ആവാസവ്യൂഹത്തിൽ ഒരു ഉഭയജീവി /തം

ആവാസവ്യൂഹത്തിൽ ഒരു ഉഭയജീവി /തം

'What is normal for the spider is chaos for the fly.' '-Morticia Adams

ആവാസവ്യൂഹം എന്ന സിനിമ തുടങ്ങുന്നതിനു മുൻപായി നിങ്ങൾ കാണുന്ന താക്കോൽവാക്യമാണിത്.

സഹജമായിത്തന്നെ നമ്മുടെ ആവാസവ്യവസ്ഥയിൽ നിലനിന്നു പോരുന്ന അടിസ്ഥാനവൈരുദ്ധ്യമാണ് വസ്തുത. മനുഷ്യനെന്ന ഒരേ സ്പീഷീസിൽപ്പെട്ടവർക്കിടയിലും ഇതേ വൈരുദ്ധ്യം രൂക്ഷമായി നിലനിൽക്കുന്നു.

സിനിമ എല്ലായ്പ്പോഴും നിങ്ങളെ ആനന്ദിപ്പിക്കാനോ രസിപ്പിക്കാനോ കരയിപ്പിക്കാനോ ഉള്ള മാധ്യമമല്ല. ദൃശ്യം കൊണ്ടും ശബ്ദം കൊണ്ടും ശിൽപ്പം കൊണ്ടും ചിന്ത കൊണ്ടും ജീവിതസമീപനം കൊണ്ടും നിങ്ങളെ ചാലഞ്ച് ചെയ്യുകയെന്നതും സിനിമയുടെ ലക്ഷ്യമാണ്. അഥവാ അതിൻ്റെ സാധ്യതയാണ്.

ഒരുപക്ഷേ, ഈ അവസാന വിഭാഗത്തിൽപ്പെടുന്ന ഐറ്റമാണ് ആവാസവ്യൂഹം. മലയാളത്തിലെ മികച്ച സിനിമയായി സർക്കാർ ജൂറി ഈ വർഷം തെരഞ്ഞെടുത്ത പടം ഫെസ്റ്റിവൽ സർക്യൂട്ടിലൊക്കെ കറങ്ങി നിരൂപകമതം നേടിയാണ് ഇപ്പോൾ ഒടിടിയിലെത്തിയത്. എന്നിട്ടും, സിനിമയെ ഗൗരവമായി കാണുന്ന ചിലർക്കു പടം ഇഷ്ടമായിട്ടില്ല. അപൂർവം ചിലർ കടുത്ത വാക്കുകളിലൂടെ വിമർശിക്കുന്നതും കാണാനിടയായി. ഈ സന്ദർഭത്തിൽ സിനിമ ഒന്നുകൂടി കാണുകയുണ്ടായി.

ഒരുവേള, ഏറ്റവും ലളിതമായ വാക്കുകളിലൂടെയും വിഷ്വലുകളിലൂടെയുമാണ് സിനിമ സംസാരിക്കുന്നത്. 2015-ൽ തുടങ്ങി 2023-ൽ അവസാനിക്കുന്ന ഒരു ടൈംലൈൻ ആണ് കാലം. സ്ഥലമാകട്ടെ എല്ലാവർക്കും സുപരിചിതമായ കൊച്ചിയിലെ പുതുവൈപ്പും.

മനുഷ്യൻ കൂടി ഉൾപ്പെട്ട ആവാസവ്യൂഹമാണ് സിനിമയുടെ ഉള്ളടക്കം. മനുഷ്യനല്ല പ്രകൃതിയാണ് അതിൻ്റെ കേന്ദ്രം. പൊതുവിൽ ദേശത്തു നടക്കുന്ന സംഭവവികാസങ്ങളെല്ലാം അതിൽ കടന്നുവരുന്നു. തൊഴിൽനഷ്ടം, കടൽവിഭവങ്ങളുടെ അമിത ചൂഷണം, സ്പീഷീസുകളുടെ ദേശാന്തരഗമനം, സൈബർ സ്പെയ്സ്, മണി ചെയിൻ, പെണ്ണിൻ്റെ അവസ്ഥ, പ്രണയം, രതി, വയലൻസ്, കൊലപാതകം എല്ലാം കടന്നുവരുന്നുണ്ട്.

ജോയി എന്ന കഥാപുരുഷനും ഇതിലൊക്കെ പങ്കെടുക്കുന്നു. അയാൾ കരുത്തനും മിതഭാഷിയുമാണ്. സ്വന്തമായി ദുരൂഹതയുടെ ഒരു പരിവേഷമുണ്ട്. ജലവുമായും ജലജീവികളുമായും അന്യാദൃശമായ ആത്മബന്ധമുണ്ട്. അയാൾ വിളിച്ചാൽ അവർ വിളിപ്പുറത്തു വരുന്നുണ്ട്. ഓരോ മനുഷ്യനും അയാളെപ്പറ്റി പല കഥകൾ മെനയുന്നുണ്ട്. എന്നാൽ, ഒരു പേരിനപ്പുറം വരത്തനായ അയാൾ ആരെന്നോ എന്തെന്നോ ആർക്കുമറിയില്ല.

തുടക്കത്തിൽ, പശ്ചിമഘട്ടത്തിലെ വനത്തിൽ ഒരിനം തവളയെ തിരയുന്ന ഗവേഷകസംഘത്തെ നമ്മൾ കാണുന്നുണ്ട്. ജോയിയും അവർക്കൊപ്പമുണ്ട്. പിന്നീട്, ലിസ്സി എന്ന യുവതി സ്വന്തം ജീവിതകഥ പറയുന്നു. കുറുക്കൻ സജീവനെന്ന തരകനുമായുള്ള കല്യാണാലോചനയും അതുണ്ടാക്കുന്ന അലമ്പും ജോയിയുമായുള്ള അവളുടെ പ്രണയവും സജീവൻ്റെ കൊലയിലാണ് അവസാനിക്കുന്നത്. കൃത്യം ചെയ്യുന്നത് ജോയിയാണ്.

പിന്നീട്, കൊച്ചു രാഘവനും സജീവൻ്റെ അനുജൻ മുരളിയും സുശീലൻ വാവയുമൊക്കെ ജീവിതം പറയുന്നുണ്ട്. പല രീതിയിൽ ജോയിയുമായി കെട്ടുപിണയുന്ന അവരുടെ കഥകൾ. ഇടപെടുന്ന എല്ലാവരും തങ്ങൾക്കു കഴിയുന്നതുപോലെ അയാളെ ചൂഷണം ചെയ്യുകയും അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. സന്ദിഗ്ദ്ധഘട്ടങ്ങളിലൊക്കെയും ഒരു ഉഭയജീവിയുടെ അശരണമായ ആത്മാവ് ആയാളുടെ ഉള്ളിലിരുന്നു സ്പന്ദിക്കുന്നത് നമുക്കു കാണാം.

സ്വാഭാവികമായും ഒരു കേസിൽ കുടുങ്ങി ജോയി അകത്താകുന്നുണ്ടെങ്കിലും ചില ഗൂഢാലോചനകളുടെ ഭാഗമായി പിന്നീട് സ്‌റ്റേഷനിൽ നിന്നു പുറത്താക്കപ്പെടുന്നു. പിന്നീട്, മുരളിയുടെ തോക്കിനിരയായി അയാൾ വീഴുന്നുണ്ടെങ്കിലും ബോഡി ആ സ്പോട്ടിൽ നിന്ന് കാണാതാവുകയാണ്.

അങ്ങനെയിരിക്കെ മറ്റൊരിടത്ത് ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ മധുസ്മിതയെന്ന വിധവ തൻ്റെ വീടിനുള്ളിൽ ഒരപൂർവജീവിയെക്കണ്ട് പേടിച്ചു നിലവിളിക്കുന്നു. നാടു മുഴുവൻ അവിടേക്ക് ഓടിയെത്തുന്നു. മീഡിയയും പോലീസുമെത്തുന്നു. മനുഷ്യനും തവളയും ചേർന്ന ആ അത്ഭുതജീവിയെ കണ്ടെത്തുന്നു. നടപ്പുവ്യവസ്ഥയുടെ അലമ്പുകൾ വീണ്ടും ആവർത്തിക്കുന്നു. ഒടുവിൽ തീർത്തും അനാഥമായ ആ ഉഭയജീവിതം ഒരിക്കൽക്കൂടി മനുഷ്യൻ്റെ തോക്കിനിരയാകുന്നു.

സിനിമയുടെ ടോട്ടൽ വീക്ഷണത്തെ നിയതമായ ഒരു ചട്ടക്കൂടിലൊതുക്കാതെ വിശാലമാക്കി നിലനിർത്തിയതാണ് ആവാസവ്യൂഹത്തെ ഒരു മികച്ച കലാസൃഷ്ടിയാക്കി മാറ്റുന്നതെന്നു തോന്നുന്നു. പൊതുവിലുള്ള ലുക്ക് കണ്ട് പരിസ്ഥിതിയാണ് സിനിമയുടെ പ്ലോട്ടെന്ന് തോന്നാമെങ്കിലും ഒന്നുകൂടി ഉറക്കെ ചിന്തിച്ചാൽ സിനിമയിൽ അന്തർലീനമല്ലാത്ത പ്ലോട്ടുകൾ വളരെ കുറവാണെന്നു കാണാം. മനുഷ്യനും പ്രകൃതിയുമുൾപ്പെട്ട എല്ലാ പ്ലോട്ടുകളും സിനിമയിൽ അടങ്ങിയിരിക്കുന്നു. സഹജമായ ധാർമ്മികത നഷ്ടപ്പെട്ട ഒരു മനുഷ്യസമൂഹത്തിൻ്റെ പതനം സിനിമയിൽ കാണാം.

മേക്കിംഗിൽ പല പുതുമകളുണ്ട്. ഘടനയിലും ശിൽപ്പത്തിലും ആഖ്യാനത്തിലും വ്യതിരിക്തതയുണ്ട്. സിനിമയ്ക്കിണങ്ങുന്ന സവിശേഷമായ ഈ ശിൽപ്പം കണ്ടെത്തുന്നതിൽ നല്ല ഗൃഹപാഠം ചെയ്തിട്ടുണ്ടെന്നു വ്യക്തം. ഡോക്കുമെൻ്ററിയും ഫിക്ഷനും കൂടിക്കുഴയുന്നുണ്ട്. ഇടയ്ക്ക് മോക്കുമെൻ്ററിയായി മാറുന്നുണ്ട്. സിനിമ ഏതു ജോണറിൽ പെടുത്താമെന്ന സംശയവും ന്യായമാണ്. പല ജോണറുകളും സമ്മേളിക്കുന്ന ഘടനയും ശിൽപ്പവുമാണ് സംവിധായകൻ പരീക്ഷിച്ചിട്ടുള്ളത്. ഒരുവേള, ജോണർ എന്ന സങ്കൽപ്പത്തെത്തന്നെ സിനിമ അപനിർമ്മിക്കുന്നുണ്ട് എന്നു പറയാം.

റിയാലിറ്റി അതിരൂക്ഷമാകുന്ന സന്ദർഭങ്ങളിലൊക്കെയും അതിനെ മറികടക്കാൻ ഫാൻ്റസിയുടെയും സറ്റയറിൻ്റെയും സഹായമാണ് ഫിലിംമേക്കർ തേടുന്നത്. തന്നെയുമല്ല, ഭാവുകത്വം അനുവദിക്കുന്നതു പോലെ അതിനെ വ്യാഖ്യാനിക്കാനുള്ള വാതിലുകൾ പ്രേക്ഷകനു മുന്നിൽ തുറന്നിട്ടിട്ടുമുണ്ട്. ക്ലൈമാക്സിലെ ദുരൂഹത അഴിയ്ക്കുന്ന വെല്ലുവിളിയും ചിന്താശക്തിയുള്ള പ്രേക്ഷകനെ ഏൽപ്പിച്ചിരിക്കുന്നു.

അന്തിമമായി, സിനിമയിലൂടെ യഥാർത്ഥത്തിൽ എന്താണ് ഫിലിം മേക്കർ പറയാനുദ്ദേശിക്കുന്നത്? പല വായനകൾക്ക് സ്പെയ്സ് ഉള്ളപ്പോഴും ഒരു കാര്യം ഏറെക്കുറെ വ്യക്തമാണ്. പ്രകൃതികേന്ദ്രീകൃതമായ ആവാസവ്യൂഹം മനുഷ്യനെന്ന ഒരു സ്പീഷീസിൻ്റെ വിനാശകരമായ ഇടപെടലുകൾ മൂലം ഇന്ന് തകർച്ചയുടെ വക്കിലാണ്. പല സ്പീഷീസുകൾക്കും വംശനാശം സംഭവിച്ചുകഴിഞ്ഞു. സ്വന്തം ആവാസവ്യവസ്ഥ സർവതലങ്ങളിലും മനുഷ്യൻ തന്നെ തകർക്കുന്ന സീനാണ് സിനിമയിലുടനീളം കാണാൻ കഴിയുന്നത്.

ജലബദ്ധമായ ഒരു ഉഭയജീവിതം ഉള്ളിൽ കൊണ്ടുനടക്കുന്ന ജോയി എന്ന സവിശേഷമനുഷ്യൻ തൻ്റെ നിലനിൽപ്പിനു നേരെ ശക്തമായ ഭീഷണികളുയരുമ്പോൾ സഹജമായ തൻ്റെ പൂർവജീവിതത്തിലേക്ക് പൂർണ്ണമായും മടങ്ങുന്നതാണ് ഒരുവേള, ക്ലൈമാക്സിൽ നാം കാണുന്നത്.

ആവാസവ്യൂഹം നൂറു ശതമാനവും ഒരു സംവിധായകൻ്റെ സിനിമയാണ്. തികച്ചും നവ്യമായ ഈ കലാസൃഷ്ടിയുടെ പേരിൽ കൃഷാന്തിനും ടീമിനും തികച്ചും അഭിമാനിക്കാൻ വകുപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in