കങ്കണയുടെ 'എമര്‍ജന്‍സി'യിൽ സഞ്ജയ് ഗാന്ധിയായി വിശാഖ് നായർ; ആദ്യ ഹിന്ദി സിനിമ

കങ്കണയുടെ 'എമര്‍ജന്‍സി'യിൽ സഞ്ജയ് ഗാന്ധിയായി വിശാഖ് നായർ; ആദ്യ ഹിന്ദി സിനിമ
Published on

ബോളിവുഡ് താരം കങ്കണ റണാവത്ത് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി എത്തുന്ന 'എമര്‍ജന്‍സി' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി മലയാളി താരം വിശാഖ് നായർ. ചിത്രത്തിൽ സഞ്ജയ് ഗാന്ധിയായാണ് താരം എത്തുന്നത്. ചിത്രത്തിലെ വിശാഖ് നായരുടെ ക്യാരക്റ്റർ പോസ്റ്റർ കങ്കണയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയുടെ രചനയും സംവിധാനവും കങ്കണ തന്നെയാണ് നിർവഹിക്കുന്നത്.

'സഞ്ജയ് ഗാന്ധിയായി വിശാഖ് നായർ, പ്രതിഭയുടെ ശക്തികേന്ദ്രത്തെ അവതരിപ്പിക്കുന്നു. ഇന്ദിരയുടെ ആത്മാവായിരുന്നു സഞ്ജയ്, അവൾ സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്തയാൾ' എന്ന തലക്കെട്ടോടുകൂടെയാണ് കങ്കണ വിശാഖിന്റെ ക്യാരക്റ്റർ പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വിശാഖിന്റെ ആദ്യ ഹിന്ദി സിനിമകൂടിയാണ് എമര്‍ജന്‍സി. ഇതിനു മുൻപ് തോഫെ, രാത് എന്നീ ഹിന്ദി മ്യൂസിക് ആൽബങ്ങളിൽ വിശാഖ് അഭിനയിച്ചിട്ടുണ്ട്. ഹൃദയമാണ് വിശാഖിന്റെ ഒടുവിലിറങ്ങിയ മലയാള സിനിമ.

മണികര്‍ണ്ണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. കങ്കണയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ മണികർണ്ണികാ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ വേഷത്തിലുള്ള കങ്കണയുടെ ക്യാരക്റ്റർ പോസ്റ്റർ മുൻപുതന്നെ പുറത്തുവിട്ടിരുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.

ഓസ്കാർ പുരസ്‌കാര ജേതാവുകൂടിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഡേവിഡ് മാലിനോവ്‌സ്‌കിയാണ് എമര്‍ജന്‍സിയിൽ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ റിലീസ് 2023 -ൽ ആയിരിക്കുമെന്നാണ് റിപോർട്ടുകൾ. 1975 ലെ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കങ്കണ സിനിമയൊരുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in