'ജവാനെക്കുറിച്ച് വിജയ് സാറുമായി ചർച്ച ചെയ്തിരുന്നു' ; വിജയ്‌യെയും ഷാരൂഖ് ഖാനെയും ഒരുമിപ്പിച്ചൊരു സിനിമ പദ്ധതിയിൽ ഉണ്ടെന്ന് ആറ്റ്ലീ

'ജവാനെക്കുറിച്ച് വിജയ് സാറുമായി ചർച്ച ചെയ്തിരുന്നു' ; വിജയ്‌യെയും ഷാരൂഖ് ഖാനെയും ഒരുമിപ്പിച്ചൊരു സിനിമ പദ്ധതിയിൽ ഉണ്ടെന്ന് ആറ്റ്ലീ

തുടക്കം മുതലേ ജവാൻ ഷാരൂഖ് ഖാൻ സാറിന് മാത്രമായി നിർമിച്ച സിനിമയാണ് പക്ഷെ സിനിമയുടെ ഒന്നാം ദിവസം മുതൽ സീനുകളെ കുറിച്ചും ഷെഡ്യൂളുകളെക്കുറിച്ചും വിജയ് സാറുമായി ചർച്ച ചെയ്തിരുന്നെവെന്ന് സംവിധായകൻ ആറ്റ്ലീ. അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണ് ഉറപ്പായും വിജയ് സാറുമായി വീണ്ടും ഒരു സിനിമ ഉണ്ടാകുമെന്നും ആറ്റ്ലീ പറഞ്ഞു. അദ്ദേഹത്തിൻറെ സിനിമകളെക്കുറിച്ച് തന്നോടും തന്റെ പ്ലാനുകളെക്കുറിച്ച് അദ്ദേഹത്തോടും പറയാറുണ്ട്. താൻ ഇതുവരെ ചെയ്തത് അഞ്ച് സിനിമകളാണ് അതിൽ മൂന്നും വിജയ് സാറുമായിട്ടായിരുന്നു. സമയമാകുമ്പോൾ അദ്ദേഹവുമായി വീണ്ടും ഒന്നിക്കുമെന്നും പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ ആറ്റ്ലീ പറഞ്ഞു.

തന്റെ കരിയറിലെ വലിയ മാറ്റം ഉണ്ടാക്കിയത് ഷാരൂഖ് സാറും വിജയ് സാറുമാണ്. ഇവരെ രണ്ടു പേരെയും വച്ചൊരു സിനിമ താൻ ഉറപ്പായും ചെയ്യും. എന്നെങ്കിലുമൊരു ദിവസം ഇവർക്ക് രണ്ടു പേർക്കുമുള്ളൊരു കഥ താൻ കണ്ടെത്തുമെന്നും ആറ്റ്ലീ കൂട്ടിച്ചേർത്തു. ഷാരൂഖ് ഖാനെ നായകനാക്കി പുറത്തിറങ്ങിയ ജവാനാണ് ആറ്റ്ലീയുടെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങിയ ചിത്രം ഒൻപത് ദിവസം കൊണ്ട് 735 കോടിയോളം ബോക്സ് ഓഫീസിൽ നിന്ന് നേടി. ചിത്രം നിർമിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ്.

കേരളത്തിൽ ആദ്യ ദിവസം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രം എന്ന റെക്കോർഡും ജവാന്റെ പേരിലാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെടുത്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in