'51മത് ഇന്റർനാഷണൽ എമ്മി അവാർഡ്‌ പ്രഖ്യാപിച്ചു' ; പുരസ്‌ക്കാരനേട്ടവുമായി ഏക്താ കപൂറും വീർ ദാസും

'51മത് ഇന്റർനാഷണൽ എമ്മി അവാർഡ്‌ പ്രഖ്യാപിച്ചു' ; പുരസ്‌ക്കാരനേട്ടവുമായി ഏക്താ കപൂറും വീർ ദാസും

51 മത് ഇന്റർനാഷണൽ എമ്മി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. നിർമാതാവ് ഏക്താ കപൂറും ഹാസ്യാവതാരകൻ വീർ ദാസും ഇന്ത്യയിൽ നിന്ന് എമ്മി അവാർഡ്‌സ് സ്വന്തമാക്കി. ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് അവാർഡ് നൽകിയാണ് ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസ് ഏക്താ കപൂറിനെ ആദരിച്ചത്. എമ്മി പുരസ്ക്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ എന്ന നേട്ടവും ഇതിലൂടെ ഏക്താ കപൂർ സ്വന്തമാക്കി. 'വീർ ദാസ് : ലാൻഡിംഗ്' എന്ന നെറ്റ്ഫ്ലിക്സ് സ്റ്റാൻഡ് ആപ്പ് ഹാസ്യ പരമ്പരയിലൂടെയാണ് മികച്ച ഹാസ്യ താരത്തിനുള്ള പുരസ്ക്കാരം വീർദാസ് സ്വന്തമാക്കിയത്. 'ഡെറി ഗേൾസ് സീസൺ 3' എന്ന പരമ്പരയോടൊപ്പമാണ് വീർ ദാസ് പുരസ്കാരം പങ്കിട്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഹാസ്യനടൻ കൂടിയാണ് ദാസ്.

വീർ ദാസ് : ലാന്ഡിങ്ങിന് കോമഡി കാറ്റഗറിയിൽ അവാർഡ് ലഭിച്ചത് തനിക്ക് മാത്രമല്ല ഇന്ത്യൻ കോമഡിക്ക് മൊത്തത്തിൽ ഒരു നാഴികക്കല്ലാണ്. വീർ ദാസ്: ലാൻഡിംഗ് ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. നെറ്റ്ഫ്ലിക്സ്, ആകാശ് ശർമ്മ, റെഗ് ടൈഗർമാൻ എന്നിവർക്ക് നന്ദി അർപ്പിക്കുന്നുവെന്നും വീർ ദാസ് പറഞ്ഞു. ടെലിവിഷൻ മേഖലയിലെ സംഭാവനയ്ക്കു നൽകുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എമ്മി. നവംബർ 20 ന് ന്യൂയോർക്കിലെ ഹിൽട്ടണിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്‌ക്കാരദാനം. റോക്കറ്റ് ബോയ്സ് എന്ന സീരിസിലെ അഭിനയത്തിന് ജിം സർഭ് മികച്ച നടനുള്ള എമ്മി അവാർഡിന് നോമിനേഷൻ ചെയ്യപ്പെട്ടിരുന്നു. ഡൽഹി ക്രൈംസ് എന്ന നെറ്റ്ഫ്ലിക്സ് സീരിസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള വിഭാഗത്തിൽ ഷെഫാലി ഷായും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

ദി റെസ്‌പോണ്ടറിലെ അഭിനയത്തിന് മാർട്ടിൻ ഫ്രീമാൻ മികച്ച നടനുള്ള എമ്മി പുരസ്ക്കാരം സ്വന്തമാക്കിയപ്പോൾ ഡ്രൈവ് എന്ന സീരിസിലെ അഭിനയത്തിന് കാർല സൂസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. നെറ്റ്ഫ്ലിക്സ് സീരിയസായ ദി എംപ്രെസ്സ് മികച്ച മികച്ച പരമ്പരയ്ക്കുള്ള അവാർഡ് സ്വന്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in