'ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല' ; രാഷ്ട്രീയ പ്രവേശനം തള്ളി വിശാല്‍

'ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല' ; രാഷ്ട്രീയ പ്രവേശനം തള്ളി വിശാല്‍

രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് വെളിപ്പെടുത്തി നടൻ വിശാൽ. ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് തുടരുമെന്നും വിശാൽ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു. വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ടെന്നും വിശാൽ സൂചന നൽകുന്നുണ്ട്. രാഷ്ട്രീയ ലാഭം പ്രതീക്ഷിച്ചല്ല ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ താൻ ചെയ്തിട്ടുള്ളത്, ഇപ്പോൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ജനക്ഷേമ പ്രസ്ഥാനത്തിലൂടെ തുടർന്നും ചെയ്യുമെന്നും എക്സിലൂടെ പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു.

വിശാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം :

സമൂഹത്തിൽ അഭിനേതാവെന്ന നിലയിലും സാമൂഹിക പ്രവർത്തകനെന്ന നിലയിലും നിങ്ങളിൽ ഒരാളെന്ന നിലയിലും അംഗീകാരവും നൽകിയ തമിഴ്നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. എൻ്റെ ഫാൻസ് ക്ലബ്ബിനെ ഒരു ശരാശരി ക്ലബ്ബായി കാണാതെ ആവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, എന്റെ ഫാൻസ് ക്ലബ്ബ് വഴി ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ആദ്യം മുതലേ ചെയ്തുവരുന്നുണ്ട്. അടുത്ത പടി ജനങ്ങളുടെ പുരോഗതിക്കായി ഒരു ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, ബ്ലോക്ക്, ബ്രാഞ്ച് തിരിച്ച് പ്രവർത്തിക്കുക, അമ്മയുടെ പേരിൽ നടത്തുന്ന 'ദേവി ഫൗണ്ടേഷൻ' വഴി നിരവധി പാവങ്ങളെ സഹായിക്കുകയാണ്. കൂടാതെ അന്തരിച്ച മുൻ രാഷ്ട്രപതി സർ അബ്ദുൾ കലാമിൻ്റെ പേരിൽ എല്ലാ വർഷവും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി സഹായിക്കുന്നു. ദുരിതബാധിതരായ കർഷകര്‍ക്കു സഹായം നൽകി വരുന്നുണ്ട്.

അതിനുപുറമെ, ഞാൻ ഷൂട്ടിങ്ങിന് പോകുന്ന പലയിടത്തും ആളുകളെ കാണുകയും അവരുടെ പ്രാഥമിക ആവശ്യങ്ങളും പരാതികളും കേൾക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നത് എൻ്റെ ജനക്ഷേമ പ്രസ്ഥാനത്തിലൂടെയാണ്. എല്ലായ്‌പ്പോഴും രാഷ്ട്രീയ ലാഭം പ്രതീക്ഷിച്ചല്ല ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ഞാൻ ചെയ്തിട്ടുള്ളത്, ഞാൻ ഇപ്പോൾ ചെയ്യുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ ജനക്ഷേമ പ്രസ്ഥാനത്തിലൂടെ തുടർന്നും ചെയ്യും. വരും കാലങ്ങളിൽ പ്രകൃതി മറ്റെന്തെങ്കിലും തീരുമാനമെടുത്താൽ ജനങ്ങളിൽ ഒരാളായി ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മടിക്കില്ല.

വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നടൻ നയിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും 2026 ലെ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതായിരിക്കും താരത്തിന്റെ ലക്ഷ്യമെന്നുമായിരുന്നു വാർത്ത.

Related Stories

No stories found.
logo
The Cue
www.thecue.in