സിനിമകളിൽ ശാരീരിക അടുപ്പം കാണിക്കുന്നതിന് സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ലെന്ന് സംവിധായിക സോയ അക്തർ. മനുഷ്യർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഇന്റിമസി ഓൺ സ്ക്രീനിൽ കാണിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നും വളർന്നു വരുന്ന തലമുറ തീർച്ചയായും അത് കണ്ടിരിക്കേണ്ടതാണെന്നും സോയ അക്തർ പറഞ്ഞു. സിന്ദഗി നാ മിലേഗി ദോബാരാ, ലസ്റ്റ് സ്റ്റോറീസ്, തലാഷ്, ഗള്ളി ബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായികയാണ് സോയ അക്തർ. താൻ വളർന്നു വന്ന കാലഘട്ടത്തിൽ ഓൺ സ്ക്രീനിൽ സ്ത്രീകളെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നതാണ് കണ്ടിട്ടുള്ളത് എന്നും അത് അനുവദിച്ചു കൊടുക്കുന്നവർക്ക് ഓൺ സ്ക്രീനിലെ ഒരു ചുംബന രംഗം എന്തുകൊണ്ടാണ് ഉൾക്കൊള്ളാൻ സാധിക്കാത്തത് എന്നും സോയ അക്തർ ചോദിച്ചു. വ്യാഴാഴ്ച മുംബൈയിൽ നടന്ന എക്സ്പ്രസ്സോയുടെ ഏറ്റവും പുതിയ സെക്ഷനിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ പിതാവ് ജാവേദ് അക്തറിനൊപ്പമുള്ള സംഭാഷണത്തിലാണ് സോയ അക്തർ സെൻസർഷിപ്പിനെക്കുറിച്ച് സംസാരിച്ചത്.
സോയ അക്തർ പറഞ്ഞത്:
ഫിസിക്കൽ ഇന്റിമസി കാണിക്കുന്നതിലുള്ള സെൻസർഷിപ്പ് ഇപ്പോഴും സിനിമകളിലുണ്ട്. തീർച്ചയായും അത് എടുത്തു മാറ്റേണ്ടതാണ്, മാത്രമല്ല മുമ്പുണ്ടായിരുന്നതിൽ നിന്ന് കുറച്ചു കൂടി സ്വാതന്ത്യം ഇപ്പോൾ ഈ കാര്യത്തിലുണ്ട്. സ്ക്രീനിൽ പരസ്പര സമ്മതത്തോടെയുള്ള ഇന്റിമസി കാണിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഞാൻ വളർന്നു വന്ന സമയത്ത് ഞാൻ കണ്ടിട്ടുള്ളത് മുഴുവൻ സ്‌ക്രീനിൽ സ്ത്രീകളെ പീഡിപ്പിക്കുകയും മർദിക്കുകയും ഉപദ്രവിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നതാണ്. ആ സമയത്ത് എന്തൊക്കെയോ കാരണത്താൽ അതെല്ലാം അനുവദിക്കപ്പെട്ടിരുന്നു. നിങ്ങൾക്ക് സ്ത്രീകളെ ഉപദ്രവിക്കുന്നതും ചീത്ത പറയുന്നതും അവരെ ലൈംഗികമായി ആക്രമിക്കുന്നതും അടിക്കുന്നതുമെല്ലാം സ്ക്രീനിൽ കാണാൻ അനുവദിക്കാം. പക്ഷേ ഓൺ സ്ക്രീനിൽ ഒരു ചുംബന രംഗം കാണാൻ സാധിക്കില്ല. രണ്ട് മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരിക അടുപ്പം തുടങ്ങിയവ വളർന്നു വരുന്ന തലമുറ പ്രധാനമായും കാണേണ്ടതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.