ആദ്യ ദിന ബോക്‌സ് ഓഫിസിൽ ആര് മുന്നിൽ ? ആവേശം, വർഷങ്ങൾക്ക് ശേഷം, ജയ് ​ഗണേഷ് ഓപ്പണിങ് കളക്ഷൻ

ആദ്യ ദിന ബോക്‌സ് ഓഫിസിൽ ആര് മുന്നിൽ ? ആവേശം, വർഷങ്ങൾക്ക് ശേഷം, ജയ് ​ഗണേഷ് ഓപ്പണിങ് കളക്ഷൻ

കേരള ബോക്സ് ഓഫീസിൽ ആദ്യ ദിനം മികച്ച കളക്ഷൻ സ്വന്തമാക്കി വിഷു ചിത്രങ്ങളായ ആവേശവും, വർഷങ്ങൾക്ക് ശേഷവും ജയ് ​ഗണേഷും. ജിത്തു മാധവൻ ഒരുക്കിയ ഫഹദ് ഫാസില്‍ ചിത്രം ആവേശം തന്നെയാണ് കലക്‌ഷനിൽ മുൻപിലെന്നാണ് ലഭ്യമാവുന്ന റിപ്പോർട്ട്. കണക്കുകൾ പ്രകാരം ഫഹദ് ഫാസിൽ ചിത്രം ആവേശം ആദ്യ ദിനം 3.50 കോടി നേടിയപ്പോൾ വർഷങ്ങൾക്ക് ശേഷം 3 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു സിനിമകളും ആഗോള ബോക്സ് ഓഫീസിൽ നിന്നും 10 കോടിക്ക് മുകളിൽ വാരിക്കൂട്ടിയെന്ന് ഫിലിം ട്രാക്കേഴ്സ്. 10.1 കോടി വേൾഡ് വൈഡ് കളക്ഷൻ സ്വന്തമാക്കിയ ആവേശം ഇന്ത്യയിൽ നിന്ന് 4.25 കോടിയാണ് നേടിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷവും 10 കോടി കളക്ഷൻ സ്വന്തമാക്കിയെന്നും അനൗദ്യോ​ഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേ സമയം രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ ജയ് ​ഗണേഷ് റിലീസിനെത്തി രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ 1.5 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നേടിയത് എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ വിശ​​ദീകരിക്കുന്നത്. ചിത്രം ​ഗൾഫ് രാജ്യങ്ങളിലും വിദേശത്തും ഏപ്രിൽ 18 ന് റിലീസിനെത്തും.

രണ്ട് സിനിമകൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയുടെ തിരിച്ചുവരവിന്റെ പേരിലും ധ്യാൻ ശ്രീനിവാസന്റെ പ്രകടനത്തിനും കൈയ്യടി നേടുന്നു. സിനിമക്ക് പിന്നാലെ ട്രെൻഡിം​ഗ് ഹാഷ് ടാ​ഗുമാണ് നിവിൻ പോളി. ചിത്രത്തിൽ എക്സ്റ്റൻഡ് കാമിയോ റോളിലാണ് നിവിൻ പോളി. ഓവർ ദ ടോപ് സ്വഭാവത്തിലുള്ള കഥാപാത്രമായെത്തിയ നിവിൻ പോളിക്ക് തിയറ്ററിൽ ലഭിക്കുന്ന കയ്യടിയുടെ വീഡിയോകളും സോഷ്യൽ മീഡിയയിലുണ്ട്. വിനീതിന്റെ തന്നെ മുൻ ചിത്രമായ ഹൃദയം നേടിയ ആദ്യ ദിന കളക്ഷൻ ആയ 2.72 കോടിയെയാണ് വർഷങ്ങൾക്ക് ശേഷം മറികടന്നിരിക്കുന്നത്.

ഈ രണ്ടു സിനിമകൾക്കും തൊട്ടു പിന്നാലെ ആടുജീവിതവും മികച്ച കളക്ഷനുമായി തിയറ്ററിലുണ്ട്. രണ്ട് കോടി കലക്‌ഷനാണ് ചിത്രം ഇന്നലെ നേടിയത്. റംസാൻ കഴിഞ്ഞതോടെ ആടുജീവിതത്തിന്റെ കളക്ഷനിലും വർദ്ധനവുണ്ട്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതിനോടകം 130 കോടിയോളം നേടിക്കഴിഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in