സേവാഭാരതി ആംബുലന്‍സ് സൗജന്യമായി കിട്ടി, മേപ്പടിയാന് ഡീഗ്രേഡിംഗ് എന്ന് സംവിധായകന്‍

സേവാഭാരതി ആംബുലന്‍സ് സൗജന്യമായി കിട്ടി, മേപ്പടിയാന് ഡീഗ്രേഡിംഗ് എന്ന് സംവിധായകന്‍

മേപ്പടിയാന്‍ സിനിമയില്‍ സേവഭാരതി ആംബുലന്‍സ് ഉപയോഗിച്ചതിന് സമൂഹമാധ്യമത്തില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ വിഷ്ണു മോഹന്‍. കൊവിഡിന്റെ ആദ്യ ലോക്ക്ഡൗണ്‍ കഴിഞ്ഞ സമയത്താണ് മേപ്പടിയാന്റെ ചിത്രീകരണം നടക്കുന്നത്. ആ സമയത്ത് കൊവിഡ് കാരണം ആംബുലന്‍സുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ആ സാഹചര്യത്തില്‍ സേവഭാരതി സൗജന്യമായി ആംബുലന്‍സ് ഷൂട്ടിങ്ങിന് വേണ്ടി നല്‍കുകയായിരുന്നു എന്നാണ് വിഷ്ണു പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.

സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് വിവാദ പരാമര്‍ശങ്ങള്‍ നടക്കുന്നത്. സമൂഹമാധ്യമത്തിലൂടെ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്് വളരെ മോശമായ ചിന്താഗതിയും ഉദ്ദേശ ശുദ്ധിയും ഉള്ള വ്യക്തികളാണെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

വിഷ്ണു പറഞ്ഞത്:

എന്തിനാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനെ സിനിമ ചെയ്യാന്‍ കഴിയും. വളരെ നിസാര കാര്യങ്ങള്‍ക്കാണ് മേപ്പടിയാന്‍ എന്ന ചിത്രത്തിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. സിനിമയില്‍ സേവ ഭാരതി എന്‍ജിഓയുടെ ആംബുലന്‍സ് ഉപയോഗിച്ചിട്ടുണ്ട്. അത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. മേപ്പടിയാന്‍ ആദ്യ ലോക്ക്ഡൗണിന് ശേഷമാണ് ചിത്രീകരിച്ചത്. കൊവിഡായതിനാല്‍ ആംബുലന്‍സുകള്‍ക്കെല്ലാം വളരെ തിരക്കായിരുന്നു. ചിത്രീകരണത്തിനായി ചോദിക്കുമ്പോള്‍ വലിയ വാടകയാണ് പലരും പറഞ്ഞത്. ഒരു ദിവസത്തിന് 15,000 എല്ലാമാണ് വാടക പറഞ്ഞത്. എനിക്ക് 15 ദിവസത്തിന് അടുത്ത് ആംബുലന്‍സ് വെച്ചുള്ള ഷൂട്ട് ഉണ്ടായിരുന്നു.

ആ സമയത്ത് എനിക്ക് സൗജന്യമായി ആംബുലന്‍സ് തന്നത് സേവ ഭാരതിയാണ്. അതുകൊണ്ടാണ് ഞാന്‍ സേവഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത്. അത് അവരുടെ തന്നെ ആംബുലന്‍സാണ്. അല്ലാതെ ഞാന്‍ സേവഭാരതി സ്റ്റിക്കര്‍ ഒട്ടിച്ചതല്ല. അതുകൊണ്ട് തന്നെയാണ് താങ്ക്‌സ് കാര്‍ഡില്‍ സേവഭാരതി വെച്ചിരിക്കുന്നത്. അതിന് വരെ ആളുകള്‍ ചോദ്യം ചെയ്യുന്നുണ്ട്. പിന്നെ സേവഭാരതി രാജ്യത്തെ എന്‍ജിഓ ആണല്ലോ. എന്താണ് അവരുടെ ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ തെറ്റ് എന്ന് എനിക്ക് അറിയില്ല. ഇത്തരം കാര്യങ്ങളൊന്നും സിനിമയുമായി ബന്ധമില്ലാത്തതാണ്. അതാണ് ചര്‍ച്ചയാവുന്നത്.

അതുപോലെ തന്നെ സിനിമയിലെ കേന്ദ്രകഥാപാത്രം ഹിന്ദു മതവിശ്വാസിയാണെന്നതും അവസാനം ശബരിമലയ്ക്ക് പോകുന്നു എന്നുള്ളതെല്ലാം പ്രശ്‌നമായിരിക്കുകയാണ്. എന്റെ സിനിമ തുടങ്ങുന്നത് തന്നെ കര്‍ത്താവെ എന്ന് വിളിച്ചുകൊണ്ടാണ്. കേന്ദ്രകഥാപാത്രം ഒരു പ്രതിസന്ധിഘട്ടത്തില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് മാതാവിന്റെ മുന്‍പിലാണ്. അയാള്‍ക്ക് ഒരു പ്രതിസന്ധി വന്നപ്പോള്‍ ഒരു ധൈര്യം കിട്ടുന്നതിന് വേണ്ടി ദൈവത്തെ ആശ്രയിക്കുന്നു എന്ന് മാത്രമാണ് അതിലൂടെ ഉദ്ദേശിച്ചത്. അതില്‍ ഹിന്ദു, കൃസ്ത്യാനി, മുസ്ലീം എന്നൊന്നും ഇല്ല. ഇത് വളരെ മോശമായ ചിന്താഗതിയും ഉദ്ദേശ ശുദ്ധിയും ഉള്ള ആളുകളാണ് സമൂഹമാധ്യമത്തില്‍ ഇത്തരം കാര്യങ്ങള്‍ എഴുതുകയും വളച്ചൊടിക്കുകയും എല്ലാം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in