മലയാള സിനിമ ഇപ്പോൾ ശരിയായ പാതയിലാണ് എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. കോർപ്പറൈറ്റ് രീതിയിൽ പ്രവർത്തിക്കാത്ത ഒരു ഇൻഡസ്ട്രി ആയത് കൊണ്ടാണ് മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ സാധിക്കുന്നത് എന്ന് ബേസിൽ ജോസഫ് പറയുന്നു. മലയാള സിനിമ ഇപ്പോൾ കൃത്യമായ ഒരു ട്രാക്കിൽ ആണെന്നും ഗഗനാചാരി, വല പോലെയുള്ള സിനിമകൾ ഇവിടെ സ്വീകരിക്കപ്പെടുന്നു എന്നതാണ് അതിന് ഉദാഹരണം എന്നും ബേസിൽ പറഞ്ഞു. എന്നാൽ ഒരു നിശ്ചിത പ്രേക്ഷകർക്ക് അപ്പുറത്തേക്ക് ഇത്തരം സിനിമകൾ എത്തിയാൽ മാത്രമേ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ സംഭവിക്കുകയുള്ളൂ എന്നും വല ടീം ഇന്റർവ്യൂവിൽ ബേസിൽ ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ബേസിൽ ജോസഫ് പറഞ്ഞത്:
ഒരു കുടിൽ വ്യവസായം പോലെയാണ് നമ്മുടെ ഇൻഡസ്ട്രി വർക്ക് ചെയ്യുന്നത്. മറ്റ് ഇൻഡസ്ട്രികളെപ്പോലെ ഒരു കോർപ്പറൈറ്റ് അല്ല ഇവിടെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പരീക്ഷണ സിനിമകൾ എടുക്കണമെങ്കിൽ കുറച്ച് ആളുകൾ വിചാരിച്ചാൽ അത് നടക്കും. അനാവശ്യമായ കോംപ്ലികേഷനുകൾ ഇവിടെ ഇല്ല. നിർമാതാക്കൾ ആണെങ്കിലും അഭിനേതാക്കൾ ആണെങ്കിൽ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഇത്തരം എക്സ്പിരിമെന്റുകൾ ചെയ്യാൻ എക്സൈറ്റഡ് ആണ്. മറ്റ് പലയിടത്തും ആൾക്കാർക്ക് താൽപര്യം ഉണ്ടെങ്കിലും അവരുടെ സിസ്റ്റം അവരെ അതിന് അനുവദിച്ചു എന്നു വരില്ല. അല്ലെങ്കിൽ അത് മുന്നോട്ട് കൊണ്ടു വരാൻ ഒരുപാട് തടസ്സങ്ങൾ നേരിട്ടേക്കാം. അതുകൊണ്ട് തന്നെ മലയാള സിനിമയിലാണ് അതിനുള്ള പൊട്ടൻഷ്യൽ ഉള്ളത്. ബാക്കി എല്ലായിടത്തും ടാലന്റ് ഉണ്ട്. അവിടുത്തെ സിസ്റ്റം സപ്പോർട്ടീവ് അല്ലാത്തത് കൊണ്ടാണ്. പക്ഷേ നമുക്ക് ഇവിടെ ആ പിന്തുണയുള്ളത് കൊണ്ട് അതെല്ലാം ചെയ്യാൻ സാധിക്കും. അതൊക്കെ വലിയ മാറ്റത്തിന്റെ നാഴികകല്ലുകൾ ആണ്. ഗഗനാചാരി അതിനൊരു തുടക്കം ആയിരുന്നു. അത്തരം സിനിമകളുടെ ഭാഗമാവുക എന്നു പറയുന്നത് തന്നെ ആവേശം തരുന്നതാണ്. ഒരുപാട് പരീക്ഷണങ്ങൾ ഇനിയും മലയാള സിനിമയിൽ പ്രതീക്ഷിക്കാം. അതിനുള്ള തുടക്കം തന്നെയാണ് ഇതുപോലെയുള്ള സിനിമകൾ. ഇപ്പോൾ നമ്മൾ കൃത്യമായ പാതയിൽ തന്നെയാണ് പക്ഷേ അവിടെയും വെല്ലുവിളികൾ ഉണ്ട്. ഇപ്പോഴും ഇങ്ങനെയുള്ള സിനിമകൾ കാണാൻ വരുന്ന ആൾക്കൂട്ടം എന്ന് പറയുന്നത് കുറവാണ്. മാത്രമല്ല ഇത്തരം സിനിമകൾ ആവശ്യപ്പെടുന്ന ഒരു ബഡ്ജറ്റ് ഉണ്ട് അതിന് തയ്യാറാവുന്ന നിർമാതാക്കൾ വരണം, അഭിനേതാക്കൾ അതിനൊപ്പം പിന്തുണച്ച് നിലനിൽക്കണം. അതൊക്കെ സംഭവിക്കുമ്പോഴാണ് ഇത്തരം സിനിമകൾ സംഭവിക്കുന്നത്. അതിന് വെല്ലുവിളികൾ ഉണ്ട്.