എന്തുകൊണ്ട് ഷുക്കൂറിനെ നജീബ് എന്ന് വിളിക്കുന്നു? വിമർശനങ്ങൾക്ക് മറുപടിയുമായി ബെന്യാമിൻ

എന്തുകൊണ്ട് ഷുക്കൂറിനെ നജീബ് എന്ന് വിളിക്കുന്നു? വിമർശനങ്ങൾക്ക് മറുപടിയുമായി ബെന്യാമിൻ

നജീബിനെ എന്തുകൊണ്ട് ഷുക്കൂർ എന്ന് വിളിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിലെ പേരാണ് നജീബ് എന്നും അതുകൊണ്ട് തന്നെ അയാളെ ഇത്രയും കാലം നജീബ് എന്ന് വിളിച്ചതിൽ യാതൊരു വിധത്തിലുമുള്ള നീതികേടുകളില്ലെന്നുമാണ് ബെന്യാമിൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ സിനിമയ്ക്കാധാരമായ സംഭവത്തിലെ യഥാർത്ഥ വ്യക്തിയായ ഷുക്കൂറിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ ചർ‌ച്ചകൾ സജീവമാണ്. നോവലിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം തേടിക്കൊണ്ട് അദ്ദേഹത്തെ ആരും ബുദ്ധിമുട്ടിക്കരുതെന്നും ആടുജീവിതത്തിലെ നായകൻ ഷുക്കൂർ അല്ല നജീബാണെന്നും കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുത്തുകാരൻ ബെന്യാമിൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ എന്ത് കൊണ്ട് കഥാപാത്രത്തിന്റെ പേര് ചൊല്ലി ഷുക്കൂറിനെ അഭിസംബോധന ചെയ്യുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ബെന്യാമിന്റെ പോസ്റ്റ്:

ഷുക്കൂർ - നജീബ്.

എന്തുകൊണ്ട് എത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്.

ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെ നടൻ പൃഥ്വിരാജാണ് അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തിയ ചിത്രം തിയറ്ററുകളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. സിനിമയുടെ വിജയത്തിന് പിന്നാലെ യഥാർത്ഥ നജീബിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനെതുടർന്നാണ് കഥയിൽ മുപ്പത് ശതമാനം മാത്രമേ ഷുക്കൂർ ഉള്ളു എന്നും ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് തന്റെ നോവലാണ് എന്നും ബെന്യാമിൻ പറഞ്ഞത്. ആടുജീവിതം എന്ന നോവൽ ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിന് വിശദീകരണങ്ങൾ ഉണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക എന്നുമാണ് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിൽ ബെന്യാമിൻ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in