നീതിക്കായി ഇനി എത്ര നാള്‍?; ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ഡബ്ല്യു.സി.സി

നീതിക്കായി ഇനി എത്ര നാള്‍?; ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ഡബ്ല്യു.സി.സി

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഡബ്ല്യു.സി.സി. നീതിക്കായി ഇനിയും എത്ര നാള്‍ കാത്തിരിക്കണമെന്നാണ് ഡബ്ല്യു.സി.സി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

'ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ച് ഇന്നേക്ക് രണ്ട് വര്‍ഷം! സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വര്‍ഷങ്ങള്‍! വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിന്റെ നീണ്ട ചരിത്രം! നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍ നമ്മള്‍ കാത്തിരിക്കണം?'- ഡബ്ല്യു.സി.സി പറയുന്നു.

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017ല്‍ കേരള സര്‍ക്കാരാണ് ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. 2019ല്‍ സമിതി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിന് ശക്തമായ നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ എന്തുകൊണ്ടാണ് പുറത്തുവിടാതിരിക്കുന്നതെന്ന ചോദ്യമാണ് പരസ്യ പ്രതികരണങ്ങള്‍ക്ക് വഴിവെക്കുന്നത്.

സിനിമ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണ സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാവാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീ സുരക്ഷക്ക് ഭീഷണിയാവുന്ന കടുത്ത ചൂഷണങ്ങള്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in