'തിയറ്റർ കുലുങ്ങുമെന്ന് പറഞ്ഞത് ടിനുവിൻ്റെ വ്യക്തിപരമായ അഭിപ്രായം' ; അതൊരു പ്രേക്ഷകൻ്റെ എക്‌സൈറ്റ്മെൻ്റ് ആണെന്ന് ലിജോ ജോസ്

'തിയറ്റർ കുലുങ്ങുമെന്ന് പറഞ്ഞത് ടിനുവിൻ്റെ വ്യക്തിപരമായ അഭിപ്രായം' ; അതൊരു പ്രേക്ഷകൻ്റെ എക്‌സൈറ്റ്മെൻ്റ് ആണെന്ന് ലിജോ ജോസ്

തിയറ്റർ കുലുങ്ങുമെന്ന് പറഞ്ഞത് ടിനുവിൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഒരു എക്‌സൈറ്റിങ് സിനിമ കാണാൻ ആഗ്രഹമുള്ള ഒരു പ്രേക്ഷകൻ ഉള്ളിൽ തട്ടി ഒരു അഭിപ്രായം പറഞ്ഞതാണെന്നും ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ അസ്സോസിയേറ്റ് ആയി വർക്ക് ചെയ്ത ആൾ എന്നതിനുപരി ഒരു എക്‌സൈറ്റിങ് സിനിമ കാണാൻ വളരെ ആഗ്രഹമുള്ള ഒരു പ്രേക്ഷകനാണ്. വളരെ സിംപിൾ ആയ ഒരു അഭിപ്രായമായി അതിനെ എടുത്താൽ മതിയെന്നും ഇതൊക്കെ ഒരു ലിറ്ററൽ മീനിംഗിൽ നമ്മൾ എടുത്ത് തുടങ്ങിയാൽ എന്തുചെയ്യുമെന്നും ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ ലിജോ വ്യക്തമാക്കി.

ലിജോ പറഞ്ഞത് :

ഞാൻ കണ്ട കാഴ്ചയെ മറ്റൊരാളോട് വാക്കുകളിലൂടെ വിവരിക്കാൻ കഴിയില്ല. അത് വിഷ്വൽസിലൂടെ പകരാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ടിനു ഒരു ഫിലിം മേക്കറും എന്റെ അസ്സോസിയേറ്റ് ആയി വർക്ക് ചെയ്ത ആൾ എന്നതിനുപരി ഒരു എക്സ്സൈറ്റിംഗ് സിനിമ കാണാൻ വളരെ ആഗ്രഹമുള്ള ഒരു പ്രേക്ഷകനാണ്. അത്തരത്തിൽ ഉള്ളൊരാൾ ഉള്ളിൽ തട്ടി ഒരു അഭിപ്രായം പറഞ്ഞതാണ്. അതിനകത്ത് വേറെ ഒന്നുമില്ല. ഇപ്പോൾ എന്നെ വിളിച്ച് പറഞ്ഞു കഴിഞ്ഞാൽ ഞാൻ പറയും അത് എന്തിനാണ് പറഞ്ഞതെന്ന് ചോദിക്കും. പക്ഷെ അത് ടിനുവിന്റെ വ്യക്തിപരമായ അഭിപ്രായമല്ലേ. ഇതൊക്കെ ഒരു ലിറ്ററൽ മീനിംഗിൽ നമ്മൾ എടുത്ത് തുടങ്ങിയാൽ എന്തുചെയ്യും ? വളരെ സിംപിൾ ആയ ഒരു അഭിപ്രായമായി അതിനെ എടുത്താൽ മതി. അത്തരം എക്സ്സൈറ്റ്മെൻറ്റുകൾ ഉറപ്പായും സിനിമക്ക് ഉള്ളിൽ ഉണ്ട്.

മോഹൻലാലിന്റെ ഇൻട്രോക്ക് തിയറ്റർ കുലുങ്ങും എന്നായിരുന്നു ഒരു അഭിമുഖത്തിൽ ടിനു പാപ്പച്ചൻ പറഞ്ഞത്. ജനുവരി 25ന് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിനെതിരെ എന്തിനാണ് ഇത്ര വൈരാഗ്യം പ്രചരിപ്പിക്കുന്നതെന്നും സിനിമ പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിൽ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ല എന്നും ലിജോ ജോസ് പ്രസ് മീറ്റിൽ കൂട്ടിച്ചേർത്തു. ചിത്രം നിർമിക്കുന്നത് ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ്. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സേട്ട്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in