'തെറിയല്ല, ചുരുളി മോഷ്ടിച്ച് കാണുന്നവരെയാണ് നിയന്ത്രിക്കേണ്ടത്'; വിനോയ് തോമസ്

'തെറിയല്ല, ചുരുളി മോഷ്ടിച്ച് കാണുന്നവരെയാണ് നിയന്ത്രിക്കേണ്ടത്'; വിനോയ് തോമസ്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സിനിമയുടെ കഥയ്ക്കും, മികവിനും പകരം സിനിമയിലെ കഥാപാത്രങ്ങള്‍ തെറി സംഭാഷണമാക്കിയതാണ് ചര്‍ച്ചാ വിഷയം. എന്നാല്‍ ചര്‍ച്ച ചെയ്യേണ്ടത് തെറിയല്ല മറിച്ച് ചുരുളി മോഷ്ടിച്ച് കാണുന്ന ക്രൈമിനെ കുറിച്ചാണെന്ന് കഥാകൃത്ത് വിനോയ് തോമസ് ദ ക്യുവിനോട് പറഞ്ഞു. വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്.

സിനിമയില്‍ തെറി വേണ്ടോ വേണ്ടയോ എന്ന തീരുമാനിക്കുന്നത് സംവിധായകനാണ്. സിനിമയുടെ സാധ്യതയും പരിസരവും എവിടെ പ്രദര്‍ശിപ്പിക്കണമെന്നും നോക്കിയാണ് സിനിമയില്‍ തെറി ഉപയോഗിക്കുന്നത്. സിനിമയില്‍ നിയമത്തിന് വിരുദ്ധമായി തെറിയും മറ്റും ഉള്‍പ്പെടുത്തിയാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും വിനോയ് തോമസ് വ്യക്തമാക്കി.

വിനോയ് തോമസ് പറഞ്ഞത്:

'സിനിമയില്‍ തെറി ഉപയോഗിക്കുന്നത് പ്രശ്‌നമാണോ എന്നത് ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നാണ് എന്റെ അഭിപ്രായം. സിനിമയില്‍ തെറി വേണ്ടോ വേണ്ടയോ എന്ന തീരുമാനിക്കുന്നത് സിനിമ എടുക്കുന്ന വ്യക്തിയാണ്. സിനിമയുടെ സാധ്യതയെന്താണ് അതിന്റെ സമയം എന്താണ് അതിന്റെ പരിസരമെന്താണന്നും സിനിമ എവിടെ പ്രദര്‍ശിപ്പിക്കണം എന്നൊക്കെ നോക്കിയാണ് സിനിമയില്‍ തെറി ഉപയോഗിക്കുന്നത്. പിന്നെ ഇതിനെല്ലാം ഇന്ത്യയില്‍ കൃത്യമായ നിയമങ്ങളുണ്ട്. അത് അനുസരിച്ച് മാത്രമെ സിനിമയെടുക്കാന്‍ സാധിക്കു. അപ്പോള്‍ ഇഷ്ടമുണ്ടെങ്കില്‍ തെറി വെക്കാം, അല്ലാതെ തെറി വെച്ച് സെന്‍സര്‍ ചെയ്ത് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യാം. അതിന് അപ്പുറത്തേക്ക് ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയമായി എനിക്ക് തോന്നുന്നില്ല.

സംസാരിക്കേണ്ടത് ഇതേ കുറിച്ചല്ല. കോടികള്‍ മുടക്കിയാണ് സോണി ലിവ്വ് ഈ സിനിമ വാങ്ങിച്ചത്. അവരുടെ സിനിമ ടെലഗ്രാം വഴി കട്ടെടുത്ത് അതെല്ലാം കട്ട് ചെയ്ത സമൂഹമാധ്യമത്തിലൂടെ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നതല്ലെ ശരിക്കും ക്രൈം. ഇവിടെ നമ്മള്‍ സദാചാരത്തെ കുറിച്ചൊന്നുമല്ല ചര്‍ച്ച ചെയ്യേണ്ടത്. മലയാളി സമൂഹം വലിയൊരു ക്രൈം ചെയ്തുകൊണ്ടിരിക്കുകയാണ്. ചുരുളി എന്ന് പറയുന്നത് ഒരാളുടെ കോടികള്‍ മുതല്‍ മുടക്കുള്ള ഒരു പ്രോപെര്‍ട്ടിയാണ്. അതിനെ ടെലഗ്രാം ഉപയോഗിച്ച് കട്ടെടുക്കുകയാണ്. അതിന് ശേഷം അവനവന്റെ ദുരുദ്ദേശത്തിന് വേണ്ടി പല രീതിയില്‍ മുറിച്ചും പറച്ചും പ്രചരിപ്പിക്കുന്നു.

സോണി ലിവ്വ് എന്നത് നമ്മുടെ പേഴ്‌സണല്‍ മെയില്‍ പോലൊരു അക്കൗണ്ടാണ്. ആ അക്കൗണ്ടിലൂടെ എന്ത് കാണണം എന്ത് കാണേണ്ട എന്ന് നമുക്ക് നിശ്ചയിക്കാം. ആ ബോധമില്ലാത്തവര്‍ ഒടിടിയില്‍ അക്കൗണ്ട് എടുക്കരുത്. ഇപ്പോള്‍ തെറിയെ കുറിച്ച് പ്രശ്‌നമുണ്ടാക്കുന്നത് സിനിമ ടെലഗ്രാം വഴി ഡൗണ്‍ലോഡ് ചെയ്ത കുടുംബസമേതം ഇരുന്ന് കണ്ടവരാണ്. അങ്ങനെ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സിനിമ ആസ്വാദകരാണോ? അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഈ മോഷണവും ക്രിമിനലിസവുമാണ്. അല്ലാതെ തെറിയെന്നത് ഒരു വിഷയമേ അല്ല. അത് സിനിമയില്‍ വേണോ വേണ്ടയോ എന്നത് സംവിധായകന്റെ തീരുമാനമാണ്. സിനിമയില്‍ നിയമത്തിന് വിരുദ്ധമായി തെറിയും മറ്റും ഉള്‍പ്പെടുത്തിയാല്‍ ജയിലില്‍ കിടക്കേണ്ടി വരും.'

'തെറിയല്ല, ചുരുളി മോഷ്ടിച്ച് കാണുന്നവരെയാണ് നിയന്ത്രിക്കേണ്ടത്'; വിനോയ് തോമസ്
തെറിയെന്ന് അധിക്ഷേപിക്കുന്നത് വിവരക്കേട്, ചുരുളിയെ 'തെറിപ്പട'മാക്കുന്നവരോട്

Related Stories

No stories found.
logo
The Cue
www.thecue.in