'നോട്ടീസ് വന്നിട്ടുണ്ടെങ്കില്‍ അതിന് വേണ്ട രേഖകള്‍ കൈയ്യിലുണ്ട്'; പൃഥ്വി പിഴയടച്ചതിന് തെളിവുണ്ടോയെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

'നോട്ടീസ് വന്നിട്ടുണ്ടെങ്കില്‍ അതിന് വേണ്ട രേഖകള്‍ കൈയ്യിലുണ്ട്'; പൃഥ്വി പിഴയടച്ചതിന് തെളിവുണ്ടോയെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്‍ഫോഴ്‌സ്‌മെന്റിന് 25 കോടി പിഴയടച്ചുവെന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ പൃഥ്വിരാജ് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ് വന്നുവെന്നത് ശരിയാണ്. അവിടെ ഓഫീസില്‍ പോവുകയും രേഖകള്‍ നല്‍കുകയും ചെയ്തു. പിഴയടച്ചുവെന്നത് വ്യാജവാര്‍ത്തയാണെന്നും പൃഥ്വിരാജ് പിഴയടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവായി ഒരു രൂപയുടെയെങ്കിലും റെസിപ്റ്റ് ഉണ്ടാകില്ലേ എന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ ചോദിച്ചു.

നമുക്ക് ഇ.ഡി- യുടെയോ, ഇന്‍കം ടാക്‌സിന്റെയോ നോട്ടീസ് വന്നിട്ടുണ്ടെങ്കില്‍ അതിന് വേണ്ട പേപ്പേഴ്സ് ഞങ്ങളുടെ കയ്യിലുണ്ട്. അത് സ്വാഭാവികമായ കാര്യമാണല്ലോ.

ലിസ്റ്റിന്‍ സ്റ്റീഫന്‍

മലയാള സിനിമയില്‍ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീട്ടിലെ റെയ്ഡിന് പിന്നാലെ ഒരു നിര്‍മാതാവിനെ കേന്ദ്ര ഏജന്‍സി കസ്റ്റഡിയിലെടുത്തതായും നടന്‍ പൃഥ്വിരാജ് പിഴയൊടുക്കി നടപടി ഒഴിവാക്കിയെന്നും കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ മലയാള സിനിമാ മേഖലയില്‍ വിദേശത്ത് നിന്ന് കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപടികള്‍ ശക്തിയാക്കിയെന്നും നടന്‍ കൂടിയായ നിര്‍മാതാവ് 25 കോടി പിഴ അടച്ചുവെന്നുമുള്ള മലയാളമനോരമയിലെ റിപ്പോര്‍ട്ട് പൃഥ്വിരാജിനെക്കുറിച്ചാണെന്നും മറുനാടന്‍ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പൃഥ്വിരാജ് നിയനടപടി സ്വീകരിക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം സിനിമകള്‍ ചെയ്ത നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും കുഴപ്പത്തിലാണെന്നും മറുനാടന്‍ മലയാളിയുടെ വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്;

അത് വെറുമൊരു വാര്‍ത്ത മാത്രമാണ്. വാര്‍ത്ത എല്ലാം സത്യം ആവണമെന്നില്ലല്ലോ. അത് സത്യമായിട്ടുള്ള വാര്‍ത്തയല്ല. നമുക്കൊക്കെ ഇന്‍കം ടാക്‌സിന്റെ റെയ്ഡ് വന്നിട്ടുണ്ട്. ജിഎസ്ടിയുടെ റെയ്ഡ് വന്നിട്ടുണ്ട്. ഇത് സ്വാഭാവികമാണ്. കാരണം ഞങ്ങള്‍ ജോലി ചെയ്യുന്നത് ഫെയിം ഉള്ള ഇന്‍ഡസ്ട്രിയിലാണ്. പൃഥ്വിരാജ് സുകുമാരന്‍ എന്നൊരാള്‍ ഇ.ഡി-യ്ക്ക് 25 കോടി രൂപ അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു റെസീപ്റ്റ് ഉണ്ടാകും, അല്ലെങ്കില്‍ ഒരു അക്കൗണ്ടിലേക്ക് ആണ് അടക്കുന്നത്, ഇതില്‍ ഒരു രൂപയുടെയെങ്കിലും റെസീപ്റ്റ് ഉണ്ടോ? ഇല്ല. പേര് പറഞ്ഞ്, കൃത്യമായി തുകയൊക്കെ പറഞ്ഞതു കൊണ്ടാണ് പൃഥ്വിരാജ് പ്രതികരിച്ചത്. നമുക്ക് ഇ.ഡി- യുടെയോ, ഇന്‍കം ടാക്‌സിന്റെയോ നോട്ടീസ് വന്നിട്ടുണ്ടെങ്കില്‍ അതിന് വേണ്ട പേപ്പേഴ്സ് ഞങ്ങളുടെ കയ്യിലുണ്ട്. അത് സ്വാഭാവികമായ കാര്യമാണല്ലോ. ഞങ്ങള്‍ക്ക് നേരത്തെ നോട്ടീസ് വന്നിരുന്നു. ഞങ്ങള്‍ അവിടെ പോയി. ഞങ്ങളുടെ ഡോക്യൂമെന്റ്സ് കൊടുക്കുകയും ചെയ്തു. ഫെമ എന്നാണ് അതിന് പറയുന്നത്. അത് ഓവര്‍സീസുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. അതില്‍ ഞങ്ങള്‍ക്ക് നോട്ടീസ് വന്നു. അതിന് വേണ്ട ഡോക്യൂമെന്റ്സ് ഞങ്ങള്‍ കൊടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in