അഭിമാനത്തോടെ കോഡ

അഭിമാനത്തോടെ കോഡ

തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ശ്രദ്ധേിക്കപ്പെട്ടിരുന്ന ഒരു പേരായിരുന്നു ട്രോയ് കോസ്റ്ററെന്നത്. മികച്ച സഹനടനുള്ള നോമിനേഷന്‍ ലഭിച്ച 'ഡെഫ് 'ആയിട്ടുള്ള ആദ്യത്തെ വ്യക്തി. കോഡ എന്ന ചിത്രത്തിനായിരുന്നു നോമിനേഷന്‍. ആദ്യമായിട്ടത്തരമൊരു വാര്‍ത്ത കേട്ടതിന് പിന്നാലെ അന്വേഷിച്ചിറങ്ങിയാല്‍ ഇതിന് മുന്‍പും അത്തരമൊരു നോമിനേഷനുണ്ടായിരുന്നു എന്ന് അറിയാം. 1987ല്‍ ചില്‍ഡറന്‍ ഓഫ് ലെസര്‍ ഗോഡ് എന്ന സിനിമയിലെ അഭിനയത്തിന് മാര്‍ലി മാട്ലിനായിരുന്നു നോമിനേഷന്‍. അന്ന് മാര്‍ലി മാട്‌ലിന്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത് പോലെ ഇന്ന് വീണ്ടും ട്രോയ് കോസ്റ്ററും മികച്ച സഹനടനുളള ഓസ്‌കര്‍ നേടിയിരിക്കുന്നു. എന്തുകൊണ്ടും കോഡ മുന്നോട്ട് വെയ്ക്കുന്ന പ്രമേയത്തിന് അര്‍ഹിക്കുന്ന നേട്ടം തന്നെയാണ് ഇത്.

കോഡ, (CODA) അഥവാ ചൈല്‍ഡ് ഓഫ് ഡെഫ് അഡല്‍റ്റ്. ഡെഫ് ആയിട്ടുള്ള രക്ഷിതാക്കളുടെ മക്കള്‍. കോഡ പറയുന്നത് അത്തരത്തിലൊരു ഫാമലിയുടെ കഥയാണ്. അച്ഛന്‍, അമ്മ, രണ്ട് മക്കള്‍ എന്നിങ്ങനെ നാലുപേരടങ്ങുന്ന ഒരു കുടുംബം. അതില്‍ ഏറ്റവും ഇളയ മകളൊഴികെ ബാക്കിയെല്ലാവരും ജന്മനാ കേള്‍വി ശക്തിയില്ലാത്തവരാണ്. ഇളയമകളായ റൂബി എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയിലൂടെയാണ് ചിത്രം കഥപറയുന്നത്.

റൂബിയുടെ നരേറ്റീവിലൂടെ അവരുടെ ഫാമിലിയെ വളരെ നോര്‍മലായി അവതരിപ്പിച്ച് പിന്നീട് ആ ഫാമിലിയുടെ പക്ഷത്ത് നിന്നുകൊണ്ട് അവര്‍ക്ക് ചുറ്റുമുള്ള ചെറിയ ലോകത്തെ പരിചയപ്പെടുത്തുകയാണ് കോഡ ചെയ്യുന്നത്.

റൂബിയുടെ കുടുംബത്തിന്റെ വരുമാനമാര്‍ഗം എന്നത് മത്സ്യബന്ധനമാണ്. ബോട്ടില്‍ അച്ഛനും സഹോദരനുമൊപ്പം റൂബിയാണ് പോകുന്നത്. അവള്‍ ബോട്ടില്‍ ജോലി ചെയ്യും, അതിന് ശേഷം മാര്‍ക്കറ്റില്‍ മറ്റ് കച്ചവടക്കാരോട് സംസാരിക്കും, സമൂഹവുമായിട്ട് എല്ലാ അര്‍ത്ഥത്തിലും ഫാമിലിയുടെ ട്രാന്‍സലേറ്റരാണ് റൂബി. എന്നാല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ലോകത്തിന് ചിലപ്പോഴൊക്കെ താങ്ങാന്‍ കഴിയാത്തതാണ് ആ ഉത്തരവാദിത്തങ്ങള്‍. സാധാരണക്കാരായ റൂബിയുടെയും ഫാമിലിയുടെയും സ്വപ്‌നങ്ങളെ ഏച്ചുകെട്ടലുകളോ അപരിചിതത്വമോ ഇല്ലാതെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുന്നുവെന്നതാണ് കോഡയുടെ വിജയം. ചെറു പുഞ്ചിരിയോടെയായിരിക്കും പ്രേക്ഷകര്‍ ചിത്രം മുഴുവന്‍ കണ്ടിരിക്കുക.

സ്‌കൂളില്‍ വെച്ച് ഒരിക്കല്‍ തനിക്ക് നന്നായി പാട്ട് പാടാന്‍ കഴിയുമെന്ന് തിരിച്ചറിയുന്ന റൂബി ഒരു മ്യൂസിക് സ്‌കൂളിലേക്ക് അഡ്മിഷന് വേണ്ടി ട്രൈ ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേള്‍വിശക്തിയില്ലാത്ത ഫാമിലിയ്ക്ക് മകളുടെ പാട്ട് എന്ത് മനസിലാകാനാണ് എന്നത് തന്നെയാണ് പടത്തിലെ കോണ്‍ഫ്ലിക്റ്റ്, പക്ഷേ ഇത് ഒട്ടും ഓവര്‍ ഡ്രമാറ്റിക് ആക്കാതെയാണ് അവതരിപ്പിക്കുന്നത്. ഒരു പോയിന്റിലും ഈ ഫാമിലിയെ സഹതപിക്കേണ്ടവരാണെന്ന രീതിയിലല്ല സിനിമ അവതരിപ്പിക്കുന്നത്.

കാറില്‍ വളരെ ശബ്ദത്തില്‍ പാട്ട് വെച്ചുകൊണ്ട് മകളുടെ സ്‌കൂളിന് മുന്നിലേക്ക് വരുന്ന ഫാമിലിയും, ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന വൈബ്രേഷന്‍സാണ് മ്യൂസിക് എന്നാണ് അവര്‍ മകളോട് പറയുന്നത്. അതുപോലെ തന്നെ റൂബിയുടെ മാതാപിതാക്കളായ ജാക്കിയും ഫ്രാങ്കും സെക്‌സ് ചെയ്യുന്ന ഒരു രംഗം സിനിമയിലുണ്ട്. അവരിരുവരും വളരെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ടാണ് സെക്‌സ് ചെയ്യുന്നത്. അതാ വീട്ടില്‍ അതാകെ കേള്‍ക്കേണ്ടി വരുന്നത് റൂബിക്ക് മാത്രമാണ്. ഏറ്റവും ഒടുവില്‍ റൂബിയുടെ പാട്ട് എല്ലാവരും ആസ്വദിക്കുമ്പോള്‍, ആ പ്രേക്ഷകരെ നോക്കി നില്‍ക്കാന്‍ മാത്രമാണ് ആ കുടുംബത്തിന് കഴിയുന്നത്.

എല്ലാ അര്‍ത്ഥത്തിലും ഒരു ഫാമിലി ഡ്രാമയാണ് ഷോണ്‍ ഹേഡര്‍ സംവിധാനം ചെയ്ത കോഡ. ഇതിലെ സിറ്റുവേഷന്‍സ് എല്ലാം ഊഹിച്ചെടുക്കാന്‍ കഴിയുന്നവയാണ്, ഒരുപക്ഷേ കാണുന്നയാള്‍ക്ക് ഇനിയെന്തായിരിക്കും അടുത്തതായി സംഭവിക്കുക എന്ന് ഊഹിച്ചെടുക്കാനും പറ്റിയേക്കും, പക്ഷേ അത് ആസ്വാദനത്തെ ബാധിക്കുന്നില്ല കാരണം, നമുക്ക് തൊട്ടടുത്ത് നടക്കുന്ന ഒരു കഥ എന്നൊരു ഫീലാണ് ചിത്രം പ്രേക്ഷകന് നല്‍കുന്നത്.

കേള്‍വിശക്തിയില്ലാത്ത ഫ്രാങ്കിന്റെ കുടുംബത്തെ അവര്‍ക്ക് ചുറ്റുമുള്ള സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. റൂബി സ്‌കൂളില്‍ വെച്ച് ചെറിയ കളിയാക്കലുകള്‍ നേരിടുന്നുണ്ടെങ്കിലും ഫ്രാങ്കും ജാക്കിയും പേടിച്ചിരുന്ന പോലെ റൂബി പോയാല്‍ അവര്‍ ഒറ്റപ്പെടും എന്ന തോന്നല്‍ യാഥാര്‍ത്ഥ്യമല്ലെന്ന് സിനിമ കാണിക്കുന്നുണ്ട്. ഫ്രാങ്ക് മറ്റുള്ള കച്ചവടക്കാര്‍ക്ക് വേണ്ടി അയാളുടെ ഭാഷയില്‍ ശബ്ദമുയര്‍ത്തുമ്പോള്‍, അവര്‍ അയാള്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ തയ്യാറാകുന്നുണ്ട്. പിന്നാലെ ജാക്കിയുടെയും ഭയം പതിയെ മാറി വരുന്നു.

യഥാര്‍ത്ഥ ജീവിതത്തിലും കേള്‍വി ശക്തിയില്ലാത്ത അഭിനേതാക്കള്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ട്രോയ് കോസ്റ്റര്‍ ഫ്രാങ്ക് ആകുമ്പോള്‍, മാര്‍ലിന്‍ മാട്‌ലിന്‍ ജാക്കിയായെത്തുന്നു. സഹോദരന്‍ ലിയോ ആയെത്തുന്നത് ഡാനിയല്‍ ഡുരെന്റാണ്. അതുകൊണ്ട് തന്നെ പെര്‍ഫോമന്‍സില്‍ എല്ലാവരുടെയും മികച്ച പ്രകടനം നമുക്ക് കാണാന്‍ കഴിയുകയും ചെയ്യും. പല ഡയലോഗ്സിലും സിറ്റുവേഷന്‍സിലും ഈ കഥാപാത്രങ്ങള്‍ ശരിക്കും 'റിയല്‍' തന്നെയാണ് എന്ന് പ്രേക്ഷകരെ ഫീല്‍ ചെയ്യിക്കാന്‍ ഈ കാസ്റ്റിങ്ങിന് കഴിഞ്ഞിട്ടുണ്ട്. എമിലിയ ജോണ്‍സാണ് ചിത്രത്തിലെ റൂബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2014ല്‍ പുറത്തിറങ്ങിയ ദ ബെല്ലര്‍ ഫാമിലി എന്ന ഫ്രഞ്ച് സിനിമയുടെ റീമേക്കാണ് കോഡ. മികച്ച ചിത്രം, അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ, മികച്ച സഹനടന്‍ എന്നിങ്ങനെ മൂന്ന് നോമിനേഷനുകളാണ് സിനിമയ്ക്കുണ്ടായിരുന്നത്. മൂന്ന് ഓസ്‌കറുകളും ചിത്രം നേടി. ആപ്പിള്‍ ടിവി പ്ലസാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in