‍ എന്ന നിലയില്‍ ഫാസില്‍ മുഹമ്മദിന്റെ ഈ ആദ്യ സംരംഭം മികവു പുലര്‍ത്തുന്നുണ്ട്. മികച്ച ഷോട്ടുകളും ഫ്രെയിമുകളും ശ്രദ്ധേയമാണ്. പക്ഷേ, ചിത്രത്തില്‍ പറയാന്‍ ശ്രമിക്കുന്ന സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും ഔട്ട് ഓഫ് ഫോക്കസാണ്.

ഒരു സ്ത്രീയുടെ കിടക്കപ്പൊറുതിയില്ലായ്മയെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ. 2024ലെ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനു ലഭിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള ജൂറി പുരസ്‌കാരവും കെ.ആര്‍. മോഹനന്‍ പുരസ്‌കാരവും സംവിധായകന്‍ ഫാസില്‍ മുഹമ്മദിനായിരുന്നു.

നൂറു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം മുസ്ലിം പാരമ്പര്യമുള്ള പൊന്നാനി കടലോര മേഖലയിലെ ഒരു മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ എന്ന നിലയില്‍ ഫാസില്‍ മുഹമ്മദിന്റെ ഈ ആദ്യ സംരംഭം മികവു പുലര്‍ത്തുന്നുണ്ട്. മികച്ച ഷോട്ടുകളും ഫ്രെയിമുകളും ശ്രദ്ധേയമാണ്. പക്ഷേ, ചിത്രത്തില്‍ പറയാന്‍ ശ്രമിക്കുന്ന സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും ഔട്ട് ഓഫ് ഫോക്കസാണ്. ഫാത്തിമ അനുഭവിക്കുന്ന കിടക്കപ്പൊറുതിയില്ലായ്മ കേരളത്തിലെ പരമ്പരഗാത ദാമ്പത്യങ്ങളില്‍ ഏത് സ്ത്രീയും അനുഭവിക്കുന്ന പ്രശ്നമാണ്; ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മുഴുവന്‍ ഇന്ത്യന്‍ സ്ത്രീകളുടേയും അടുക്കള പ്രശ്നം ആകുന്നതു പോലെ. പക്ഷേ, മുസ്ലിം പശ്ചാത്തലത്തില്‍ ഈ രാഷ്ട്രീയം അവതരിപ്പിക്കുന്നതില്‍ ചില പ്രശ്നങ്ങളുണ്ട്.

കുടുംബനാഥനായി വരുന്നത് മദ്രസാധ്യാപകനായ അഷ്റഫ് ഉസ്താദാണ്. മദ്രസയില്‍ മതം പഠിപ്പിക്കുന്നവരുടെ മാത്രം പ്രശ്‌നമല്ല, മുസ്ലിം സമുദായത്തിലെ സ്ത്രീ വിരുദ്ധത. കുടുംബനാഥന്‍ ഒരു സാധാരണ മുസ്ലിമായാലും അയാളുടെ വീട്ടില്‍ ഫാത്തിമ ഈ കിടക്കപ്പൊറുതിയില്ലായ്മ അനുഭവിക്കണം. മന്ത്രിച്ചൂതുന്ന ഉസ്താദും ദീനങ്ങള്‍ മാറ്റാന്‍ പ്രത്യക്ഷപ്പെടുന്ന മറ്റേ ഉസ്താദുമൊക്കെ സമുദായത്തിലെ പുഴുക്കുത്തുക്കളെ അനാവരണം ചെയ്യുന്നുണ്ടെങ്കിലും പ്രമേയപരമായി ഇക്കാര്യത്തില്‍ ഒരു പുതുമയും അവകാശപ്പെടാനില്ല. ട്രോളുകളുടെയും റീലുകളുടേയും സോഷ്യല്‍ മീഡിയാ കാലത്ത് ഈ വിഷയം ചര്‍വ്വിതചര്‍വ്വണം ചെയ്യപ്പെട്ടതും കുറേക്കൂടി ഭേദപ്പെട്ട അവതരണഭംഗിയില്‍ ദൃശ്യലോകത്ത് ലഭ്യമാകുന്നതുമാണ്. ഫാത്തിമയെ പര്‍ദക്കുള്ളില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് സ്ത്രീ വിമോചനത്തെക്കുറിച്ചും വനിതാ അവകാശങ്ങളെക്കുറിച്ചും ചിത്രം സംസാരിക്കുന്നത് എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രമേയപരമായ വലിയ പോരായ്മ.

പുത്തന്‍ കിടക്ക കിട്ടുന്നതോടെ വീടിനകത്ത് ഫാത്തിമയ്ക്ക് സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. എന്നാല്‍ പിറ്റേ പ്രഭാതത്തിലും അവള്‍ക്ക് മീന്‍കാരന്റെ മുന്നിലും അങ്കണവാടിയിലേക്കുള്ള നാട്ടുവഴിയിലും പ്രത്യക്ഷപ്പെടണമെങ്കില്‍ മുഖം മൂടിയേ പറ്റൂ.

പുറത്തിറങ്ങുമ്പോഴെല്ലാം മുഖം അടക്കം മുടുന്ന പര്‍ദയാണ് ഫാത്തിമയുടെ വേഷം. മീന്‍കാരന്‍ സലാമിനെ കുറിയില്‍ ചേര്‍ക്കാനെത്തുമ്പോള്‍ പോലും ഫാത്തിമ ആ മുഖം തുറന്നിടുന്നില്ല. മുഖമൊന്നു കാണിക്കാന്‍ മീന്‍കാരന്‍ പറയുമ്പോള്‍, മുഖം മറയ്ക്കാത്ത അയല്‍പക്കത്തെ മുസ്ലിം സ്ത്രീ 'ജ്ജ് അന്റെ പണിയെടുത്തോ' എന്നോ മറ്റോ ആണ് അയാളോട് പ്രതികരിക്കുന്നത്. തട്ടിപ്പുകാരനായ ഉസ്താദിന്റെ ദിക്ര് സദസ്സില്‍ ഇരിക്കുമ്പോള്‍ അയല്‍ക്കാരിക്കു മുഖം മറച്ചിരിക്കുന്ന ഫാത്തിമയേയും ആമിനയേയും മാറിപ്പോകുന്ന സീന്‍ പര്‍ദാ വിമര്‍ശനമായി തോന്നാം. ഒടുവില്‍ എന്‍ജിനീയറായി വരുന്ന പര്‍ദയിട്ട പെണ്‍കുട്ടിയെ ചൂണ്ടി അവളൊരു ഫെമിനിസ്റ്റാണെന്ന് ഒരു കഥാപാത്രം പറയുമ്പോള്‍ പര്‍ദയിട്ട പെണ്ണോ എന്നു അഷ്റഫ് ഉസ്താദ് ചോദിക്കുന്നുണ്ട്. പര്‍ദക്കുള്ളിലും ഫെമിനിസം സാധ്യമാണെന്ന പുതിയ ഇസ്ലാമിസ്റ്റ് കാഴ്ചപ്പാടാണിത്. ഒരു പറമ്പ് വാങ്ങിക്കൊടുത്താല്‍ പര്‍ദക്കുളളില്‍ നിന്നു തന്നെ അതില്‍ വലിയ കെട്ടിടം നിര്‍മിച്ചു തരാന്‍ കഴിയുന്നവളാണ് ഓള്. പര്‍ദയിട്ട പെണ്ണുങ്ങള്‍ വിമാനം പറത്തുമ്പോഴും മറ്റും ആഘോഷിക്കുകയും പര്‍ദയുടെ വിപ്ലവമാനത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ഇസ്ലാമിക ഫെമിനിസ്റ്റുകളെ തൃപ്തിപ്പെടുത്തുന്ന വ്യാഖ്യാനമാണ് ഇത്.

അതുതന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രശ്‌നം. പര്‍ദ ഒരു ഇസ്‌ലാമിക വേഷമാണോ അല്ലയോ എന്ന ചര്‍ച്ച മുസ്ലിംകള്‍ക്കിടയില്‍ തന്നെ നടക്കുന്നുണ്ട്. കേരളത്തില്‍ പര്‍ദയും ഹിജാബുമൊക്കെ വ്യാപകമാകുന്നത് വളരെ അടുത്ത കാലത്താണ്. അതിനു പിന്നില്‍ കൃത്യമായ ഇസ്ലാമിസ്റ്റ് അജണ്ടയുണ്ടെന്നതു വ്യക്തമാണ്. പര്‍ദയുടെ യഥാര്‍ത്ഥ രാഷ്ട്രീയം എന്താണ്? മതം, അധികാരം, ആണ്‍കോയ്മ തുടങ്ങിയവയില്‍ നിന്നു മാറി അത് വ്യക്തിയുടെ തെരഞ്ഞെടുപ്പും പ്രതിരോധവുമാകുന്നത് എപ്പോഴാണ്? എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും പര്‍ദക്ക് മതത്തില്‍ നിന്നു വേറിട്ടൊരു നിലനില്‍പുണ്ടോ? സ്ത്രീകളെ ഏത് രീതിയിലാണ് പര്‍ദയുടെ മതമായ ഇസ്‌ലാം കാണുന്നതും കൈകാര്യം ചെയ്യുന്നതും എന്നയിടത്തു നിന്നാണ് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടത്. നരകത്തില്‍ ഏറ്റവും കൂടൂതല്‍ കണ്ടത് സ്ത്രീകളെയാണെന്ന മുഹമ്മദിന്റെ വചനത്തില്‍ തുടങ്ങുന്നുണ്ട് ഇസ്ലാമിന്റെ സ്ത്രീ വിരുദ്ധ നിലപാട്. അഹ്‌സാബ് എന്നൊരു അധ്യായമുണ്ട് ഖുര്‍ആനില്‍. മുഹമ്മദിന്റെ ഭാര്യമാരെ വീട്ടില്‍ അടക്കിയൊതുക്കി നിര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നത് ഈ അധ്യായത്തിലാണ്. അടങ്ങിയൊതുങ്ങി ഇരുന്നില്ലെങ്കില്‍ നരകത്തില്‍ ഇരട്ടി ശിക്ഷയാണ് അവരെ കാത്തിരിക്കുന്നതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ഇതേ അധ്യായത്തില്‍ അവര്‍ എങ്ങിനെ വസ്ത്രം ധരിക്കണമെന്നും പുരുഷന്മാര്‍ വീട്ടില്‍ വരുമ്പോള്‍ എങ്ങിനെ പെരുമാറണമെന്നും പറയുന്നുണ്ട്.

സ്ത്രീയെ അടക്കി നിര്‍ത്താനുള്ള ഏറ്റവും വലിയ ആയുധമാണ് പര്‍ദ. പുത്തന്‍ കിടക്ക കിട്ടുന്നതോടെ വീടിനകത്ത് ഫാത്തിമയ്ക്ക് സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. എന്നാല്‍ പിറ്റേ പ്രഭാതത്തിലും അവള്‍ക്ക് മീന്‍കാരന്റെ മുന്നിലും അങ്കണവാടിയിലേക്കുള്ള നാട്ടുവഴിയിലും പ്രത്യക്ഷപ്പെടണമെങ്കില്‍ മുഖം മൂടിയേ പറ്റൂ. ഈ കുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഡല്‍ഹിയില്‍, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള താലിബാന്‍ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി എന്ന വാര്‍ത്ത പുറത്തു വരുന്നത്.

രണ്ട് സന്ദര്‍ഭങ്ങളില്‍ അഷ്റഫ് ഉസ്താദ് ഭാര്യയെ അടിക്കാന്‍ കയ്യോങ്ങുന്നുണ്ട്. മതം അനുവദിക്കാത്തതു കൊണ്ടാണ് അത് ചെയ്യാത്തതെന്ന് അഷ്റഫ് ഉസ്താദ് സ്വയം സമാധാനിക്കുകയാണ്. ഉസ്താദ് ഖുര്‍ആന്‍ പഠിക്കാത്തതുകൊണ്ടോ സിനിമക്കു പിന്നിലെ രാഷ്ട്രീയമോ ആണ് സംഭാഷണം.

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആചാര്യനായ അബുല്‍ അഅലാ മൗദുദിയുടെ പര്‍ദ എന്ന പുസ്തകം പര്‍ദയുടെ രാഷ്ട്രീയം കൃത്യമായി പറയുന്നുണ്ട്. ആ പുസ്തകത്തില്‍ നിന്നുള്ള ചില ഉദ്ധരണികള്‍ കാണുക:

മുഖം മൂടാതെ സ്ത്രീകളെ സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കുന്നത് ഇസ്ലാമിക നിമയത്തിനു വിരുദ്ധമാണ്. ഇസ്ലാമിക നിയമത്തിന്റെ ലക്ഷ്യം മനസ്സിലാക്കുന്നവര്‍ക്കും അല്‍പം സാമന്യബുദ്ധിയുള്ളവര്‍ക്കും ഇതു മനസ്സിലാകും. മുഖമാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു. മനുഷ്യന്റെ സ്വാഭാവികമായ സൗന്ദര്യത്തിന്റെ സൂചികയാണ് മുഖം. ഏറ്റവും ആകര്‍ഷകമായ ശരീര ഭാഗമാണ് അത്. മറ്റുള്ളവര്‍ക്ക് ഏറ്റവും കൂടുതല്‍ ലൈംഗിക ആകര്‍ഷണമുണ്ടാക്കുന്നതും മുഖമാണ്. ഇത് മനസ്സിലാക്കാന്‍ മനഃശാസ്ത്രം പഠിക്കേണ്ട ആവശ്യമൊന്നുമില്ല. ലൈംഗിക അരാജകത്വം തടയുകയല്ല ഇസ്ലാമിന്റെ ലക്ഷ്യമെങ്കില്‍ ആധുനിക പാശ്ചാത്യ സംസ്‌കാരത്തിലെന്ന പോലെ സ്ത്രീകള്‍ക്കു മുലയും കൈകളും തുടകളുമൊക്കെ തുറന്നിട്ടു നടക്കാന്‍ അനുവാദം കൊടുക്കേണ്ടതല്ലേ? അശ്ലീലം ഒഴിവാക്കാനാണ് നിയമം ഉദ്ദേശിക്കുന്നതെങ്കില്‍ ചെറുവഴികളൊക്കെ (മുലകളും തുടകളും കൈകളും) അടച്ചിട്ട് പ്രധാന കവാടം (മുഖം) തുറന്നിടുന്നത് അന്യായമാണ്. അനിവാര്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ മുഖാവരണം മാറ്റാന്‍ സ്ത്രീക്ക് അനുവാദമില്ല. അതു മുഖസൗന്ദര്യം വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാന്‍ പാടില്ല. അങ്ങിനെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാന്യയായ ഒരു സ്ത്രീ മുഖം തുറന്നിട്ടാല്‍ പുരുഷന്‍ കണ്ണുകള്‍ താഴ്ത്തണം. അവളെ തുറിച്ചു നോക്കരുത്.

(പര്‍ദ -ഇംഗ്ലീഷ് പരിഭാഷയില്‍ നിന്ന് -പേജ് പേജ് 129, 130).

പര്‍ദ ഒരിക്കലും സ്ത്രീയുടെ ചോയ്സ് അല്ലെന്നും അതിനകത്ത് സ്ത്രീയുടെ സ്വാതന്ത്ര്യമോ അവകാശമോ സംരക്ഷിക്കപ്പെടുന്നില്ലെന്നും ഇതില്‍ നിന്നു വ്യക്തമാണ്.

ക്രിസ്മസിന് 'പക്കാ നിവിൻ പോളി പടം' ലോഡിങ്; ചിരിയുണർത്തി 'സർവ്വം മായ' ടീസർ

രണ്ട് സന്ദര്‍ഭങ്ങളില്‍ അഷ്റഫ് ഉസ്താദ് ഭാര്യയെ അടിക്കാന്‍ കയ്യോങ്ങുന്നുണ്ട്. മതം അനുവദിക്കാത്തതു കൊണ്ടാണ് അത് ചെയ്യാത്തതെന്ന് അഷ്റഫ് ഉസ്താദ് സ്വയം സമാധാനിക്കുകയാണ്. ഉസ്താദ് ഖുര്‍ആന്‍ പഠിക്കാത്തതുകൊണ്ടോ സിനിമക്കു പിന്നിലെ രാഷ്ട്രീയമോ ആണ് സംഭാഷണം. ഖുര്‍ആനിലെ സ്ത്രീകള്‍ എന്ന അധ്യായത്തില്‍ പറയുന്നതു പോലെയാണെങ്കില്‍ അഷ്റഫ് ഉസ്താദിന് ഭാര്യയെ അടിക്കാന്‍ അധികാരമുണ്ട്. ഖുര്‍ആനിലെ സ്ത്രീകള്‍ എന്ന അധ്യായത്തില്‍ അക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഭാര്യമാര്‍ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോള്‍ നിങ്ങള്‍ അവരെ സദുപദേശം ചെയ്യുക, കിടപ്പറകളില്‍ പിരിഞ്ഞിരിക്കുക, അടിക്കുക. അങ്ങനെ അനുസരണമുള്ളവരായിത്തീര്‍ന്നാല്‍ പിന്നെ അവരെ ദ്രോഹിക്കാന്‍ ന്യായം തേടാവതല്ല (ഖുര്‍ആന്‍ 4:34). ഈ വചനത്തിന് അനേകം വ്യാഖ്യാനങ്ങളുണ്ടെങ്കിലും ഭര്‍ത്താവിന്റ അധികാരം, സ്ത്രീയുടെ അനുസരണക്കേട്, അടി എന്നീ മൂന്നു സംഗതികളെ ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവും നിഷേധിക്കുന്നില്ല.

പുരുഷാധിപത്യം ഇന്ത്യന്‍ സ്ത്രീകളുടെ എക്കാലത്തേയും ശാപം തന്നെ. അത് മുസ്ലിം സ്ത്രീയിലേക്ക് വരുമ്പോള്‍ അതിനു മതത്തിന്റെ അതികഠിനമായ ഒരു മേലങ്കിയുണ്ട്. ആ മേലങ്കിയില്‍ തൊടാതെയാണ് ഫാസില്‍ റഹ്‌മാന്‍ ഫെമിനിച്ചി ഫാത്തിമയില്‍ ഫെമിനിസം പറയാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് പുനരധിവാസ കേന്ദ്രത്തിന്റെ വാതില്‍ തകര്‍ത്ത് പുറത്തേക്ക് ഓടുന്ന കെ.ജി. ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ലിലെ അമ്മിണിയെപ്പോലെയോ അടുക്കളയില്‍ നിന്ന് ഇറങ്ങിപ്പോരുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനലെ ഭാര്യയെ പോലെയോ ഒരു വിമോചനം ഫാത്തിമക്ക് സാധ്യമാകാത്തത്. സ്ത്രീയുടെ തൊഴില്‍, സമ്പാദ്യം, സ്വാശ്രയത്വം തുടങ്ങി പുരുഷാധികാരത്തിനപ്പുറമുള്ള അവകാശങ്ങളെ മുന്നോട്ടു വയക്കുന്നതില്‍ സിനിമ രാഷ്ട്രീയമായി വിജയിക്കുന്നുണ്ട്.

പാഴായിപ്പോകുന്ന മനുഷ്യ വിഭവശേഷിയുടെ ഉത്തമ ഉദാഹരണമാണ് മദ്രസാധ്യാപകര്‍. രാവിലെ രണ്ട് മണിക്കൂറോ മറ്റോ വരുന്ന മദ്രസാ അധ്യാപനത്തിനു ശേഷം കിടന്നുറങ്ങുന്നവരാണ് മിക്കവാറും മദ്രസാധ്യാപകര്‍. പിന്നീട്, സന്ധ്യക്ക് ശേഷം രണ്ട് മണിക്കൂറാണ് ഇവരുടെ ജോലി. ഇക്കാലത്തും ഇത്തരക്കാരുണ്ടോ എന്നുറപ്പില്ല. എങ്കിലും അടുത്തകാലം മദ്രാസാധ്യാപകരുടെ മനുഷ്യധ്വാനം ഈ പ്രക്രിയയില്‍ ഒടുങ്ങുന്നു. ഫാന്‍ ഇടാന്‍ പോലും കയ്യുയര്‍ത്താന്‍ മടിയുള്ള, ചെരിപ്പെടുത്തു ഉമ്മറത്തു കൊണ്ടു വയ്ക്കാന്‍ മടിയുള്ള ഇവര്‍ ഭാര്യമാരെ ആശ്രയിക്കുന്നതില്‍ അല്ല പ്രശ്നം, സ്വന്തം അധ്വാന ശേഷിയെ തനിക്കു വേണ്ടി പോലും വിനിയോഗിക്കാതെ പാഴാക്കിക്കളയുന്ന ഇത്തരക്കാരെ കൃത്യമായി അവതരിപ്പിച്ചു എന്നതിലാണ്, അഷ്റഫ് ഉസ്താദ് എന്ന പാത്രസൃഷ്ടിയുടെ ക്രിയാത്മക വശം.

അതേസമയം, മുസ്ലിംകള്‍ (ഇക്കഥ മുസ്ലിം പശ്ചാത്തലത്തില്‍ പറയുന്നതു കൊണ്ടും കഥാനായകന്‍ മുസ്ലിം പുരുഷനായതുകൊണ്ടും) ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതു സന്താനോല്‍പാദനത്തിനു മാത്രമാണെന്ന ഒരു ധാരണ സിനിമയിലുണ്ട്. ഫാത്തിമയോടൊപ്പം കിടക്കാന്‍ വരുമ്പോള്‍, നാലാമതൊരു കുട്ടി എന്ന ആവശ്യമല്ലാതെ, തന്റെ ശരീരത്തിന്റെ ആവശ്യം അയാളെ അലട്ടുന്നില്ല. ഫെമിനിച്ചിയാകാനുള്ള ശ്രമത്തിനിടെ, സ്വന്തം ശരീരത്തെ ഫാത്തിമയും മറന്നു പോകുന്നുണ്ട്.

അഷ്റഫ് ഉസ്താദായി വരുന്ന കുമാര്‍ സുനിലും അയല്‍ക്കാരിയെ അവതരിപ്പിച്ച കഥാപാത്രവും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍, കേന്ദ്ര കഥാപാത്രമായ ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസയുടെ മുഖത്ത് എപ്പോഴും ഒരേ ഭാവമാണ്. നിത്യജീവിത ദുരിതം കൊണ്ട് കഥാപാത്രം അങ്ങനെയായിപ്പോയതാണെന്നു വ്യാഖ്യാനിക്കാമെങ്കിലും ഒരു അഭിനേത്രി എന്ന നിലയില്‍ പാളിപ്പോകുന്നുണ്ട്. പ്രിന്‍സ് ഫ്രാന്‍സിന്റെ ഛായാഗ്രഹണവും ഷിയാദ് കബീറിന്റെ സംഗീതവും ചിത്രപരിസരത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. സംവിധായകന്‍ തന്നെ നിര്‍വഹിച്ച എഡിറ്റിംഗും വളരെ ചെറിയ ഈ കഥാതന്തുവിനെ രസകരമായി മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in