'ഇത്തരം "സെക്സിസ്റ്റ്" പ്രസ്താവനകൾ ഇതാദ്യമായല്ല'; ചലച്ചിത്ര പുരസ്കാര വേദിയിലെ അലൻസിയറിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഡബ്ല്യൂസിസി

'ഇത്തരം "സെക്സിസ്റ്റ്" പ്രസ്താവനകൾ ഇതാദ്യമായല്ല'; ചലച്ചിത്ര പുരസ്കാര വേദിയിലെ അലൻസിയറിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഡബ്ല്യൂസിസി

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അവാർഡ് സ്വീകരിച്ച് അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവിൽ നിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവർത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയർച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ് എന്ന് ഡബ്ല്യൂസിസി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഒപ്പം മാധ്യമങ്ങളും നിരീക്ഷകരുമുൾപ്പെടെ പലരും ഇതിനൊരു തിരുത്തൽ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലൻസിയറുടെ നിലപാടിനെ അങ്ങേയറ്റം അപലപിക്കുന്നതായും ഡബ്ല്യൂസിസി കുറിപ്പിൽ വ്യക്തമാക്കി.

ഡബ്ല്യൂസിസി പങ്കുവച്ച കുറിപ്പ്

ഇന്നലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ ലോപ്പസ് നടത്തിയ മറുപടി പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങൾ അങ്ങേയറ്റം നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലൻസിയറുടെ വാക്കുകൾ.

മാധ്യമങ്ങളും നിരീക്ഷകരുമുൾപ്പെടെ പലരും ഇതിനൊരു തിരുത്തൽ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലൻസിയറുടെ നിലപാടിനെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവിൽ നിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവർത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയർച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ്.

ഇത്തരം "സെക്സിസ്റ്റ്" പ്രസ്താവനകൾ ഇതാദ്യമായല്ല

അലൻസിയറിൽ നിന്നും ഉണ്ടാവുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവർത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതൽ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ട്.

പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചുകൊണ്ട് അലൻസിയർ നടത്തിയ പ്രസ്താവന. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്ന് പറഞ്ഞ അദ്ദേഹം, സ്പെഷൽ ജൂറി അവാർഡിനെയും വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് അവാർഡ് ജേതാവായ സംവിധായിക ശ്രുതി ശരണ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദു തുടങ്ങിയവരും അലൻസിയറിന്റെ പ്രസ്താവനയ്ക്കെതിരെ രം​ഗത്ത് വന്നിരുന്നു. ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങനെ ഇപ്രകാരം സംസാരിക്കാനാകുന്നു എന്നും ഇത് നാണക്കേടാണെന്നും ശ്രുതി ശരണ്യം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അത്തരമൊരു പ്രസ്താവന നിർഭാ​ഗ്യകരമായിപ്പോയി എന്നും മനസ്സിൽ അടിഞ്ഞു കൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണ് അലൻസിയറിന്റെ പ്രസ്താവന എന്ന് മന്ത്രി ആർ ബിന്ദുവും മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in