എന്തിനാണ് ഓളവും തീരവും വീണ്ടും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നത്?, പ്രിയദര്‍ശനോട് മധു

എന്തിനാണ് ഓളവും തീരവും വീണ്ടും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നത്?, പ്രിയദര്‍ശനോട് മധു

പ്രിയദര്‍ശനെപ്പോലെ അസാമാന്യ പ്രതിഭയായ ഒരു സംവിധായകന്‍ എന്തിനാണ് ഓളവും തീരവും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് നടന്‍ മധു. 1970 ല്‍ തന്നെ നായകനാക്കി എം ടി യുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഓളവും തീരവും എന്ന ചിത്രം വീണ്ടും ഒരുക്കുന്നതില്‍ സന്തോഷം തോന്നുന്നു. എന്നാല്‍, അമ്പതുവര്‍ഷങ്ങള്‍ക്ക് ഇപ്പുറം പ്രേക്ഷകര്‍ക്ക് പുതുമ ഫീല്‍ ചെയ്യിപ്പിക്കാനായി കളറില്‍ തന്നെ സിനിമ എടുക്കണമായിരുന്നുവെന്നും നടന്‍ മധു. മാതൃഭൂമി പത്രത്തില്‍ ഭാനുപ്രകാശ് നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.

1970ല്‍ താന്‍ ചെയ്ത ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചു കാണുന്നതില്‍ ആഹ്ലാദം തോന്നുന്നുവെന്നും, സെറ്റില്‍ പോകാന്‍ ലാല്‍ ക്ഷണിച്ചിരുന്നെങ്കിലും പോകാനായില്ലെന്നും മധു. മധുസാറിന്റെ ഗംഭീര കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു എം ടിയുടെ ഓളവും തീരവും എന്ന ചിത്രത്തിലെ ബാപ്പുട്ടി. അമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ പുനര്‍ജനിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനായിരുന്നു മധുവിന്റെ മറുപടി.

മധുവിന്റെ മറുപടി

വലിയ സന്തോഷമുള്ള കാര്യമാണത്. ഏത് ലെവലിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിവുള്ള മോഹന്‍ലാല്‍ ബാപ്പുട്ടിയായി വരുന്നു എന്നതിലും ആഹ്ലാദമുണ്ട്. സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുന്‍പ് ലാല്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ചിത്രീകരണസ്ഥലത്ത് വരണമെന്നൊക്ക പറഞ്ഞെങ്കിലും എനിക്ക് പോവാന്‍ സാധിച്ചില്ല. പ്രിയദര്‍ശനെപ്പോലെ അസാമാന്യ പ്രതിഭയുള്ള ഒരു സംവിധായകന്‍ എന്തിനാണ് ഓളവുംതീരവും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നതെന്ന് മനസിലാവുന്നില്ല. പി.എന്‍. മേനോന്റെ സംവിധാനത്തില്‍ ഞാനഭിനയിക്കുന്ന കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളേയുള്ളൂ. പക്ഷേ, അന്നത്തെ പ്രകൃതിയും മനുഷ്യരുമൊന്നും കറുപ്പിലും വെളുപ്പിലുമുള്ളവരായിരുന്നില്ല. ഓളവും തീരവും പോലൊരു ചിത്രം റീടേക്ക് ചെയ്യുമ്പോള്‍ കളറില്‍ത്തന്നെ എടുക്കണമായിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമകാണുന്ന പ്രേക്ഷകന് ഒരുമാറ്റം ഫീല്‍ ചെയ്യേണ്ടതായിരുന്നു.

1970 ല്‍ എം ടി യുടെ കഥയെ ആധാരമാക്കി പി എന്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ഓളവും തീരവും. എം.ടി തന്നെയായിരുന്നു തിരക്കഥ. 1970 ലെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു ഓളവും തീരവും. മികച്ച ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രഹണം (മങ്കട രവിവര്‍മ്മ), തിരക്കഥ (എം ടി വാസുദേവന്‍ നായര്‍), മികച്ച രണ്ടാമത്തെ നടി (ഫിലോമിന) എന്നീ വിഭാഗങ്ങളില്‍ കേരളം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും സിനിമയ്ക്കു ലഭിച്ചിരുന്നു. ഒരു ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി എം.ടിയുടെ പത്ത് കഥകളെ ആധാരമാക്കി തയ്യാറാക്കുന്ന ആന്തോളജിയിലാണ് പ്രിയന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള ഓളവും തീരവും വരുന്നത്. ബിജു മേനോനെ നായകനാക്കി ശിലാലിഖിതം എന്ന ചിത്രവും ഈ ആന്തോളജിക്കായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നുണ്ട്.

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രകുറിപ്പ്, ശ്യാമപ്രസാദ് ചിത്രം, മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ചിത്രം എന്നിവയാണ് ആന്തോളജിയിലെ മറ്റ് സിനിമകള്‍. ഓളവും തീരവും പുറത്തിറങ്ങി അമ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുതിയ പതിപ്പ് എത്തുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ദുര്‍ഗ കൃഷ്ണ, മാമുക്കോയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in