വിഷമിക്കരുതെന്ന് മമ്മൂക്ക പറഞ്ഞു, ഏറ്റവും ആവശ്യമുള്ള സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഒരു മെസേജ് എന്നെ തേടിയെത്തിയിട്ടുണ്ട്: ഷൈൻ ടോം

വിഷമിക്കരുതെന്ന് മമ്മൂക്ക പറഞ്ഞു, ഏറ്റവും ആവശ്യമുള്ള സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഒരു മെസേജ് എന്നെ തേടിയെത്തിയിട്ടുണ്ട്: ഷൈൻ ടോം
Published on

തനിക്ക് ഏറെ ആവശ്യമുള്ള സമയങ്ങളിലെല്ലാം മമ്മൂക്കയുടെ ഒരു മെസേജ് തന്നെ തേടിയെത്തിയിട്ടുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. അടുത്തിടെയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഷൈന്റെ പിതാവ് സി.പി. ചാക്കോ മരണപ്പെടുകയും ഷൈനിനും അമ്മ മരിയയ്ക്കും ​ഗുരുതര പരിക്കുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുവെന്ന് ഷൈൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. വാഹനാപകടത്തിന് ശേഷം ഇതാദ്യമായാണ് ഷൈൻ ഒരു മാധ്യമത്തോട് സംസാരിക്കുന്നത്.

ഷൈൻ ടോം ചാക്കോ പറഞ്ഞത്:

മമ്മൂക്ക എന്നെ വിളിച്ചിരുന്നു. മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനര്‍ജി തരാനാണ് മമ്മൂക്ക നോക്കിയത്. എടാ, നീ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മള്‍ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു. പിഷാരടിയും ചാക്കോച്ചനും കാണാന്‍ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാന്‍ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോള്‍ മമ്മൂക്കയുടെ മെസേജ് കണ്ടു. നേരത്തെ കൊക്കെയ്ന്‍ കേസ് ജയിച്ച സമയത്തും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലസ് യു എന്നായിരുന്നു അത്. നമുക്ക് ഏറ്റവും ആവശ്യമുള്ള സമയങ്ങളിലെല്ലാം മമ്മൂക്കയുടെ ഒരു മെസേജ് എനിക്ക് വന്നിട്ടുണ്ട്.

തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ചാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

Related Stories

No stories found.
logo
The Cue
www.thecue.in