ഓപ്പൺഹൈമറിൽ ഹിരോഷിമയും-നാ​ഗസാക്കിയും എന്തുകൊണ്ടില്ല ? പ്രതികരിച്ച് ക്രിസ്റ്റഫർ നോളൻ

ഓപ്പൺഹൈമറിൽ ഹിരോഷിമയും-നാ​ഗസാക്കിയും എന്തുകൊണ്ടില്ല ? പ്രതികരിച്ച് ക്രിസ്റ്റഫർ നോളൻ

ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബെർട്ട് ഓപ്പൻഹൈമറുടെ മാൻഹട്ടൻ പ്രോജെക്ടിനെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓപ്പൺഹൈമർ. ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ബയോപിക്കായി മാറിയ ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ നേടിയത് ഒരു ബില്ല്യണിലധികം ഡോളറാണ്. എന്നാൽ അതേ സമയം ചില ക്രിയാത്മകമായ തീരുമാനങ്ങളുടെ പേരിൽ ഓപ്പൺഹൈമർ പലയിടങ്ങളിൽ നിന്നായി വിമർശനം നേരിട്ടിരുന്നു. ചിത്രം ജപ്പാനിലെ ഹിരോഷിമയുടെയും നാഗസാക്കിയുടെയും നാശത്തിലേക്ക് നയിച്ച അണുബോംബിന്റെ സ്ഫോടനങ്ങളെയോ അവയുടെ അനന്തരഫലങ്ങളെയോ ചിത്രീകരിച്ചില്ല എന്നതായിരുന്നു വിമർശനം. ചിത്രത്തിൽ സ്ഫോടനം നായകന്റെ വീക്ഷണകോണിൽ ഒതുങ്ങിനിൽക്കുന്ന തരത്തിലായിരുന്നു അവതരണം. ഓപ്പൺഹൈമർ ഒരു മഹത്തായ സിനിമയാണെന്ന് പറഞ്ഞ ഓസ്കാർ ജേതാവായ സ്പൈക്ക് ലീ ജാപ്പനീസ് ജനതയ്ക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് കുറച്ച് മിനിറ്റ് കൂടി നോളൻ ചിത്രത്തിൽ ഉൾപ്പെടുത്തണമായിരുന്നുവെന്ന് മുമ്പ് വാഷിം​ഗ് ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ അത് തന്റെ മനഃപൂർവ്വമായ തീരുമാനമായിരുന്നു എന്ന് വെറെെറ്റിക്ക് നൽകിയ അഭിമുഖത്തിൽ നോളൻ പ്രതികരിച്ചു.

മനഃപൂർവ്വമാണ് ഹിരോഷിമയും നാ​ഗസാക്കിയും ഒഴിവാക്കിയതെന്ന് നോളൻ പറയുന്നു. ഹിരോഷിമയിലും നാ​ഗസാക്കിയിലും ബോംബ് വർഷിക്കപ്പെടുമ്പോൾ ഓപ്പൺഹൈമർ ലോകത്തിന്റെ പകുതി അകലെയായിരുന്നു. സിനിമ ഓപ്പൺഹൈമറിന്റെ അനുഭവത്തെ ആത്മനിഷ്ഠമായി അവതരിപ്പിക്കുകയാണ്. അതിൽ ഉറച്ച് നിൽക്കുക എന്നത് തന്റെ തീരുമാനമായിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങൾ അണുബോംബ് വർഷിച്ചതിനെക്കുറിച്ച് അറിഞ്ഞ അതേ സമയത്ത് തന്നെയാണ് ഓപ്പൺഹൈമറും അതിനെക്കുറിച്ച് അറിയുന്നത്. തന്റെ പ്രവർത്തിയുടെ ഭാ​ഗമായി സംഭവിച്ച അപ്രതീക്ഷിതമായ അനന്തരഫലങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നേടാൻ തുടങ്ങുന്ന ഒരാളെ കാണിക്കാനാണ് താൻ ആഗ്രഹിച്ചത്. അത് അത്രത്തോളം കാണിക്കാത്തത്, കാണിക്കുന്നത് പോലെയായിരുന്നുവെന്നും ​നോളൻ പറയുന്നു.

എന്റെ ഗവേഷണവും ഈ കഥയുമായുള്ള എന്റെ ഇടപഴകലും എന്നോട് പറയുന്നത്, ആരെങ്കിലും വളരെ ലളിതമായ ഒരു ഉത്തരം അവകാശപ്പെട്ടാൽ അവർ ഒരുപാട് വസ്തുതകൾ നിഷേധിക്കുന്നവരാണ് എന്നാണ്. തീർച്ചയായും അത് സംഭവിച്ചില്ലെങ്കിൽ ലോകത്തിന് ഏറെ മെച്ചമായിരിക്കുമെന്ന് വ്യക്തമാണ്. എന്നാൽ ബോംബിംങ്ങിനോടുള്ള മനോഭാവം ചോദ്യത്തിന് ഉത്തരം നൽകുന്ന വ്യക്തിയുടെ സാഹചര്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. തനിക്കും താൻ ചെയ്ത സിനിമയ്ക്കും പരിഹാരം നൽകുന്നതിനേക്കാൾ ചർച്ചകൾ ഉണർത്തുന്നതിലാണ് താൽപ്പര്യമെന്നും നോളൻ പറഞ്ഞു. അതിനെക്കുറിച്ചുള്ള എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള സത്യസന്ധമായ ശ്രമമാണ് സിനിമ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജപ്പാനിൽ രണ്ട് ന്യു ക്ലിയാർ ബോംബുകൾ വർഷിച്ച് അവർ എന്താണ് ചെയ്തതെന്ന് സിനിമയുടെ അവസാനം കാണിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നുവെന്നായിരുന്നു സ്പൈക്ക് ലീ മുമ്പ് പറഞ്ഞത്. നോളൻ ഒരു മാസ്സീവ് ഫിലിം മേക്കറാണ്. ഇതൊരു ക്രിട്ടിസിസം അല്ല ഒരു കമ്മന്റ് ആണ്. ഈ ചിത്രം മൂന്ന് മണിക്കൂർ ദെെർഘ്യമേറിയതാണ്. കുറച്ച് മിനിറ്റുകൾ കൂടി ജാപ്പനീസ് ജനതയ്ക്ക് എന്ത് സംഭവിച്ചിരുന്നു എന്ന് കാണിക്കണം എന്ന് ‍ഞാൻ ആ​ഗ്രഹിക്കുന്നു. ആളുകൾ നീരാവിയായിപ്പോയി. വർഷങ്ങൾക്ക് ശേഷവും ആളുകൾ റേഡിയോ ആക്ടീവ് ആണ്. അദ്ദേഹത്തിന് അതിന് അധികാരമില്ലാതെയല്ല, അദ്ദേഹമാണ് സ്റ്റുഡിയോകളോട് എന്ത് ചെയ്യണം എന്ന് പറയുന്നതെന്നും സ്പൈക്ക് ലീ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in