'നായിക നായകൻ എന്ന വേർതിരിവന്റെ ആവശ്യമില്ല, സിനിമയിൽ ആവശ്യമുള്ള കഥാപാത്രങ്ങൾ മാത്രം മതി'; മഞ്ജു വാര്യർ

'നായിക നായകൻ എന്ന വേർതിരിവന്റെ ആവശ്യമില്ല, സിനിമയിൽ ആവശ്യമുള്ള കഥാപാത്രങ്ങൾ മാത്രം മതി'; മഞ്ജു വാര്യർ
Published on

സിനിമയിൽ ആവശ്യമുള്ള കഥപാത്രങ്ങൾ മതി എന്ന് നടി മഞ്ജു വാര്യർ. ഇപ്പോൾ വരുന്ന സിനിമകളിൽ നായികമാരുടെ സാന്നിധ്യം കുറവാണല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഞ്ജു വാര്യർ. നായകൻ നായിക എന്ന തരത്തിൽ ജൻഡറിന്റെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുത്തി പറയുന്നത് തന്നെ കാലഹരണപ്പെട്ട ഒരു കാര്യമാണ് എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും സിനിമ ആകർഷകമാണെങ്കിൽ പ്രേക്ഷകർ അതിനെ സ്വീകരിക്കുമെന്നും മഞ്ജുവാര്യർ പറഞ്ഞു. സിനിമയും പ്രേക്ഷകരും വളർന്നുകൊണ്ടിരിക്കുകയാണ് എന്നും ഇതൊക്കെ പണ്ടേ സംസാരിച്ച് കഴിയേണ്ട വിഷയങ്ങൾ ആണ് എന്നും മഞ്ജു വാര്യർ ഇന്ത്യൻ സിനിമ ​ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മഞ്ജു വാര്യർ പറഞ്ഞത്:

സിനിമയിൽ ആവശ്യമുള്ള കഥാപാത്രങ്ങൾ മതി. എന്നെ സംബന്ധിച്ച് സിനിമയിൽ നായകൻ നായിക എന്ന തരത്തിൽ ജൻഡറിന്റെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുത്തി പറയുന്നത് തന്നെ കാലഹരണപ്പെട്ട ഒരു കാര്യമാണ്. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്, കഥാപാത്രമാണ് അല്ലെങ്കിൽ സിനിമയുടെ ഉള്ളടക്കമാണ് അതായിരിക്കണം പ്രധാനപ്പെട്ടത്. അത് ആണാണോ പെണ്ണാണോ അല്ലെങ്കിൽ മൂന്നാമത് ഒരു ജൻഡർ ആണോ എന്ന തരത്തിലേക്ക് വരേണ്ടതില്ല. സിനിമയും വളർന്നു കൊണ്ടിരിക്കുയാണ്. പ്രേക്ഷകരുടെ അഭിരുചിയും അവരുടെ ചിന്തകളും ഒക്കെ വികസിച്ചു കൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ ഇതൊക്കെ പണ്ടേ സംസാരിച്ച് തീരേണ്ട വിഷയങ്ങളാണ് എന്നാണ് ഞാൻ കരുതുന്നത്. സിനിമ വളരെ ആകർഷകമാണെങ്കിൽ പ്രേക്ഷകർ അതിനെ ഏറ്റെടുത്തിരിക്കും. ആരെ കേന്ദ്രീകരിച്ചാണ് സിനിമ നിൽക്കുന്നത് എന്നത് അവിടെ കണക്കാക്കപ്പെടുകയില്ല.

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമ മുഴുവനോ അല്ലെങ്കിൽ ചിത്രത്തിന്റെ വലിയ പങ്കോ വീഡിയോ റെക്കോർഡിങ്ങോ അല്ലെങ്കിൽ കണ്ടെത്തിയ ഫൂട്ടേജുകളായോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ടെക്‌നിക് ആണ് ഫൗണ്ട് ഫൂട്ടേജ്. ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in