സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം, മാറ്റം അനിവാര്യം; കുറിപ്പുമായി WCC

സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം, മാറ്റം അനിവാര്യം; കുറിപ്പുമായി WCC
Published on

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് ഡബ്ല്യുസിസി. മാറ്റം അനിവാര്യം എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ കുറ്റമല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം എന്നാണ് പോസ്റ്റിലെ വാചകങ്ങള്‍. ഡബ്ല്യുസിസിയുടെ ഇടപെടലിന്റെ ഫലമായാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ച് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചത്. നാലു വര്‍ഷത്തിന് ശേഷമാണെങ്കിലും റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഡബ്ല്യുസിസിക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നു. തൊട്ടു പിന്നാലെ നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനും ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ രഞ്ജിത്തിനും രാജി വെക്കേണ്ടി വന്നിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ അതിനെ ഡബ്ല്യുസിസി സ്വാഗതം ചെയ്തിരുന്നു. തങ്ങള്‍ക്ക് ഇത് ദൈര്‍ഘ്യമേറിയ ഒരു യാത്രയായിരുന്നെന്നും സിനിമയില്‍ സ്ത്രീകള്‍ക്ക് അന്തസ്സുള്ള ഇടം ലഭിക്കുന്നതിനായി തങ്ങള്‍ നടത്തിയ പോരാട്ടം ശരിയായിരുന്നെന്നാണ് റിപ്പോര്‍ട്ട് തെളിയിക്കുന്നതെന്നുമായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം. സിനിമയില്‍ ജെന്‍ഡര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാട്ടിത്തരുന്ന ആദ്യത്തെ ഒരു റിപ്പോര്‍ട്ടാണ് ഇത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടന വ്യക്തമാക്കിയിരുന്നു. അതേസമയം ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സംഘടനയുടെ അഭിപ്രായത്തിന് വിരുദ്ധമായി മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ട് പരാമര്‍ശം മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിനെതിരെയും സംഘടന പ്രതികരിച്ചിരുന്നു.

റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തു വന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഐജി ജി.സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിഐജി എസ്.അജിത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി, ജി.പൂങ്കുഴലി, പോലീസ് അക്കാദമി അസി.ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ എന്നിവരാണ് വനിതാ ഉദ്യോഗസ്ഥര്‍. ലോ ആന്‍ഡ് ഓര്‍ഡര്‍ എഐജി വി. അജിത്ത്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in