ശരിക്കും ആരാണ് പ്രതി? ആരാണ് പൊലീസ് ? | Churuli Explained

ശരിക്കും ആരാണ് പ്രതി? ആരാണ് പൊലീസ് ? | Churuli Explained

ചുരുളിയിലെ ചുരുളഴിക്കാന്‍ തലങ്ങും വിലങ്ങും ഓടുകയാണ് ഓരോരുത്തരും. എല്ലാ ചര്‍ച്ചകളിലും ഒരു തവണയെങ്കിലും ചുരുളിയും, മാടനും, പെല്ലിശ്ശേരിയും ചര്‍ച്ചയാകുന്നുണ്ട്. എന്താണ് ചുരുളി? ചുരുളിക്കകത്ത് പെട്ടാല്‍ പുറത്ത് കടക്കാന്‍ കഴിയുമോ?

വിനോയ് തോമസിന്റെ കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയാണ് ചുരുളിക്ക് കാരണമായത്. എസ് ഹരീഷാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ സിനിമയുടെ പ്ലോട്ടും ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വെക്കുന്നുണ്ട്. ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന ആന്റണി എന്ന പോലീസ് ഓഫീസറും, വിനയ് ഫോര്‍ട്ടിന്റെ ഷാജീവനും കൂടി മൈലാടുംപറമ്പില്‍ ജോയ് എന്ന കുറ്റവാളിയെ പിടിക്കാന്‍ ചുരുളിയിലേക്ക് പോകുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.

സിനിമയുടെ റിലീസിന് ശേഷം ഏറ്റവും കൂടുതല്‍ തവണ ആളുകള്‍ പറഞ്ഞ കേട്ട വാക്ക് ഒരുപക്ഷെ 'ടൈം ലൂപ്പ്' എന്നതായിരിക്കും. പക്ഷെ ചുരുളി ഒരു ടൈം ലൂപ്പ് ആണോ? അതോ 'ടൈം സ്‌പൈറല്‍' ആണോ? ഒരേ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ഒരു സൈക്കിള്‍ പോലെ സംഭവിക്കുന്നു, അതിന്റെ ഭാഗമായിട്ടുള്ള ആളുകള്‍ ആരും മാറുന്നില്ല, ഇതിനെ ടൈം ലൂപ്പ് എന്ന് വിളിക്കാം. എന്നാല്‍ ടൈം സ്‌പൈറലിന്റെ കാര്യത്തില്‍ ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു കൂട്ടം മനുഷ്യരോ അറിഞ്ഞോ അറിയാതെയോ ഒരു ലൂപിന്റെ ഭാഗമാകുന്നു എന്നാല്‍ ഓരോ ലൂപ്പിലും അവര്‍ ചെയുന്ന പ്രവര്‍ത്തികളും മാറികൊണ്ട് ഇരിക്കുന്നു. ഇനിയൊന്ന് ആലോചിച്ചു നോക്ക്, ചുരുളി ഒരു ടൈം ലൂപ്പ് ആണോ?

സിനിമയുടെ ഇരുപതാം മിനുട്ടില്‍, ചുരുളിയിലേക്കുള്ള പാലം കടന്നു കഴിയുമ്പോള്‍ നാട്ടുകാരുടെ ട്രാന്‍സ്‌ഫേര്‍മേഷന്‍ കണ്ട് സ്തംഭിച്ചു നില്‍ക്കുന്ന ആന്റണിയും ഷാജീവനും ജീപ്പില്‍ കയറി പോകുന്ന ഒരു സ്റ്റാറ്റിക് ഷോട്ടുണ്ട്. ജീപ്പ് ഫ്രയ്മില്‍ നിന്ന് പോയി കഴിയുമ്പോ നമ്മുടെ ശ്രദ്ധ നേരെ പോകുന്നത് ആ വഴിയില്‍ നില്‍ക്കുന്ന ഒരു മരത്തിലേക്കാണ്, ചുരുളിയെ സൂചിപ്പിക്കും വിധം ഒരു ഡിസൈന്‍ ആ മരത്തില്‍ ഉള്ളതായി കാണാം. അവിടെ മാത്രമല്ല നമ്മള്‍ അത് കാണുന്നത്. കാട്ടിലൂടെ നടന്ന് പോകുമ്പോള്‍ അവിടെയുള്ള കല്ലുകളിലും, ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്ന ഷാജീവന്റെ മുന്നില്‍ കത്തിയെരിയുന്ന കൊതുകുതിരിയും ചുരുളിയുടെ രൂപത്തിലാണ്.

ചുരുളിയൊരു സാങ്കല്പിക ഗ്രാമമാണ്. ഒരു maze പോലെയാണ് ചുരുളിയുടെ ഘടന. തുടങ്ങി അവസാനിക്കുന്നത് വരെ ഒന്നും predictable ആയിരിക്കില്ല ചുരുളിയില്‍ ആദ്യമായി അകപ്പെടുന്ന ഒരാള്‍ക്ക്. ദുരൂഹതകള്‍ ഒരുപാട് നിറഞ്ഞ, സര്‍പ്രൈസുകള്‍ ഒരുപാടുള്ള ചുരുളിയിലേക്കാണ് മൈലാടുംപറമ്പില്‍ ജോയിയെ അന്വേഷിച്ച് ആന്റണിയും ഷാജീവനും എത്തുന്നത്. ചുരുളി പോലെ തന്നെ നിഗൂഢമാണ് അവിടെയുള്ള മനുഷ്യരും. ഒന്നില്‍ കൂടുതല്‍ പേരുകളുള്ള മനുഷ്യര്‍. കുറ്റവാളികളാണ് ചുരുളിയില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നത്. പലതരം കുറ്റകൃത്യങ്ങള്‍ ചെയ്ത് ചുരുളിയില്‍ വന്ന് താമസിക്കുന്നവര്‍. നിഗൂഢതകള്‍ ഒരുപാട് നിറഞ്ഞ ചുരുളിയും, അവിടെയുള്ള മനുഷ്യരും ഓരോ ചുവടിലും ആന്റണിയെ ഞെട്ടിക്കുന്നുണ്ട്. പക്ഷെ ഷാജീവന്‍ അത്രകണ്ട് ഞെട്ടുന്നുണ്ടോ?

ഷാജീവനെ ആ നാട്ടിലുള്ള പലരും ഇതിനു മുന്നേ കണ്ടിട്ടുണ്ട്. ആ നാട്ടുകാര്‍ പല സന്ദര്‍ഭങ്ങളിലും ഷാജീവനെ തിരിച്ചറിയുന്നുണ്ട്. അപ്പോള്‍ ഷാജീവന്‍ ഇതിനു മുന്നേ ഈ നാട്ടില്‍ വന്നിട്ടുണ്ടോ? എന്തുകൊണ്ട് ആന്റണിയെ ആരും തിരിച്ചറിയുന്നില്ല? സിനിമയുടെ തുടക്കത്തില്‍ ഒരു കഥ പറയുന്നുണ്ട്. പെരുമാടനെ അന്വേഷിച്ച് പോകുന്ന തിരുമേനിയുടെ കഥ. കാട്ടിലൂടെയാണ് തിരുമേനിയുടെ യാത്ര. തിരുമേനിക്ക് വഴിയറിയില്ലെങ്കിലും ആ കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം തിരുമേനിയെ അറിയാം എന്ന് പറയുന്നുണ്ട്. ഇതിലെ കാട് ചുരുളിയും, തിരുമേനിയെ അറിയുന്ന മൃഗങ്ങള്‍ അവിടെയുള്ള നാട്ടുകാരുമാണ്. തിരുമേനിക്ക് വഴിയില്‍ നിന്നും കിട്ടുന്ന പന്ത് പോലെയിരിക്കുന്ന മാടനാണ് ഷാജീവന്‍. പക്ഷെ മാടന്‍ ആണെന്ന് അറിയാതെയാണ് ഷാജീവനെ ആന്റണി കൊണ്ട് നടക്കുന്നത്. ഇവര്‍ അന്വേഷിച്ചു വരുന്ന മാടന്‍ മയിലാടുംപറമ്പില്‍ ജോയ് ആയിരിക്കെ, ജോയ് ചെയ്തു എന്ന് പറയുന്ന കുറ്റകൃത്യങ്ങള്‍ എല്ലാം ഷാജീവനും ചെയുന്നുണ്ട്. കാട്ടില്‍ വേട്ടയാടുന്നതും, ഒരു കൊലപാതകവും, പെങ്ങള്‍ തങ്കയുടെ വീട്ടിലെ ചെറുക്കനെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ക്രൈമും ജോയിയുമായി ഷാജീവനെ ലിങ്ക് ചെയുന്നുണ്ട്.

ഇനിയാണ് നമ്മള്‍ നേരത്തെ പറഞ്ഞ ടൈം സ്‌പൈറല്‍. ഇപ്പോള്‍ നടക്കുന്ന ലൂപില്‍ ഒരുപക്ഷെ ജോയ് സൗബിനായിരിക്കാം. എന്നാല്‍ ജോയ് ചെയ്ത കുറ്റങ്ങള്‍ എല്ലാം പോലീസുകാര്‍ claim ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം ചെയ്തതായി കാണിക്കുന്നില്ല. ജോയുടെമേല്‍ ആരോപിച്ച കുറ്റങ്ങള്‍ എല്ലാം ചെയ്യുന്നത് ഷാജീവനാണ്. ഒരുപക്ഷെ അടുത്ത ലൂപില്‍ ജോയ് ആകാന്‍ പോകുന്നത് ഷാജീവനായിരിക്കാം, അന്ന് ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ആയിരിക്കാം ഇപ്പോള്‍ ഷാജീവന്‍ ചെയുന്നത്. ജോയിയും ഷാജീവനും ക്ളൈമാക്സില്‍ സീറ്റുകള്‍ മാറിയിരിക്കുന്നത് ഇതിനെ ജസ്റ്റിഫൈ ചെയുന്നുണ്ട്.

സിനിമയിലെ ഏറ്റവും ഇന്റെരെസ്റ്റിംഗ് ആയി തോന്നിയ ഘടകം, ഇതിലെ ഏലിയന്‍ റെഫറന്‍സാണ്. സിനിമയുടെ തുടക്കത്തില്‍ ആന്റണിയും ഷാജീവനും പ്രാതല്‍ കഴിച്ചു കഴിഞ്ഞു ചുരുളിയിലേക്കുള്ള ജീപ്പ് കയറാന്‍ പോകുമ്പോള്‍ ആ ഹോട്ടലില്‍ ഇരിക്കുന്ന പുള്ളിക്കാരന്‍ 'എടാ ശശി ഇത് നോക്കിയെട എന്ന് പറഞ്ഞ്‌കൊണ്ട് രണ്ട് അമേരിക്കക്കാരെ അനുഗ്രഹജീവികള്‍ തട്ടികൊണ്ട് പോയ വാര്‍ത്ത പറയുന്നുണ്ട്. പിന്നീട് സിനിമയില്‍ രണ്ട് സീനുകളിലായ് അനുഗ്രജീവികളെന്നു തോന്നിക്കുന്ന രണ്ട് പേരെ കാണിക്കുന്നുണ്ട്. അവരെ കാണിക്കുന്ന ആദ്യ സീനില്‍ ഒരു തീഗോളം പോകുന്നതായി കാണിക്കുന്നു, അതിനു ശേഷമാണ് അവരെ രണ്ടുപേരെയും ആദ്യമായി കാണിക്കുന്നത്. ഒരുപക്ഷെ ഒരു ഏലിയന്‍ invasion നടന്ന ഗ്രാമമായിരിക്കാം ചുരുളി. പെങ്ങളുടെ വീട്ടില്‍ വെച്ച് പിരിയന്‍ ഗോവണിയിറങ്ങി വരുന്ന ചെമ്പന്‍ വിനോദിനെ കാണിക്കുന്നുണ്ട്, എന്നാല്‍ കൈലിയും ഷര്‍ട്ടുമല്ല വേഷം, നേരത്തെ പറഞ്ഞ ഏലിയന്‍സുമായി സാമ്യമുള്ള വേഷവും, മിന്നുന്ന കണ്ണുകളും ഉണ്ട്. തൊട്ടടുത്ത സീനില്‍ നടുവേദനയെല്ലാം മാറി ഉഷാറായി ചെമ്പന്‍ കാണിക്കുന്നുണ്ട്. ഒരുപക്ഷെ അവിടെ നടന്ന ക്രിയകളിലൂടെ ചെമ്പനെയും ചുരുളിയുടെ നിഗൂഢതയുടെ ഭാഗമാക്കിയതായിരിക്കാം. തങ്കയുടെ വീട്ടില്‍ നിന്നിറങ്ങുന്ന ആന്റണി പഴയതിനേക്കാള്‍ ഉഷാറാണെന്ന് പറയുന്നുണ്ട്. ആ മാറ്റം ചുരുളിയിലേക്കുള്ള അയാളുടെ കൂടുമാറ്റമാകും. പെങ്ങളുടെ വീടാകാം വച്ചുമാറലിന്റെ ഇടം. ക്ളൈമാക്സില്‍ അടുത്ത ടൈം സ്‌പൈറലിലേക്ക് എന്നവണ്ണം അവര്‍ മൂന്നു പേരും സഞ്ചരിച്ചിരുന്ന ജീപ്പ് ചന്ദ്രനിലേക്ക് ഉയരുന്നതും അവസാനം ഒറ്റ വെളിച്ചമാകുന്നതും, അതിലേക്ക് ഒരാള്‍ നടന്ന് പോകുന്നതായും കാണാം, അത് ആന്റണിയാകാനാണ് സാധ്യതകള്‍ ഏറെ.

കാരണം ആന്റണിയെ ഇതിനു മുന്നേ ആരും ചുരുളിയില്‍ കണ്ടിട്ടില്ല. പുറംലോകത്തെ ചുരുളിയുമായി കണക്ട് ചെയുന്നത് ഒരു ജീപ്പാണ്. ആ ജീപ്പിന്റെ രൂപ ഘടനയില്‍ എന്നോ വന്ന് നിന്നുപോയ പോലീസ് ജീപ്പിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആദ്യം രണ്ട് പോലീസുകാര്‍ ഇവിടെ വന്നിരുന്നു എന്നും അവന്മാര്‍ പിന്നെ ചുരുളി വിട്ട് പോയിട്ടില്ല എന്നും പറയുന്നിടത്ത്, ചുരുളിയില്‍ തന്നെ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്ന പെരുമാടന്‍ കഥ ചേര്‍ത്ത് ചിന്തിക്കണം. ആദ്യം വന്ന പോലീസുകാര്‍ ഉപയോഗിച്ച ജീപ്പ് ആയിരിക്കണം ചുരുളിയിലേക്കുള്ള യാത്രാപേടകമായി മാറുന്നത്. ആ പോലീസുകാര്‍ അന്വേഷിച്ചു വന്നത് ഒരു വാസു ചേട്ടനെ ആണെന്ന് പറയുന്നുണ്ട് പക്ഷെ ആ വാസു ചേട്ടനെ സിനിമയില്‍ എവിടെയും കാണിക്കുന്നില്ല. വാസുവിനെ ഒറ്റിയ നാട്ടിലെല്ലാവരും ഭയക്കുന്ന ആള്‍ക്കും ഈ ലൂപ്പില്‍ കൃത്യമായ കണക്ഷനുണ്ട. ഏതോ ലൂപ്പില്‍ വന്ന പൊലീസുകാരനോ ക്രിമിനലോ ആകാം അയാള്‍. പോലീസുകാരാരും തിരികെ പോയിട്ടില്ല അവര്‍ തിരഞ്ഞു വന്ന ക്രിമിനലുകളും. ആദ്യം ചുരുളിയില്‍ വന്ന പൊലീസുകാരനായിരിക്കാം ജോജു ചെയ്ത തങ്കന്‍, പിന്നീട് വന്നത് സൗബിനും, അതിനു ശേഷം വിനയ് ഫോര്‍ട്ടും, അവസാനം ആന്റണിയുമായിരിക്കാം.

ചുരുളി ഇങ്ങനെ കെട്ടിമൂടി കിടക്കുകയാണ്, ചുരുളഴിക്കാന്‍ ശ്രമിക്കുംതോറും ചുരുളിയുടെ വ്യാപ്തി കൂടികൊണ്ട് ഇരിക്കുന്നു. പുതിയ പുതിയ തിയറികള്‍ വരുന്നു. ചുരുളിയെ മനസ്സിലായില്ലെങ്കില്‍ ഇനിയും കാണുക, വീണ്ടും വീണ്ടും കാണുക

Related Stories

No stories found.
logo
The Cue
www.thecue.in