ഇനി കാത്തിരിക്കാനാവില്ല, കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന കാര്യത്തില്‍ വ്യക്തത വേണം: ഡബ്ല്യുസിസി

ഇനി കാത്തിരിക്കാനാവില്ല, കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന കാര്യത്തില്‍ വ്യക്തത വേണം: ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്ന കാര്യത്തില്‍ ഇനി കാത്തിരിക്കാനാവില്ലെന്ന് ഡബ്ല്യുസിസി. എന്തുകൊണ്ടാണ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്നത് തന്നെയാണ് ഡബ്ല്യുസിസി ഉന്നയിക്കുന്ന പ്രധാനപ്പെട്ട വിഷയം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഓരോ ഓഫീസിലും നേരിട്ട് തന്നെ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ തുടക്കം മാത്രമാണ് വനിത കമ്മീഷനുമായുള്ള കൂടിക്കാഴ്ച്ചയെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന കാര്യത്തില്‍ ഡബ്ല്യുസിസിക്ക് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എന്നിരുന്നാലും ഹേമ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് ലഭിക്കും വിധം പുറത്തുവരണം എന്നാണ് ആഗ്രഹം എന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞത്:

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്താണ് പുറത്തുവരാത്തത് എന്നുള്ളതായിരുന്നു ഞങ്ങള്‍ ഉന്നയിച്ച പ്രധാന വിഷയം. ഈ വിഷയത്തില്‍ നമ്മള്‍ മുഖ്യമന്ത്രിക്ക് കത്ത് അയക്കാറുണ്ട്. ഇനി നമ്മള്‍ ഓരോ ഓഫീസിലും നേരിട്ട് തന്നെ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നെ ജെന്‍ഡര്‍ സെന്‍സിറ്റീവായിരിക്കണം ഓരോരുത്തരും എന്നത് വളരെ പ്രധാനപ്പെട്ടത്. അത് അറിയാവുന്നതിനാലാണ് വനിത കമ്മീഷനില്‍ നിന്ന് തന്നെ ഞങ്ങള്‍ തുടങ്ങുന്നത്. ഇനി മുട്ടാവുന്ന എല്ലാ വാതിലുകളും ഞങ്ങള്‍ മുട്ടേണ്ടതുണ്ട്. ആരില്‍ നിന്നും പ്രതികരണം ലഭിക്കുന്നില്ലെങ്കില്‍ അതും ഒരു നിലപാടായി തന്നെ കാണേണ്ടതുണ്ട്. ഇനി നമുക്ക് കാത്തിരിക്കാന്‍ സമയമില്ല.

കുറച്ച് മുന്‍പ് വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത് പോലെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന കാര്യം ഞങ്ങള്‍ ഇപ്പോഴാണ് അറിയുന്നത്. അതില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. കുറച്ച് സമയം മുമ്പാണ് ഞങ്ങള്‍ ഇക്കാര്യം അറിയുന്നത്. അവര്‍ക്ക് വ്യക്തമായി അതേ കുറിച്ച് അറിയാവുന്നതിനാല്‍ ആയിരിക്കുമല്ലോ അങ്ങനെ പറഞ്ഞത്. പക്ഷെ ഹേമ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് ലഭിക്കും വിധം പുറത്തുവരണം എന്ന് ഞങ്ങള്‍ക്ക് വളരെ ആത്മാര്‍ത്ഥമായി തന്നെ ആഗ്രഹം ഉണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെയും ഡബ്ല്യുസിസി സംസാരിക്കാറില്ല. പിന്നെ പൊതുവായി ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ അത് ഉള്‍പ്പെടും എന്നുള്ളതിനാല്‍ പ്രത്യേകിച്ച് അത് എടുത്ത് പറഞ്ഞിട്ടില്ല.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട്. പക്ഷെ ഡബ്ല്യുസിസി എന്നും പറയുന്ന കാര്യം അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്ന് തന്നെയാണ്. അതിന് അവര്‍ക്ക്് തൃപ്തികരമായ രീതിയിലുള്ള വിചാരണ നടക്കണം എന്ന് തന്നെയാണ് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പിന്നെ ഡബ്ല്യുസിസി പറയാന്‍ ഉദ്ദേശിക്കുന്നത് മലയാള സിനിമ മേഖലയില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ്. ഇവിടെ നടക്കുന്ന പലതും നിയമപരമായി ശരിയായ കാര്യങ്ങളല്ല. അതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ കാര്യം കൂടു വരുന്നത്. അത് ഒരു മാതൃകയാണ്. ഇനിയും ഇത്തരം കേസുകള്‍ ഉണ്ടാവാതിരിക്കാനുള്ള പ്രവര്‍ത്തനമാണ് ഡബ്ല്യുസിസി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മാറ്റം വരണമെങ്കില്‍ സിറ്റത്തില്‍ തന്നെ മാറ്റം വരേണ്ടതായുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in