തെന്നിന്ത്യന്‍ സിനിമയെ കളിയാക്കിയ നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ ഇന്ന് ആ ചിത്രങ്ങള്‍ ആഘോഷിക്കുന്നു : യഷ്

തെന്നിന്ത്യന്‍ സിനിമയെ കളിയാക്കിയ നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ ഇന്ന് ആ ചിത്രങ്ങള്‍ ആഘോഷിക്കുന്നു : യഷ്

സൗത്ത് ഇന്ത്യന്‍ സിനിമ ഇന്ന് നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ ആഘോഷിക്കുകയാണെന്ന് നടന്‍ യഷ്. എന്നാല്‍ സൗത്ത് ഇന്ത്യന്‍ സിനിമകളെ അവര്‍ കളിയാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എസ്.എസ് രാജമൗലിയുടെ ബാഹുബലിക്ക് ശേഷമാണ് അത് മാറിയതെന്നും യഷ് അഭിപ്രായപ്പെട്ടു. ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

യഷ് പറഞ്ഞത് :

പത്ത് വര്‍ഷം മുന്‍പ് ഡബ്ബ് ചെയ്ത സിനിമകള്‍ നോര്‍ത്ത് ഇന്ത്യയില്‍ വളരെ ജനപ്രീതി നേടാന്‍ തുടങ്ങി. പക്ഷെ, തുടക്കത്തില്‍ ഈ സിനിമകളെ വ്യത്യസ്ത അഭിപ്രായങ്ങളോടെയാണ് നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ കണ്ടിരുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകളെ അവര്‍ കളിയാക്കിയിരുന്നു. എന്ത് ആക്ഷനാണിത്, എല്ലാം പറക്കുന്നു എന്നൊക്കെ പറഞ്ഞു. അങ്ങനെയാണിത് തുടങ്ങിയത്. എന്നാല്‍ പിന്നീട് അവര്‍ അതില്‍ കുടുങ്ങി. ഒടുവില്‍ തെന്നിന്ത്യന്‍ സിനിമകളെ അവര്‍ മനസിലാക്കാന്‍ തുടങ്ങി. ഞങ്ങളുടെ സിനിമകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുകയും നിലവാരം കുറഞ്ഞ ഡബ്ബിങ് ചെയ്യുകയും തമാശ നിറഞ്ഞ പേരുകളാല്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു എന്നതാണ് ഇതിന് പിന്നിലെ കാരണം.

പിന്നീട് ഞങ്ങളുടെ ഡബ്ബ് ചെയ്ത സിനിമകള്‍ ആളുകള്‍ക്ക് പരിചിതമാകാന്‍ തുടങ്ങി. അതിനായി ഏറെ നാളായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അതിന് കാരണമായത് എസ് എസ് രാജമൗലി സാറാണ്. നിങ്ങള്‍ക്ക് ഒരു പാറ പൊട്ടിക്കേണ്ടി വന്നാല്‍ അതിന് നിരന്തരമായ പരിശ്രമം ആവശ്യമാണ്. 'ബാഹുബലി' അത് ചെയ്തു. കെജിഎഫ് മറ്റൊരു ഉദ്ദേശത്തോടെയാണ് നിര്‍മിച്ചത്. അത് ഭയപ്പെടുത്താനല്ല, മറിച്ച് പ്രചോദനമാവുക എന്നതായിരുന്നു ഉദ്ദേശം. ആളുകള്‍ നിലവില്‍ സൗത്ത് ഇന്ത്യന്‍ സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

യഷ് നായകനായ കെജിഎഫ് ചാപ്റ്റര്‍ 2 ആണ് 2022 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ഇന്ത്യന്‍ സിനിമ. 1207 കോടിയായിരുന്നു ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍. എസ് എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ ആണ് രണ്ടാമത്. ആഗോള തലത്തില്‍ 1200 കോടിയാണ് ആര്‍ആര്‍ആര്‍ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in