
അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജൂൺ 13ന് തീയേറ്റർ റിലീസായെത്തുന്ന ചിത്രം ഒരു മരണവീടിനെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിലാണ് കഥ പറയുന്നതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. മരണവീട്ടിൽ നടക്കുന്ന അടിയെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ട്രെയിലർ ഒരു മരണവീട്ടിൽ വരുന്ന വ്യത്യാസ്ഥ സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് നർമ്മത്തിൽ പൊതിഞ്ഞു കൊണ്ട് കാണിച്ചിരിക്കുന്നത്.
എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. അനശ്വര രാജനെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.