ആടുജീവിതം, ബ്ലെസിയുടെ വിഷ്വൽ പോയട്രി

ആടുജീവിതം, ബ്ലെസിയുടെ വിഷ്വൽ പോയട്രി

ബ്ലെസി എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമാണ് 'ആടുജീവിതം'. വിഷ്വൽ സ്റ്റോറി ടെല്ലിം​ഗിൽ മലയാളത്തെ പുതിയൊരുയരത്തിലെത്തിക്കുന്ന സിനിമ. മനസും ശരീരവും വരണ്ട് വിണ്ടുകീറിപ്പോയ നജീബ് വെള്ളത്തിലേക്ക് മുഖം പൂഴ്ത്തിയ ഓപ്പണിം​ഗ് ഷോട്ടിൽ നിന്ന് അതേ ഷോട്ടിലേക്ക് അവസാനിക്കുന്ന ഇടവേളയിലെത്തുമ്പോൾ ആടുജീവിതത്തിന് ആധാരമായ യഥാർത്ഥ ജീവിതത്തിനും, ആടുജീവിതം എന്ന ബെന്യാമിന്റെ നോവലിനും പുറത്ത് സ്വതന്ത്രാഖ്യാനമെന്ന സാധ്യതയിൽ ​ഗം​ഭീരമായൊരു വിഷ്വൽ പോയട്രി തീർക്കുകയാണ് ബ്ലെസി. നാട്ടിലെ കഥ പറച്ചിലിനേക്കാൾ നജീബിന്റെ മരുഭൂമിയിലെ അതിജീവനം കടന്നുവരുന്ന രം​ഗങ്ങളിലാണ് വിഷ്വൽ ഡിസൈനിൽ ഏറ്റവും ​ഗംഭീരമെന്ന് തോന്നുന്ന സീനുകൾ. മരുഭൂമിയിലേക്ക് പടർന്നിറങ്ങി നിറംകെട്ട കുടിവെള്ളത്തിൽ നിന്ന് പമ്പയാറിലെ ജലസമൃദ്ധിയിലേക്കും, നജീബ്-സൈനു പ്രണയം വിശദീകരിക്കുന്ന ​ഗാനരം​ഗത്തിൽ നിന്ന് മണൽമണ്ണിലേക്കും തിരിച്ചെത്തുന്ന ട്രാൻസിഷനിലും- ദൃശ്യാഖ്യാനത്തിൽ തന്നിലെ ഫിലിംമേക്കറെ തന്നെ പൊളിച്ചുപണിയുന്ന ബ്ലെസിയെ കാണാം. തന്മ‍ാത്രയും കാഴ്ചയും ഭ്രമരവുമെല്ലാം പെർഫോർമൻസ് ഡ്രിവൻ ഡ്രാമാ സ്വഭാവത്തിലാണ് ബ്ലെസി ക്രിയേറ്റ് ചെയ്തിരുന്നത്. ആടുജീവിതത്തിലെത്തുമ്പോൾ ആ പതിവ് മാറി വിഷ്വൽ കൊറിയോ​ഗ്രഫിയിലേക്ക് പെർഫോർമൻസുകളെ ലയിപ്പിച്ച് കൊണ്ടുപോകുന്ന ഫിലിം മേക്കറിനെ കാണാനാകുന്നു.

നജീബും സംഘവും നടത്തുന്ന ഡെസർട്ട് ക്രോസിം​ഗ്, നജീബിന്റെ താടി നീണ്ട് വരണ്ട രൂപത്തിലേക്കുള്ള മാറ്റം കാണിക്കുന്ന സീൻ, വേച്ച് വേച്ച് പുറംലോകത്തേക്ക് ഓടുന്ന നിഴൽ പോലൊരു നജീബ്, നജീബ് വസ്ത്രം മാറുമ്പോൾ കാണുന്ന മൃതപ്രായാവസ്ഥ, ആടുക‍ൾക്കിടയിൽ നിന്ന് മുഖമുയർത്തി പ്രേക്ഷകരെ തന്നെ നോക്കുന്ന നജീബ് സൂര്യതാപത്തെ അതിജീവിക്കാൻ മൂവർ സംഘം നടത്തുന്ന യാതനകൾ, ഖാദിരിയും നജീബും തമ്മിലുള്ള സീനുകൾ ഉൾക്കൊള്ളുന്ന പെരിയോനെ മൊമന്റ്, നജീബ് മാത്രമാകുന്ന അവസാനത്തെ ക്രോസിം​ഗ് ഇവിടെല്ലാം ഡിജിറ്റൽ ഫിലിംമേക്കിം​ഗിന് ശേഷം കൂടുതൽ പേർ പ്രയോജപ്പെടുത്തുന്ന ഈസി ഓപ്ഷനുകളെയും, സാങ്കേതിക സൗകര്യങ്ങളെയും വേണ്ടെന്ന് വച്ച് സിനിമ ചെയ്യാൻ പുറപ്പെട്ടൊരു ഫിലിം മേക്കറെ, പൂർണതക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സാഹസികതകളെ അടുത്തറിയാനാകുന്നുണ്ട്.

മരുഭൂമി പോലൊരു ഇടം മനുഷ്യന് മുന്നിൽ എന്തെല്ലാം പ്രതികൂലതകൾ സൃഷ്ടിക്കുമെന്നതിന് വിഷ്വൽ ഡിസൈനിലൂടെ തന്നെ വിശദീകരിക്കുന്നതിലും സൈനുവിനെ വിളിക്കുമ്പോൾ ഫോണിലെ മറുതലക്കൽ ചേർത്തുവരുന്ന കുഞ്ഞിന്റെ ശബ്ദത്തിലുമെല്ലാം ബ്ലെസിയെന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ ബ്രില്യൻസുണ്ട്.

പൃഥ്വിരാജിലെ നടനോട് ഇഷ്ടമുണ്ടാക്കിയ ചിത്രങ്ങൾ 'അയാളും ഞാനും തമ്മിൽ,' മുംബൈ പൊലീസ്, കൂടെ എന്നിവയാണ്. ആടുജീവിതത്തിലെത്തുമ്പോൾ വേച്ചുവീഴാറായ ശരീരത്തിൽ, പൊട്ടിയർന്ന,തകർന്നുപോയ കാലുകളിൽ, എല്ലുകളാൽ താങ്ങി നിർത്തിയ ശരീരത്തിൽ, മരുഭൂമി പോലെ വരണ്ടടർന്ന മുഖപേശികളിൽ പൃഥ്വിയെന്ന നടൻ, പെർഫോർമർ എന്ന നിലക്ക് നടത്തുന്ന അതി​ഗംഭീരവും അവിശ്വസനീയവുമായ പ്രകടനം കാണാനായി. ശരീരമേത് വസ്ത്രമേതെന്ന് തിരിച്ചറിയാതിരുന്നിടത്ത് നിന്ന് ഉടുപ്പെല്ലാമൂരി തല തണുപ്പിക്കുന്ന സീനിൽ പൃഥ്വിരാജിലെ അഭിനേതാവിനായി കയ്യടിക്കേണ്ട പടവുമാകുന്നുണ്ട് ആടുജീവിതം, സിനിമയുള്ള കാലത്തോളം പരാമർശിക്കപ്പെടും പൃഥ്വീ നിങ്ങൾ ഈ സിനിമയ്ക്ക് വേണ്ടി നടത്തിയ സമർപ്പണവും ഈ സിനിമയിലെ പ്രകടനവും.

കെ.എസ് സുനിൽ എന്ന ​ഗംഭീര സിനിമാട്ടോ​ഗ്രാഫറുടേത് കൂടിയാണ് ആടുജീവിതം. പ്രത്യേകിച്ചും ഡസർട്ട് ക്രോസിം​ഗ് സീനുകളിൽ. റിലീസിന് മുമ്പ് 'പെരിയോനെ' എന്ന ട്രാക്കായിരുന്നു ഏ.ആർ റഹ്മാൻ എങ്കിൽ സിനിമയുടെ രണ്ടാം പകുതിയിൽ ഡെസർട്ട് ക്രോസിം​ഗിലും മൂസാ നബി പോലൊരാളായെത്തുന്ന ഖാദിരിക്കൊപ്പമുള്ള സീനുകളിലും, നജീബിന‍്റെ മരണവെപ്രാളങ്ങളിലുമെല്ലാം ബാക്ക് ​ഗ്രൗണ്ട് സ്കോറിം​ഗിനാൽ ആ മനുഷ്യന്റെ നരകയാതനകളെ ഉള്ളാലെ പിന്തുടരുന്ന റഹ്മാനെ കാണാനായി. മരൂഭൂമിയെ, മണൽക്കാറ്റിനെ,അപായച്ചുഴികളെ, മസറയെസൗണ്ട് ഡിസൈനിൽ ​സൂക്ഷ്മതയോടെ അവതരിപ്പിച്ച റസൂൽ പൂക്കുട്ടിയും, പ്രൊഡക്ഷൻ ഡിസൈനിൽ പ്രശാന്ത് മാധവും,രഞ്ജിത് അമ്പാടിയും സ്റ്റെഫി സേവ്യറും, ഹക്കീം എന്ന കഥാപാത്രമായെത്തി കെ ആർ ​ഗോകുലും സർപ്രൈസ് ആയി മാറുന്ന ഖാദിരിയും അതിശയിപ്പിച്ചവരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in