'കുടുംബങ്ങളുടെ അനുവാദത്തോടെയാണ് ഗാനം ഒരുക്കിയത്' ; എ ഐ ഗാനത്തിൽ വിശദീകരണവുമായി എ ആർ റഹ്മാൻ

'കുടുംബങ്ങളുടെ അനുവാദത്തോടെയാണ് ഗാനം ഒരുക്കിയത്' ; എ ഐ ഗാനത്തിൽ വിശദീകരണവുമായി എ ആർ റഹ്മാൻ

എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലാൽ സലാം എന്ന ചിത്രത്തിനായി ഒരുക്കിയ തിമിരി യെഴുഡാ എന്ന ഗാനത്തിന് വിശദീകരണവുമായി എ ആർ റഹ്മാൻ. അന്തരിച്ച രണ്ട് ​ഗായകരുടെ കുടുംബങ്ങളോടും ഇത്തരത്തിലൊരു പാട്ടൊരുക്കാൻ താൻ അനുവാദം ചോദിച്ചിരുന്നെന്നും ഗായകരുടെ ശബ്ദത്തിന്റെ അൽ​ഗോരിതം ഉപയോ​ഗിക്കുന്നതിന് രണ്ട് കുടുംബങ്ങൾക്കും അവർ അർഹിക്കുന്ന പ്രതിഫലം നൽകിയിട്ടുണ്ടെന്നും എ ആർ റഹ്മാൻ എക്സിൽ കുറിച്ചു. 2022-ൽ അന്തരിച്ച ബംബാ ബാക്കിയ, 1997-ൽ അന്തരിച്ച ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ റഹ്മാൻ ലാൽ സലാമിലെ ​ഗാനത്തിനായി പുനസൃഷ്ട്ടിക്കുകയായിരുന്നു. ഗാനം ആസ്വാദകരിലേക്ക് എത്തിയതോടെ നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

എ ആർ റഹ്മാന്റെ പോസ്റ്റ് :

അവരുടെ വോയ്‌സ് അൽഗോരിതം ഉപയോഗിച്ചതിന് ഞങ്ങൾ അവരുടെ കുടുംബാംഗങ്ങളിൽ നിന്ന് അനുവാദം വാങ്ങി ഒപ്പം അർഹമായ പ്രതിഫലം നൽകി. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാൽ അതിൽ ഒരു ഭീഷണിയും ശല്യവുമില്ല.

അകാലത്തിൽ വിട്ടുപിരിഞ്ഞ രണ്ട് ​ഗായകരുടെ ശബ്ദം വീണ്ടും കേൾക്കാനായല്ലോ എന്ന സന്തോഷമാണ് ചിലർ പങ്കുവെച്ചതെങ്കിൽ ഇങ്ങനെ ചെയ്യുന്നതിന് രണ്ട് ​ഗായകരുടെ കുടുംബങ്ങളോട് അനുവാദം ചോദിച്ചിരുന്നോ എന്നായിരുന്നു മറ്റൊരു കൂട്ടർക്കറിയേണ്ടത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി റഹ്മാൻ തന്നെയെത്തിയത്. എ.ആർ. റഹ്മാന്റെ സ്ഥിരം ​ഗായകരായിരുന്നു ഇരുവരും.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. മൊയ്തീൻ ഭായ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ കപിൽ ദേവും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ലെെക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. എട്ട് വർഷത്തിന് ശേഷം ഐശ്വര്യ ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാൽ സലാം.

Related Stories

No stories found.
logo
The Cue
www.thecue.in