ഗർഭിണിയായ ഭാര്യയ്ക്കൊപ്പം' മാർക്കോ' കാണാൻ പോയി തിയറ്ററിൽ നിന്ന് പകുതിക്ക് വച്ച് ഇറങ്ങി വന്നുവെന്ന് തെലുങ്ക് സിനിമാ താരം കിരൺ അബ്ബാവരം. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'മാർക്കോ'. ഒരു രസകരമായ സിനിമാ അനുഭവം പ്രതീക്ഷിച്ചാണ് മാർക്കോയ്ക്ക് പോയതാണെന്നും എന്നാല്‍ അമിതമായ വയലൻസ് കാരണം സിനിമ കണ്ട് പൂർത്തിയാക്കാനായില്ലെന്നും ഗർഭിണിയായ ഭാര്യക്ക് സിനിമ അസഹനീയമായതോടെ സിനിമ തീരും മുമ്പേ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും കിരൺ ഗലാട്ട തെലുങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കിരൺ അബ്ബാവരം പറഞ്ഞത്:
ഞാൻ 'മാർക്കോ' കണ്ടു, പക്ഷേ പൂർത്തിയാക്കിയില്ല. ആദ്യ പകുതി കുറച്ച് കണ്ടു. രണ്ടാം പകുതി കണ്ടിരിക്കാൻ സാധിച്ചില്ല. സിനിമയിലെ വയലൻസ് അൽപ്പം കൂടുതലായി തോന്നി. ഞാൻ എന്റെ ഭാര്യയ്ക്കൊപ്പമാണ് സിനിമ കാണാൻ പോയത്. അവൾ ഗർഭിണിയായിരുന്നു. അതുകൊണ്ട് ആ സിനിമ ഞങ്ങൾക്ക് അത്ര ദഹിച്ചില്ല. അതിനാൽ തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോരുന്നു.
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രം എന്ന ടാഗ് ലൈനുമായി തിയറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയായിരുന്നു ഇത്. സിനിമകളിലെ വയലൻസും അവയെ അവതരിപ്പിക്കുന്ന രീതിയും സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് മാർക്കോ എന്നാണ് കഴിഞ്ഞ ദിവസം സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ വി.സി അഭിലാഷ് ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
നോർത്ത് ഇന്ത്യയിൽ അടക്കം മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു മാർക്കോ. ഒരു കുടുംബത്തിലെ ദത്തുപുത്രനായ ‘മാർക്കോ’ തന്റെ സഹോദരന്റെ ക്രൂരമായ കൊലപാതക വാർത്തയറിഞ്ഞതിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തുകയും, തന്റെ പിതാവായ ടോണിയും റസ്സൽ ഐസക്കും നയിച്ച ഗൂഢാലോചന മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് വിശ്വാസഘാതത്തിനും പ്രതികാരത്തിനുമിടയിൽ മാർക്കോയുടെ അതിജീവനത്തിന്റെ യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം ഭീകരമായ വയലൻസും ഉള്ളതിനാൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ‘മാർക്കോ’. ഉണ്ണി മുകുന്ദനെ കൂടാതെ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, ആൻസൻ പോൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നടൻ ജഗദീഷ് ചിത്രത്തിലെത്തിയത്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലായി സോണി ലിവിൽ ചിത്രം ഇപ്പോൾ ലഭ്യമാണ്